ഇരുപത്താറാമദ്ധ്യായം
പന്തക്കുസ്താ തിരുനാളിന് ഇനി പത്തുദിവസമേ ഉള്ളൂ. ക്രിസ്തു ശിഷ്യരെല്ലാം മാളികമുകളിൽ സമ്മേളിച്ചിരിക്കയാണ്. ഉത്ഥാനാനന്തരം രണ്ടു പ്രാവശ്യം ഈശോ അവർക്കു പ്രത്യക്ഷനായ രംഗങ്ങൾ അന്യത്ര നാം കണ്ടു. അവിടുത്തെ പിന്നിൽ കുരിശു പൊന്നൊളിവീശുന്നുണ്ടെന്നും അവർക്കു യാതൊന്നും ഭയപ്പെടേണ്ടതില്ലെന്നും മനസ്സിലാക്കുക സന്തോഷസംദായകമാണവർക്ക്. ക്രിസ്തുവിന്റെ വ്യക്തിപ്രഭാവം കുറെയൊന്നു ഗ്രഹിച്ചവർ. അവിടുന്നു ദൈവമാണ്. ഒപ്പം മനുഷ്യനും. ആ ദൈവമനുഷ്യന്റെ ദൗത്യവാഹകരും സജീവസാക്ഷികളുമാണവർ. ഈ ജോലിയിൽ അവർ തനിച്ചായിരിക്കില്ല. ‘കണ്ടാലും, ഞാൻ ലോകാവസാനംവരെ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും’-നാഥന്റെ ഈ വാഗ്ദാനമാണ് അവരെ ഏറ്റമധികം ആനന്ദിപ്പിച്ചത്. തന്റെ ആത്മാവിലൂടെയായിരിക്കും. ക്രിസ്തു ലോകാവസാനത്തോളം മനുഷ്യമക്കളുടെയിടയിൽ വസിക്കുക. ‘എന്റെ പിതാവു വാഗ്ദാനം ചെയ്തവനെ നിങ്ങളിലേയ്ക്കു ഞാനയയ്ക്കും'(ലൂക്കാ 24:49). ഉന്നതത്തിൽനിന്നു ശക്തി ലഭിക്കുവോളം നഗരത്തിൽതന്നെ വസിക്കണമെന്നും നിർദ്ദേശിച്ചിട്ടാണു കർത്താവു സ്വർഗ്ഗാരോഹണെ ചെയ്തത്.
പവിത്രാത്മാവിൽ നിന്നു സ്‌നാനം സ്വീകരിക്കുമ്പോൾ അവർ ശക്തി പ്രാപിക്കും. ജറുസലേം, യൂദയാ, സമറിയാ എന്നുവേണ്ട ഭൂമിയുടെ അതിർത്തികൾവരേയും അവർ ക്രിസ്തുവിനു സാക്ഷികളാവും(നട.1:48). പിതാവിനെ ലോകത്തിനു ആവിഷ്‌കരിച്ചതു സുതനാണല്ലോ. സ്‌നേഹാത്മാവിനെ വെളിപ്പെടുത്തുന്നതും അവിടുന്നുതന്നെ. ‘ഞാൻ എന്റെ പിതാവിനോടു ചോദിക്കും. നിങ്ങളോടൊപ്പം എന്നും ജീവിക്കുന്നതിനു വേറൊരു പാറേക്ക്‌ലേത്തായെ അവിടുന്നു നിങ്ങൾക്കു തരും'(യോഹ. 14:16).
സത്യാത്മാവ് സുതനു സാക്ഷ്യം വഹിക്കുന്നതിനു പുറമേ, പാപം, നീതി, ന്യായവിധി ഇവയെസ്സംബന്ധിച്ചു ലോകത്തെ മനസ്സിലാക്കും. സകല സത്യങ്ങളിലും അവിടുന്നു നമ്മെ നയിക്കുകയും ചെയ്യും. പക്ഷേ, സ്വയമായി ഒന്നും പറയില്ല. പ്രത്യുത, പിതാവിൽനിന്നു കേൾക്കുന്നവമാത്രം അറിയിക്കും. ക്രിസ്തുവിനുള്ളവയിൽ നിന്നെടുത്താണു പവിത്രാത്മാവു തരുക. അതിനാൽ ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയാണു യഥാർത്ഥത്തിൽ അവിടുന്നു ചെയ്യുക. പിതാവിനുള്ളതെല്ലാം പുത്രന്റേതാണ്. ‘എനിക്കുള്ളതിൽ നിന്നെടുത്തു പാവനാത്മാവു നിങ്ങൾക്കു സമ്മാനം നല്കും’ എന്നു ക്രിസ്തു പറഞ്ഞതിന്റെ പൊരുൾ ഇതാണ് (യോഹ. 16:715)
ആ സുമോഹനസുദിനം വന്നണഞ്ഞു. പന്തക്കുസ്താ! സമ്മോഹനമായൊരു സുപ്രഭാതം. ആകാശവിരിപ്പിലൊരു കാർമേഘകണംപോലും കാണാനില്ല. എന്തോ ഒരു മഹത്കാര്യത്തിനു പ്രകൃതീദേവി സാക്ഷിയാവാൻ പോവുംപോലെ. മറ്റു തിരുനാളുകളെ അപേക്ഷിച്ചു വളരെ കൂടുതലാളുകൾ പന്തകുസ്താതിരുന്നാളിൽ സംബന്ധിക്കാൻ വന്നിട്ടുണ്ട്. ഇത് എല്ലാവർഷവും പതിവുള്ളതാണ്. ക്രിസ്തുവിന്റെ ശിഷ്യർ ആ മഹാ പുരുഷാരത്തോടു ചേർന്നിട്ടില്ല. അവർ മാളിക മുകളിൽ തപസ്സിലും പ്രാർത്ഥനയിലും കഴിയുകയാണ്. ആദിമ സഭ! മറിയമാണതിന്റെ ഹൃദയം. പീറ്റർ അതിന്റെ അധിനാഥനും.
തികച്ചും അപ്രതീക്ഷിതവും സത്വരവുമായിരുന്നു ആ അസാധാരണ സ്വരം. എന്ത് കൊടുങ്കാറ്റോ? ചെവി പൊട്ടുമാറൊരു മുഴക്കമായിരുന്നത്. അത്ഭുതാശങ്കകളോടെ ഏവരും പരസ്പരം നോക്കുകയാണ്. തീനാവുകളുടെ അത്ഭുതദീപ്തി ശിഷ്യരിലോരോരുത്തരുടെമേലും പതിയുന്നു! സർവ്വോപരി വിസ്മയാവഹമായ മറ്റൊരു സംഗതി അവർക്കനുഭവപ്പെട്ടു. അവരുടെ ഹൃദയങ്ങളിൽ സ്വർഗ്ഗീയാനന്ദം തിരതല്ലി. ശാന്തിയും ശക്തിയുമരുളുന്ന ആന്തരികാനന്ദം. നാഥന്റെ സഹവാസത്തിലവർ അനുഭവിച്ചിരുന്ന ആ പരമാനന്ദം. ഈശ്വരപ്രേമത്താൽ പ്രോജ്ജ്വലിക്കുന്നവർക്കുമാത്രമേ ആവിധമൊരാനന്ദാനുഭൂതി ലഭ്യമാകൂ.
ഇനി മാളികയിൽ ഒളിച്ചിരിക്കേണ്ടവരല്ലവർ. ലോകത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ അത്യുന്നത സുതനു സാക്ഷ്യം വഹിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു. പാഞ്ഞു, അവർ, പുരുഷാരത്തിലേയ്ക്ക്. പരംപൊരുളിനെ പാടി പുകഴ്ത്തുകയാണവർ. ചുറ്റുമുണ്ടായിരുന്ന ജനക്കൂട്ടം മൗനമവലംബിച്ച് അവരെ ശ്രദ്ധിച്ചു തുടങ്ങി. പല ദേശങ്ങളിൽ നിന്നും വന്നവരായിരുന്നല്ലോ അവർ. എന്നാൽ അവരോരോരുത്തരും താന്താങ്ങളുടെ ഭാഷയിൽ ക്രിസ്തുശിഷ്യന്മാർ മഹേശ്വരനെ മഹത്ത്വപ്പെടുത്തുന്നതുകേട്ടു! ജനമെല്ലാം ആശ്ചര്യഭരിതരായി. അൾക്കൂട്ടത്തിലെ പരിഹാസ രസികർ പറഞ്ഞു: ‘നിങ്ങൾ അറിയുന്നില്ലേ? ഇവർ പുതുവീഞ്ഞു കുടിച്ചു മത്തുപിടിച്ചിരിക്കയാണ്.’
ഈ റിമാർക്ക് കേട്ട മാത്രയിൽ പീറ്ററിനു പ്രത്യേകമൊരുണർവുണ്ടായി. ആ മുക്കുവ സമൂഹത്തിനു പ്രവർത്തനനിരരുമാകാനുള്ള സമയം സമാഗതമായി. ക്രിസ്തുവിന്റെ സാർവ്വത്രിക സുവിശേഷം പ്രസംഗിക്കേണ്ട പ്രഥമ വിനാഴിക. അദ്ദേഹം അടിയൊന്നു മുമ്പോട്ടു വച്ചു. ഏവരേയും അദ്ദേഹത്തിനും ഏവർക്കും അദ്ദേഹത്തെയും കാണാമെന്ന നിലയായി. തന്റെ നേതൃത്വത്തിൽ അപ്പസ്‌തോലന്മാർക്കു ലഭിച്ച അധികാരം ഔദ്യേഗിക വക്താവെന്ന നിലയിൽ പീറ്റർ പ്രയോഗിക്കാൻ പോകയാണ്. ജനങ്ങളെ ജ്ഞാനസ്‌നാനപ്പെടുത്തുക. ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്കനുസരണം ജീവിക്കുന്നവരെ പഠിപ്പിക്കുക-ഇവയാണു ശ്ലീഹന്മാരുടെ കടമകൾ. ഈ പരിശുദ്ധകർമ്മ നിർവ്വഹണം ഇതാ നിറവേറിത്തുടങ്ങി. ലോകാവസാനംവരെ അതു നിലനില്ക്കുകയും ചെയ്യും.
പവിത്രാത്മാവിനാൽ നിറയപ്പെട്ടിരുന്ന സെന്റ് പീറ്റർ സധൈര്യം സ്വരമുയർത്തി പ്രസംഗിച്ചു (നട.2:4). പ്രസംഗത്തിന്റെ പ്രസക്തഭാഗം ഇതാ: സുഹൃത്തുക്കളെ, നിങ്ങൾ ഊഹിക്കുന്നതുപോലെ ലഹരി പിടിച്ചവരല്ലിവർ. സമയം മൂന്നുമണിമാത്രമേ ആയിട്ടുള്ളൂ. ഇതു യോവേലിന്റെ പ്രവചനം പൂർത്തിയാവുകയാണ്: ‘അന്ത്യകാലത്ത് എല്ലാവർക്കും എന്റെ ആത്മാവിനെ ഞാൻ നല്കും. നിങ്ങളുടെ മക്കൾ പ്രവചിക്കും. യുവാക്കന്മാർക്കു ദർശനമുണ്ടാകും. വൃദ്ധർക്കു സ്വപ്നങ്ങളും. എന്റെ ദാസീദാസന്മാർക്കും ഞാൻ ആത്മാവിനെ കൊടുക്കും. അവരും പ്രവചിക്കും. മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ധരാതലത്തിൽ അടയാളങ്ങളും ഞാൻ കാണിക്കും…..ദൈവം തന്റെ സുതനെക്കൊണ്ടു നിങ്ങളുടെ നടുവിൽ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചിട്ടും നിങ്ങൾ അവനെ അധർമ്മികളുടെ കൈയാൽ തറപ്പിച്ചുകൊന്നു. ഈശ്വരനോ മൃത്യുപാശങ്ങളെ അഴിച്ച് അവനെ ഉയിർപ്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുക അസാദ്ധ്യമായിരുന്നു'(നട.2:14). അതെ, ഉത്ഥിതനായ ക്രിസ്തുവിന്റെ സമ്മാനമായ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളാണു ജനമെല്ലാം കാണുന്നത്.
പീറ്ററിന്റെ പ്രസംഗം ഏവരേയും ആവേശഭരിതരാക്കി. ഞങ്ങൾ എന്തു ചെയ്യേണ്ടു? എന്നായി അവർ. ദൈവാത്മാവിന്റെ ദാനലബ്ദിയാൽ അനുഗ്രഹീതരാവേണ്ടതിനു നിങ്ങൾ പശ്ചാത്തപിക്കുവിൻ. കർത്താവായ ക്രിസ്തുവിന്റെ നാമത്തിൽ സ്‌നാനം സ്വീകരിക്കുവിൻ (കയശറ 3739)
ആ ദിവസം ദൈവരാജ്യത്തിനു മൂവായിരംപേരെ പൗരന്മാരായി ലഭിച്ചു. ജലത്താലും പവിത്രാത്മാവിനാലും സ്‌നാനമേറ്റ് അവരെല്ലാവരും യേശുവിൽ വിശ്വാസമർപ്പിച്ചു. കാലഗംഗയുടെ അന്ത്യഘട്ടത്തിലല്ലാതെ അവസാനിക്കാത്ത പുതിയ ഇസ്രായേലിന്റെ പ്രാരംഭം! ‘നിങ്ങൾ ലോകമെങ്ങും പോയി സകല ജനങ്ങളേയും ഉദ്‌ബോധിപ്പിക്കുക എന്ന നാഥന്റെ കല്പന പ്രാവർത്തികമായിത്തുടങ്ങി’.
ലോകം സത്യം ഉൾക്കൊള്ളേണ്ടത് സത്യാത്മാവിലൂടെയാണ്. എന്നാൽ സാക്ഷാൽ സത്യം സർവ്വേശസുതനാണ്. അപ്പോൾ, സത്യാത്മാവിലൂടെയും സത്യാത്മാവുവഴിയുമേ നമുക്കു ക്രിസ്തുവിനെ സ്വീകരിക്കാനാവൂ. അങ്ങിൽ ജീവിക്കുക. ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നുവെന്ന് ആത്മാർത്ഥമായി പറയാൻ കഴിയുക. അതുമാത്രമാണു ക്രൈസ്തവനു കരണീയം. ക്രിസ്തുവിന്റെ ആത്മാവിനാൽ പൂരിതരാവാതെ അവിടുത്തേയ്ക്കു സാക്ഷ്യം വഹിക്കുക സാദ്ധ്യമല്ല. നമുക്കു ലഭിച്ചിരിക്കുന്ന ദൈവികദാനങ്ങളെ ശരിക്കു മനസ്സിലാക്കി അനുഭവിക്കേണ്ടതിനാണ് ഈശ്വരൻ തന്റെ ചൈതന്യത്തെ നമുക്കു സമ്മാനിച്ചിരിക്കുക (രളൃ. 1 കൊറി. 2:12)
ക്രിസ്തുവിനു സാക്ഷ്യം വഹിക്കാൻ ശിഷ്യർക്കു സാധിച്ചതു പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യംമൂലമാണ്. കർത്താവിന്റെ സ്വർഗ്ഗാരോഹണശേഷം പന്തക്കുസ്താദിനംവരെ ഭയവിഹ്വലരായിരുന്ന ശിഷ്യൻമാർക്കു പരിശുദ്ധാത്മാവിന്റെ ആവാസം ലഭിച്ചപ്പോൾ ധൈര്യം കിട്ടി (നട. 1:26). ഭീരുവായിരുന്ന, ഒരു സ്ത്രീയുടെ വാക്കുകേട്ടു തന്റെ നാഥനെ മൂന്നുപ്രാവശ്യം തള്ളപ്പറഞ്ഞ, പീറ്റർ ആത്മസ്വീകരണക്ഷണം ക്രിസ്തുവിനെ, ധൈര്യസമേതം പ്രസംഗിക്കുന്നരംഗം നാം മുമ്പു കണ്ടല്ലോ (നട.2:40)
സർവോപരി ക്രിസ്തുവിനു സ്വയം സാക്ഷ്യം വഹിക്കുന്നവനായും ദൈവാത്മാവിനെ നാം കാണുന്നു. ഒരർത്ഥത്തിൽ അതാണവിടുത്തെ സുപ്രധാന ധർമ്മം. പരിശുദ്ധാത്മാവു വരുമ്പോൾ താനാരെന്ന് അവിടുന്നു സാക്ഷ്യപ്പെടുത്തുമെന്നു ക്രിസ്തുനാഥൻ തന്നെ തന്റെ പീഢാനുഭവത്തിനുമുമ്പു വാഗ്ദാനം ചെയ്തിരുന്നത് ഓർക്കുമല്ലോ. സത്യത്തിനാണവിടുന്നു സാക്ഷ്യം വഹിക്കുന്നത്. കാരണം, ക്രിസ്തു സത്യമാണെന്നതുതന്നെ. പരിശുദ്ധാത്മാവും സത്യമാണെന്നു പറയാം (1യോഹ.5:7) . അവിടുന്നു ക്രിസ്തുവിന്റെ ആത്മാവാണ്. ആയതിനാൽ അവിടുന്ന് സത്യാത്മാവുമാണ്.