ഒരു സന്ന്യാസഭവനത്തിൽ അവിടുത്തെ അർത്ഥിനികൾക്കു ക്ലാസ്സെടുക്കുകയായിരുന്നു. സംഗതി വശാൽ പറയുകയുണ്ടായി. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന്. കൂട്ടത്തിലെ ഒരു കൊച്ചുമിടുക്കി നർമ്മരസംകലർത്തി പറയുകയാണ്: “അച്ചാ, അച്ചൻ പറഞ്ഞത് പണ്ടൊക്കെ ശരിയായിരുന്നിരിക്കാം. എന്നാൽ ഇന്ന് “കൂടുമ്പോൾ ഭൂകമ്പമുണ്ടാകുന്നതാണ് കുടുംബം”. എല്ലാവരും നർമ്മം ആസ്വദിച്ചു. ഒപ്പം ഈയുള്ളവനെ അത് ഇരുത്തി ചിന്തിപ്പിച്ചു. പല കുടുംബങ്ങളെ സംബന്ധിച്ചും കുട്ടി പറഞ്ഞത് ശരി എന്ന നിഗമനത്തിലെത്തുകയും ചെയ്തു.
എന്താണ് ഇതിനു കാരണം? രണ്ടുപേർ മാത്രം വിവാഹം കഴിച്ചു എന്നതോ പിൽക്കാലത്തു വെറും രണ്ടുപേർ മാത്രം ആയിപ്പോയതോ ആണ് ഇതിനുകാരണം. വിശുദ്ധനും പ്രസിദ്ധനുമായ ഷീൻ തിരുമേനി ഒരു വിഖ്യാതഗ്രൻഥം വിരചിച്ചിട്ടുണ്ട് “Three to get Married” എന്നാണ് അതിന്റെ പേര്. ഈ ‘മൂന്നാമൻ‘ ആരെന്നതിൽ ആർക്കും സംശയം വേണ്ടാ-അത് ഈശോയാണ്. ഭർത്താവ് ഈശോയുടെ വലതുവശത്തും ഭാര്യ അവിടുത്തെ ഇടതുവശത്തും നിന്ന്.താന്താങ്ങളുടെ വശത്തുള്ള അവിടുത്തെ പരിപാവനപാണികൾ സസ്നേഹം ഗ്രസിച്ചു മുമ്പോട്ടു പോയാൽ കൂടുമ്പോൾ ഇമ്പമുള്ളതായിരിക്കും, ഒരു കൊച്ചു സ്വർഗ്ഗം കുടുംബം. ഇല്ലെങ്കിൽ മറിച്ചു ആകും തീർച്ച. പ്രിയപ്പെട്ട കുടുംബജീവിതക്കാരെ, ആത്മാർത്ഥമായി ഒരു ആത്മശോധന നടത്തി നോക്കൂ. ആ തിരുകരങ്ങളിൽ നിങ്ങൾ മുറുകെ പിടിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും സന്താപത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും പരസ്പരം സ്നേഹത്തോടെ, വിശ്വസ്തതയോടെ, ഏകമനസ്സോടെ ‘വഞ്ചി‘ തുഴയാൻ നിങ്ങൾക്ക് കഴിയുമെന്നത് ഉറപ്പാണ്. ആ വിരൽത്തുമ്പിൽ നിന്ന് കൈവിട്ടു പോയാൽ അടുത്ത നിമിഷം തന്നെ ഇരുവരും പരസ്പരം മാപ്പു ചോദിച്ചതിനുശേഷം, സാധിക്കുമെങ്കിൽ ഇന്ന് തന്നെ, ഇല്ലെങ്കിൽ നാളെത്തന്നെ, ദൈവാലയത്തിൽ എത്തുക. ഉത്തമനസ്താപത്തോടെ വി. കുമ്പസാരം നടത്തുക.സജീവമായി ബലിയർപ്പിച്ച ഈശോയെ ഹൃദയത്തിൽ സ്വീകരിച്ച്, അവിടെ പ്രതിഷ്ഠിച്ച് , അനുനിമിഷം അവിടുത്തെ കരങ്ങൾ പിടിച്ചു മുമ്പോട്ടു പോകുക. അപ്പോൾ, വീണ്ടും, നിങ്ങളുടെ കുടുംബം സ്വർഗ്ഗമാകും. വിവാഹക്കുർബാനയ്ക്കു പലപ്പോഴും വായിക്കുന്ന സുവിശേഷഭാഗം കാനായിലെ കല്യാണവിരുന്നാണല്ലോ. അവിടെ സംഭവിച്ച പ്രധാനകാര്യം വീഞ്ഞ് തീർന്നുപോയി എന്നതാണ്. എങ്ങനെ പ്രശ്നം പരിഹൃതമായി എന്നും നമുക്കറിയാം. പരിശുദ്ധ ‘അമ്മ ഈശോയോടു പറഞ്ഞു: “അവർക്കു വീഞ്ഞില്ലാ”. അനന്തരം പരിചാരകരോട് നിർദ്ദേശിച്ചു ” അവൻ പറയുന്നത് ചെയ്യുവിൻ”, അവിടുന്ന് മൊഴിഞ്ഞു: “കൽഭരണികളിലെല്ലാം വെള്ളം നിറയ്ക്കുവിൻ”. അവർ അനുസരിച്ചു. അവിടുന്ന് ആ വെള്ളം ആശീർവ്വദിച്ചു . തൽക്ഷണം പച്ചവെള്ളം മേൽത്തരം മുന്തിരിച്ചാറായി മാറി.
ഏതൊരു കുടുംബജീവിതത്തിലും പ്രശ്നങ്ങളുണ്ടാകാം. പരിശുദ്ധ അമ്മയോട് പറയുക. ‘അമ്മ, ഉറപ്പായും ഈശോയോടു പറയും. ഈശോ, ആശീർവ്വദിച്ചു കഴിയുമ്പോൾ പൊട്ടിയതെല്ലാം കൂട്ടിച്ചേർക്കപ്പെടും. ‘പുതുവീഞ്ഞ്‘ ഏറ്റം മേൽത്തരം വീഞ്ഞ്,യഥാർത്ഥ സ്നേഹം കുടുംബാംഗങ്ങളിലെല്ലാം കവിഞ്ഞൊഴുകും. കുടുംബം വീണ്ടും കുഞ്ഞു സ്വർഗ്ഗമാകും. ഈശോയോടു ചേർന്ന് നിന്ന് ഭാര്യാഭർത്താക്കന്മാർ പ്രശ്നങ്ങൾ പരിഹരിക്കണം. അവിടുത്തേക്ക് മാത്രമേ പ്രശ്നങ്ങൾക്ക് ശരിയായ പരിഹാരം നൽകാനാവൂ.
ഒരു കാര്യം കൂടി. ഭർത്താവ് ഭാര്യയുടെ കഴുത്തിൽ ചാർത്തിയ താലിയെക്കുറിച്ചാണത്. അത് ഇരുവരും പരിപാവനമായി കാണുകയും അഭംഗുരം കാത്തു സൂക്ഷിക്കുകയും വേണം. അത് ചെയ്യുന്നുവെന്നതിന്റെ തെളിവാണ് ദാമ്പത്യ വിശ്വസ്തത. ഈ താലിയിൽ ഒരു കുരിശും അതിനു ചുറ്റും ഏഴു മുതൽ 12 വരെ മൊട്ടുകളുമുണ്ട്.
ഏഴു മൊട്ടുകൾ കൂദാശകൾ (കൗദാശിക ജീവിതത്തെ) സൂചിപ്പിക്കുന്നു. സമയത്തിന്റെ പരിപൂർത്തിയിൽ ഈ താലി ഇടവകപ്പള്ളിയിലെത്തുകയും തിരുക്കാസയുടെ അകം പൂശുന്ന സ്വർണ്ണത്തിൽ ഭാഗഭാക്കുകയും ചെയ്യും. ഈശോയുടെ പരമപരിശുദ്ധമായ തിരുരക്തം വഹിച്ചു സൂക്ഷിക്കുവാൻ യോഗ്യതയുള്ള വിശുദ്ധ വസ്തുവായി ഈ താലിയെ ഭാര്യാഭർത്താക്കന്മാർ പരമ പരിശുദ്ധമായി സൂക്ഷിക്കണം. അപ്പോൾ നിങ്ങളുടെ ഐഹികജീവിതം ശാന്തസമുദ്രമായിരിക്കും, അവിടെ ഒരു ഭൂകമ്പവും ഉണ്ടാവുകയില്ല.