ആധ്യാത്മിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകം. ഒന്നുവിളിച്ചാൽ നമ്മുടെ അടുത്ത് അവിടുന്ന് ഓടിയെത്തും. ദൈവത്തെ സ്നേഹിക്കാൻ, പ്രാർത്ഥിക്കാൻ, പൂർണ്ണമായി ക്ഷമിക്കാൻ, ഹൃദയപൂർവ്വം ആശീർവദിക്കാൻ, കടമകൾ കൃത്യമായി ഭംഗിയായി നിർവ്വഹിക്കാൻ, നന്നായി പഠിക്കാൻ, അവസരത്തിന് അനുസരിച്ചു ഉയരാൻ, വചനം പറയാൻ, കൗൺസിലിംഗ് നയിക്കാൻ, സ്വീകരിക്കാൻ അവിടുന്ന് നമ്മെ പഠിപ്പിക്കും. എന്റെ പൊന്നു പരിശുദ്ധാത്മാവേ, എന്നെ ഒന്ന് തൊടണമെ, എന്നെ ഒന്ന് രൂപാന്തരപ്പെടുത്തണമേ! എന്നെ പുതു സൃഷ്ടിയാക്കണമേ!
“പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമ്മുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ. 5 :5 ) , “വസന്തവൃഷ്ടിയുടെ കാലത്തു കർത്താവിനോടു മഴ ചോദിക്കുവിൻ. മഴക്കാറയ്ക്കുന്നതും മഴ പെയ്യിച്ചു എല്ലാവർക്കും വേണ്ടി വയലിനെ ഹരിതപൂർണ്ണമാക്കുന്നതും കർത്താവാണ്” (സഖ. 10 :1 ). പരിശുദ്ധ മാരി, മഴ നമ്മിൽ പെയ്യുമ്പോൾ, നാം വിശുദ്ധിയിൽ തഴച്ചു വളരും – സ്നേഹം,സമാധാനം, സന്തോഷം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, ആത്മസംയമനം, കാരുണ്യം. പുതിയ ഹൃദയം, മാംസള ഹൃദയം നമ്മുക്ക് കിട്ടും.
പരിശുദ്ധാത്മാവ് നമ്മുടെമേൽ കൃപയുടെയും പ്രാർത്ഥനയുടെയും ചൈതന്യം പകരും- “ഞാൻ ദാവീദ് ഭവനത്തിന്റെയും ജറുസലേം നിവാസികളുടെയുംമേൽ കൃപയുടെയും പ്രാർത്ഥനയുടെയും ചൈതന്യം പകരും. അപ്പോൾ തങ്ങൾ കുത്തിമുറിവേല്പിച്ചവനെ നോക്കി. ഏകജാതനെപ്രതിയെന്നപോലെ അവർ കരയും.
ആദ്യജാതനെപ്രതിയെന്നപോലെ ദുഖത്തോടെ വിലപിക്കും” (സഖ. 12 :10 ). “ആരും പുതിയവീഞ്ഞു പഴയതോൽക്കുടങ്ങളിൽ ഒഴിച്ച് വയ്ക്കാറില്ല. അങ്ങനെ ചെയ്താൽ തോൽക്കുടങ്ങൾ പൊട്ടി, വീഞ്ഞ് ഒഴുകിപ്പോവുകയും കുടങ്ങൾ നഷ്ടപ്പെടുകയും ചെയ്യും . അതിനാൽ പുതിയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിലാണ് ഒഴിച്ച് വയ്ക്കുക. അപ്പോൾ രണ്ടും ഭദ്രമായിരിക്കും (മത്താ.9 :17 ). കൃഷിക്കാരൻ ചുക്കിച്ചുളുങ്ങിയ പഴയ തോൽക്കുടം പുതിയതാക്കും. അതിനു (1 ) ശുദ്ധജലത്തിൽ മുക്കിയിടുക. ‘പാകമാകുമ്പോൾ’ സ്വന്തം കൈകൊണ്ടു അത് വലിച്ചുനീട്ടും. പിന്നെ സൂര്യപ്രകാശത്തിൽ ഉണക്കും. പിന്നെ ഒലിവെണ്ണ പുരട്ടും. ഇത്രയുമായാൽ പഴയതോൽക്കുടം ബലവും ഉറപ്പുമുള്ള നല്ല ഷെയ്പ്പുള്ള (shape ) പുതിയ തോൽക്കുടമാകും. ഇത് തന്നെയാണ് പരിശുദ്ധാത്മാവ് മാനവഹൃദയങ്ങളിൽ (അവിടുത്തെ ക്ഷണിച്ചു വരുത്തി സ്വീകരിച്ചിരിക്കുന്ന) ചെയ്യുക. കൃപകൾ നഷ്ടപ്പെട്ട (പഴയതോൽക്കുടം) ആത്മാവിലേക്ക് പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോൾ (കൗദാശിക ജീവിതം, പ്രാർത്ഥന, വചനം, ധ്യാനം, കൗൺസിലിംഗ്, അനുതാപം, കുമ്പസാരം – ഇവയെല്ലാം) വചനജലത്താൽ നിറയ്ക്കും. പരിശുദ്ധാത്മാവ് അഗ്നിയാണ്. ആ അഗ്നിയിലാണ് നമ്മൾ നനഞ്ഞതിനെ (പഴയ മനുഷ്യനെ) ഉണക്കുന്നത്. ആറിപ്പോയത് ചൂടുപിടിപ്പിക്കുന്നത്. ഒലിവെണ്ണ പരിശുദ്ധാത്മാവിന്റെ ശക്തിയെ, അഭിഷേകത്തെയാണ് സൂചിപ്പിക്കുക. അങ്ങനെ പഴയമനുഷ്യനെ പരിശുദ്ധാത്മാവ് പുതിയ മനുഷ്യനായി രൂപാന്തരപ്പെടുത്തും- ഫലദാനവരങ്ങളാൽ നിറഞ്ഞ മനുഷ്യൻ. കുടുംബത്തിൽപ്പോലും വലിയ മാറ്റങ്ങളും ദൈവികമായ ചലനങ്ങളും സംഭവിക്കുന്നു. “ഇതിനുശേഷം ഞാൻ തിരിച്ചുവരും. ദാവീദിന്റെ വീണുപോയ കൂടാരം ഞാൻ വീണ്ടും പണിയും. അതിന്റെ നഷ്ടശിഷ്ടങ്ങളിൽനിന്നു ഞാൻ അതിനെ പുതുക്കിപ്പണിയും. അതിനെ ഞാൻ വീണ്ടും ഉയർത്തി നിർത്തും” (അപ്പ. 15 :16 ). പരിശുദ്ധാത്മാവിന്റെ നവമായ അഭിഷേകം കിട്ടിയ ഏതൊരു വ്യക്തിയും ഒരു പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. അവിടുന്ന് കുടുംബങ്ങളെ നവീകരിക്കും.”അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നം കാണും;യുവാക്കൾക്ക് ദർശങ്ങൾ ഉണ്ടാവും. ആ നാളുകളിൽ എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. ആകാശത്തിലും ഭൂമിയിലും ഞാൻ അദ്ഭുതകരമായ അടയാളങ്ങൾ കാണിക്കും”(ജോയേൽ.2 :28 -30 ).
അഗസ്തീനോസ് പുണ്യവാൻ ഇങ്ങനെ പ്രാർത്ഥിച്ചു: ഈശോയെ, നീ എന്നെ ഒന്ന് നോക്കണമേ ഞാനൊന്നു പൊട്ടിക്കരയട്ടെ, അദ്ദേഹത്തിന്റെ അനുതാപം കണ്ണീരായി അണ പൊട്ടി ഒഴുകി. കവിൾ തടങ്ങളിൽ കണ്ണീർ ചാലുകൾ ഉണ്ടായി. പരിശുദ്ധാത്മ അഗ്നി ദുശ്ശീലങ്ങളെ കത്തിച്ചു ചാമ്പലാക്കും. വിശ്വാസത്തോടെ പ്രാർത്ഥിക്കുക.”നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്” (ഹെബ്രാ. 12 :29 ). കർത്താവ് അഗ്നിയിൽ എഴുന്നള്ളും (ഏശ. 66 :15 ). അഗ്നി നമ്മെ നന്മചെയ്യാൻവേണ്ടി , വിശുദ്ധിയിൽ വളരാൻവേണ്ടി ഓടുന്ന പരക്കം പായുന്ന, വ്യക്തികളാക്കും. അവിടുന്ന് നമ്മുക്ക് പുതിയ അനുഭവങ്ങൾ നൽകും.
ആത്മാവിനു വേണ്ടി നിരന്തരം വിട്ടുകൊടുത്തു പ്രാർത്ഥിക്കുക. പുതിയ അഭിഷേകം ഉറപ്പാണ്. ആഴമായ വിശ്വാസത്തോടെ ആയിരിക്കണം നാം പ്രാർത്ഥിക്കുക. എലീഷായ്ക്കുകിട്ടിയതുപോലെ ആത്മാവിന്റെ ഇരട്ടിപങ്കു കിട്ടും. നാം ശിശുക്കളെപ്പോലെ ആകും. മഞ്ഞിന്റെ നൈർമ്മല്യമണിയും . അവിടുത്തെ ചേർത്തുപിടിക്കുകയാണെങ്കിൽ ധാരാളം നല്ല അനുഭവങ്ങളിലൂടെ ആത്മാവ് നമ്മെ കടത്തിക്കൊണ്ടുപോകും , പറയേണ്ട സമയത്തു പറയേണ്ടത് പറയാൻ ആത്മാവ് നമ്മെ സഹായിക്കും. ഇത് ഈശോയുടെ വാഗ്ദാനവുമാണ്. അവിടുന്ന് ചെവിയിൽ പറഞ്ഞുതരും!
“നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കർത്താവു നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ടജനമാണുള്ളത് ?” (നിയ.4 :7 ). തടസ്സങ്ങളെല്ലാം നീക്കി അവിടുന്ന് നമ്മെ നിഗൂഢനിധികൾകൊണ്ട് നിറയ്ക്കും.”ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പൊടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. എന്റെ ദാസനായ യാക്കോബിനും ഞാൻ തിരഞ്ഞെടുത്ത ഇസ്രയേലിനും വേണ്ടി ഞാൻ നിന്നെ പേരുചൊല്ലി വിളിക്കും. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാൻ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു. ഞാനല്ലാതെ മറ്റൊരു കർത്താവില്ലാ; ഞാനല്ലാതെ മറ്റൊരു ദൈവമില്ല” (ഏശ. 45 :2 -5 ). അസാധ്യങ്ങൾ സാധ്യങ്ങളാക്കുന്നത് പരിശുദ്ധാത്മാവാണ്. അസാധ്യമെന്നു ഞാൻ കരുതിയ നാൾ അന്നാളിലവനെന്നോടു ചൊല്ലി മനുഷ്യനാലസാദ്ധ്യം സാധ്യമാക്കുന്നവൻ നിന്നോട് കൂടെയുണ്ട്”.
നമ്മുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾപ്പോലും നല്ലതെങ്കിൽ അവിടുന്ന് സാധിച്ചു തരുമെന്നുറപ്പ്. പരിശുദ്ധാത്മാവേ എന്നെ അങ്ങയോടു ചേർത്ത് നിർത്തണമേ! കൃപയും മഹത്ത്വവും അങ്ങേക്ക് അങ്ങേയ്ക്കു മാത്രം . സീയോൻപുത്രീ, ആനന്ദഗാനമാലപിക്കുക. ഇസ്രായേലേ,
ആർപ്പുവിളിക്കുക. ജറുസലേം പുത്രീ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക. നിനക്കെതിരെയുള്ള വിധി കർത്താവ് പിൻവലിച്ചിരിക്കുന്നു. നിന്റെ ശത്രുക്കളെ അവിടുന്ന് ചിതറച്ചിരിക്കുന്നു. ഇസ്രയേലിന്റെ രാജാവായ കർത്താവു നിങ്ങളുടെ മദ്ധ്യേ ഉണ്ട്; നിങ്ങൾ ഇനിമേൽ അനർത്ഥം ഭയപ്പെടേണ്ടതില്ല. അന്ന് ജറുസലേമിനോട് പറയും: സീയോനെ, ഭയപ്പെടേണ്ട, നിന്റെ കരങ്ങൾ ദുർബ്ബലമാകാതിരിക്കട്ടെ. നിന്റെ ദൈവമായ കർത്താവ്. വിജയം നൽകുന്ന യോദ്ധാവ്, നിന്റെ മദ്ധ്യേ ഉണ്ട് നിന്നെക്കുറിച്ചു അവിടുന്ന് അതിയായി ആഹ്ലാദിക്കും. തന്റെ സ്നേഹത്തിൽ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും. ഉത്സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ചു ആനന്ദഗീതമുതിർക്കും. ഞാൻ നിന്നിൽനിന്നുവിപത്തുകളെ ദൂരീകരിക്കും; നിനക്ക് നിന്ദനമേൽക്കേണ്ടിവരുകയില്ല. നിന്റെ മർദ്ദകരെയെല്ലാം അന്ന് ഞാൻ ശിക്ഷിക്കും. മുടന്തരേ ഞാൻ രക്ഷിക്കും; പുറന്തള്ളപ്പെട്ടവരെ ഞാൻ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്ജയെ ഞാൻ സ്തുതിയും ഭൂമി മുഴുവൻ വ്യാപിച്ച കീർത്തിയും ആക്കും. അന്ന്, ഞാൻ നിങ്ങളെ സ്വദേശത്തേക്കു കൊണ്ടുവരും. നിങ്ങൾ കാൺകെ നിങ്ങളുടെ സുസ്ഥിതി ഞാൻ പുനസ്ഥാപിക്കുമ്പോൾ നിങ്ങളെ എല്ലാ ജനതയുടെയും ഇടയിൽ ഞാൻ പ്രഖ്യാതരും പ്രകീർത്തിതരും ആക്കും- കർത്താവു അരുളിച്ചെയ്യുന്നു.” (സെഫാ. 3 :14 -20 )