1. ദൈവമഹത്ത്വത്തിന്റെ ആഘോഷം
നിഗൂഢമാം വിധം ഉന്നതമെങ്കിലും എളിയരീതിയിൽ ദൈവം വെളിപ്പെടുത്തിയ തന്റെ മഹത്ത്വത്തിന്റെ ഈ ലോകത്തിലെ പരമമായ ആഘോഷമാണ് ദിവ്യബലി! ഈ പ്രബോധനത്തെ പരിശുദ്ധ പിതാവ് ഇങ്ങനെ വിശദീകരിക്കുന്നു: ”അത് ഉന്നതമാണ്.” കാരണം, ‘കാലത്തിന്റെ അന്ത്യം വരം എല്ലായ്പ്പോഴും’ നമ്മുടെ മധ്യേയുള്ള ക്രിസ്തുസാന്നിധ്യത്തിന്റെ മുഖ്യമായ ആവിഷ്കാരണമാണത്. ”അത് എളിമയുള്ളതാണ്.” കാരണം, ‘അനുദിന ജീവിതത്തിലെ, നിസ്സാരമായ അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതീകങ്ങളിലാണ് അതു നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്നത്.’
ദിവ്യകാരുണ്യം മഹത്തമമാണ്. കാരണം, ‘കാലത്തിന്റെ അന്ത്യംവരെ എന്നും’ (മത്താ. 28:20) അതു നമ്മോടു കൂടെ ആയിരിക്കും. അനുദിനമുള്ള ഈ പരിപോഷണത്തൽ, ദിവ്യകാരുണ്യം അവതരിപ്പിക്കുന്നത്, വാഗ്ദാനം മാത്രമല്ല, മറിച്ച്, ഭാവിമഹത്ത്വത്തിന്റെ പ്രതിജ്ഞ കൂടിയാണ്. ഈ കൂദാശയിൽ ഭാവിമഹത്ത്വത്തിന്റെ അച്ചാരം നമുക്കു നൽകപ്പെടുന്നു.
”ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംഭരം ചെയ്യുന്നു” (സങ്കീ. 19:1). ദൈവികമഹത്ത്വത്തിന്റെ പ്രകാശത്താൽ ലോകം മുഴുവൻ പ്രകാശിക്കപ്പെടുന്നു. പഴയനിയമത്തിൽ ‘കബോദ്’ (ഗമയീറ) എന്ന ഹീബ്രുപദം ചരിത്രത്തിലും സൃഷ്ടപ്രപഞ്ചത്തിലുമുള്ള ദൈവികസാന്നിദ്ധ്യത്തിന്റെയും ദൈവികമഹത്ത്വത്തിന്റെയും വെളിപ്പെടുത്തലിനെ സൂചിപ്പിക്കുന്നു. ദൈവവചനത്തിന്റെ വെളിപ്പെടലിന്റെ സ്ഥലമായ സീനായ് മലമുകളിൽ കർത്താവിന്റെ മഹത്ത്വം പ്രകാശിച്ചു (പുറ. 24:16). മരുഭൂമിയിൽ തീർത്ഥാടനം ചെയ്തിരുന്ന ദൈവജനത്തിന്റെ തിരുക്കർമ്മങ്ങളിലും പവിത്രകൂടാരത്തിലും കർത്താവിന്റെ മഹത്ത്വത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു (ലേവ്യ. 9:23). ”അങ്ങയുടെ മഹത്ത്വത്തിന്റെ ഇരുപ്പിടമായ (സങ്കീ. 26:8) ദൈവാലയത്തിൽ അതു വാഴുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനതകളെയെല്ലാം പ്രകാശത്തിന്റെ ഒരു ആവരണമെന്നതുപോലെ അതു പൊതിയുന്നു” (ഏശ. 60:1).
”പരിശുദ്ധൻ, പരിശുദ്ധൻ, സൈന്യങ്ങളുടെ കർത്താവു പരിശുദ്ധൻ; ഭൂമി മുഴുവൻ അവിടുത്തെ മഹത്ത്വം നിറഞ്ഞിരിക്കുന്നു” (ഏശ. 6:3). എന്ന് സെറാഫുകൾ പ്രഘോഷിക്കുന്നത്, തന്റെ ദൗത്യം സ്വീകരിക്കുന്ന മുഹൂർത്തത്തിൽ, ഏശയ്യാ കേട്ടു. അതുപോലെ, ഒരു പ്രത്യേക വിധത്തിൽ, ഇസ്രായേലിൽ ആവിഷ്കൃതമായ ദൈവികമഹത്ത്വം ലോകം മുഴുവൻ സന്നിഹിതമായിരിക്കുന്നു.
”എല്ലാ ജനതകളും അവിടുത്തെ മഹത്ത്വം ദർശിക്കുന്നു” (സങ്കീ. 97:6) എന്നു സങ്കീർത്തന പുസ്തകത്തിൽ നാം വായിക്കുന്നതുപോലെ, യഥാർത്ഥത്തിൽ കർത്താവ് തന്റെ മഹത്ത്വം എല്ലാ ജനതകൾക്കും വെളിപ്പെടുത്തുന്നു. അതിനാൽ, സകലമനുഷ്യരാശിയും പ്രപഞ്ചത്തിലുള്ള ദൈവികസാന്നിദ്ധ്യം കണ്ടെത്താൻ തക്കവിധത്തിൽ മഹത്തവത്തിന്റെ പ്രകാശത്തെ ജ്വലിപ്പിക്കുക എന്നത് സകലരുടെയും കടമയാണ്.
ക്രിസ്തുവിലാണ് സവിശേഷമായും ഈ വെളിപാടു പൂർത്തീകരിക്കപ്പെടുക. കാരണം, അവിടുന്നു ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നു (ഹെബ്ര. 1:3). കാനായിലെ അത്ഭുതം (അടയാളം) സംബന്ധിച്ചു യോഹന്നാൻ സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നതുപോലെ അവിടുത്തെ പ്രവൃത്തികളിലൂടെ ഇതു പൂർത്തിരിക്കപ്പെടും ”ഈശോ തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നതിനു പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലയിലെ കാനായിൽ ചെയ്ത ഈ അത്ഭുതം. അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു” (യോഹ. 2:11). ദൈവികമായ അവിടുത്തെ വചനത്തിലൂടെയും അവിടുന്നു ദൈവിക മഹത്ത്വം പ്രസരിപ്പിക്കുന്നു: ”അവിടുത്തെ വചനം അവർക്കു ഞാൻ നല്കിയിരിക്കുന്നു.” ഈശോ പിതാവിനോട് വീണ്ടും പറയുന്നു, ”അങ്ങ് എനിക്കു തന്ന മഹത്ത്വം അവർക്കു ഞാൻ നൽകിയിരിക്കുന്നു (യോഹ. 17: 14,22). മനുഷ്യാവതാരത്തിൽ സ്വീകരിച്ച തന്റെ മാനുഷകതയിലൂടെ ഈശോ ദൈവികമഹത്ത്വം ആവിഷ്കരിക്കുന്നു: ”വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്ത്വം നമ്മൾ ദർശിച്ചു; കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്ത്വം” (യോഹ. 1:14).
ദിവ്യകാരുണ്യബലിയർപ്പണത്തിൽ ദൈവമഹത്ത്വം അതിന്റെ സാകല്യപൂർണ്ണതയിൽ വെളിപ്പടുന്നു. ദൈവികമഹത്ത്വത്തിന്റ ഭൗമിക വെളിപ്പെടുത്തൽ അതിന്റെ ഉച്ചകോടിയിലെത്തുന്നത്. ഉയിർപ്പിലാണ് യോഹന്നാന്റെയും പൗലോസിന്റെയും രചനകളിൽ, പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്ന ഈശോയുടെ മഹത്തീകരണം എന്ന വിധത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത് (യോഹ. 12:23; 13:31; 17:1; ഫിലി. 2:6-11; കൊളോ. 3:1, 1 തിമോ. 3:16). ”ദൈവം പരിപൂർണ്ണമായും മഹത്ത്വീകരിക്കപ്പെട്ട” പെസഹാ രഹസ്യം പരിശുദ്ധ കുർബാനയിലൂടെ ഇപ്പോൾ ചിരന്തനമാക്കപ്പെട്ടിരിക്കുകയാണ്.
ഈശോ തന്റെ പ്രിയമണവാട്ടിയായ സഭയെ ഏൽപ്പിച്ച മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഈ അനുസ്മരണത്തിൽ ”ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ” (ലൂക്കാ. 22:19) എന്ന കല്പനയോടെ, മനുഷ്യചരിത്രത്തിന്റെ ദിവ്യപ്രവാഹത്തെ വെളിപ്പെടുത്തുന്ന, എല്ലാ ദിവ്യകാരുണ്യബലിയർപ്പണങ്ങളിലും തന്റെ പെസഹാ മഹത്ത്വത്തിന്റെ സാന്നിദ്ധ്യം ഈശോ വാഗ്ദാനം ചെയ്യുന്നു. ”വി. കുർബാനയിലൂടെ ക്രിസ്തുവിന്റെ പെസഹാ സംഭവം സഭയിലുടനീളം വ്യാപിക്കുന്നു. ക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലുമുള്ള കൂട്ടായ്മയിലൂടെ, വിശ്വാസികൾ നിഗൂഢമായ ദൈവികത്വത്തിൽ വളരുന്നു: പിതാവിന്റെ മക്കൾ എന്ന നിലയിൽ പുത്രനിൽ വസിക്കുവാൻ അത് അവരെ പ്രാപ്തരാക്കുന്നു.” ദൈവിക മഹത്ത്വത്തിന്റെ ഏറ്റം മഹത്തായ വെളിപ്പെടുത്തൽ, ആഘോഷം, പരിശുദ്ധ കുർബാനയിൽ ഇന്ന് ഉറപ്പായും നമുക്കുണ്ട്.
”സഭയുടെ അനുദിന ജീവിതത്തിന്റെയും ക്രിസ്തുവിന്റെ നിത്യമായ പെസഹാ വാഗ്ദാനത്തിന്റെയും പൊരുളിനു രൂപം നൽകുന്നത് ഈശോയുടെ കുരിശു മരണവും അവിടുത്തെ ഉത്ഥാനവുമാണ്. അതിനാൽ നമ്മളൾ ജീവനിലേയ്ക്കു പ്രവേശിക്കുന്നതിന് സ്വയം മരണത്തെ സ്വീകരിക്കാൻ ഈശോ സമാരംഭിച്ച ഈസ്റ്റർ തീർത്ഥാടനത്തിലേക്കു നമ്മെ തളരാതെ തിരിച്ചുവിടാനുള്ള ചുമതല പ്രഥമമായും തിരുക്കർമ്മാനുഷ്ഠാനത്തിനുണ്ട്.” അവിടുത്തെ മരണം മാനവരാശിക്കു നിത്യജീവൻ നൽകുന്നു. ഉത്ഥാനാനുഭവം വിശുദ്ധ കുർബാനയുടെ കാതലാണ്.
ഇപ്പോൾ ഈ സത്യം വി. കുർബാനയുടെ ആഘോഷത്തിലൂടെയാണു നടക്കുന്നത്. അത് ഈശോയുടെ പെസഹായെ സജീവമാക്കുകയും അതിന്റെ ചൈതന്യം വിശ്വാസികൾക്കു പകരുകയും ചെയ്യുന്നു. അതിനാൽ ദൈവികമഹത്ത്വവും മനുഷ്യഹൃദയങ്ങളിൽ നിന്നും അധരങ്ങളിൽ നിന്നും ഉയരുന്ന മഹത്തവപ്പെടുത്തലും തമ്മിലുള്ള കണ്ടുമുട്ടലിന്റെ ഏറ്റം വ്യക്തമായ ആവിഷ്കാരമാണ് ക്രസ്തീയാരാധന. നാം ‘കർത്താവിനെ മനം തുറന്നു മഹത്ത്വപ്പെടുത്തുന്ന’ (പ്രഭാ. 35:8) മാർഗ്ഗം, ”കൂടാരത്തിൽ നിറഞ്ഞുനിൽക്കുന്ന കർത്താവിന്റെ മഹത്ത്വത്തിന് അനുയോജ്യമായിരിക്കണം” (പുറ. 40:34).
വി. പൗലോസ് ഓർമ്മിപ്പിക്കുന്നതുപോലെ നമ്മുടെ ശരീരങ്ങളിൽ, അതായത് നമ്മുടെ അസ്തിത്വം മുഴുവനിലും, നാം ദൈവത്തെ മഹത്ത്വപ്പെടുത്തണം. കാരണം, നമ്മുടെ ശരീരങ്ങൾ, നമ്മുടെയുള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണ്. ഒപ്പം പരിശുദ്ധത്രിത്വത്തിന്റെ വാസകേന്ദ്രങ്ങളും (1 കൊറീ. 6:19,20).
ഇതിന്റെ വെളിച്ചത്തിൽ, ദൈവിക മഹത്ത്വത്തിന്റെ പ്രാപഞ്ചികമായ ആഘോഷത്തെക്കുറിച്ച് ഒരുവനു സംസാരിക്കാൻ കഴിയും. ”സ്വാർത്ഥതയാലും ദുരാഗ്രഹത്താലും സൃഷ്ടലോകം മിക്കപ്പോഴും വിരൂപമാക്കപ്പെടുന്നെങ്കിലും അതിന് അതിൽത്തന്നെ ഒരു ”ദിവ്യകാരുണ്യാത്മകമായ ശക്തിയുണ്ട്.” അൾത്താരയുടെ ബലിയിൽ, അവിടുത്തെ പെസഹായിൽ സന്നിഹിതമായിരിക്കുന്ന കർത്താവിന്റെ ദിവ്യകാരുണ്യത്തിൽ, സ്വീകരിക്കപ്പെടുന്നതിനായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നാണത്.
2. ദിവ്യകാരുണ്യം: ദൈവത്തിന്റെ അത്ഭുത പ്രവർത്തനങ്ങളുടെ ”അനുസ്മരണം”
ദിവ്യകാരുണ്യത്തിന്റെ അനേകസവിശേഷതകളിൽ പ്രമുഖസ്ഥാനത്തുള്ളത് ‘സ്മാരകം’ എന്ന സവിശേഷതയാണ്. അടിസ്ഥാനപരമായി പ്രാധാന്യമുള്ള ഒരു ബൈബിൾ വിഷയവുമായി ബന്ധപ്പെട്ടതാണത്. പുറപ്പാടിന്റെ പുസ്തകത്തിൽ നാം വായിക്കുന്നു, ”ദൈവം അവരുടെ ദീനരോധനം ശ്രവിക്കുകയും അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഓർമ്മിക്കുകയും ചെയ്തു” (പുറ. 2:24).
ബൈബിളിൽ, ദൈവത്തെക്കുറിച്ചുള്ള സ്മരണയും മനുഷ്യനെക്കുറിച്ചുള്ള സ്മരണയും ഇടകലർന്ന് ദൈവജനത്തിന്റെ ജീവിതത്തിൽ ഒരു അടിസ്ഥാന വസ്തുത രൂപപ്പെടുന്നു. എന്നിരുന്നാലും ഇപ്പോഴില്ലാത്ത ഒരു ഭൂതകാലത്തിന്റെ വെറും ആവർത്തനമാണിത്. പരാജയപ്പെടാത്ത ഒരു ഉടമ്പടിയുടെ ബന്ധത്തെ ഈ ”സ്മാരകം” തിരികെക്കൊണ്ടുവരികയാണ്. ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളുടെ ”സ്മാരക” മായിരുന്നു
പെസഹാത്തിരുക്കർമ്മം. 136-ാം സങ്കീർത്തനം അവസാനിക്കുന്നത് ഇപ്രകാരമാണ്: ”നമ്മുടെ ദുസ്ഥിതിയിൽ അവിടുന്നു നമ്മെ ഓർത്തു: അവിടുത്തെ കാരുണ്യം അനന്തമാണ്. അവിടുന്നു എല്ലാ ജീവികൾക്കും ആഹാരം കൊടുക്കുന്നു. അവിടുത്തെ കാരുണ്യം അനന്തമാണ്” (സങ്കീ. 136:23-25). ദൈവത്തിന്റെ ചരിത്രത്തിലെ പ്രവൃത്തികളുടെ അതിവിശിഷടമായ ”സ്മാരകം” പുറപ്പാടിലെ പെസഹാത്തിരുക്കർമ്മമായിരുന്നു. ഇസ്രായേൽ ജനം പെസഹാ ആചരിച്ചിരുന്നപ്പോഴെല്ലാം ദൈവം, ഫലപ്രദമായ വിധത്തിൽ, രക്ഷയുടെയും വിമോചനത്തിന്റെയും ദാനങ്ങൾ അവർക്കു വാഗ്ദാനം നൽകുമായിരുന്നു. അതിനാൽ പെസഹാത്തിരുക്കർമ്മത്തിൽ രണ്ടു സ്മരണകൾ ഒന്നു ചേരുന്നു: ഒന്നു ദൈവികം, മറ്റതു മാനുഷികം. അതായത്, രക്ഷാകരമായ കൃപയും കൃതജ്ഞതാനിർഭരമായ വിശ്വാസവും. ”ഇസ്രായേൽ എല്ലായ്പ്പോഴും അനുസ്മരണയിൽ അധിഷ്ഠിതമായ ഒരു സംഭവമായിരിക്കും.”
ക്രിസ്തീയ പെസഹായുടെ അതിവിശിഷ്ട സ്മാരകമായ ദിവ്യകാരുണ്യത്തിന്റെ കേന്ദ്രഭാഗത്താണ് ഈശോയുടെ പീഡാനുഭവം. മരണം, ഉയിർപ്പ്, സ്വർഗ്ഗാരോഹണം ഇവ ആവർത്തിക്കപ്പെടുക. ഈ ആഘോഷത്തിന്റെ കാതലാണ് ഈ ആവർത്തനം. ”എന്നേയ്ക്കുമായി ഒരിക്കൽ” (ഹെബ്രാ. 7:27; 9:11,26; 10:12), അനന്യമായ വിധത്തിൽ നടന്ന ഈശോയുടെ ബലിയുടെ രക്ഷാകരമായ സാന്നിദ്ധ്യം മനുഷ്യചരിത്രത്തിലെ സ്ഥലകാലങ്ങളിലേക്കു വ്യാപിക്കുന്നു. അന്ത്യഅത്താഴത്തിന്റെ വിവരണത്തിൽ വി. ലൂക്കായും വി. പൗലോസും രേഖപ്പെടുത്തുന്ന അന്ത്യ കല്പനയിൽ ഇത് ആവിഷ്കൃതമാക്കുന്നുണ്ട്. ‘എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ… ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്, നിങ്ങൾ ഇതു പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ’ (1 കൊറീ. 11:2425, ലൂക്കാ. 22:19). ”നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാനപാത്രത്തിൽ നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്” (1 കൊറീ. 11:26).ഇപ്രകാരം വിശുദ്ധ കുർബാന ഈശോയുടെ മരണത്തിന്റെ സ്മാരകമാണ്; അതേ സമയം തന്നെ അത് അവിടുത്തെ മഹത്ത്വപൂർണ്ണമായ ആഗമനത്തിന്റെ മുന്നാസ്വാദനമാണ്. ചരിത്രത്തലുള്ള ഉത്ഥിതനായ കർത്താവിന്റെ നിരന്തരമായ രക്ഷാകര സാമീപ്യത്തിന്റെ കൂദാശയാണു ദിവ്യകാരുണ്യം. അങ്ങനെ പൗലോസിന്റെ തിമോത്തിക്കുള്ള ഉപദേശം നമുക്കു മനസ്സിലാക്കാൻ കഴിയും, ”എന്റെ സുവിശേഷത്തിൽ പ്രഘോഷിച്ചിട്ടുള്ളതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരിൽ നിന്നുയർത്തവനുമായ യേശുക്രിസ്തുവിനെ സ്മരിക്കുക” (2 തിമോ. 2:8). ഈ സ്മരണ വിശുദ്ധ കുർബാനയിൽ പ്രത്യോകമായ വിധത്തിൽ സജീവവും പ്രവർത്തനനിരതവുമാണ്.
ക്രിസ്തുവചനങ്ങളുടെയും ക്രിസ്തുസംഭവങ്ങളുടെയും ”ഓർമ്മയാചരണത്തിന്റെ” ആഴത്തിലുള്ള അർത്ഥം യോഹന്നാൻ തന്റെ സുവിശേഷത്തിൽ നമുക്കു വെളിപ്പെടുത്തുന്നു. കച്ചവടക്കാരെക്കൊണ്ടു നിറഞ്ഞ ദൈവാലയം ശുദ്ധീകരിച്ചപ്പോൾ, ”തകർക്കുവിൻ നിങ്ങൾ ഈ ദൈവാലയം. മൂന്നു ദിനങ്ങൾക്കുള്ളിൽ ഞാനതു പുനർനിർമ്മിക്കു എന്നു പറഞ്ഞതിനെ യോഹന്നാൻ തന്നെ വിശദീകരിക്കുന്നു: ”അവൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടപ്പോൾ അവന്റെ ശിഷ്യന്മാർ അവനിതു പറഞ്ഞിരുന്നുവെന്ന് ഓർമ്മിക്കുകയും അങ്ങനെ വിശുദ്ധ ലിഖിതവും ഈശോ പ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു (യോഹ. 2:22) ഈശോയുടെ തിരുശ്ശരീരമാണ് യഥാർത്ഥ ദൈവാലയം.
വിശ്വാസത്തെ ഉരുവാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഈ ഓർമ്മയാചരണം ഈശോയുടെ ”നാമത്തിൽ പിതാവ് അയയ്ക്കുന്ന” പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. ”എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും” (യോഹ. 14:26). ഇവിടെ ഫലദായകമായ ഒരു സ്മരണയുണ്ട്. അതായത്, പെസഹാരഹസ്യത്തിന്റെ സജീവമായ പുനരാവർത്തനമാണ് പരിശുദ്ധകുർബാന.
3. വിശുദ്ധ കുർബാനയുടെ അഭാവത്തിൽ സഭ വിസ്മൃതിയിൽ ആണ്ടുപോകും
‘അനുസ്മരിക്കുക’ എന്നാൽ സ്മരണയും വാത്സല്യവും ”ഹൃദയത്തിലേക്കു കൊണ്ടുവരുക എന്നതാണ്; അതോടൊപ്പം ഒരു സാന്നിദ്ധ്യം ആഘോഷിക്കലുമാണ്.” അപ്പത്തിന്റഎയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിൽ പരിശുദ്ധകുർബാനയിൽ സത്യമായി എഴുന്നള്ളി വരുന്ന ദിവ്യ ഈശോയ്ക്ക് പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണഹൃദയത്തോടും പൂർണ്ണശക്തിയോടും അർപ്പകർ സ്നേഹവാത്സല്യങ്ങൾ സമ്മാനിക്കണം. സ്നേഹിക്കുക എന്നതാണു പരിശുദ്ധ കുർബാനയിൽ ആദ്യമായും അവസാനമായും സംഭവിക്കേണ്ടത്.
”ഈശോയുടെ പെസഹാരഹസ്യത്തിന്റെ യഥാർത്ഥ ഓർമ്മയാചരണമായ വിശുദ്ധകുർബാനയ്ക്കു മാത്രമേ, അവിടുത്തെ സ്മരണ നമ്മിൽ സജീവമാക്കാൻ കഴിയുകയുള്ളൂ. അതിനാൽ അത് സഭയുടെ നിതാന്തമായ ജാഗ്രദാവസ്ഥയുടെ രഹസ്യമാണ്. നിരന്തരനും ഏറ്റം മധുരമുള്ളതുമായ ഈ പ്രചോദനത്തിന്റെ ഫലദായകത്വവും അവളിൽ കേന്ദ്രീകൃതമായിരിക്കുന്ന അവളുടെ മണവാളന്റെ നേട്ടത്തിന്റെ അഗാധമായ ശക്തിയും ഇല്ലായിരുന്നുവെങ്കിൽ വിസ്മൃതിയിലേക്കും ചൈതന്യമില്ലായ്മയിലേക്കും അവിശ്വസ്തതയിലേക്കും വീണുപോകുക എന്നത് അവളെ സംബന്ധിച്ച് ഏറ്റവും എളുപ്പത്തിൽ സംഭവ്യമാകുമായിരുന്നു.” ജാഗ്രദാവസ്ഥയിലേയ്ക്കുള്ള ഈ വിളി സ്വർഗ്ഗീയ ജറുസലേമിന്റെ പ്രത്യക്ഷത്തിലേക്കും കർത്താവിന്റെ പൂർണ്ണമായ വരവിലേയ്ക്കും നമ്മുടെ ദിവ്യകാരുണ്യതിരുക്കർമ്മങ്ങളെ നയിക്കുന്നു. ക്രൈസ്തവർ തങ്ങളുടെ കർത്താവുമായുള്ള സുനിശ്ചിതമായ കണ്ടുമുട്ടലിന്റെ പ്രത്യാശയെ വിശുദ്ധകുർബാനയിൽ പരിപോഷിപ്പിക്കുന്നു.
4. ദിവ്യകാരുണ്യം സ്തുതിയുടെ സമ്പൂർണ്ണ ബലി
‘ഋൗരവമൃശേെ’ എന്ന പദത്തിന്റെ അർത്ഥം ‘നന്ദി പറയുക’ എന്നാണ്. ”കൃതജ്ഞ പ്രകാശനത്തിന്റെയും സ്തുതിയുടെയും സങ്കീർത്തനത്തിൽ, ദൈവപുത്രൻ, രക്ഷിക്കപ്പെട്ട മനുഷ്യവംശവുമായി തന്നെത്തന്നെ ദിവ്യകാരുണ്യത്തിൽ ഐക്യപ്പെടുത്തുന്നു.” പരിണതഫലമോ, പരിശുദ്ധ കുർബാനയിൽ പരിശുദ്ധ ത്രിത്വവും മനുഷ്യനും ഒന്നാകുന്നു.
”ത്രിത്വാത്മക സ്തുതിയുടെ പ്രഘോഷണം എല്ലാ വിശുദ്ധ കുർബാന ആഘോഷത്തിലും കാനോന പ്രാർത്ഥനയെ മുദ്രവയ്ക്കുന്നു. ദിവ്യകാരുണ്യം വാസ്തവത്തിൽ സ്തുതിയുടെ സമ്പൂർണ്ണ സമർപ്പണമാണ്. ഭൂമിയിൽ നിന്നു സ്വർഗ്ഗത്തിലേയ്ക്കുയരുന്ന അത്യുന്നത മഹത്ത്വീകരണമാണ്.” ക്രിസ്തീയ ജീവിതത്തിന്റെ മുഴുവൻ ഉറവിടവും പാരമ്യവുമായ പരിശുദ്ധ കുർബാന എന്ന ബലിയിൽ ഭാഗഭാക്കുകളായിക്കൊണ്ട് ബലിയർപ്പകർ ദൈവികബലിയാടിനെ ദൈവത്തിനു സമർപ്പിക്കുന്നതോടൊപ്പം തങ്ങളെക്കൂടെയും സമർപ്പിക്കുന്നുണ്ട് (തിരുസ്സഭ, നമ്പർ 11). ഹെബ്രായ ലേഖനം നമ്മെ പഠിപ്പിക്കുന്നു, ”തന്നെത്തന്നെ അർപ്പിച്ചുകൊണ്ട് എന്നേയ്ക്കുമായി ഒരിക്കൽ ബലിയർപ്പിച്ച”, ”പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളിൽ നിന്നു വേർതിരിക്കപ്പെട്ടവനും സ്വർഗ്ഗത്തിനുമേൽ ഉയർത്തപ്പെട്ടവനുമായ ഒരു പ്രധാന പുരോഹിതൻ തന്നെത്തന്നെ അർപ്പിച്ചുകൊണ്ട് എന്നേയ്ക്കുമായി ബലിയർപ്പിച്ചിരക്കുന്നു” (ഹെബ്ര. 7:26,27). ലേഖനത്തിൽ വീണ്ടും നാം കാണുന്നു, ” അവനിലൂടെ നമുക്ക് എല്ലായ്പ്പോഴും സ്തുതിയുടെ ബലി അർപ്പിക്കാം” (ഹെബ്ര. 13:15).
5. ദിവ്യകാരുണ്യം രക്ഷാകരബലി
ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിന്റെ ബലി സന്നിഹിതമായിരിക്കുന്നു. ”ഇത് എന്റെ ശരീരമാണ്… ഇത് എന്റെ രക്തമാണ്” (മത്താ. 26:28) എന്ന് അനാഫൊറയിൽ പുരോഹിതൻ പറയുമ്പോൾ സ്വർഗ്ഗം താണിറങ്ങുന്നു; അത്ഭുതങ്ങളുടെ അത്ഭുതം സംഭവിക്കുന്നു. ദുഃഖവെള്ളിയാഴ്ച്ച കുരിശിൽ തന്നെത്തന്നെ സമർപ്പിച്ചവനും ഇപ്പോൾ മഹത്ത്വീകൃതനുമായ ക്രിസ്തുവാണ് ദിവ്യകാരുണ്യത്തിൽ സന്നിഹിതനാകുന്നത്. വീഞ്ഞിന്റെ പാനപാത്രം ഉയർത്തികൊണ്ട് അവിടുന്നു പറഞ്ഞവാക്കുകൾ ഇതാണു വ്യക്തമാക്കുന്നത്. ”ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്” (മത്താ. 26:28; മർക്കോ 14:24; സഖ. 22:20). പ്രസ്തുത വാക്കുകളെ അവയുടെ ബൈബിളിൽപരമായ അർത്ഥത്തിനെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ അർത്ഥപൂർണ്ണമായ രണ്ടു സൂചനകൾ പ്രത്യക്ഷമാകുന്നു. ”ചിന്തപ്പെട്ട രക്തം” എന്ന ആവിഷ്കരണം (ഉൽപ. 9:6) ഉഗ്രമായ മരണത്തിന്റെ പര്യായമാണ്. ‘അനേകർക്കുവേണ്ടി’ എന്ന ഹ്രസ്വമായ പ്രസ്താവന അർത്ഥമാക്കുന്നത് ഈ രകതം ചൊരിയപ്പെടുന്നത് ആർക്കുവേണ്ടിയാണെന്നതാണ്.
ഇവിടെയുള്ള പരാമർശം നമ്മെ വിശുദ്ധ ഗ്രന്ഥത്തിലെ ഏശയ്യായുടെ നാലാമത്തെ പ്രവചനത്തിന്റെ ക്രിസ്തീയമായ വ്യാഖ്യാനത്തിന് അടിസ്ഥാനപരമായ ഗദ്യഭാഗത്തിലേക്കു കൊണ്ടുപോകുന്നു. തന്റെ ബലിയിലൂടെ കർത്താവിന്റെ ദാസൻ ”തന്റെ ജീവനെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കുകയും അനേകരുടെ പാപഭാരം വഹിക്കുകയും (ഏശ. 53:12; ഹെബ്രാ. 9:28; 1 പത്രോ. 2:24) ചെയ്തു.”
വി.ലൂക്കായും വി. പൗലോസും പാരമ്പര്യാനുസൃതമായി ബന്ധിപ്പിക്കുന്നതുപോലെ, വിശുദ്ധകുർബാനയുടെ അർപ്പണാത്മകവും രക്ഷാകരവുമായ അതേ തലത്തെ, അന്ത്യഅത്താഴവേളയിൽ അപ്പം ഉയർത്തിക്കൊണ്ട് ഈശോയുടെ വാക്കുകൾ ആവിഷ്കരിക്കുന്നുണ്ട്. ”ഇതു നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ്” (ലൂക്കാ. 12:19, 1 കൊറീ. 11:24). ഏശയ്യാ 53:12 ഭാഗത്ത് കർത്താവിന്റെ ദാസന്റെ അർപ്പണാത്മകമായ സ്വയം ദാനത്തെക്കുറിച്ചുള്ള സൂചനയുമുണ്ട്. ”അവൻ തന്റെ ജീവനെ മരണത്തിന് ഏൽപ്പിച്ചു കൊടുത്തു… അനേകരുടെ പാപഭാരം അവൻ പേറി, അതിക്രമങ്ങൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിച്ചു.”
”ദിവ്യകാരുണ്യം എല്ലാത്തിലും ഉപരിയായി ഒരു ബലിയാണ്. നമ്മൾ വിശ്വസിക്കുകയും പൗരസ്ത്യ സഭകൾ വ്യക്തമായി, പ്രഖ്യാപിക്കുകയും ചെയ്യുന്നതുപോലെ, അതു രക്ഷയുടെ ബലിയും പുതിയ ഉടമ്പടിയുടെ ബലിയുമാണ്. ഗ്രീക്കുസഭ നൂറ്റാണ്ടുകൾക്കുമുമ്പു പ്രഖ്യാപിച്ചതുപോലെ ”ഇന്നത്തെ ബലി, ഏകസുതനായ, മനുഷ്യവതാരം ചെയ്ത വചനം ഒരിക്കൽ അർപ്പിച്ചതിനു സാദൃശ്യമാണ്. (അന്നത്തേതുപോലെ ഇന്നും) ഈ ബലി അവിടുന്ന് അർപ്പിക്കുന്നു. കാരണം അത് ഏകവും അനന്യവുമായ ബലിയാണ്.”
മോശ ബലിമൃഗങ്ങളുടെ രക്തം പകുതി, ദൈവത്തിന്റെ പ്രതീകമായ അൾത്താരയിലും പകുതി ഇസ്രായേൽ മക്കളുടെ മേലും തളിച്ചുകൊണ്ട് (പുറ. 24:5-8) സീനായ് ഉടമ്പടിക്ക് ഒപ്പുവച്ചു. സീനായിൽ അർപ്പിച്ച ഉടമ്പടിയുടെ വികസിത രൂപവും പൂർത്തികരണവുമാണ് പുതിയ ഉടമ്പടിയുടെ ബലിയായ വിശുദ്ധ കുർബാന. ഈ ”ഉടമ്പടിയുടെ രക്തം” ഐക്യത്തിന്റെ കൂട്ടായ്മയിൽ ദൈവത്തെയും മനുഷ്യനെയും തമ്മിൽ ദൃഢമായി ബന്ധിക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ആലിംഗനം അതിന്റെ ഉച്ചകോടിയിലെത്തുന്നു. ഇതാണു ജറെമിയാ മുൻകൂട്ടി പ്രവചിച്ച ‘പുതിയ ഉടമ്പടി’ യുടെ പൂർത്തീകരണം (31: 31-34). പ്രവാചകന്റെ വെളിപാടു സ്വീകരിക്കുകയും അതിനെ ക്രിസ്തുവിന്റെ സുനിശ്ചിതമായ ഏകബലിയുമായി ബന്ധിപ്പിക്കുകയും ചെയ്തുകൊണ്ട് ഹെബ്രായർക്കെഴുതിയ ലേഖനം പുകഴ്ത്തുന്ന ആത്മാവിലും ഹൃദയത്തിലുമുള്ള ഒരു ഉടമ്പടി (ഹെബ്രാ. 10:14-17)യാണിത്.
ഈ ഘട്ടത്തിൽ നമ്മുക്കു മറ്റൊരു സത്യം കൂടി വിശദമാക്കാൻ കഴിയും. വിശുദ്ധ കുർബാന സ്തുതിലുടെ ബലിയാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള പരിപൂർണ്ണ ലയനത്തോടേ ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ, വിശുദ്ധ കുർബാന സഭയുടെ സകല ആരാധനയുടെയും മുഴുവൻ ക്രിസ്തീയ ജീവിതത്തിന്റെയും ഉറവിടവും ഉച്ചകോടിയുമാണ്. വിശ്വാസികൾ പൂർണ്ണഹൃദയത്തോടെ, പുരോഹിതനോടൊപ്പം, പിതാവിനു തങ്ങളെത്തന്നെ പവിത്രബലിയായി അർപ്പിക്കുമ്പോൾ മാത്രമാല്ല, അതേ ബലി വസ്തു അവർ കൗദാശികമായി സ്വീകരിക്കുമ്പോഴുമാണ്, കൃതജ്ഞതാപ്രകാശനത്തിന്റെയും, അനുരജ്ഞനത്തിന്റെയും, അപേക്ഷയുടെയും, സ്തുതിയുടെയും ഈ കൂദാശയിൽ അവർ പരിപൂർണ്ണമായി ഭാഗഭാക്കാവുന്നത്.