എങ്ങനെയോ ഒരു സിനഗോഗു കത്തി നശിച്ചു. യാതൊന്നും അവശേഷിച്ചില്ല. തീയണഞ്ഞു കഴിഞ്ഞപ്പോൾ ഒരു വയോവൃദ്ധൻ ആ ചാരക്കൂമ്പാരത്തിൽ തന്റെ ഊന്നുവടി ഉപയോഗിച്ചു പരതിനോക്കിയപ്പോൾ വേദപുസ്തകത്തിന്റെ വെറും രണ്ടു പേജുകൾ മാത്രം കണ്ടെത്തി. അവിടെ രണ്ടു ചോദ്യങ്ങൾ രേഖപ്പെടുത്തിയിരുന്നു.
(1) ‘ആദം നീ എവിടെയാണ്?’ (ഉല്പ. 3:9)
(2) ‘കായേൻ, നിന്റെ സഹോദരൻ എവിടെയാണ്’? (4:9)
ആദ്യത്തെ ചോദ്യം തൽക്കാലത്തേക്ക് അവഗണിച്ചുകൊണ്ട് രണ്ടാമത്തെതിലേക്ക് നമ്മുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം ‘നിന്റെ സഹോദരൻ എവിടെയാണ്?’ സഹോദരഘാതകനോടാണ് സർവശക്തൻ ഈ ചോദ്യം ഉന്നയിച്ചത്. അവന്റെ സഹോദരസ്‌നേഹരാഹിത്യമാണ് ഇവിടെ ചിന്താവിഷയം. ഇതേക്കുറിച്ച് ഈശോയുടെ അനന്യമായ പ്രബോധനം, ‘ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ’ എന്നതാണ്. ഇതിന്റെ ആഴവും പരപ്പും ഏവർക്കുമറിയാം. അവിടുന്ന് വ്യക്തമായി പറയുന്നു: ‘നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്നു അവിടെവച്ച് ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട്, പോയി, സഹോദരനുമായി രമ്യതപ്പെടുക. പിന്നെ വന്നു ബലിയർപ്പിക്കുക’ (മത്താ. 5:23,24) . അതെ , സഹോദരസ്‌നേഹത്തിന്റെ പ്രഥമഘട്ടം രമ്യതപ്പെടുക എന്നത് തന്നെയാണ്. എല്ലാവരോടും രമ്യതയിലായിരിക്കുമ്പോൾ നമ്മൾ മനുഷ്യത്വത്തിന്റെ ഏതാണ്ടൊരു പൂർണ്ണതയിലെത്തും. അസാധ്യമെന്നു തോന്നിയാലും വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവയുടെ പിൻബലത്തിൽ പരിശ്രമിച്ചാൽ ഇതും സാധ്യമാവും.
ഒരു സന്ന്യാസ സമൂഹത്തിന്റെ കഥ പറയാം. അവർക്കു ദൈവവിളി വളരെ കുറഞ്ഞു കുറഞ്ഞു കുറഞ്ഞ് അവർക്ക് ഒരു ഭവനം മാത്രമായി. അവിടെത്തന്നെ വിരലിൽ എണ്ണാൻ മാത്രം സന്യാസികൾ. അവരിൽ ഏറ്റം പ്രായംകുറഞ്ഞ സന്യാസി എഴുപതുകാരൻ! ഇത്രയും പേരുടെ കാലം കഴിഞ്ഞാൽ ആ സമൂഹം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുമെന്നത് ഉറപ്പ്. സമൂഹാംഗങ്ങളെല്ലാവരും ദുഃഖിതരായിരുന്നു. അങ്ങനെയിരിക്കെ, മറ്റേതോ സന്യാസഭവനത്തിൽ നിന്ന് ഒരു സന്യാസി അവിടെയെത്തി അവരോടു പറഞ്ഞു: ‘നിങ്ങളിലൊരാൾ ഈശോ തന്നെയാണ്’.
ഈ വാർത്ത അവിടെയൊരു കോളിളക്കം തന്നെ സൃഷ്ട്ടിച്ചു. എല്ലാവരും തന്നെ ഇങ്ങനെ വിചാരിച്ചു:’ ഈശോ ഞാനെങ്കിൽ ഞാൻ എത്രമാത്രം മാതൃകാപരമായി ജീവിക്കണം! അഥവാ, മറ്റുള്ളവരാണെങ്കിൽ അവരോടു എത്രമാത്രം സ്‌നേഹവും ആദരവും ഞാൻ കാണിക്കേണ്ടിയിരിക്കുന്നു’. എല്ലാവരും തമ്മിൽത്തമ്മിൽ കൂടുതൽ ധാരണയിലും രമ്യതയിലുമായി, പരസ്പരം യഥാർത്ഥമായ സ്‌നേഹത്തിലും ജീവിക്കാൻ തുടങ്ങി. ഫലം അത്ഭുതാവഹമായിരുന്നു. സമൂഹം എല്ലാം നന്മകളുമുള്ള ഒരു സമൂഹമായി മാറി. അവരുടെ മാതൃകാപരമായ, സാക്ഷ്യമുള്ള ജീവിതം കണ്ട് ധാരാളം പേര് അർത്ഥികളായി വരാൻ തുടങ്ങി. അങ്ങനെ അത് ത്വരിതഗതിയിൽ വളരുകയായി.
നിഷ്‌കളങ്കവും നിസ്വാർത്ഥവുമായ സഹോദരസ്‌നേഹത്തിന്റെ അടുത്ത ഘട്ടം കരുണ കാണിക്കുകയാണ്. നല്ല സമറായന്റെ ഉപമയിലെ പുരോഹിതൻ ചിന്തിച്ചു: ‘ അർത്ഥപ്രജ്ഞനായി കിടക്കുന്ന ഈ മനുഷ്യനെ തൊട്ടാൽ എനിക്ക് എന്ത് സംഭവിക്കും’! ലേവായനും അങ്ങനെ തന്നെ ചിന്തിച്ചു. സമറായന്റെ ചിന്ത മറ്റൊരു ദിശയിലാണു സഞ്ചരിച്ചത്. ‘ഞാൻ ഇയാളെ സഹായിക്കാതിരുന്നാൽ അയാൾക്ക് എന്ത് സംഭവിക്കും?’ അയാൾക്ക് ഉത്തരം കിട്ടി. ‘ചോര വാർന്നു അയാൾ മരിച്ചു പോകും’. അയാളുടെ മനോഭാവത്തെക്കുറിച്ച ഈശോ പറയുന്നത് നമുക്ക് നന്നായി അറിയാം. അവൻ മനസ്സലിഞ്ഞ് , അടുത്തുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ച അവന്റെ മുറിവുകൾ വച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്നു (അവനെ) പരിചരിച്ചു. അടുത്ത ദിവസം അവൻ സത്രം സൂക്ഷിപ്പുകാരന്റെ കയ്യിൽ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു. ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കിൽ (ഞാൻ) തിരിച്ചുവരുമ്പോൾ തന്നുകൊള്ളാം’ (ലൂക്കാ. 10:34,35). മറ്റുള്ളവരോട് നമ്മുക്ക് യഥാർത്ഥമായ സ്‌നേഹമുണ്ടെങ്കിൽ നിരാലംബരോടും നിസ്സഹായരോടും കരുണ കാണിക്കേണ്ട ഒരു അവസരവും നഷ്ട്ടപ്പെടുത്തുകയില്ല. ഈ സത്യമാണ് ഈശോ ഇവിടെ വ്യക്തമാക്കുക.
സ്‌നേഹിക്കാനുള്ള മറ്റൊരു മാർഗ്ഗമാണ് മറ്റുള്ളവരെ ഈശോയിലേക്കു അടുപ്പിക്കുക. അന്ത്രയോസ് ഇതിനു ഉത്തമോദാഹരണമാണ്. ‘അവൻ ആദ്യമേ തന്റെ സഹോദരനായ ശിമെയോനെ കണ്ട്, അവനോടു ഞങ്ങൾ മിശിഹായേ-ക്രിസ്തുവിനെക്കണ്ടു എന്ന് പറഞ്ഞ്, അവനെ ഈശോയുടെ അടുത്തേക്ക് നയിക്കുകയും അവിടുന്ന് അവനെ ‘കേപ്പാ’-പാറ-എന്ന് വിളിക്കുകയും സഭയുടെ നേടും തൂണായി അവരോധിക്കുകയും ചെയ്തു.