പത്താമദ്ധ്യായം
രക്ഷകന്റെ വരവും കാത്തു കണ്ണുംനട്ടിരിക്കയാണ് ഇസ്രായേൽ ജനത. ഇസ്രായേലിന്റെ പ്രവാചകന്മാരും പുണ്യചരിതരും പുരോഹിതന്മാരും വിശ്വാസികളും സഹസ്രാബ്ദങ്ങൾതന്നെ കാത്തിരുന്നു. വിശ്വാസത്തിലുദയം ചെയ്യാനിരിക്കുന്ന ആ പ്രകാശത്തെ പ്രതീക്ഷിച്ച്. മരുഭൂമിയിലും സമഭൂമിയിലും ഗിരിശൃംഗത്തിലും നീരാഴിയിലും അസ്തിത്വത്തെ ചോദ്യം ചെയ്യാനാവാത്തവണ്ണം. കട്ടക്കയത്തിന്റെ ഭാഷയിൽ,
‘ഔദാർയ്യമേറും സകലേശപുത്രൻ
യൂദാന്വയത്തിൽ ജ്ജനിതേടുമെന്നായ്
വേദാഗമത്തിൽപറയുന്നതെല്ലാം
മേദാന്വിതം കണ്ടവരാശ്വസിച്ചു’.
നീലാകാശശകലംപോലെ, ലോകത്തിന്റെ ലോലമോഹനലോചനംപോലെ സന്തതം പൂപുഞ്ചിരിതൂകി വിലസുന്ന ഗലീലിയാക്കടൽ. ‘സെബുലൻ’ മഹീധരം ഗലീലിയായുടെ പ്രാന്തത്തിൽ പ്രശോഭിക്കുന്നു. ആ പർവ്വത സാനുവിലാണു സസ്യശ്യാമളയായ ‘നസ്രത്ത്’. ആ കൊച്ചുഗ്രാമത്തിൽ ദാവീദുവംശജനായ ജോസഫ് തന്റെ വാശത്തവധുവുമൊത്ത് അല്ലലറിയാതെ ജീവിക്കുകയാണ്. ഒരു ദിവസം ആ തരുണീമണിയുടെ കർണ്ണപുടങ്ങളിൽ ഒരു മധുരഗാനം പതിക്കുന്നു.
‘നന്മയ്ക്കു കേദാരമാം കന്യകേ, വിജയിക്ക
കന്മഷരഹിതനാമീശ്വരൻ വാഴ്വു നിന്നിൽ
നീ തന്നെ സാക്ഷാൽ ജഗദംബിക, കുലാംഗനാ-
വൃതത്തിൽ നിന്നെപ്പോലെ ധന്യയായ്
വേറില്ലാരും’.
-പുത്തൻകാവ്
ബാലസൂര്യനെ വെല്ലുന്ന കാന്തിവീശിയെത്തിയ ഗബ്രിയേലിനെ മുമ്പിൽകണ്ട ആ കന്യക വിഭ്രമിച്ചു. ദൂതൻ തന്റെ ദൗത്യം തുടർന്നു:
‘വേണ്ടല്ലോ ഭീതി തെല്ലും
സ്ഫീതകാരുണ്യവർഷം പൊഴിപ്പുനിന്മേലീശൻ
നിന്തിരുവടി ഗർഭവതിയായ്ത്തീരും, ദിവ്യ
സൗന്ദര്യസങ്കേതമാം പുത്രനും ഭൂജാതനാം
നൽകണമവന്നു ശ്രീയേശുവെന്നുഭിധാനം
നാകനായക സുതനെന്നവനാഹൂതനാം.
താവകകുല കലശാബ്ധി ചന്ദ്രനായ്, കീർത്തി-
ധാവള്യം പുരാ ധരാമണ്ഡലമെങ്ങും ചേർത്ത
ദാവീദാമരചന്റെ കാഞ്ചന സിംഹാസനം
ദൈവം നിൻ കുമാരന്റെ പാദത്തിൽ സമർപ്പിക്കും
യാക്കോബിൻ ഗോത്രത്തിനു രാജാവായ്ത്തീരും ദൃഢ-
മാക്കമനീയരൂപൻ ഭാവൽക്കപ്രിയാത്മജൻ.
തദീയ സാമ്രാജ്യമൊ നിരന്തരം നിരാതങ്കം
തദീയ ജയ വൈജയന്തിക്കില്ലധോഗതി.’ (1യശറ)
മാലാഖയുടെ മംഗളവാർത്തയെപ്പറ്റി മറിയം ചിന്തിച്ചു. എന്നിട്ടു യുക്തിയുക്തമായൊരു ചോദ്യമെടുത്തിട്ടവൾ. ‘ഭർത്തൃസംഗമില്ലാതെ വസിക്കുന്ന എനിക്കെങ്ങനെ സന്താന സുഖപ്രാപ്തിയുണ്ടാകും?’ സന്ദേശവാഹകൻ ശാന്തഗഭീരനായി പ്രത്യുത്തരിച്ചു. അയാൾ അഖിലേശ്വരനിൽനിന്നാവഹച്ച ദൂതിന്റെ ഒരു ഭാഗംതന്നെയായിരുന്നത്.
‘പരിശുദ്ധാത്മാവെഴു-
ന്നരുളും നിന്നിൽ ദൈവശക്തിയും നിഴൽവീശും
സന്ദേഹമെന്തിന്നു നിന്നമലോദരത്തിങ്കൽ
വന്നുദിക്കുന്ന പുത്രനീശാത്മസംഭൂതൻ താൻ
പരിശുദ്ധാത്മാവിനാലന്തസ്സന്തതിയായി
പരിശോഭിപ്പു പടുവൃദ്ധയേലിശബേത്തും
മച്ചിയെന്നഖിലരും വിശ്വസിച്ചിരുന്നോൾക്കു
മാസമിന്നാറാണീശമഹിമയ്ക്കതിരുണ്ടോ?’ (1യശറ)
മറിയത്തിന്റെ സമ്മതം, അതു പ്രതീക്ഷിച്ച് ഈശ്വരദൂതൻ നിലകൊള്ളുകയാണ്. സെന്റ് അഗസ്റ്റിൻ പ്രസ്തുത സംഭവത്തെ സംബന്ധിച്ചു ധ്യനിച്ചു പ്രഘോഷിക്കുകയാണ്: ‘പരിശുദ്ധ മറിയമേ, അടിമത്തത്തിലാണു ലോകം മുഴുവൻ നിന്റെ സമ്മതത്തിനു കാത്തിരിക്കുന്നു. കന്യകേ, താമസിക്കരുതെ; ദൂതനു വേഗം മറുപടി നല്കണമേ!’ ഈശ്വരൻ തന്റെ വാഗ്ദാനം നിറവേറ്റാൻ ഒരുപകരണം അന്വേഷിക്കുകയാണ്. രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളൊക്കെ മറിയത്തിന്റെ മനനമണ്ഡലത്തിൽ തെളിഞ്ഞുകണ്ടു…. വല്ലായ്മയൊക്കെ നീക്കി നിർഭയം വിനീതയായി അവൾ മറുപടിപറഞ്ഞു: ‘ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ ഭവിക്കട്ടെ’.
ആ നിമിഷം മഹേശ്വരന്റെ മടിത്തട്ടിൽനിന്നു മാലഖാമാരാൽ പരിസേവിതനായി മഹിയിലിറങ്ങുന്നതിന്, മറിയത്തിലൂടെ മനുഷ്യവർഗ്ഗം മുഴുവനിലേയ്ക്കും എത്തിനില്ക്കുന്നതിന്, ദിവ്യവചസ്സ് തന്റെ ദൈവത്വത്തെ മനുഷ്യത്വത്തിന്റെ ഉടയാടയിൽ ഉൾക്കൊള്ളിച്ചു.
മാലാഖ ക്ഷണം അപ്രത്യക്ഷനായി. വിശ്വത്തിനു വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ മഹത്തമവും ശക്തവുമായ രഹസ്യം മറിയത്തിനു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. റോമാപുരിയിലെ അംബരചുംബിയായ കൊട്ടാരത്തിൽ സുഖലോലുപനായി വാണരുളിയ സീസർ ഈ രഹസ്യം അറിഞ്ഞിട്ടില്ല. ജറുസലേം പട്ടണത്തിൽ പൊങ്ങി വിളങ്ങുന്ന രമ്യഹർമ്മ്യത്തിൽ വസിക്കുന്ന ഹെരഡും അറിയുന്നില്ല ആ മഹാരഹസ്യം. മറിയം അതു പരസ്യമാക്കുകയില്ല. പരസ്യമാക്കാൻ അതവളുടെ രഹസ്യമേയല്ല-പരാപരന്റെ പരമ പരിശുദ്ധ രഹസ്യമാണത്. ലോകരാഷ്ട്രങ്ങളുടെ പ്രത്യാശയായ യേശു വരുന്നു! ആ ദിവ്യരക്ഷകൻ നസ്രസ്സിലെ മറിയത്തിന്റെ മകനായിട്ടാണ് മനുഷ്യാവതാരം ചെയ്യുക. മരുപ്പഥത്തിൽ മേഘമില്ലാതെ മഴപെയ്യുന്നു. പരിശുദ്ധ പങ്കജം പാറമേൽ വളരുന്നു. പാദപം പുഷ്പിക്കാതെ സൽഫലം കായിക്കുന്നു.
മനുഷ്യാവതാരരഹസ്യത്തിന്റെ മനോമോഹന പ്രഭ യഥാസമയം ജോസഫിന്റെ ഹൃദയ ചക്ഷസ്സുകളെയും പ്രകാശിപ്പിച്ചു. ‘ദാവീദിന്റെ സുതനായ ജോസഫേ, മറിയത്തെ സഹധർമ്മിണിയായി സ്വീകരിക്കുന്നതിൽ സംശയിക്കേണ്ട. അവളിൽ ഉരുവായിരിക്കുന്ന ശിശു പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈശോ എന്നു പേർ നല്കണം. എന്തെന്നാൽ അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും’. മഴവില്ലിന്റെ സത്തെടുത്തുണ്ടാക്കിയ മന്നിലെ മലർത്തയ്യലാണു തന്റെ ധർമ്മപത്നിയെന്ന്, സാക്ഷാൽ കന്യകയാണവളെന്ന്, ജോസഫ് ഗ്രഹിച്ചു. മധുപസ്പർശമേല്ക്കാത്ത ഒരു കാനന കുസുമം; മനുഷ്യസ്പർശമേല്ക്കാത്ത സാഗരദിവ്യരത്നം. തന്റെ ഭവതിയുടെ ഗർഭസമ്പത്തു പ്രവചനങ്ങളുടെയെല്ലാം പൂർണ്ണിമയാണെന്ന സത്യവും അദ്ദേഹം ഗ്രഹിച്ചിരിക്കണം.
ഇക്കാലത്താണ് പ്രജാസഞ്ചയത്തിന്റെ സംഖ്യ നിർണ്ണയിക്കാൻ സാർവഭൗമനായ സീസർ നിശ്ചയിച്ചത്. അയാളുടെ കല്പന സാമ്രാജ്യസീമകളോളം സുവ്യക്തമായി മുഴങ്ങി. കാറ്റിൽ ഓളം വെട്ടുന്ന സമുദ്രംപോലെ നാടൊട്ടുക്കു ജനാവലിയിളകി. വർഗ്ഗഭേദവും ദേശഭേദവുമെല്ലാം വിസ്മരിച്ച് ആ പ്രജാവൃന്ദം താന്താങ്ങൾ ജനിച്ച ദിക്കിലേയ്ക്കു ഝടിതി യാത്രയായി. ദാവീദുവംശജനായ ജോസഫും തന്റെ പത്നിയോടൊപ്പം പിതൃനഗരം തേടി പുറപ്പെട്ടു. മാർഗ്ഗമദ്ധ്യേ കണ്ട വെള്ളാട്ടിൻകുട്ടികളും ഓടക്കുഴലൂതുന്ന ആട്ടിടയരും തന്റെ കുലജാതരെ ഓർമ്മിക്കാൻ ജോസഫിനെ പ്രേരിപ്പിച്ചുവോ ആവോ? ദാവീദ് വെറുമൊരു ബാലനായിരുന്ന കാലത്ത് ബേത്ലഹേം മലകളിൽ മേഷവൃന്ദത്തെ മേയിച്ചുല്ലസിച്ചു നടന്നതും വന്യമൃഗങ്ങളെ വേട്ടയാടിയതും ഗോലിയാത്തിനെ കവണിയെറിഞ്ഞു കൊന്നതും വഴിമദ്ധ്യേ ഓർമ്മയുടെ താളുകൾ മറിച്ച് ആ യതിവര്യൻ വായിച്ചുകാണും. ദാവീദിനെ രാജാവായി അഭിഷേചിക്കാൻ പാവന ശ്മശ്രുക്കളും പഞ്ഞിസമാനം വെളുത്ത താടിയും മുടികളുമുള്ള സാമുവേൽ സന്യാസി തൂമണം തൂവുന്ന നിറച്ച താലവുമായി മലകേറി വരുന്ന ദൃശ്യം അദ്ദേഹത്തെ കോൾമയിർ കൊള്ളിച്ചിരിക്കില്ലേ?
നടന്നു നടന്നവർ ബേത്ലഹമിലെത്തി. വിശ്രമിക്കാൻ പറ്റിയ ഒരു സ്ഥലംതേടി അവർ വട്ടം തിരിയുകയാണ്. പൊതു മന്ദിരങ്ങളും പൗരഗൃഹങ്ങളും പേർവഴി ചാർത്താൻ വന്നവരെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞിരുന്നു. സായംസന്ധ്യയോളമവർ അലഞ്ഞുനടന്നു. അവസാനം അവർക്കു ലഭിച്ചതോ ഒരു ഗോശാല. ദീർഘമായ യാത്രയുടെ ക്ഷീണംകൊണ്ടു മടുത്ത മറിയം ദേവദേവനെ ഹൃത്തിൽ ചിന്തിച്ചു കന്നുകാലികൾക്കു കച്ചിയും പച്ചപ്പുല്ലും കൂട്ടിയിട്ടിരുന്ന ഒരു കോണിൽ വിശ്രമിച്ചു. തൊട്ടപ്പുറത്ത് പൊങ്ങിനിന്ന പർവതപീഠത്തിന്മേൽ കുപ്രസിദ്ധനായ ഹേറോദേസുരാജാവിന്റെ അരമനയുണ്ട്; അതിന്റെ പ്രാന്തപ്രദേശങ്ങളിൽ അനേകം രമ്യഹർമ്മ്യങ്ങളും. അവയിൽ നിന്നൊക്കെ ആഹ്ളാദകളകളം മുഴങ്ങികേൾക്കുന്നു. ഒന്നിൽ നർത്തനം. മറ്റൊന്നിൽ നാനാവിധ വാദ്യാഘോഷങ്ങൾ. നാടകം മൂന്നാമതൊന്നിൽ. ഇനിയുമൊരിടത്തു പാട്ടുകച്ചേരി പൊടിപൊടിച്ചു നടക്കുന്നു. വിഭവസമൃദ്ധമായ സത്ക്കാരത്തിനു സാക്ഷ്യം വഹിക്കുകയാണു മറ്റൊന്ന്. അഭിസാരികകളുടെ ലീലകൾ നടക്കുന്നിടവുമുണ്ട്. ലോകത്തിന്റെ ഗതി! ഭൂസ്വർഗ്ഗങ്ങൾ പാലിക്കുന്ന ശ്രികരന്റെ ദിവ്യാംബിക ആ കാലിക്കൂട്ടിൽ ആകുലയായി വാഴുന്നുവെന്ന വാസ്തവം വാനദൂതരല്ലാതതെ മറ്റാരും ഗ്രഹിച്ചില്ലേ?
താരകവൃന്ദങ്ങൾ ആകാശപ്പൊയ്കയിൽ ഇടതൂർന്നു നില്ക്കുന്നു, കൈരവത്താരുകൾപോലെ. ഒരു പുണ്യമരാളകം പോലെ വാർത്തിങ്കൾ വിളങ്ങി പ്രശോഭിക്കുന്നു. അങ്ങകലെയല്ലാതെ ഒരു മൈതാനം ആ വെള്ളി വെളിച്ചത്തിൽ തെളിഞ്ഞുകാണുന്നുണ്ട്. അവിടെ ആറേഴിടയന്മാർ ആടുമേച്ചു വെടി പറഞ്ഞിരുന്നുല്ലസിക്കയാണ്. തത്സമയം എവിടെ നിന്നോ ഒരു മംഗളനാദം. അവർ പരിഭ്രമിച്ചു. എന്തായിരിക്കാം ഈ സാനന്ദ സന്ദേശം? മാനുഷപാണികൾക്കൊരിക്കലും മീട്ടിപ്പാടാനാവില്ലാ മധുരഗാനം.
‘ശാശ്വതലോകൈക നാഥനും നിത്യവും
വിശ്രുതുമുറ്റും വളർന്നിടട്ടെ.
ക്ഷോണിയിലൊക്കയും ശാന്തിസമീരണൻ
ക്ഷീണമിയലാതെ വീശിടട്ടെ
സംപ്രീതിയാകീന വെള്ളിയോടങ്ങളിൽ
സന്തതം ലോകം കളിച്ചീടട്ടെ’.
-പുത്തൻകാവ്
സർവത്ര പാവനസൗരഭം പരത്തുന്ന പ്രസ്തുത മോഹന സൂക്തികൾ വാരിവിതറിയ വാനദൂതരെ ഇടയഗണങ്ങൾ കണ്ടില്ല. എന്നാൽ, അവരിലൊരുവൻ ഇടയരെ സമീപിച്ചു പറഞ്ഞു:
”പ്രവരഗുണഗണാബ്ധിയായ ഭാവി-
ഭവനിവരന്റെ വരിഷ്ഠപട്ടണത്തിൽ
ഭൂവനതലനിവാസികൾക്കുശേഷം
ശിവമരുളാൻ മിശിഹാ പിറന്നതീനാൾ.
തനുതമവസനത്തിനാൽ മറയ്ക്കും
തനുലതചേർന്നു പശുത്തൊഴുത്തിനുള്ളിൽ
അനുപമമൊളി പൂണ്ടൊരുണ്ണി കണ്ണി-
ന്നനുഭവമാം, നറുമുത്തു ചിപ്പിയിൽപോൽ
– കട്ടക്കയം
അജ്ഞരും അശരണരുമായ ആട്ടിടയന്മാരെങ്കിലും പ്രവാചകന്മാരുടെ പുസ്തകങ്ങൾ അമ്പലത്തിൽ വായിക്കുന്നത് പലപ്പോഴും അവർ കേട്ടിട്ടുണ്ട്. ദൂതസൂക്തികളുടെ സാരം അനായാസം അവർഗ്രഹിച്ചു. നമുക്കു ബത്ലഹേംവരെ പോകാം. കർത്താവു നമുക്കു വെളിപ്പെടുത്തിയ ഈ രഹസ്യം നമുക്കു കാണാമല്ലോ. അവർ അന്യോന്യം പറഞ്ഞു. ജിജ്ഞാസാഭരിതരായവർ സംഭവസ്ഥലത്തേയ്ക്കോടി.
‘മാലിത്തിരിക്കും കലരാതെ കണ്ടും
മാലിന്യമേശാതെയുമാവിസാംഗി
കാലിത്തൊഴുത്തിൽ ഭൂവനങ്ങൾ മൂന്നും
പാലിക്കുവോനേ പ്രസവി'(കറ)ച്ച ചിത്രം കണ്ടു! ആറാത്ത ദാഹത്തോടെ ഒട്ടനേകവവർഷങ്ങൾ ധ്യാനത്തിലും പ്രാർത്ഥനയിലും പ്രതീക്ഷിച്ചിരുന്ന രക്ഷകൻ മാനവതയുടെ ദുഃഖമെല്ലാം പേറാൻ ഭൂമിയിലവതരിച്ചിരിക്കുന്നു! സകലേശപുത്രൻ സ്വാതന്ത്ര്യമറ്റൊരു പൈതലായി തണുത്തുവിറച്ചു മരവിക്കുന്നു. രാജപ്രഭാവത്തോടെ വാനിൽ വാണിരുന്ന രാജൈകരാജനു പശുത്തൊഴുത്താണു വീടായിക്കിട്ടിയത്. വിശ്വത്തെ വെറും ശൂന്യതയിൽനിന്നു മാടിവിളിച്ച വിശ്വശില്പിക്കു മൃഗത്തൊട്ടി മഞ്ചവും വൈക്കോൽ കിടക്കയും!
ശിശുവിനെപ്പറ്റി ദൈവദൂതൻ പറഞ്ഞവയെല്ലാം അജപാലകർ നേരിൽക്കണ്ടു വിശ്വസിച്ചു. അവയൊക്കെ നാടൊട്ടുക്കെ പ്രസിദ്ധമാക്കി; രക്ഷകനെ അവനിയിലേയ്ക്കയച്ച അഖിലേശനെ വാഴ്ത്തിപ്പാടി തിരികെപ്പോയി.
വിശ്വകലാകാരന്റെ വികലമായ (പാപംമൂലം) കരവേലയായ എന്നേയും നിങ്ങളേയും നഷ്ടപ്പെട്ട ദൈവിക സൗന്ദര്യവും തിരികെത്തന്ന് ഈശ്വരനുമായി സംയോജിപ്പിക്കാൻ ഇതാ ഒരു സ്വർണ്ണനൂൽ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നിരിക്കുന്നു. അതാണു ക്രിസ്മസ്. മനുഷ്യൻ മഹോന്നതന്റെ ദത്തുപുത്രനാകാൻ ദൈവപുത്രൻ മനുഷ്യനായിത്തീർന്നു. ഇതാണു മനുഷ്യാവതാരത്തിന്റെ അർത്ഥം.
മനുഷ്യനിലെ തകരാറു മാറ്റാൻ മഹേശ്വരൻ വിണ്ണു വിട്ടു മണ്ണിലേക്കു വരുന്നു. ബദ്ലഹമിന്റെ മുകളിലെ ആകാശപ്പരപ്പിൽ ഉജ്ജ്വലിക്കുന്ന ആ മോഹനതാരം സ്വർഗ്ഗീയപിതാവിന്റെ സ്നേഹത്തെ വിളംബരം ചെയ്യുന്ന കൊടിക്കൂറയാണ്. തന്റെ കപ്പലടുപ്പിച്ചു കരയ്ക്കിറങ്ങാൻ കർത്താവുകണ്ട സ്ഥലമാണ് ബത്ലഹം. ജീവിക്കുന്നതിനുവേണ്ടിയല്ല, മരിക്കുന്നതിനുവേണ്ടി, മരിക്കുന്നതിനുവേണ്ടി ലോകത്തിൽ വന്ന ഈശ്വര സുതൻ ദൈവികജീവന്റെ ആകെത്തുകയാണ്. നാം സ്നേഹിക്കാൻവേണ്ടി ജീവിക്കണമെന്നും പാപത്തിനു മരിക്കണമെന്നും പഠിപ്പിക്കാൻ അവിടുന്നു മനുഷ്യനായി അവതരിച്ചു.
ക്രിസ്മസ് ആശംസിക്കുന്ന സന്ദേശം, സമാധാനത്തിന്റെ സന്ദേശം, ഉദയം ചെയ്യണമെങ്കിൽ ഒന്നു ചെയ്യണം നാം. മറിയത്തിന്റെ മേനിയിൽ എന്തുചെയ്യുന്നതിന് അവൾ അഖിലേശനെ അനുവദിച്ചോ അതുപൊലെ നമ്മോടും വർത്തിക്കാൻ വിശ്വനാഥനെ അനുവദിക്കുക. നമ്മുടെ പ്രവർത്തനങ്ങളെല്ലാം ക്രിസ്തു നമ്മിൽ വസിക്കുന്നുവെന്ന അവബോധത്തോടെ ചെയ്യുക. പരിശുദ്ധ കുർബാന വഹിക്കുന്ന സജീവസിബോറിയവും അരുളിക്കയുമായിരുന്നു മറിയം.; സ്രഷ്ടാവിനു തന്റെ സൃഷ്ടിയെ സമീപിക്കാനുള്ള സ്വർഗ്ഗീയ കവാടം. ക്രിസ്തു അവളിൽ ശാരീരികമായി രൂപം കൊണ്ടതുപോലെ നമ്മിലും അവിടുന്ന് ആദ്ധ്യാത്മികമായി രൂപം കൊള്ളണം.