യുഗങ്ങളുടെയും തലമുറകളുടെയും ആരംഭം മുതൽ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോൾ അവിടുന്നു തന്റെ വിശുദ്ധർക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഈ രഹസ്യത്തിന്റെ മഹത്ത്വം വിജാതീയരുടെയിടയിൽ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധർക്കു വ്യക്തമാക്കിക്കൊടുക്കാൻ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്ത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതുതന്നെ. അവനെയാണു ഞങ്ങൾ പ്രഖ്യാപിക്കുന്നത് (കൊളേ.1:26-27) ഈ രഹസ്യം സവിശേഷമായ വിധത്തിൽ സർവ്വശക്തൻ അമ്മയ്ക്കു വെളിപ്പെടുത്തിക്കൊടുത്തു. അമ്മയ്ക്കു എല്ലാവരിലും ക്രിസ്തുവിനെ ദർശിക്കാൻ സാധിച്ചത് ഇതുകൊണ്ടാണ്. അങ്ങനെ അവിടുത്തെ സ്നേഹിച്ചും സേവിച്ചും ജീവിതം സമർപ്പിച്ചു. ഈ ആത്മീയതയിൽ നിന്നും ശക്തി സ്വീകരിച്ചുകൊണ്ടു മദറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വതയോടെ ഇന്നും തുടരുന്നു. മിഷനറീസ് ഓഫ് ചാരിറ്റി സഹോദരികളെല്ലാം അമ്മയുടെ ആത്മചൈതന്യം കുടികൊള്ളുന്നു.
ഇതുകൊണ്ടുതന്നെയാണ് മദറിന്റെ സന്യാസസമൂഹത്തിലെ അംഗങ്ങൾ ബഹുമാനിക്കപ്പെടുന്നതും സ്നേഹിക്കപ്പെടുന്നതു. എല്ലാവരിലും അവർ ക്രിസ്തുവിനെ കാണുന്നു. ഈ ചെറിയവരിലൊരുവന് ഇതു നിങ്ങൾ ചെയ്തപ്പോൾ എനിക്കുതന്നെയാണു ചെയ്തിട്ടുള്ളത് (മത്താ.25-40). കുഷ്ഠരോഗിയിലും ദരിദ്രനിലും അനാഥരിലും കുരുടനിലും വസിക്കുന്ന ക്രിസ്തുവിനെ അമ്മ ദർശിച്ചതുപോലെ അവരും ദർശിക്കുന്നു. അതുകൊണ്ടു മറ്റുള്ളവരെ ആർദ്രമായി സ്നേഹിക്കുവാൻ അവർക്കു കഴിയുന്നു. എല്ലാറ്റിലുമുപരി സഹോദരസ്നേഹത്തിൽ അധിഷ്ഠിതമായ ദൈവസ്നേഹമാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ മുതൽക്കൂട്ട്.
1997 ജൂൺ 13ന് മദർ ലണ്ടൻ നിവാസികളോട് ഇപ്രകാരം പറഞ്ഞു: ”ക്രിസ്തുവിനോടു നമ്മെയും മറ്റുള്ളവരെയും അടുപ്പിക്കണമെങ്കിൽ, സാധുക്കളിലൂടെ മാത്രമേ കഴിയൂ. അതു പല വഴികളിലൂടെ ആകാം. എന്നാൽ എന്റെ വഴി ഇതാണ്”. കുഷ്ഠരോഗ ചികിത്സാകേന്ദ്രത്തിൽ വന്നരിക്കുന്നവരോടു മദർ പറയുമായിരുന്നു. ”ഞാൻ ചികിത്സിക്കുന്ന കുഷ്ഠരോഗികൾ സുന്ദരരാണ്. അവർക്കു രോഗമുണ്ടെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ അത് ഒരു ശാപമല്ല, സമ്മാനമാണ്. കാരണം അതു വഴിയായി അവരും ഈശോയുടെ സഹനത്തിൽ പങ്കാളികളാകുന്നു”.