ഇരുപത്തിനാലാമദ്ധ്യായം
സർവ്വനന്മസ്വരൂപനും സച്ചിദാനന്ദനുമായ ഈശ്വരൻ സ്വയം വെളിപ്പെടുത്താനും നമുക്കജ്ഞാതമായ അവിടുത്തെ തിരുമനസ്സ് വ്യക്തമാക്കിത്തരാനും തിരുമുള്ളമായി. സൃഷ്ടികർമ്മം പൊലെതന്നെ തികച്ചും സ്വതന്ത്രമായൊരു പ്രവർത്തനമാണിതു. ഒരർത്ഥത്തിൽ സൃഷ്ടികർമ്മംതന്നെയാണ് ഈശ്വരന്റെ പ്രഥമാവിഷ്കരണം. എന്നാൽ, വിശാലമായ അർത്ഥത്തിൽ, അദൃശ്യനായ ഈശ്വരൻ തന്റെ സ്നേഹത്തിന്റെ പാരമ്യത്തിൽ മനുഷ്യരോടു സ്നേഹിതരോടെന്നപോലെ സംസാരിക്കുകയും അവരുടെ മദ്ധ്യേ വസിക്കുകയും ചെയ്യുന്ന സഹവർത്തനത്തിലേയ്ക്കു മനുഷ്യരെ ക്ഷണിച്ചുകൊണ്ടുവരികയാണ് ആവിഷ്കരണത്തിലൂടെ അഖിലേശൻ ലക്ഷ്യംവയ്ക്കുക. വചനം മാംസമായ ക്രിസ്തുവിലൂടെയാണു പവിത്രാത്മാവിൽ പിതാവിന്റെ പക്കലേയ്ക്കു പ്രവേശനവും ഈശ്വരസത്തയിൽ ഓഹരിയും ലഭിക്കുക.
വചസ്സുവഴിയാണ് വിശ്വകർത്താവു വസ്തുക്കളെല്ലാം സൃഷ്ടിക്കുന്നതും അസ്തിത്വത്തിൽ നിലനിറുത്തുന്നതും(യോഹ.1:3). അവയിലൂടെ തന്നെക്കുറിച്ചുള്ള സ്ഥായിയായ സാക്ഷ്യം അവിടുന്നു മനുഷ്യനു നല്കുന്നു(റോമ. 1:1920). ലോകാരംഭത്തിൽത്തന്നെ അവിടുന്ന ആദിമനുഷ്യനു സ്വയം വെളിപ്പെടുത്തി, സ്വർഗ്ഗീയമായ രക്ഷയുടെ മാർഗ്ഗം സൃഷ്ടിക്കാൻ. അവന്റെ അധഃപതനത്തെതുടർന്നും വീണ്ടെടുപ്പുവാഗ്ദാനം ചെയ്തുകൊണ്ട് രക്ഷയുടെ പ്രത്യാശയിൽ അവനെ ഉയർത്തുന്നു(ഉല്പ.3:15). ആ സമയം മുതൽ ദൈവരാജ്യം അന്വേഷിച്ചു സുകൃതപഥത്തിൽ ചരിച്ചിരുന്നവർക്കു നിത്യജീവൻ നല്കുന്നതിന് മഹേശ്വരൻ മനുഷ്യവർഗ്ഗത്തെ മനം തെളിഞ്ഞു സംരക്ഷിച്ചുകൊണ്ടിരുന്നു (റോമ.2:67)
ഒരു വലിയ ജനപദത്തെ കരുപ്പിടിപ്പിക്കാൻ കർത്താവ് അബ്രാഹത്തെ ആഹ്വാനം ചെയ്യുന്നത് അന്യത്ര നാം കണ്ടതാണ്. പൂർവ്വപിതാക്കന്മാർക്കുശേഷം മോസസും പ്രവാചകന്മാരുംവഴി പ്രസ്തുത ജനവിഭാഗത്തെ വിശ്വനാഥൻ സവിശേഷം പഠിപ്പിച്ചി#ുന്നു. തന്നെമാത്രം സജീവസത്യദൈവമായി സ്വീകരിക്കാൻ, കാരുണ്യവാനായ പിതാവും നീതിമാനായ ന്യായാധിപനുമായംഗീകരിക്കാൻ, താൻ പറഞ്ഞൊത്ത പരിത്രാതാവിനെ പ്രതീക്ഷിച്ചിരിക്കാൻ, അവിടുന്നവർക്കു പര ിശീലനം നല്കിയിരുന്നല്ലോ. ഇപ്രകാരം ഈശ്വരൻ ശതാബ്ദങ്ങളിലൂടെ തന്റെ സുവിശേഷത്തിനു മാർഗ്ഗം തെളിച്ചിരുന്നു.
വചനത്തിൽ തുടങ്ങിയ ഈ ഈശ്വരാവിഷ്കരണം അതിന്റെ പൂർണ്ണിമ പ്രാപിക്കുക അവിടുത്തെ നിത്യവചസ്സിലാണ്. വിവിധ കാലഘട്ടങ്ങളിൽ, വിവിധ സ്ഥലങ്ങളിൽ പ്രവാചകന്മാരിലൂടെ സംസാരിച്ച ഈശ്വരൻ ‘ഇപ്പോളിതാ തന്റെ സുതൻവഴി ഈ അവസാനനാളുകളിൽ സംസാരിച്ചിരിക്കുന്നു. അവിടുന്ന് ഈശ്വരമഹിമയുടെ പ്രതിഫലനമാണ്. അവിടുത്തെ സത്തയുടെ സ്വരൂപമാണ്'(എബ്രാ. 13). മനുഷ്യരോടൊന്നിച്ചു വസിച്ച് ഉന്നതന്റെ ഉറ്റ രഹസ്യങ്ങൾപോലും അവരെ അറിയിക്കുന്നതിനാണ് ദിവ്യജ്യോതിസ്സായ നിത്യവചനത്തെ വിശേശ്വരൻ അയച്ചത് (യോഹ.1:118)
മാംസം ധരിച്ച വചനമായ മിശിഹാ മഹോന്നതന്റെ വാക്കുകൾ നമ്മോടു പറയുന്നു. പിതാവായ ഈശ്വരൻ നല്കിയ പരിത്രാണപദ്ധതി പൂർണ്ണമാക്കുന്നു. പിതാവിനെ നമുക്കു വെളിപ്പെടുത്താനാണു യഥാർത്ഥത്തിൽ വചനം മാംസം ധരിച്ചത്. പിതാവിന്റെ ഏകജാതനു സഹജമായ മഹത്വം, അവിടുത്തെ പ്രസാദവരവും സത്യവും നിറഞ്ഞ മഹത്വം നാം ദർശിച്ചു……മനുഷ്യരാരും ഒരിക്കലും ദർശിച്ചിട്ടില്ലാത്ത പരംപൊരുളിനെ പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതൻതന്നെ വെളിപ്പെടുത്തിത്തന്നിരിക്കുന്നു(യോഹ. 1:4,18).
സിനോപ്പ്റ്റിക സുവിശേഷകന്മാർ സ്വർഗ്ഗരാജ്യത്തിന്റെ സദ്വാർത്ത പ്രബോധിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന പരിത്രാതാവായി ക്രിസ്തുവിനെ അവതരിപ്പിക്കുന്നു. പിതാവിനു സാക്ഷ്യം വഹിക്കുകയും മഹേശ്വരന്റെ മഹത്വം മനുഷ്യനു വെളിപ്പെടുത്തുകയും ചെയ്യുന്ന നിത്യവചനമായാണ് സെന്റ് ജോൺ അവിടുത്തെ കാണുക. പിതാവിനു സാക്ഷിപ്പെട്ടുകൊണ്ടു മാനവരക്ഷ നേടുക. അതാണു പുത്രന്റെ ദൗത്യം. പിതാവിൽനിന്നു കാണുകയും കേൾക്കുകയും ചെയ്തവയെല്ലാം മിശിഹാ തെളിവു നല്കി (യോഹ. 8:28,38). ഈ പ്രക്രിയയിലൂടെ അവിടുന്നു തനിക്കുവേണ്ടിത്തന്നെയും സാക്ഷിയായി ഭവിച്ചു. ഇപ്രകാരമുള്ള സ്വാവിഷ്കാരത്തിലൂടെ സർവേശന്റെ സംഗ്രഢരഹസ്യങ്ങളേയും നമുക്കു മനസ്സിലാക്കിത്തരുന്നു. പിതാവിനോടും പരിശുദ്ധാത്മാവിനോടും സത്തയിൽ സമനായ ദൈവസുതനാണവിടുന്ന് എന്നതാണിതിനാസ്പദം. ഈശ്വരസ്നേഹം മനുഷ്യനു വെളിപ്പെടുത്തിയ പിതാവിന്റെ കൂദാശയെന്ന് മിശിഹായെ സെന്റ് ആഗസ്റ്റിനും വിശേഷിപ്പിക്കുന്നുണ്ട്. എന്നെക്കാണുന്നവൻ പിതാവിനേയും കാണുന്നുവെന്ന് അക്ഷരാർത്ഥത്തിൽ പറയാൻ അവിടുത്തേക്കവകാശമുണ്ട്.
സ്വസാന്നിദ്ധ്യം, പ്രത്യക്ഷം, പ്രബോധനങ്ങൾ, പ്രവൃത്തികൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, പ്രത്യേകിച്ച് അവിടുത്തെ മരണം, ഉത്ഥാനം അനന്തരമുള്ള പവിത്രാത്മ പ്രേക്ഷണം എന്നീ പ്രക്രിയകളിലൂടെയാണു ക്രിസ്തുഭഗവാൻ ദൈവിക വെളിപാടു പൂർത്തിയാക്കിയത്. ദൈവവചനം നമ്മോടുകൂടെയുണ്ട്. അവിടുന്നു പാപത്തിന്റേയും മരണത്തിന്റെയും ഇരുളാഴിയിൽ നിന്നു രക്ഷപെടുത്തി സ്വർഗ്ഗീയ ജറുസലേമിലേയ്ക്കു നമ്മെ കയറ്റി പ്രതിഷ്ഠിക്കുന്നു. ഈ സത്യം തന്റെ സാക്ഷ്യംകൊണ്ട് അവിടുന്ന് ഊട്ടി ഉറപ്പിച്ചിരിക്കുന്നു.
അത്ഭുതാടയാളങ്ങൾ വഴി ഈശോ തന്റെ സാക്ഷ്യത്തെ സ്ഥിരപ്പെടുത്തി. സിനോപ്റ്റിക് സുവിശേഷങ്ങളിലെ അത്ഭുതങ്ങൾ അടർത്തിയെടുത്താൽ ആ സുവിശേഷങ്ങളുടെ സ്വന്തമായ അസ്തിത്വംതന്നെ നഷ്ടമാകും. പ്രസ്തുത സുവിശേഷങ്ങളുടെ അസ്ഥിപഞ്ജരം അത്ഭുതങ്ങളാണെന്നു പറയാം. പതിനഞ്ചധ്യായങ്ങളുള്ള സെന്റ് മാർക്കിന്റെ സുവിശേഷത്തിൽ പതിനെട്ടിലേറെ അത്ഭുതങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോന്നിന്റേയും അന്ത്യത്തിൽ ജനങ്ങൾ മിശിഹായെ ദൈവമായോ ദൈവത്താൽ അയയ്ക്കപ്പെട്ട പ്രവാചകനായോ അംഗീകരിച്ചു പറയുന്നുമുണ്ട്.
ക്രിസ്തുവിന്റെ അത്ഭുതങ്ങളിൽ വെറും ഏഴെണ്ണം മാത്രമേ സെന്റ് ജോൺ രേഖപ്പെടുത്തിയിട്ടുള്ളു. അവ രേഖപ്പെടുത്തിയിരിക്കുന്നത് ഈശോ ദൈവപുത്രനാണെന്നു നാം വിശ്വസിക്കുന്നതിനും ആ വിശ്വസത്തിലൂടെ അവിടുത്തെ നാമത്തിൽ നിത്യജീവൻ നേടുന്നതിനും വേണ്ടിത്തന്നെ(യോഹ.20:31). തന്നിൽ ആവിഷ്കൃതനായിരിക്കുന്ന അഖിലേശനെ ലോകത്തിനു വെളിപ്പെടുത്തുകയാണു ക്രിസ്തു തന്റെ അത്ഭുതങ്ങളിലൂടെ. അസന്ദിഗ്ധമായ ഭാഷയിലാണ് അവിടുന്നു മർത്തായോടരുളീയത്, വിശ്വാസമുണ്ടെങ്കിൽ ദൈവമഹത്വം നീ കാണും(യോഹ.11:40) എന്ന്. അത്ഭുതങ്ങളുടെ പശ്ചാത്തലത്തിലാണു താൻ ലോകത്തിന്റെ പ്രകാശവും ജീവനും, പുനരുദ്ധാനവുമാണെന്നുള്ള സത്യങ്ങളും മിശിഹാ വ്യക്തമാക്കുന്നു.
മിശിഹാ മഹോന്നതരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഉദാഹരണങ്ങളുണ്ട് സത്യദൈവത്തിന്റെ സത്യവചനമായ താൻ വഴിയും സത്യവും ജീവനുമാണെന്ന് അവിടുന്നു വെളിപ്പെടുത്തി. ‘സത്യത്തിനു സാക്ഷ്യം വഹിക്കാനാണു ഞാൻ ലോകത്തിലവതരിച്ചത്. സത്യത്തോടു താത്പര്യമുള്ളവരെല്ലാം എന്റെ സന്ദേഷം ശ്രവിക്കുന്നു'(യോഹ 18:37). അവിടുത്തെ സന്ദേശത്തിലൂടെയല്ലാതെ ആരും സ്വർഗ്ഗീയപറുദീസായുടെ സമീപത്തെങ്ങും ചെല്ലുകയുമില്ല.
ക്രിസ്തുവിന്റെ കുരിശുമരണത്തിലും സർവ്വോപരി അവിടുത്തെ ഉയിർപ്പിലുമാണ്
ഈശ്വര മഹത്വീകരണം പരമായി സാധിച്ചത്. പിതാവേ, ഇതാ സമയം അടുത്തിരിക്കുന്നു. അങ്ങയുടെ സുതൻ, അങ്ങയെ സ്തുതിക്കേണ്ടതിന് സുതനെ അങ്ങു മഹത്വപ്പെടുത്തിയാലും (യോഹ. 17:1). യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ മഹത്വീകരണം തന്നെയാണ് അവിടുത്തെ പിതാവിന്റേയും മഹത്വീകരണം. ക്രിസ്തുവിനെ സ്തുതിക്കുമ്പോൾ പിതാവായ ദൈവത്തേയും നാം മഹത്വപ്പെടുത്തുന്നു. ദൈവവചനത്തിന്റെ സാക്ഷ്യം സ്ഥിരീകരിക്കുന്നതു സത്യാത്മാവാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് മാമ്മോദാസായിലൂടെ ദൈവികജീവനെ, അതായതു പരിശുദ്ധാത്മാവിനെ, പ്രദാനം ചെയ്യുന്നു. ‘ഞാൻ പിതാവിൽ നിന്നയയ്ക്കുന്നവനും പിതാവിൽനിന്നു പുറപ്പെടുന്ന സത്യാത്മാവുമായ സമാശ്വാസകൻ സമാഗതനാകുമ്പോൾ ഞാനാരെന്നു സാക്ഷ്യപ്പെടുത്തും'(യോഹ.15:26)
വെളിപാടു വിശ്വാസപൂർവ്വം സ്വീകരിക്കുക നമ്മുടെ ധർമ്മമാണ്. വിശ്വാസത്തിൽ നിന്നുരുത്തിരിയുന്ന അനുസരണം (റോമ. 13.26) സ്വയം വെളിപ്പെടുത്തിയ സർവേശ്വരനു സമ്മാനിക്കുക. നമ്മെ സമ്പൂർണ്ണമായി സർവേശ്വരനു സമ്മാനിക്കുക. ദൈവികവെളിപാട് സഹൃദയം സമാദരിക്കുക. ഇവരണ്ടുമാണ് പ്രസ്തുത അനുസരണത്തിന്റെ അന്തഃസത്ത. ഈശ്വരന്റെ കാലേകൂട്ടിയുള്ള പ്രേരകവരപ്രസാദത്തിലാണ് വിശ്വാസം ഊട്ടി വളർത്തേണ്ടത്. നമ്മുടെ ഹൃദയങ്ങളെ സ്പർശിച്ച് അവയെ ഈശ്വരോന്മുഖമാക്കുക. സത്യസ്വീകരണവും വിശ്വാസവും ഏവർക്കും ഇമ്പകരമാക്കുക. സമാശ്വാസകന്റെ പ്രവർത്തനങ്ങളാണിവ. തന്റെ ദിവ്യദാനങ്ങളാൽ ആവിഷ്കരണത്തെ സംബന്ധിക്കുന്ന നമ്മുടെ അറിവു കൂടുതൽ അഗാധമാക്കാൻ അവിടുന്നു നമ്മുടെ വിശ്വാസചഷകം നിരന്തരം നിറച്ചുകൊണ്ടിരിക്കുന്നു.