പവിത്രീകരിക്കുന്ന ദൈവം

Fr Joseph Vattakalam
2 Min Read

മുപ്പതാമദ്ധ്യായം

ഇല്ലായ്മയുടെ അത്യഗാധത്തിൽനിന്ന് അസ്തിത്വത്തിന്റെ സുമോഹനശ്രംഗത്തിലേയ്ക്കു നമ്മെ കയറ്റി പ്രതിഷ്ഠിച്ച ദൈവം സ്വന്തം ജീവരക്തം നമ്മിലേയ്ക്കു പ്രവഹിപ്പിച്ചു. നമ്മെ അവിടുത്തെ സ്‌നേഹിതരുമാക്കി. സ്‌നേഹം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ, പരിപാവനമായ ആത്മസംവാദം സാക്ഷാത്താവാതെ തരമില്ല. സ്‌നേഹിതർ സമീപസ്ഥരായിരിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു. സ്‌നേഹഹൃത്തിന്റെ സാന്നിദ്ധ്യം സമ്പൂർണ്ണസ്‌നേഹത്തിന്റെ അനിവാര്യമായൊരു ഘടകമാണ്. സ്‌നേഹസ്വരൂപനായ സർവേശ്വരൻ നമ്മോടു സഹവസിക്കുകമാത്രമല്ല, നമ്മിൽ എഴുന്നള്ളി വസിക്കുന്നുമുണ്ട്! ആ സനാതനസ്‌നേഹത്തിന്റെ സംപ്രീതമായ വസതികളാണു നാമോരോരുത്തരും. നിങ്ങൾ ഈശ്വരഗേഹങ്ങളാണെന്നും ഈശ്വരചൈതന്യം നിങ്ങളിൽ വസിക്കുന്നുവെന്നും അറിയുന്നില്ലയോ? (1 കൊറി 3:16) നിർമ്മലരായി ജീവിക്കുക നമ്മുടെ കടമയാണ്. ‘ദൈവത്തിന്റെ ആലയം അശുദ്ധമാക്കുന്നവനെ അവിടുന്നു നശിപ്പിക്കും'(1 യശറ 3:17).

ഈശ്വരപ്രസാദത്തിൽ വളരുക. അവിടുത്തെ ശാസനങ്ങൾ അനുസരിക്കുക. ഇവ രണ്ടും ചെയ്യുന്നവനിൽ ഈശ്വരൻ വാസമുറപ്പിക്കുമെന്ന് സ്‌നേഹമൂർത്തിയായ ക്രിസ്തുതന്നെ പറഞ്ഞിരിക്കുന്നു. എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം അനുസരിക്കുന്നു. അപ്പോൾ എന്റെ പിതാവ് അവനെ സ്‌നേഹിക്കയും ഞങ്ങൾ അവന്റെ അടുക്കൽവന്ന് അവനോടൊപ്പം വസിക്കുകയും ചെയ്യും (യോഹ.14:2123). നിരാശതയുടെ നീർച്ചുഴിയിൽ നിപതിക്കുന്നവരെ പ്രത്യാശയുടെ പ്രഗത്ഭ സൗധത്തിലവരോധിക്കാൻ ഈ സവിശേഷ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള ചിന്ത സഹായകമാണ്.

ദൈവസ്‌നേഹത്തിൽ വസിക്കുന്ന ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർക്കു പറയാൻ കഴിയും: ഞാൻ സ്‌നേഹിക്കുന്നവനെ കണ്ടെത്തി സമാശ്ലേഷിച്ചു. എന്നിൽ നിന്നകലാൻ അവനെ ഞാൻ അനുവദിക്കില്ല (ഉത്ത.3:4), എന്ന്. ഈ അതിസ്വാഭാവിക സാന്നിദ്ധ്യത്തിന്റെ സ്വഭാവം നിനക്ക് നിഷ്‌കൃഷ്ടമായി നിർവചിക്കുക എളുപ്പമല്ല. ഏതായാലും ഒന്നു വ്യക്തം. ഇതുവഴി ഈശ്വരനും മനുഷ്യനും സത്താപരമായി ഒന്നാകുന്നില്ല. അവതരിച്ച അഖിലേശസുതനിൽ മാത്രമേ ഉള്ളൂ അത്തരമൊരൈക്യം.
ദൈവത്തിന്റെ ആലയങ്ങളാണ് നല്ല മനുഷ്യർ. പക്ഷെ, ബൈബിൾ ഇവരെ ചിലപ്പോഴെങ്കിലും പരിശുദ്ധാത്മാവിന്റെ ആലയങ്ങളെന്നു വിശേഷിപ്പിക്കുന്നതു കാണാം. സർവേശ്വരൻ സത്തയിൽ ഏകനാണ്. എങ്കിലും വ്യത്യസ്തമായ മൂന്നാളുകൾക്കൊള്ളുന്നൊരു മഹാരഹസ്യമാണ് മഹേശ്വരൻ. സത്തയിൽ ഏവരും സമന്മാരാണ്; ഒപ്പം അവിഭക്തരും. ഒരാളുള്ളിടത്ത് അവശ്യാവശ്യകമായി മറ്റു രണ്ടുപേരും ഉണ്ടായിരിക്കും നീതിമാന്മാരിൽ പരിശുദ്ധത്രീത്വം വസിക്കുന്നുണ്ട്. സമ്മതിച്ചു. എങ്കിൽ പിന്നെന്തേ ഈ അധിവാസം പലപ്പോഴും പരിശുദ്ധാത്മാവിൽ ആരോപിക്കുന്നു?

ദൈവശാസ്ത്രജ്ഞന്മാരുടെ തലപുകയ്ക്കുന്നൊരു പ്രശ്‌നമാണിത്. ഒരു പരിഹാരം ത്രീതത്തിലെ ഓരോ വ്യക്തിയിലും പ്രത്യേക കൃത്യങ്ങൾ ആരോപിക്കയാണ്. ഇതിന്റെ വെളിച്ചത്തിൽ, സർവശക്തനാണു പിതാവായ ദൈവത്തിന്റെ വിജ്ഞാനവും തത്‌സംബന്ധിയായ പ്രവൃത്തികളും പുത്രനിലാണ് ആരോപിക്കുക. പരാപരന്റെ പരിപാവനമായ വചനമാണല്ലോ അവിടുന്ന്. സ്‌നേഹവും വിശുദ്ധാകരണവുമാണു പവിത്രാത്മാവിന്റേത്. പിതൃപുത്രന്മാരുടെ സ്‌നേഹമായാണ് അവിടുന്നു പുറപ്പെടുക.
സ്‌നേഹാത്മാവിന്റെ ദൈവത്വത്തിന് ഒരു തെളിവും ഇതുതന്നെ, പഴയനിയമം പരിശുദ്ധാത്മാവിന്റെ ദൈവികമായ വ്യക്തിത്വം വ്യക്തമാക്കുന്നുവെന്നു പറഞ്ഞുകൂടാ. എന്നാലും പുതിയനിയമത്തിലുടനീളം ഈ സത്യം മുഴച്ചുനില്പുണ്ട്. സത്യാത്മാവിനെ സംബന്ധിച്ച ദിവ്യനാഥന്റെ എല്ലാ വാഗ്ദാനങ്ങളിലും ഇക്കാര്യം പ്രകടമാണ്. ആശ്വാസപ്രദൻ, വക്താവ്, മദ്ധ്യസ്ഥൻ തുടങ്ങിയ നാമങ്ങളെല്ലാം ഇവർക്കു വെളിച്ചം വീശുന്നുണ്ടല്ലോ. ‘പിതാവു മറ്റൊരാശ്വാസകനെ നിങ്ങൾക്കയച്ചു തരു’മെന്ന വാചകത്തിലെ ‘മറ്റൊരു’എന്ന പദം ക്രിസ്തുവിനു പകരം വരുന്ന ആത്മാവിനെ അവിടുത്തെപ്പോലെതന്നെ ഒരു ദൈവിക വ്യക്തിയാണെന്നല്ലേ സൂചിപ്പിക്കുക? ദൈവാത്മാവിന്റെ ദൈവമഹത്വം സുസ്പഷ്ടമാവുന്ന സുവിശേഷഭാഗമാണ്, നിങ്ങൾപോയി സകല ജാതികളേയും ശിഷ്യപ്പെടുത്തി, പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ അവരെ ജ്ഞാനസ്‌നാനപ്പെടുത്തുവിൻ (മത്താ. 28; 19) എന്നത്. നാമം എന്ന ഏകവചനമാണ് യേശുനാഥൻ ഇവിടെ പ്രയോഗിച്ചത്.

Share This Article
error: Content is protected !!