റോക്ക് ഹഡ്സൺ യുവജനങ്ങളുടെ ആരാധനാപാത്രം എയിഡ്സു മൂലം മരിച്ചത് മാനവരാശിയെ മുഴുവൻ ഞെട്ടിപ്പിക്കുന്ന സംഭവമായി. കോടിക്കണക്കിനു ഡോളറുകളുടെ ഉടമയായിരുന്ന ഹഡ്സൺ 59-ാമത്തെ വയസ്സിൽ മരിച്ചു. അയാൾ പാടാൻ പോയിരുന്നിടത്തെല്ലാം പതിനായിരങ്ങൾ തിങ്ങിക്കൂടിയിരുന്നു. ആരാധകർക്കോ, ഡോക്ടർമാർക്കോ, മരുന്നുകൾക്കോ ഒന്നും അയാളുടെ ജീവൻ രക്ഷിക്കാനായില്ല. റോക്ക ഹഡ്സനെക്കുറിച്ചുള്ള വാർത്ത കാട്ടുതീ പോലെ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമെത്തി. ആശുപത്രികളിൽ പോലും എയ്ഡ്സ് രോഗികളെ സ്വീകരിക്കാൻ വിമുഖതയായിരുന്നു. ജയിലിലായിരുന്ന രോഗികൾക്ക് എന്തെങ്കിലും ശുശ്രൂഷ ചെയ്യാൻ വാർഡന്മാർ വിമുഖത കാട്ടി. മററു ജയിൽവാസികൾ രോഗികളായവരെ കൊല്ലുമെന്നു ഭീഷണി മുഴക്കി.
മദറിന്റെ മാതൃഹൃദയം എയിഡ്സ് രോഗികളോടുള്ള കരുണാർദ്രമായ സ്നേഹത്താൽ തുടിച്ചു. ഈ ഹതഭാഗ്യരിലുള്ള ഈശോയെ സ്നേഹിക്കാൻ അമ്മയുടെ മനസ്സു വെമ്പൽകൊണ്ടു. എയിഡ്സ് രോഗികൾക്കു ശുശ്രൂഷ ചെയ്യുക മാനവരാശിയുടെ ഒരു അത്യാവശ്യമായി മദർ മനസ്സിലാക്കി. ആ സമയത്ത് അമ്മ ന്യൂയോർക്കിലൊരു അഗതിമന്ദിരം തുടങ്ങാൻ സജ്ജീകരണങ്ങൾ ചെയ്യുകയായിരുന്നു. അപ്പോഴാണു മാനവരാശിക്കുള്ള പുതിയ വെല്ലുവിളി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. എയിഡ്സ് പാപത്തിന്റെ ശിക്ഷയാണെങ്കിലും അതു ബോധിച്ചിരിക്കുന്നവർ ദൈവത്തിന്റെ മക്കളാണ്. ആ നിലയ്ക്ക് അവർക്കൊരു സങ്കേതം ആവശ്യമായിരുന്നു. അവിടെ അവർക്ക് മനസമാധാനത്തിൽ നന്നായി ഒരുങ്ങി നിഖിലേശ സന്നിധിയിലേയ്ക്കു പോകാൻ കഴിയണം.
ന്യൂയോർക്കിന്റെ ഗവർണറെയും മേയറെയും കണ്ട് മദർ പറഞ്ഞു: എനിക്ക് ഒരു ഭവനം തരുക; ഞാൻ എന്റെ സഹോദരിമാരെ അയച്ചു തരാം. നിങ്ങൾ ഞങ്ങളെ ഏൽപിക്കുന്ന എയിഡ്സ് രോഗികളെ അവർ സ്നേഹപൂർവ്വം ശുശ്രൂഷിച്ചുകൊള്ളും. മദറിനെ വളരെ നന്നായി അറിഞ്ഞിരുന്ന ന്യൂയോർക്കുപട്ടണം, അമ്മയുടെ അഭ്യർത്ഥന സർവ്വാത്മനാ സ്വീകരിച്ചു. ഒരു ഭവനം കണ്ടുപിടിച്ച് മദറിന്റെ പ്രവർത്തനത്തിനു നൽകപ്പെട്ടു. ചിലർ മേയറെ ചോദ്യം ചെയ്തു. അദ്ദേഹം ഇത്രമാത്രം പറഞ്ഞു: ”ജീവിക്കുന്ന വിശുദ്ധയുടെ അഭ്യർത്ഥന നമുക്കെങ്ങനെ നിരസിക്കാനാവും”. മദർ തെരേസാ ജീവിക്കുന്ന വിശുദ്ധയായിരുന്നു.
അമ്മയ്ക്കു ഭവനം കിട്ടി. അമ്മ സിസിറ്റേഴിസിനെ അവിടെ എത്തിച്ചു. ന്യൂയോർക്കു ഗവർണർതന്നെ തടവറയിൽ നിന്നുള്ള ആദ്യത്തെ മൂന്നു രോഗികളെ അങ്ങോട്ടയച്ചു. ഇവരെ കൊല്ലുമെന്ന് കൂടെയുണ്ടായിരുന്നവർ പ്രഖ്യാപിച്ചതാണ്. മാരകമായ രോഗം തങ്ങളെയും ബാധിക്കുമെന്നു ഭയപ്പെട്ടാണ് അവർ വധഭീഷണി മുഴക്കിയത്.
അങ്ങനെ 1985 അവസാനം എയിഡ്സ് രോഗികൾക്കുള്ള തന്റെ ആദ്യത്തെ ഭവനം ന്യൂയോർക്കിൽ തുടങ്ങുവാനുള്ള ഭാഗ്യം മദറിനു കൈവന്നു. എയിഡ്സ് പാപത്തിനുള്ള ദൈവത്തിന്റെ ശിക്ഷയാണെങ്കിലും അത് രക്ഷയുടെയും വിശുദ്ധിയുടെയും ഒരു ഉപാധിയായി മാറാം. സഹോദരിമാരുടെ ഭക്തിനിർഭരമായ ജീവിതമാതൃകയും പ്രാർത്ഥനയും വീരോചിതമായ ത്യാഗവും അന്തേവാസികളെ ദൈവത്തിലേയ്ക്കു തിരിയാൻ സഹായിക്കുന്നു. ഇതാണു മദർ ആഗ്രഹിച്ചത്. ഇതിനു വേണ്ടിയാണു മദർ പ്രാർത്ഥിച്ചിരുന്നത്.
ഒരു മുപ്പത്തിയെട്ടുകാരനാണ് ഈ ഭവനത്തിൽ ആദ്യമായി മരിച്ചത്. വിയറ്റനാം യുദ്ധത്തിനു ശേഷം അദ്ദേഹം മരുന്നു കഴിച്ചുതുടങ്ങിയതാണ്. അയാൾ മാമ്മോദീസാ സ്വീകരിച്ച് ഒരു കത്തോലിക്കനായി. ഏറ്റം ഗൗരവത്തോടെയാണ് അയാൾ ആ കൂദാശ സ്വീകരിച്ചത്. കഴുത്തിൽ ഒരു കൊന്തയണിഞ്ഞു ശുഭ്രവസ്ത്രധാരിയായാണ് അയാൾ മാമ്മോദീസായ്ക്കു വന്നത്. എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക, അയാൾ ആവശ്യപ്പെട്ടു. പിന്നീട് ഏറ്റം ശാന്തനായി അയാൾ മരിച്ചു. ഈ സംഭവം മറ്റു പല രോഗികളെയും ദൈവത്തോടൊപ്പം മരിക്കാൻ പ്രേരിപ്പിച്ചു.
എയിഡ്സ് രോഗികൾക്കു പ്രാർത്ഥിക്കാനും ദൈവത്തിലേയ്ക്കു തിരിയാനുമുള്ള അവസരം ഉണ്ടാക്കുകയായിരുന്നു മദറിന്റെ ഏറ്റം പ്രധാനപ്പെട്ട ലക്ഷ്യം. ശരിയായ അർത്ഥത്തിൽ അവർ ദൈവത്തെയും മനുഷ്യരെയും സ്നേഹിച്ച് ആ സ്നേഹത്തിൽ തങ്ങളുടെ ജീവിതം അവസാനിപ്പിക്കണം. ക്രമേണ ന്യൂയോർക്കിലെ ഭവനം അത്ഭുതങ്ങളുടെ ഒരു ആലയമായി മാറി. അന്തേവാസികളെല്ലാം ദൈവത്തിലേയ്ക്കു തിരിഞ്ഞു. അവർ പ്രത്യാശയുള്ളവരായി. അവരോടൊപ്പം സക്രാരിയിൽ ഈശോ എഴുന്നള്ളിയിരിക്കുന്നു. തങ്ങളുടെ ബാഹ്യസക്രാരിയിൽ ഈശോ എഴുന്നള്ളിയിരിക്കുന്നു. തങ്ങളുടെ ബാഹ്യനേത്രങ്ങൾകൊണ്ടു കാണത്തക്കരീതിയിൽ അവിടുന്നു സ്നേഹത്തിലും, കാരുണ്യത്തിലും തെരേസായുടെ ഭവനത്തിൽ വന്നതുകൊണ്ടു മാത്രമാണു തനിക്കു ദൈവത്തെ അറിയാൻ കഴിഞ്ഞതെന്ന് ഒരു രോഗി മാത്രമാണു തനിക്കു ദൈവത്തെ അറിയാൻ കഴിഞ്ഞതെന്ന് ഒരു രോഗി പത്രപ്രവർത്തകരോടു സാക്ഷ്യപ്പെടുത്തി. എനിക്കിപ്പോൾ മുട്ടിന്മേൽ നിന്നുകൊണ്ടു പ്രാർത്ഥിക്കാൻ കഴിയുന്നുണ്ട്. ഇവിടെയുള്ള മറ്റു രോഗികൾക്കും ഈ അനുഗ്രഹം കിട്ടേണ്ടിയിരിക്കുന്നു, അയാൾ പറഞ്ഞു.
മറ്റു രോഗികളോടു റ്റോം (അതായിരുന്നു അയാളുടെ പേര് (പറഞ്ഞിരിക്കുന്നു; ദൈവത്തിന് എന്തെങ്കിലും ഒക്കെ തിരികെ നൽകാനുള്ള സമയമാണിത്, പ്രത്യേകിച്ചു പ്രാർത്ഥന. ക്രിസ്തുവിനെ എത്തിപ്പിടിക്കാൻ ഓരോരുത്തർക്കും ഒരു പുതിയ ബോധ്യം അത്യാവശ്യമാണ്. ഒരിക്കലും നിരാശപ്പെടരുത്. ഈ അവസ്ഥയിൽ നിന്നു നമ്മെ രക്ഷിക്കാൻ അവിടുത്തേയ്ക്കു മാത്രമേ സാധിക്കുകയുള്ളു. അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നത് അവിടുന്നിലൂടെ മാത്രമാണ്. ക്രിസ്തുവിനോടൊപ്പം നിങ്ങൾ നിങ്ങളുടെ വേദന സഹിക്കുമ്പോൾ അതു സഹിക്കുവാൻ നിങ്ങൾക്കു സാധിക്കും. പലരും മരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. അവരൊക്കെ ക്രിസ്തുവിനെ ആശ്രയിച്ചുകൊണ്ടാണു തങ്ങളുടെ ഇഹലോകജീവിതം അവസാനിപ്പിച്ചത്. ദൈവമേ, കരുമയായിരിക്കണമേ എന്നു ഹൃദയംഗമമായി പറയുന്ന നിമിഷം അവർക്കു സമാധാനം കൈവരുന്നു.
എയിഡ്സ് രോഗികൾക്കുള്ള രണ്ടാമത്തെ ഭവനം നവംബർ 28, 1986ൽ വാഷിംഗ്ടൺ ഡി.സി.യിൽ പ്രസിഡന്റ് റേയ്ഗന്റെ അഭ്യർത്ഥനപ്രകാരം മദർ തുടങ്ങി. അന്നത്തെ ദിവ്യബലിയിൽ ആയിരങ്ങൾ സംബന്ധിച്ചു. സ്നേഹിക്കുന്നതിന്റെ സന്തോഷം പങ്കുവയ്കുന്നതിനെക്കുറിച്ച് അമ്മ അന്നു വാചാലമായി പ്രസംഗിച്ചു.