മൂന്നാം ക്രിസ്തുവെന്നു നിസ്സങ്കോചം വിശേഷിപ്പിക്കപ്പെടാവുന്ന നമ്മുടെ മാർപാപ്പ , 21 –ാം നൂറ്റാണ്ടിന്റെ പ്രവാചക ശബ്ദമാണ്. ആധുനിക ലോകത്തെ ബാധിച്ചിരിക്കുന്ന വിപത്തുകൾ ഒന്നൊന്നായി പിതാവ് വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവയിൽ ഒന്ന്, ഇന്ന് മനുഷ്യനെ തളർത്തുന്ന ഏറ്റം പ്രധാനപ്പെട്ട പ്രശ്നം അവന്റെ ആകുലതയാണെന്നതാണ്. ആബാലവൃദ്ധം ജനങ്ങളെയും കാർന്നു തിന്നു കൊണ്ടിരിക്കുന്ന മനസ്സിന്റെ അർബുദമാണിത്. മാതാപിതാക്കൾ, മക്കൾ, പുരോഹിതർ, സന്യസ്തർ, ഭിഷഗ്വരന്മാർ , നഴ്സുമാർ, ഭരണാധിപന്മാർ, മെത്രാന്മാർ (അവർ ഭരണാധിപന്മാർകൂടിയാണ്) അധ്യാപകർ, വിദ്യാർത്ഥികൾ അങ്ങനെയുള്ള ആരുംതന്നെ ഇതിനു അപവാദമല്ല.
എന്താണ് ഈ ആകുലതയ്ക്കു കാരണം. എല്ലാം അറിയുന്ന, എല്ലാറ്റിനെയും എല്ലാവരെയും അറിയുന്ന, കരുതുന്ന, പരിപാലിക്കുന്ന, സ്നേഹ സ്വരൂപനും കരുണാവാരിധിയും സർവ്വശക്തനുമായ ദൈവത്തിലുള്ള വിശ്വാസത്തിന്റെ കുറവ് തന്നെ. തന്മൂലം, എന്ത് സംഭവിക്കുന്നു? ഇക്കൂട്ടർ വിലകുറഞ്ഞ അത്ഭുതങ്ങൾക്കു പിന്നാലെ ഓടുന്നു. നമുക്ക് സഹനത്തിന്റെ കാരണം അറിയണം. ഒരു കൗൺസിലറിൽ നിന്ന് മറ്റൊരു കൗൺസിലറിലേക്ക്. ഏറ്റവും കൂടുതൽ അറിയപ്പെടുന്ന അച്ചന്മാരിലേക്ക്- നായ്ക്കൻപറമ്പിലച്ചൻ , പനയ്ക്കലച്ചൻ, വട്ടായിലച്ചൻ, ഡൊമിനിക്കച്ചൻ…. ബ്രദറേ, സഹോദരീ, അച്ചാ, ഒന്ന് പ്രാർത്ഥിച്ചു നോക്കിക്കേ, ഇതിന്റെ കാരണം ഒന്ന് അറിഞ്ഞാൽ ഞാൻ വിജയിച്ചു. ഒരേ കാര്യങ്ങൾ തന്നെ എല്ലാവരോടും പറയും. ബന്ധപ്പെട്ടു ദർശനം വല്ലോം കിട്ടുന്നുണ്ടോ, അച്ചാ, ബ്രദറേ! ഓരോ കാര്യത്തിനും ഓരോ കാരണമുണ്ട്. എല്ലാം അറിയുന്ന, എല്ലാറ്റിന്റെയും കാരണ കർത്താവായ ദൈവത്തിനു മാത്രമേ ഇത് സാധിക്കൂ.
അവിടുന്ന് കാരണം പറയുന്ന ഒരു സംഭവം വി. യോഹന്നാൻ രേഖപ്പെടുത്തുന്നുണ്ട്. “ഈശോ കടന്നുപോകുമ്പോൾ, ജന്മനാ അന്ധനായ ഒരുവനെ കണ്ടു (ജിജ്ഞാസുക്കളായ) ശിഷ്യന്മാർ അവിടുത്തോടു: റബ്ബീ, ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ, ഇവന്റെ മാതാപിതാക്കളുടെയോ? ഈശോ വ്യക്തമാക്കുന്നു : “ഇവന്റെയോ, ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല. പ്രത്യുത, ദൈവത്തിന്റെ പ്രവർത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്… ഞാൻ ലോകത്തിന്റെ പ്രകാശമാണ്” (യോഹ. 9 : 1 – 5 ). പ്രകാശമായ ഈശോയ്ക്ക് ആർക്കും പ്രകാശം, കാഴ്ച സമ്മാനിക്കാനാവും.
ചിലരുടെ പ്രശ്നം, “എന്തുകൊണ്ട് എനിക്ക് മാത്രം?” മേൽപറഞ്ഞ സംഭവത്തിൽനിന്നു തന്നെ വ്യക്തമാകുന്ന കാരണം ഇതാണ്. നിങ്ങളിലൂടെ, നിങ്ങൾക്ക് അസഹനീയമായ സഹനത്തിലൂടെ സർവ്വശക്തന് ഒരു പ്രവർത്തി ചെയ്യാനുണ്ട്. ഈ പ്രവൃത്തിയെന്തെന്നു പിന്നീട് നിങ്ങൾക്ക് മനസ്സിലായെന്നിരിക്കും; ഇല്ലെന്നിരിക്കും. God writes on crooked lines but, He reads straight . വളഞ്ഞ വരിയിലെഴുതിയിട്ടു നേരെ വായിക്കുന്നവനാണ് ദൈവം. നാമോരോരുത്തരും നന്നായി മനസ്സിലേക്കേണ്ടതാണ് ഈ മഹാസത്യം. ഇവിടെ നടക്കുന്ന പ്രായോഗികമായ ദൈവത്തിന്റെ കരുതൽ മനസ്സിലാക്കാൻ പരിശുദ്ധ അമ്മയുടേതുപോലെയുള്ള വിശ്വാസം ഓരോരുത്തർക്കും വേണം. “ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” (ലൂക്കാ. 1 : 38 ). ഈ ഫിയാത്ത് (fiat) മൂലമാണ് തന്റെ അനുപമ സ്തോത്രഗീതം പാടാൻ ‘അമ്മ‘ കരുത്താർജ്ജിച്ചതു. അമ്മയുടെ അവിസ്മരണീയവും വസ്തുതാപരവുമായ പ്രഘോഷണം നമ്മുക്ക് ഉൾക്കൊള്ളാം. “തമ്പുരാൻ, തന്റെ ദാസിയുടെ താഴ്മയെ തൃക്കൺ പാർത്തു” (1 :48 ).