ഇരുപത്തേഴാമദ്ധ്യായം
പവിത്രാത്മാവിന്റെ പ്രസാദം അപ്പസ്തോലന്മാർക്കു മാത്രമല്ല ലഭിച്ചിരിക്കുക. ഓരോ ക്രൈസ്തവനും അതു കിട്ടുന്നുണ്ട്. ദാനങ്ങൾ നല്കി ദിവ്യാത്മാവു നമ്മെ പ്രസാദപൂരിതരാക്കുന്നു. ഏശയ്യായുടെ ശൈലിയിൽ, ജസ്സേയുടെ വേരിൽ നിന്നൊരു മുള ഉയർന്നുവരും. കർത്താവിന്റെ ചൈതന്യം അങ്ങിൽ ആവസിക്കും. ജ്ഞാനം, ബുദ്ധി, വിവേകം, ധൈര്യം, അറിവ്, ഭക്തി, സ്നേഹം ഇവയൊക്കെ കൈമുതലായുണ്ട്. കർത്താവിന്റെ തേജസ്സിന്
തന്റെ ആവാസ സ്ഥാനങ്ങളായ മനുഷ്യരുടെ എല്ലാ കഴിവുകളേയും പരിശുദ്ധാത്മാവു സ്വാധീനിക്കുന്നു. ഇതിൽ പ്രമുഖസ്ഥാനം ബുദ്ധിക്കാണ്. മാനവരെ മാലാഖമാരോടു സദൃശരാക്കി ഈശ്വരസാരൂപ്യത്തിലാക്കുക ബുദ്ധിമനങ്ങളെ സ്വാധീനിച്ചാണ്. ഷേക്സ്പിയറിന്റെ വാക്കുകളിൽ: “What a piece of work is man! how noble in reason! how infinite in faculty! inform and moving how express and admirable! in action how like an angel! in apprehension how like a god!. The beauty of the world, the paragon of animals.”മനുഷ്യബുദ്ധിയുടെ മഹത്വത്തെ മാനിച്ചായിരിക്കണം നാലു ദാനങ്ങൾ അതിനെ കേന്ദ്രീകരിച്ചിരിക്കുക.: ബോധജ്ഞാനം, ബുദ്ധി, അറിവ്, വിവേകം, മനസ്സിലുളവാകുന്നതാണു ഭക്തി, സ്നേഹം, ധൈര്യം ഇവ.
വസ്തുതകളെ ഈശ്വരാഭിമുഖമായി നോക്കിക്കാണുക. ദൈവികമായവയെ ശരിക്കു വിലയിരുത്തി മനസ്സിലാക്കുക. ഇതിനൊക്കെയാണു ബോധജ്ഞാനം നമ്മെ സഹായിക്കുന്നത്. വിപുലമായ മാനുഷിക ജ്ഞാനം സാകല്യേന ദൈവികമായവയിൽ ഐക്യപ്പെടുന്നു. ആത്മാനുഭൂതികളുടെ സഹായത്തോടെ സമുന്നതമായവയെ സംഗ്രഹിച്ചു വിലമതിക്കാൻ ജ്ഞാനം അങ്ങേയറ്റം സഹായിക്കുന്നു. ഈശ്വരചിന്തയിൽ നമ്മെ വളർത്തുമത്. ‘തന്നെ സ്നേഹിക്കുന്നവർക്കു തമ്പുരാൻ തയ്യാറാക്കിയിട്ടുള്ളവ, അശ്രുതാദൃഷ്ടപൂർവങ്ങളായവ’, നമുക്കു വെളിപ്പെടുന്നു. ദൈവാത്മാവ് അഖിലേശന്റെ അഗാധകാര്യങ്ങൾപോലും അറിയുന്നു. അവിടുന്ന് ആവിഷ്ക്കരിച്ചുകൊടുക്കുന്നവർക്കല്ലാതെ മറ്റാർക്കും ഈശ്വരകാര്യങ്ങളറിഞ്ഞുകൂടാ. നമുക്കു ദൈവികദാനങ്ങൾ ലഭിച്ചിരിക്കുന്നു. ഇതു മനസ്സിലാക്കാൻ അവിടുത്തെ ആത്മാവിനെ നമുക്കു നല്കിയിട്ടുണ്ട്.
മഹേശ്വരനേയും മനുഷ്യനേയും ഹൃദയംഗമമായി സ്നേഹിക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കന്നതു ജ്ഞാനമാണ്. മാത്രമല്ല, ജ്ഞാനേന നാം സ്നേഹിക്കുന്ന സർവേശന്റെ നയനങ്ങളിലൂടെ വ്യക്തികളേയും വസ്തുതകളേയും നോക്കികാണാൻ കെല്പുള്ളവരുമാകുന്നു നാം. ജ്ഞാനപ്രകാശം മനുഷ്യരെ സ്നേഹത്താൽ ജ്വലിപ്പിക്കുന്നു:
വിശ്വാസവിഷയങ്ങളെല്ലാം ജ്ഞാനമണ്ഡലത്തിൽ ഉൾപ്പെടുന്നു. യഥാർത്ഥത്തിൽ എല്ലാറ്റിന്റേയും നടുനായകത്വമാണ് ഇതു വഹിക്കുന്നു. ‘നാമെല്ലാവരും അനാച്ഛാദിതമുഖത്തോടെ ഒരു കണ്ണാടിയിലെന്നപോലെ പ്രപഞ്ചനാഥന്റെ മഹത്വം പ്രതിബിംബിച്ച അവിടുത്തെ പ്രതിരൂപങ്ങളായി മാറുന്നു’ (1 കൊറി 3:18)
വിശ്വാസസത്യങ്ങളെ സംബന്ധിച്ച് അവഗാഢമായ ഒരന്വേഷണം നടത്താൽ ഗ്രഹണശക്തിയെന്ന ദാനം നമ്മെ ഒരുക്കുന്നു. ആവിഷ്കൃതരഹസ്യങ്ങളുടേയും അതി സ്വാഭാവിക സത്യങ്ങളുടെയും അർത്ഥം കൂടുതൽ വ്യക്തമാവും ഇതുവഴി. എത്ര അഗാധമായി ഈ ദാനം നമ്മിൽ പ്രവർത്തിക്കുന്നുവോ അത്രയേറെ അവഗാഢമായൊരുൾക്കാഴ്ചയും നമുക്കു ലഭിക്കും. ദൈവരഹസ്യങ്ങളുടെ അജ്ഞാന സ്വഭാവത്തെ ഇതു കുറയ്ക്കുകയോ വിശ്വാസത്തിന്റെ ആവശ്യകതയെ ഏതെങ്കിലും വിധത്തിൽ ഇല്ലാതാക്കുകയോ ചെയ്യുന്നുവെന്ന് മേല്പറഞ്ഞവയിൽ നിന്ന് അനുമാനിച്ചുകൂടാ. ദിവ്യരഹസ്യങ്ങളുടെ അന്തരാർത്ഥത്തിലേയ്ക്കു ചുഴിഞ്ഞിറങ്ങാൻ അതു സഹായിക്കുമെന്നുമാത്രം. കൂടാതെ, ദൈവരഹസ്യങ്ങളുടെ ചൈതന്യവും മഹിമയും അവ തമ്മിലുള്ള പരസ്പരബന്ധവും നമുക്കു മനസ്സിലാക്കിത്തരാൻ സഹായകവുമാണത്.
പലയാവർത്തി വായിച്ചിട്ടുള്ള ഒരു വേദപുസ്തകവാക്യം. ആ അവസരങ്ങളിലൊന്നും പ്രത്യേകവിധം അതു നമ്മെ ആകർഷിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും വായിച്ചപ്പോൾ, അതിന്റെ അഗാധതയിലേക്കിറങ്ങി ചെല്ലാനുള്ളൊരാന്തരികവെളിച്ചം നമുക്കു ലഭിച്ചിരിക്കുന്നു. അതിന്റെ നിഗൂഢാർത്ഥങ്ങൾ വളരെ വ്യക്തമായി നമുക്കനുഭവപ്പെടുന്നു. അതു നമ്മുടെ സ്വഭാവാതീത ജീവിതത്തേയും പ്രവർത്തനങ്ങളേയും നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നു. ഇതിൽനിന്നെന്താണു നാം മനസ്സിലാക്കേണ്ടത്? ഗ്രഹണശക്തിയെന്ന പരിശുദ്ധാത്മാവിന്റെ ദാനം നമ്മിൽ പ്രവർത്തിച്ചു.
ദൈവത്തെ അധികമധികം അറിയുന്നതിനാനുപാതികമായി അവിടുത്തെ കൂടുതൽ കൂടുതൽ നാം സ്നേഹിക്കും. സ്നേഹത്തിലൂടെ അങ്ങുമായി ഐക്യപ്പെടുന്നു. അവിടുത്തോടൊട്ടിച്ചേർന്നു നില്ക്കുന്നു. നമ്മുടെ സ്നേഹിതരെ മനസ്സിലാക്കാനുള്ളൊരു പ്രത്യേക കഴിവു നമുക്കുണ്ട്. അവരുടെ ഏറ്റം രഹസ്യമായ വിചാരങ്ങൾപോലും മനസ്സിലാക്കാൻ അധികമൊന്നും ക്ലേശിക്കേണ്ടതില്ല. അതുപോലെ, ഒരുവൻ സ്നേഹത്തിലൂടെ ദൈവവുമായി ഐക്യപ്പെട്ടിരിക്കുമ്പോൾ, അവൻ ദൈവത്തെ നേരിട്ട് ഒരു മധുരാനുഭൂതിയിലൂടെ കാണുകയും അറിയുകയും ചെയ്യുന്നു.
നമ്മുടെ അതിസ്വാഭാവികാന്ത്യത്തെ സംബന്ധിച്ചു നമ്മെ ബോധവാന്മാരാക്കുന്നതു ഗ്രഹണശക്തിയാണ്. അവസാനം വരാനുള്ളതാണ് അന്ത്യമെങ്കിലും ബുദ്ധിജീവിയായ മനുഷ്യന്റെ ചിന്താസരണിയിൽ ആദ്യമുദിക്കുന്നത് അവന്റെ അന്ത്യം എന്തെന്ന ചോദ്യമാണ്. അന്ത്യത്തെപ്പറ്റി പൂർണ്ണമായൊരറിവുണ്ടായാൽ നമ്മുടെ മനസ്സ് ആ അന്ത്യത്തോടു ബന്ധിക്കപ്പെടും. ദൈവത്തെ പ്രാപിക്കുകയാണല്ലോ നമ്മുടെ അന്ത്യം. ഈ വസ്തുത ശരിക്കു മനസ്സിലാക്കിക്കഴിഞ്ഞാൽ അങ്ങിൽ നിന്നു നമ്മെ അകറ്റുന്ന യാതൊന്നും ചെയ്യാൻ മനസ്സ് സമ്മതം മൂളുകയില്ല.
അപ്പവും വീഞ്ഞുമാകുന്ന ആഗന്തുകങ്ങളിൽ മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ കണ്ടുപിടിക്കുക. പ്രയാസമുള്ള വാക്കുകളുടെ ആന്തരാർത്ഥം അറിയുക. പ്രതിരൂപങ്ങളിലും ഉപമകളിലുമായി മറഞ്ഞുകിടക്കുന്ന യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കുക. ദൃശ്യമായവയിലൊളിഞ്ഞുകിടക്കുന്ന അദൃശ്യവും ദൈവികവുമായവയെ ഗ്രഹിക്കുക. കാരണങ്ങളിലടങ്ങിയിരിക്കുന്ന കാര്യങ്ങളെ വിവേചിച്ചറിയുക. ഐഹിക ജീവിതത്തിൽതന്നെ നിത്യതയിലെ രഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുക. മനുഷ്യ മക്കളായ നമ്മുടെ മഹത്വവും നിസ്സാരരായ സൃഷ്ടികളെന്ന നിസ്സഹായതയും തമ്മിലുള്ള വിരോധാഭാസം കാണുക. ഇതിനൊക്കെ നമ്മെ സഹായിക്കുന്നതു ഗ്രഹണശക്തിയാണ്.
എല്ലാ സൃഷ്ടവസ്തുക്കളെയും സ്വഭാവാതീതമായ രീതിയിൽ വീക്ഷിക്കാൻ അറിവു നമ്മെ സഹായിക്കുന്നു. ബാഹ്യലോകത്തിലും നമ്മിൽതന്നെയും ഉള്ളവയെ വിവിധ തരത്തിൽ നമുക്കു വീക്ഷിക്കാവുന്നതാണ്. ഒരു വിശ്വാസിയും ഒരവിശ്വാസിയും ഈ സൃഷ്ടലോകത്തെ കാണുന്നതിൽ വളരെ വ്യത്യാസമുണ്ട്. അവിശ്വാസി, അവന്റെ വിജ്ഞാനം എത്ര വിശാലവും അഗാധവുമായിരുന്നാൽ തന്നെയും, സൃഷ്ടിയെ കാണുക കേവലം സ്വഭാവികരീതിയിൽ മാത്രമാണ്. മറിച്ച്, ദൈവമക്കൾ സൃഷ്ടിസാകല്യത്തെ സമീക്ഷിക്കുന്നത് തികച്ചും സ്വഭാവാതീതമായ വിധത്തിലായിരിക്കും. അയാളെ സംബന്ധിച്ചിടത്തോളം സൃഷ്ടി സ്രഷ്ടാവിന്റെ അനശ്വരമായ പരിപൂർണ്ണതയുടെ ഒരു പ്രതിഫലനമാണ്. നാമുൾക്കൊള്ളുന്ന വിശ്വയാഥാർത്ഥ്യത്തെ, ദൈവത്തിന്റെ കണ്ണുകൊണ്ട് കാണാൻ ഈ ദാനം നമ്മെ പ്രാപ്തരാക്കുന്നു. നമ്മുടെ പ്രകൃത്യതീതമായ അന്ത്യവും അതു പ്രാപിക്കേണ്ട മാർഗ്ഗവും നമുക്കു സ്പഷ്ടമാവുന്നു. സുരക്ഷിതമായ ഉദർശനമാണിതിനുള്ള നിദാനം.
ഈ ദാനത്തിൽ നാം പരിപൂർണ്ണരാകുന്നതനുസരിച്ചു നമ്മുടെ അനാസക്തിയും ഏറിവരുന്നു. സൃഷ്ടികളുടെ ദാസ്യത്തിലമർന്ന മനുഷ്യൻ, ഈശ്വരസുതരുടെ പരിശുദ്ധ സ്വാതന്ത്ര്യം കണ്ടെത്തുന്നു. അവരുടെ ലോകസമീക്ഷ സ്വർഗ്ഗീയമാവും. ദുഃഖസങ്കടാദികൾ ക്രിസ്തുശിഷ്യരുടെ ജന്മാവകാശമായി അവർ മനസ്സിലാക്കും. സഹിക്കുമ്പോഴാണു നാം ക്രിസ്തുവിനോടനുരൂപരാവുക.
വളരെ സങ്കീർണ്ണവും സങ്കടസങ്കുലവുമായ ഒന്നാണല്ലോ മനുഷ്യജീവിതം. പരിപൂർണ്ണതപ്രാപിക്കാനുള്ള മാർഗ്ഗങ്ങൾ പലപ്പോഴും വേദനാജനകങ്ങളാണ്. വൈരുദ്ധ്യങ്ങളുടേയും വിഷമതകളുടേയും ഒരു വേലിയേറ്റംതന്നെ നമുക്കനുഭവപ്പെട്ടേക്കാം. എന്തുചെയ്യണമെന്നതാണ് ഈശ്വരേച്ഛയെന്നു നമുക്കുതന്നെ നിശ്ചയമില്ല. അപ്പോൾ ഹൃദയം തുറന്നു പ്രാർത്ഥിച്ചു ചോദിക്കുക: ‘കർത്താവേ, ഞാനെന്തു ചെയ്യണമെന്നാണ് അങ്ങാഗ്രഹിക്കുന്നത്’. നമ്മുടെ ഈ പ്രാർത്ഥനയ്ക്കു പരിശുദ്ധത്മാവു നല്കുന്ന മറുപടിയാണു വിവേകം.
നമ്മുടെ വിഷമാവസ്ഥയിൽ സകലേശൻ തന്നെ നമ്മുടെ സഹായത്തിനു വരുന്നു. അവിടുന്നു നമ്മെ സർവ്വവിധ സാഹസകൃത്യങ്ങളിൽനിന്നും ചാപല്യങ്ങളിൽ നിന്നും സർവ്വോപരി ധാർഷ്ഠ്യത്തിൽ നിന്നും കാത്തുസൂക്ഷിക്കുന്നു. ‘ഉത്തമവും പൂർണ്ണവുമായ ദാനങ്ങളെല്ലാം ഉന്നത നിയമപ്രകാശത്തിന്റെ പിതാവിൽനിന്നാണു വരുക'(യാക്കോ 1;17). ഈ വസ്തുത ഗ്രഹിക്കാത്തവരാണ്, സ്വന്തം വ്യക്തിത്വത്തെമാത്രം ആരാധിക്കുന്നത്. അത്തരക്കാർ പ്രാർത്ഥനയിലൂടെ സർവേശ്വനുമായി സംവാദം നടത്തുകയില്ല. പരമപ്രകാശമായ പരംപൊരുൾ തങ്ങളുടെ പിതാവാണെന്ന സത്യം സ്മരിക്കില്ലവർ. ദിവ്യരക്ഷകനിൽനിന്നു തന്നെ ഇവർ പഠിക്കട്ടെ. അവിടുന്നു പറയുകയാണ്: ‘പിതാവു ചെയ്യുന്നതല്ലാതെ പുത്രൻ സ്വയമെ യാതൊന്നും ചെയ്യുന്നില്ല’ (യോഹ 5:14) ‘പിതാവു സ്വന്തം പ്രവൃത്തികളുടെ ഒരു മാതൃക തന്നിൽ കാണുന്നതായി അവിടുന്നു കണ്ടു’. വിവേകത്തിന്റെ ആത്മാവാണ് ക്രിസ്തുവിനു പിതാവിന്റെ ഇംഗിതങ്ങൾ വെളിപ്പെടുത്തിക്കൊടുത്തിരുന്നത്. താൻ ചെയ്തതെല്ലാം സ്വപിതാവിനു പ്രീതികരമായി തോന്നിയതിന്റെ രഹസ്യവും ഇതുതന്നെ. വിവേകത്തിന്റെ സഹായത്തോടെ എല്ലാക്കാര്യങ്ങളെക്കുറിച്ചും അതിസ്വാഭാവികസത്യങ്ങളുടെ വെളിച്ചത്തിൽ വിധിപറയാൻ ഈശ്വരസുതർക്കു കഴിയും. ചുരുക്കം ചില സന്ദർഭങ്ങളിൽ ഏതേതു മാർഗ്ഗത്തിലൂടെ ചരിക്കണമെന്ന് സ്വഭാവിക വിവേചനം നമുക്കു ചൂണ്ടിക്കാട്ടിയെന്നു വരാം, എന്നാൽ ഉന്നതജീവിത സിദ്ധാന്തങ്ങൾ സത്യാത്മാവിന്റെ സഹായത്തോടെ മാത്രമേ സ്വീകരിക്കാനാവൂ നമുക്ക്.
പരസ്പരപൂരകങ്ങളായ ദാനങ്ങളാണ് ഭക്തിയും ദൈവഭക്തിയും. ഉത്കൃഷ്ടാനുഷ്ടാനങ്ങളിലൊന്നാണു ഭക്തി. കാരണം, മഹോന്നതനോടും മനുഷ്യരോടുമുള്ള ബന്ധത്തിൽ വച്ചു പുലർത്തേണ്ട വീക്ഷണഗതിയെ അതു പ്രത്യക്ഷത്തിൽത്തന്നെ നിയന്ത്രിക്കുന്നു. നിസ്തുല പ്രതാപവാനായ നിഖിലേശനു നല്കുന്ന ആരാധനയുടെയും അർച്ചനയുടെയും ബഹുമാനത്തിന്റേയും സമഞ്ജസ സമ്മേളനമാണു ഭക്തി. നമ്മുടെ സ്വർഗ്ഗീയപിതാവിനോടുള്ള സ്നേഹം, അതിലുള്ള വിശ്വാസം, അവിടുത്തെ തിരുമുമ്പിൽ നാം കാണിക്കുന്ന ആർദ്രത, പരിപൂർണ്ണമായ ത്യാഗം, അങ്ങിൽ നാമനുഭവിക്കുന്ന പരിപാവനമായ സ്വാതന്ത്ര്യം തുടങ്ങിയ അനുഭൂതികളുടെ പ്രകാശനമത്രെ നാമിവിടെ ദർശിക്കുക. ഈ പ്രവണതകൾ പരസ്പരം നിരാകരിക്കുന്നില്ലെന്നു മാത്രമല്ല അവയെല്ലാം പൂർണ്ണയോജിപ്പിൽ കഴിയുകയും ചെയ്യുന്നു. ഇവ ഏതളവിൽ സമ്മേളിക്കണമെന്നു നമുക്കു വ്യക്തമാക്കിത്തരുന്നതു പരിശുദ്ധാത്മാവാണ്. സ്നേഹം നീതിയേയോ, നീതി സ്നേഹത്തെയോ, നിരാകരിക്കുന്നില്ല. മറ്റൊരു ഫലംകൂടെ ഭക്തിയെന്ന ദാനം പുറപ്പെടുവിക്കുന്നുണ്ട്. സംശയബുദ്ധികൾക്ക് അത് ആത്മധൈര്യം നല്കുന്നു. പാവനാത്മാവു സത്യത്തിന്റെ ആത്മാവാണ്. സെന്റ് പോൾ പറയുംപോലെ നാമെന്താണു പ്രാർത്ഥിക്കേണ്ടതെന്നു നമുക്കുതന്നെ അറിഞ്ഞുകൂടെങ്കിൽ നമ്മിലുള്ള പരിശുദ്ധാത്മാവു നമ്മെ സഹായിക്കും. നമ്മുടെ വിലാപം ദൈവം കേൾക്കത്തക്കവിധം അവാച്യമായ രീതിയിൽ പ്രാർത്ഥിക്കുവാൻ അവിടുന്നു നമ്മെ സഹായിക്കുന്നു.
സ്വഭാവികതലത്തിലും പുണ്യങ്ങളുടെ മണ്ഡലത്തിലും മാതാപിതാക്കളോടാണു നാം ഭക്തി പ്രകടിപ്പിക്കേണ്ടത്. ഇതിന്റെ മറ്റൊരു വശമാണ് ബന്ധുക്കളോടുള്ള കടമ നിർവ്വഹിക്കുക എന്നത്. ദൈവത്തിന്റെ പിതൃത്വവും സകല മനുഷ്യരുടേയും സാഹോദര്യവും സമാദരിച്ചംഗീകരിക്കുന്നതിനും ഭക്തി നമ്മെ പ്രേരിപ്പിക്കുന്നു. ദൈവം നമ്മുടെ പിതാവെങ്കിൽ മനുഷ്യർ നമ്മുടെ സഹോദരരാണ്. സകലരും സർവ്വേശ്വരന്റെ അരുമ മക്കളാണല്ലോ. മഹേശന്റെ മഹത്വത്തിലേയ്ക്കു നമ്മെ ഹഠാദകർഷിക്കുന്ന ഭക്തിയെന്ന ദാനം ഈശ്വരമഹിമാവിൽ പങ്കുചേരുന്ന മറ്റു മനുഷ്യരുടെ മാഹാത്മ്യം അംഗീകരിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കുന്നു. പ്രേരിപ്പിക്കണം.
ദൈവത്തിന്റെ വിശ്വാസമർപ്പിച്ചുകൊണ്ട് അവിടുത്തേയ്ക്കു നമ്മെ മുഴുവനായി സമർപ്പിക്കാൻ സഹായിക്കുന്നതിനു പുറമെ ഭക്തിയെന്ന ദാനം മറ്റുള്ളവരുടെ സഹായത്തിനായി നമ്മെത്തന്നെ സമർപ്പിക്കാനും പ്രേരിപ്പിക്കുന്നു. ഈ ദാനത്തിന്റെ അന്തിമാവസ്ഥയിൽ ഒരുവൻ തന്നെത്തന്നെ മുഴുവനായി മറ്റുള്ളവർക്കുവേണ്ടി സമർപ്പിക്കും. ‘ഞാൻ അതീവ സന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവു ചെയ്യുകയും എന്നെത്തന്നെ സമർപ്പിക്കുകയും ചെയ്യും'(2 കൊറി. 12,15) എന്നാണല്ലോ പോൾ പറഞ്ഞിരിക്കുന്നത്.
ദൈവഹിതം എന്തെന്നറിഞ്ഞതുകൊണ്ടുമാത്രം സംഗതിയായില്ല. ദൈവം നമ്മിൽനിന്നാവശ്യപ്പെടുന്നവ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻവേണ്ട ശക്തികൂടി നമുക്കു ലഭിക്കണം. ആദ്ധ്യാത്മിക ജീവിതത്തിൽ പലേ പ്രയാസങ്ങളും അപകടങ്ങൾതന്നെയും നമുക്കഭിമുഖീകരിക്കേണ്ടിവരും. ഈ അവസരങ്ങളിൽ പരി.ആത്മാവ് മനഃസ്ഥൈര്യം എന്ന ദാനം തന്നു നമ്മെ സംരക്ഷിക്കുന്നു. ‘എന്നെ ശക്തിപ്പെടുത്തുന്നവനിൽ എനിക്ക് എല്ലാം ചെയ്യാൻ കഴിയും’ (ഫിലി.4:13).
ഭീരുക്കളായ ആളുകൾ ആന്തരികജീവിതത്തിലനുഭവപ്പെടുന്ന പ്രലോഭനങ്ങളെ ഭയപ്പെടുന്നു. വാസ്തവത്തിൽ ഈ പ്രലോഭനങ്ങൾ അവയിൽത്തന്നെ വികലങ്ങളല്ല. വൻകാര്യങ്ങൾക്കായി ദൈവം നമ്മെ സംരക്ഷിക്കുന്നതിന്റെ മുന്നോടിയാവാം അവ. നാം ഒട്ടും ഭയപ്പെട്ടിട്ടു കാര്യമില്ല. മനഃസ്ഥൈര്യത്തിന്റെ ആത്മാവു നമ്മോടൊപ്പം ഉണ്ടല്ലോ. പന്തക്കുസ്താദിനത്തിൽ അപ്പസ്തോലന്മാർക്കെന്നതുപോലെ നമുക്കും ഉന്നതങ്ങളിൽ നിന്നു ശക്തി ലഭിച്ചിരിക്കുന്നു. ദൈവഹിതം സസന്തോഷം നിറവേറ്റാനും അപ്പസ്തോലന്മാരെപ്പോലെ, മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കാനുമുള്ള ശക്തി നമുക്കുണ്ട്. അവിടുത്തോടു നാം അടുക്കുമ്പോൾ പലതും നമുക്കപേക്ഷിക്കേണ്ടിവരും. ഇതു സന്തോഷപൂർവ്വം സഹിക്കാനുള്ള ശക്തി പകരുന്നതു ധൈര്യംതന്നെ. ദൈവജനത്തെ സ്വതന്ത്രരാക്കുകയെന്ന കർത്തവ്യനിർവ്വഹണത്തിൽനിന്നു ഭയന്നൊഴിഞ്ഞുമാറാൻ ശ്രമിച്ച മോസസിനോടു പറഞ്ഞ വാക്കുകൾതന്നെയാണു പാവാനാത്മാവു മനഃസ്ഥൈര്യംകൊണ്ടു നിരയ്ക്കുന്നവരോടും പറയുക: ‘യാതൊന്നും ഭയപ്പെടേണ്ട, ഞാൻ നിന്നോടൊപ്പമുണ്ട്’ (പുറ 3:12). രക്തസാക്ഷികളെയും ബ്രഹ്മചാരികളെയും ബലപ്പെടുത്തുന്നതും ഈ ശക്തിതന്നെ. അവരുടെ ധൈര്യത്തിൽ ലോകം അത്ഭുതപ്പെടുന്നത് ആ ധൈര്യമെല്ലാം അവർക്കു സ്വായത്തമാണെന്ന ധാരണകൊണ്ടാണ്. യഥാർത്ഥത്തിൽ ഈ ധൈര്യമെല്ലാം ദൈവദത്തമാണ്.
സങ്കടത്തിൽ സന്തോഷം കണ്ടെത്തണം. ഇതിനു ധൈര്യം നമ്മെ സഹായിക്കുന്നു. വേദനയുടെ താഴ്വരയിൽ എങ്ങനെ ആനന്ദവായ്പുണ്ടാകുമെന്നു മനസ്സിലാക്കുക തീർത്തും വിഷമമാണ്. പക്ഷെ, ഇതു സാധിക്കുമെന്നതാണു സത്യം. ജീവിതത്തിലെ ചില ദുർബല നിമിഷങ്ങളിലെങ്കിലും ഓരോ ക്രൈസ്തവനും പരിശുദ്ധാത്മാവിന്റെ പ്രേരണയുടെ ആവശ്യം മനസ്സിലാകും. ശരിയായ ഒരാന്തരികജീവിതം നയിക്കുന്നതിനു സ്ഥൈര്യത്തിന്റെ ആത്മാവു നമ്മെ സഹായിക്കണം. തന്നോടു സഹകരിച്ചു പ്രവർത്തിക്കുന്ന നല്ല ഉപകരണങ്ങളായി നാം വർത്തിച്ചാൽ പരിശുദ്ധാത്മാവു തന്റെ പങ്കുവഹിച്ചുകൊള്ളും തീർച്ച. ശരിയായ ആന്തരികമനുഷ്യന്റെ ഛായ അവിടുന്നുതന്നെ നമ്മിൽ വരച്ചുകൊള്ളും.
മഹത്തമസ്നേഹം നമ്മിലുത്പാദിപ്പിക്കുന്നതിനോ വളർത്തിയെടുക്കുന്നതിനോ നാം തീർത്തും അശക്തരാണ്. സ്വാഭാവികമായും നാം സ്വാർത്ഥമതികളത്രെ. ക്രിസ്തു തന്റെ ആത്മാവിനെ അയച്ചു സ്നേഹത്തിൽ നമ്മെ ജനിപ്പിക്കുന്നു (റോമ.5:15). സ്നേഹത്തിന്റേതായ സമ്പൂർണ്ണ സ്വാതന്ത്ര്യത്തോടെ ദൈവത്തെ സമീപിക്കാനും ആബാ, പിതാവേ എന്ന് അവിടുത്തെ അഭിസംബോധനചെയ്യാനും ഈ അരൂപി നമ്മെ പ്രാപ്തരാക്കുന്നു. ദൈവാത്മാവിനെ സ്നേഹത്തിന്റെ ആത്മാവെന്നു സഭ തന്റെ ആരാധനക്രമത്തിൽ പ്രകീർത്തിക്കുന്നുണ്ട്.
പരിശുദ്ധാത്മാവ് അഗ്നിയുടെ രൂപത്തിലാണ് ശ്ലീഹന്മാരുടെമേൽ ഇറങ്ങിവന്നത്. ഈ പ്രത്യേകരൂപം സ്വീകരിക്കാൻ അവിടുന്നു പ്രേരിതനായത് ഒരുപക്ഷെ, ആ പ്രതീകത്തിന്റേതായൊരു സന്ദേശംകൂടി നമുക്കു നല്കുന്നതിനുവേണ്ടിയാവാം. കത്തിയെരിഞ്ഞു സ്വയം ഇല്ലാതാവുക, അതുവഴിമറ്റുള്ളവർക്കു പ്രകാശവും ചൂടും പകർന്നുകൊടുക്കുക. ഇവയാണല്ലോ അഗ്നിയുടെ പ്രത്യേകത. ഇതിൽ നിന്നൊട്ടും വിഭിന്നമല്ല സ്നേഹത്തിന്റേയും സ്വഭാവം. സ്വാർത്ഥലാഭമോ സ്വന്തം നന്മയോ അല്പവും അന്വേഷിക്കാതെ സ്നേഹഭാജനത്തിനുവേണ്ടി എന്തും ത്യജിക്കാൻ, ജീവൻപോലും അർപ്പിക്കാൻ കരുത്തുറ്റതാണു യഥാർത്ഥസ്നേഹം. ‘ഞാൻ കുറയുകയും അവൻ വളരുകയും വേണം’ എന്നതാണു ബൈബിളിൽ മുഴങ്ങുന്ന സ്നേഹത്തിന്റെ അത്യുദാത്തമായ മുദ്രാവാക്യം. ഇത്ര ഉന്നതമായ സ്നേഹത്തിലേയ്ക്കു നമ്മെ നയിക്കാൻ അഗ്നിമയനായ ദൈവാരൂപിക്കുമാത്രമേ കഴിയൂ. കാരണം, പിതാവിന്റെയും പുത്രന്റെയും പരസ്പരസ്നേഹത്തിന്റെ അവതാരമാണ് അവിടുന്ന്.
ദൈവാത്മാവു നമ്മിൽ വസിക്കുന്നതിന്റെ ഫലമായി നമ്മിൽ സംജാതമാകുന്ന പന്ത്രണ്ടു സുകൃതങ്ങൾ വി.അപ്പസ്തോലൻ എണ്ണിപ്പറയുന്നുണ്ട്: ‘ആത്മാവിന്റെ ഫലം സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, കാരുണ്യം, നന്മ, ദീർഘശാന്തത, ആർദ്രതം, വിശ്വസ്തത, വിനയം, സംയമനം, ശുദ്ധത ഇവയാണ് ‘ (ഗാല 5:2223). ആത്മാവിന്റെ ‘ഫലം’ എന്ന ഏകവചനമാണ് അപ്പസ്തോലൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പ്രസ്തുത സുകൃതങ്ങളുടെ പട്ടികയുടെ തലപ്പത്തു പ്രത്യക്ഷപ്പെടുന്ന സ്നേഹമാണ് ഈ ‘ഫലം’. പിന്നീടു വരുന്നവയെല്ലാം സ്നേഹത്തിന്റെ വിവിധ തരത്തിലുള്ള പ്രകാശനമോ സ്നേഹത്തിൽനിന്ന് അവശ്യം നിർഗ്ഗളിക്കുന്ന മറ്റു പുണ്യങ്ങളോ ആണെന്നു കാണാൻ പ്രയാസമില്ല.
പരിശുദ്ധാത്മാവിന്റെ സഹായത്താൽ നയിക്കപ്പെടുന്ന യഥാർത്ഥ ക്രിസ്തീയജീവിതം സുവിശേഷസൗഭാഗ്യത്തിന്റെ ചൈതന്യത്തിനനുസൃതമായിരിക്കുമെന്നതിൽ രണ്ടുപക്ഷമില്ല. കാരണം, സുവിശേഷ സൗഭാഗ്യങ്ങൾ ദൈവാത്മാവുമായി അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. തികച്ചും ക്രിസ്തീയമായൊരു വീക്ഷണം, അഥവാ ക്രിസ്ത്യൻ ഫിലോസഫി കൈമുതലായുള്ളവർക്കു മാത്രമേ സുവിശേഷ സൗഭാഗ്യങ്ങളുടെ യഥാർത്ഥ ചൈതന്യത്തിൽ തങ്ങളുടെ ജീവിതം പടുത്തുയർത്താനാവൂ. ഇതിനെക്കുറിച്ചു കൗൺസിലിന്റെ പഠനം ആധികാരികവും സുവ്യക്തവുമാണ്. ‘നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാരൂപി നമ്മുടെ ഹൃദയത്തിലേയ്ക്കു ദൈവസ്നേഹം പകർന്നു തരുന്നു'(റോമ. 5:5) ഈ സ്നേഹം സുവിശേഷ സൗഭാഗ്യങ്ങളുടെ യഥാർത്ഥചൈതന്യം ജീവിതത്തിൽ പ്രകാശിപ്പിക്കാൻ ക്രൈസ്തവരെ ശക്തരാക്കുന്നു. ഭൗതിക വസ്തുക്കളുടെ കുറവ് അവരെ നഷ്ടധൈര്യരാക്കുന്നില്ല. അവയുടെ സമൃദ്ധിയിൽ അവർ അഹങ്കരിക്കുന്നുമില്ല; ദരിദ്രനായ ക്രിസ്തുവിനെ അവർ അനുഗമിക്കുന്നു. ശൂന്യമായ ലൗകികപ്രതാപങ്ങളെ അവർ മോഹിക്കുന്നില്ല; കാരണം, വിനീതനായ ക്രിസ്തുവിനെ അവർ അനുകരിക്കുന്നു(ഗാലാ.5:26). മനുഷ്യരെയല്ല, ദൈവത്തെ പ്രസാദിപ്പിക്കാനാണവർ യത്നിക്കുക. ക്രിസ്തുവിനുവേണ്ടി എല്ലാം പരിത്യജിക്കാൻ അവർ സദാ സന്നദ്ധരാണ്(ലൂക്കാ 14:26). നീതിക്കുവേണ്ടി പീഡിതരാകാൻ അവർ തയ്യാറാണ്(മത്താ.5:10). ‘ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ(മത്താ.16:54) എന്ന ക്രിസ്തുവിന്റെ വാക്കുകൾ അവരുടെ സ്മൃതിപഥത്തിലുണ്ട്. ക്രിസ്തീയ പരസ്നേഹം അന്യോന്യം കൈവളർത്തിക്കൊണ്ട് അവർ എല്ലാ ആവശ്യങ്ങളിലും പരസ്പരം സഹായിക്കുന്നു'(അഅ ശശ 4).