ഞാൻ കോപിച്ചെങ്കിലും വിക്ടറിക്ക് എന്നോട് വളരെ സ്നേഹമായിരുന്നു. അവളോട് എനിക്കും. ഒരു ദിവസം ഒരു വലിയവിപത്തിൽനിന്നു അവൾ എന്നെ രക്ഷിച്ചു. എന്റെ സൂക്ഷ്മക്കുറവുമൂലം ഞാൻ തന്നെ ആ കെണിയിൽ ചാടുകയായിരുന്നു. അവൾ ഒരു തൊട്ടി നിറയെ വെള്ളവുമായി കടന്നു പോവുകയായിരുന്നു. അവളെ നോക്കികൊണ്ട് ഒരു കസേരയിൽ, പതിവുപോലെ ഞാൻ ആടിക്കൊണ്ടിരുന്നു. പെട്ടെന്ന് കസേരമറിഞ്ഞു. ഞാൻ വീണു; നിലത്തല്ലാ തൊട്ടിക്കകത്ത് എന്റെ കാലും തലയുംകൂട്ടിമുട്ടി. കോഴിക്കുഞ്ഞു മുട്ടയുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്നതുപോലെ ഞാൻ തൊട്ടിയിൽ നിറഞ്ഞു!! സാധു വിക്ടറി, അത്യന്തം പരിഭ്രമത്തോടെ അവൾ എന്നെ നോക്കി. ഇങ്ങനെയൊരു സംഭവം അവളുണ്ടോ കണ്ടിട്ട് ? തൊട്ടിയിൽനിന്ന് വേഗം പുറത്തു വരാൻ ഞാൻ ശ്രമിച്ചു. പക്ഷെ, സാധിച്ചില്ല. അനങ്ങാൻ നിവൃത്തിയില്ലാത്ത വിധം ആ തുറുങ്കു മുഴുവൻ ഞാൻ നിറഞ്ഞിരുന്നു. അധികം വേദനിപ്പിക്കാതെ ആ മഹാവിപത്തിൽനിന്നു അവൾ എന്നെ രക്ഷിച്ചു. ഉടുപ്പ് മുഴുവൻ തന്നെ നനഞ്ഞുപോയി. സൂപ്പിലിട്ട റൊട്ടിക്കഷ്ണങ്ങൾ പോലെയായിരുന്നു ഞാൻ. എല്ലാം ഊരി അവൾക്കു എന്നെ ഉടുപ്പിക്കേണ്ടിവന്നു.
പിന്നീട്ട് ഒരിക്കൽ ഞാൻ ചിമ്മിനിയിൽ വീണു. ദൈവപരിപാലന തുണച്ചു തീ കത്തിച്ചിട്ടില്ലായിരുന്നു. അതിൽ നിന്ന് എന്നെ എടുത്തു ദേഹത്തുണ്ടായിരുന്ന ചാരമെല്ലാം തട്ടിക്കളയുന്ന ബുദ്ധിമുട്ടേ വിക്ടറിക്കു ഉണ്ടായുള്ളൂ. അമ്മ മരിയാചേച്ചിയുമൊത്തു പാട്ട് പഠിക്കാൻ പോയിരുന്ന ബുധനാഴ്ചകളിലായിരുന്നു ഇമ്മാതിരി വിചിത്ര സംഭവങ്ങൾ നടന്നിരുന്നത്.
ഫാ.ദുസെയിയേ നമ്മുടെ വീട് സന്ദർശിക്കാൻ വന്നതും ഒരു ബുധനാഴ്ചയായിരുന്നു. കൊച്ചുത്രേസ്യയല്ലാതെ വീട്ടിൽ ആരുമില്ലെന്ന് പറഞ്ഞപ്പോൾ, എന്നെ കാണാൻ അച്ചൻ കുശിനിയിൽ കയറിവന്നു. എന്റെ പാഠപുസ്തകങ്ങൾ എടുത്തു പരിശോധിച്ചു. എന്റെ കുമ്പസാരക്കാരനെ സ്വീകരിക്കാൻ സാധിച്ചതിൽ എനിക്ക് ഏറെ അഭിമാനം തോന്നി. അതിനു അല്പം മുമ്പായിരുന്നു ഞാൻ ആദ്യമായി കുമ്പസാരിച്ചത് . ഹാ! എന്തൊരു മധുരസ്മരണ!…
ഹാ! എന്റെ പ്രിയപ്പെട്ട അമ്മേ! അത്ര താത്പര്യത്തോടെയാണ് ‘അമ്മ എന്നെ ഒരുക്കിയത്! എന്റെ പാപങ്ങൾ ഞാൻ പറയാൻ പോകുന്നത് ഒരു മനുഷ്യനോടല്ല പ്രത്യുത എന്റെ നല്ല ദൈവത്തോടാണ് എന്ന് ‘അമ്മ എനിക്ക് പറഞ്ഞുതന്നിരുന്നു. അക്കാര്യം എനിക്കുനന്നായി ബോധ്യമായിരുന്നതിനാൽ, അത്യന്തം സജ്ജീവമായ വിശ്വാസത്തോടെയാണ് ഞാൻ കുമ്പസാരിച്ചതു. എന്റെ സ്നേഹപിതാവായ ദൈവത്തോട് ഞാൻ സംസാരിക്കാൻ ഫാദർ ദുസെയിയേ വഴിയാകയാൽ ഞാൻ മുഴുഹൃദയത്തോടെ അവിടുത്തെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹത്തോട് പറയണമോ എന്നുകൂടി ഞാൻ അമ്മയോട് ചോദിച്ചിരുന്നു. പ്രാർത്ഥനകളും കുമ്പസാരിക്കേണ്ട വിധവുമെല്ലാം ഞാൻ ന്നായി പഠിച്ചിരുന്നു. കുമ്പസാരക്കൂടിനടുത്തു ചെന്ന് ഞാൻ മുട്ടിന്മേൽ നിന്ന്. പക്ഷെ, ഫാദർ ദുസെയിയേ കിളിവാതിൽ തുറന്നപ്പോൾ ആരെയും കണാനില്ലായിരുന്നു! ഞാൻ തീരെ കുഞ്ഞായിരുന്നതിനാൽ , കൈവയ്ക്കുന്ന പടിക്കു താഴെ മാത്രമേ എന്റെ തല എത്തിയിരുന്നുള്ളു. എഴുന്നേറ്റു നില്ക്കാൻ അച്ചൻ പറഞ്ഞു. ഞാൻ അനുസരിച്ച് ഉടൻ എഴുന്നേറ്റുനിന്ന്. അദ്ദേഹത്തെ നല്ലവണ്ണം കാണാൻവേണ്ടി, നേരേ, ആ മുഖത്തേക്ക് ഞാൻ നോക്കി. ഒരു മുതിർന്ന കുട്ടിയെന്നോണം നിന്ന് ഞാൻ കുമ്പസാരിച്ചു. വളരെ ഭക്തിയോടെ ഞാൻ ആശീർവ്വാദവും സ്വീകരിച്ചു. ആ സമയത്തു ഉണ്ണീയീശോയുടെ കണ്ണ് നിരാണ് എന്റെ ആത്മാവിനെ ശുദ്ധമാക്കാൻ പോകുന്നതെന്ന് ‘അമ്മ എന്നോട് പറഞ്ഞിരുന്നല്ലോ. എനിക്ക് ലഭിച്ച ആദ്യത്തെ ഉപദേശം, സർവ്വപ്രദാനമായി. പരിശുദ്ധകന്യകയുടെ നേർക്കുള്ള ഭക്തിക്ക് അത് നല്ല പ്രചോദനമായിരുന്നു എന്ന് ഞാൻ ഓർമ്മിക്കുന്നു. പരിശുദ്ധഅമ്മയെ അത്യധികം, അരുമയായ സ്നേഹത്തോടെ വണങ്ങുന്നതാണെന്നു ഞാൻ പ്രതിജ്ഞയും ചെയ്തു. കുമ്പസാരക്കൂടുവിട്ടു ഞാൻ പുറത്തുവന്നപ്പോൾ, എനിക്കെന്തൊരു സന്തുഷ്ടിയും പ്രസന്നതയുമായിരുന്നു. അത്രയും ആനന്ദം എന്റെ ആത്മാവിൽ എനിക്ക് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല. അതിനുശേഷം എല്ലാ പ്രധാനത്തിരുനാളുകളിലും ഞാൻ കുമ്പസരിക്കാൻ പോയിരുന്നു. ഓരോ പ്രാവശ്യവും എനിക്കതൊരു സാക്ഷാൽ തിരുനാൾ തന്നെ ആയിരുന്നു.