എട്ടാമദ്ധ്യായം
ഈശ്വരാന്വേഷണപരമായ നമ്മുടെ ഈ തീർത്ഥാടനത്തിൽ പലയിടത്തും നാം കണ്ട ഒരു വസ്തുതയുണ്ട്. ആദിമനുഷ്യന്റെ പാപത്തിനുശേഷം മഹേശ്വരൻ മനുഷ്യരോടുള്ള സ്നേഹത്താൽ പ്രേരിതനായി ഒരുദ്ധാരകനെ വാഗ്ദാനം ചെയ്തു.
‘തരുണിക്കും നിനക്കും പിൻ-
പിരുവർഗ്ഗത്തിലും ക്രമാൽ
പെരുകുന്നോർക്കുമന്യോന്യ-
മരുളും പകനാം സദാ.
ലലനാ തനയൻ നിന്റെ-
തലമണ്ട തകർത്തിടും
വലഞ്ഞു തൽപ്പദത്തിങ്കൽ-
ഖലനാം നീ കിടന്നുപോം’.
– കട്ടക്കയം
ഈ രക്ഷകന്റെ സമാഗമത്തിന് ഒരു ജനതയെ സർവേശ്വരൻ സാമോദം തിരഞ്ഞെടുത്തു. അവരുടെ പിതാവായീ നീതിമാനായ അബ്രാഹം അവരോധിക്കപ്പെട്ടു. ശിക്ഷിച്ചും രക്ഷിച്ചും ജഗദീശ്വരൻ അവരെ നയിച്ചു. സനാതന സത്യത്തിലേയ്ക്കവർക്കു കാഴ്ചയരുളാൻ പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നു. സീനാമലയിൽവച്ചു മോസസ് വഴി സ്നേഹശാസനങ്ങളും സമ്മാനിച്ചു. ഇപ്രകാരം ഈശ്വരന്റെ ഇഷ്ട ജനമായി ഇസ്രായേൽ ജനത വളർന്നു വന്നു. വിശ്വാസം, സ്നേഹം, ശരണം ഇവയൊക്കെ അവർക്കു കൈമുതലായുണ്ടായിരുന്നു, ബലഹീനതയാൽ പലപ്പോഴും പാളിപ്പോയിട്ടുണ്ടെങ്കിലും. ഈ വസ്തുതകളൊക്കെത്തന്നെ നമ്മുടെ വിചിന്തനത്തിനു വിധേയമായിക്കഴിഞ്ഞു.
അഖിലേശൻ അബ്രാഹത്തോടു ചെയ്ത വാഗ്ദാനം അന്തിമമായി പൂർണ്ണിമ പ്രാപിക്കുന്നതു മനുഷ്യ രക്ഷാർത്ഥം മഹേശൻ ലോകത്തിലേയ്ക്കയച്ച തന്റെ അരുമ സുതനിലാണ്. ആവിഷ്ക്കരണത്തിന്റെ സുപ്രഭയിൽ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ വി. യോഹന്നാൻ ‘വചനം’ എന്നു സംബോധന ചെയ്യുന്നു. അങ്ങനെ കാലങ്ങളുടെ തിരശീല വലിച്ചു നീക്കിയിട്ട്, ദൈവത്തിലുള്ള ക്രിസ്തുവിന്റെ നിത്യമായ അസ്തിത്വം സുവിശേഷകൻ നമുക്ക് എടുത്തു കാട്ടുന്നു.
അന്നു പകലോനും പാലൊളിച്ചന്ദ്രനും പ്രകാശം പരത്തിയിരുന്നില്ല. ആകാശ ഭൂമിപാതാളങ്ങളിൽ യാതൊരു ജീവിയും ചരിച്ചിരുന്നില്ല. മനുഷ്യാധാരങ്ങൾ പ്രാർത്ഥനകളുച്ചരിച്ചിരുന്നില്ല. ഈശ്വരസവിധേ ഒരു മാലാഖയും പരിശുദ്ധൻ, പരിശുദ്ധൻ എന്നു പാടിപ്പുകഴ്ത്തിയിരുന്നില്ല. എങ്കിലും നിത്യത്വത്തിന്റെ നീണ്ട നിശ്ശബ്ദതയിൽ ഈശ്വരസുതൻ ആനന്ദലീനനായ്ക്കഴിയുകയായിരുന്നു.
സോളമൻ വചനത്തിന്റെ നിത്യതയെ ചിത്രീകരിക്കുന്നതിപ്രകാരമാണ്: ‘ദൈവം തന്റെ വഴികളുടെ ആരംഭത്തിൽ യാതൊന്നും സൃഷ്ടിക്കുന്നതിനു മുമ്പ് എന്നെ സ്വായത്തമാക്കിയിരുന്നു. ഭൂമിയെ സൃഷ്ടിക്കുന്നതിനുമുമ്പേ, പണ്ടു പണ്ടേ അനാദിയിൽ ഞാൻ ക്രമപ്പെടുത്തപ്പെട്ടിരുന്നു. ആഴങ്ങൾ ഉണ്ടാകുന്നതിനുമുമ്പേ, നീരുറവകൾ പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പേ, ഗർഭത്തിൽ ഞാൻ സംവഹിക്കപ്പെട്ടിരുന്നു. പർവ്വതശ്രേണികളും കുന്നുംപുറങ്ങളും ഉണ്ടാവുന്നതിനുമുമ്പു ഞാൻ ജാതനായി….അവിടുന്നാകാശങ്ങൾ ക്രമപ്പെടുത്തിയപ്പോൾ ഞാനുണ്ടായിരുന്നു. സുനിശ്ചിതമായ നിയമം കൊണ്ട് ആഴങ്ങൾക്കതിർത്തി നിശ്ചയിച്ചപ്പോഴും…. ഭൂമിയുടെ അടിസ്ഥാനം ഉറപ്പിച്ച സന്ദർഭത്തിലും എല്ലാം ക്രമീകരിച്ചുകൊണ്ടു ഞാൻ അവനോടുകൂടെ ഉണ്ടായിരുന്നു. സദാ അവിടുത്തെ സമക്ഷം കളിച്ചാനന്ദിച്ചിരുന്നു’ (സുഭ 8:2230). അതെ, ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവമായിരുന്നു.
ഇപ്രകാരം മനുഷ്യമനീഷ മനനം ചെയ്തിട്ടുള്ളതിലേറ്റം മഹനീയപദങ്ങളിൽ സെന്റ് ജോൺ ദൈവസുതനെ അവതരിപ്പിക്കുന്നു. ആ ദിവ്യവചസ്സിലൂടെയാണ് അഖിലേശ്വരൻ ഈ വിശ്വാസത്തെ ഉണ്മയിലേയ്ക്ക് വിളിച്ചത്. അധഃപതിച്ച മാനവതയെ കൈകൊടുത്തു കരേറ്റാൻ പ്രസ്തുത വചനം മാംസം ധരിച്ചതാണ് മാനവചരിത്രത്തിലെ ഏറ്റം ഏറ്റം മഹത്തായ സംഭവം. ഈ മഹാസംഭവത്തെക്കുറിച്ച് നൂറ്റാണ്ടുകൾക്കു മുമ്പുതൊട്ടുതന്നെ ദൈവനിവേശിതരായ യഹൂദ യതിവർയ്യന്മാർ വളരെയേറെ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. അവയെ ദിങ്മാത്രമായെങ്കിലും പരാമർശിക്കുക ആവശ്യമത്രേ.
ക്രിസ്തുഭഗവാൻ പെസഹാരഹസ്യത്തിലൂടെ തന്റെ ദൈവത്വം അനിഷേധ്യമാംവിധം തെളിയിച്ചിട്ടുണ്ട്. എങ്കിലും അങ്ങയെക്കുറിച്ചുള്ള പ്രവചനങ്ങളും അവയുടെ പൂർത്തീകരണവും മാനുഷ്യകത്തിന്റെ മുക്തിക്കും ആശ്വാസത്തിനുംവേണ്ടിയുള്ള ഈശ്വരന്റെ അത്ഭുതകരമായ പരിപാടിസുതരാം പ്രസ്പഷ്ടമാക്കാൻ സഹായകമാണ്. പഴയനിയമത്തിന്റേയും പുതിയ നിയമത്തിന്റേയും അച്ചുതണ്ട് ക്രിസ്തുവാണെന്ന സത്യം അവ സ്പഷ്ടമാക്കുന്നു. ഉദിച്ചുയരുന്ന സൂര്യകിരണങ്ങൾ ഹിമാവൃതമായ ഗിരിശൃംഗങ്ങളും പൊട്ടിച്ചിരിക്കുന്ന കാട്ടാറുകളും ഒലിച്ചൊഴുകുന്ന നീർച്ചാലുകളും ശോഭായമാനമാക്കുന്നതുപോലെ, മധ്യാഹ്ന സൂര്യന്റെ പ്രകാശധോരണി ആഴിപ്പരപ്പിലും തീരനിലത്തിലും ദുർഘട പ്രദേശങ്ങളിലും നിപതിച്ച് അവയെ പ്രകാശിപ്പിക്കുന്നതു പോലെ, രക്ഷകനെ സംബന്ധിച്ച പ്രവചനങ്ങൾ അനുക്രമം അവിടുത്തെ വ്യക്തിത്വത്തിനു തെളിവും മിഴിവും ശോഭയും നല്കുന്നു.
അബ്രാഹത്തിന്റെ പൗത്രനായ യാക്കോബ് ഒരു സ്വപ്നം കണ്ടു: ആകാശഭൂമികളെ ബന്ധിപ്പിക്കുന്നൊരു ഗോവണി. ആ ഗോവണിമേൽ നിന്നുകൊണ്ട് യാവേ തന്റെ പിതാവിനോടും പിതാമഹനോടും ചെയ്ത വാഗ്ദാനങ്ങൾ ആവർത്തിക്കുന്നു: നിന്റെ പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഈശ്വരനായ യാവേയാണു ഞാൻ. നീ ശയിക്കുന്ന ഈ ഭൂമി നിനക്കും നിന്റെ സന്തതികൾക്കുമായി ഞാൻ സമ്മാനിക്കും. അവർ ധരയിലെ ധൂളിപോലെയാകും……നീയും നിന്റെ സന്തതിയുംവഴി ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. യാക്കോബിന്റെ ഗോത്രത്തിൽ രക്ഷകൻ അവതരിക്കും എന്നാണല്ലോ ഈ പ്രവചനം പ്രസ്പഷ്ടമാക്കുക.
രക്ഷകനു രാജാവെന്ന സ്ഥാനബഹുമതി പ്രവചിച്ചതു യാക്കോബുതന്നെയാണ്. ബാലാം പ്രസ്തുത പ്രവചനത്തെ ആവർത്തിക്കുന്നുമുണ്ട്. ‘യാക്കോബിൽ നിന്നൊരു നക്ഷത്രം ഉദിക്കും. ഇസ്രായേലിൽ നിന്നൊരു രാജചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും സേത്തിന്റെ സുതരെയെല്ലാം സംഹരിക്കുകയും ചെയ്യും’.
പ്രവചനങ്ങളുടെ പ്രഥമഘട്ടം സമാപിച്ചതു മോസസാണ്. രക്ഷകന്റെ സ്വഭാവവും വംശവും സുസ്പഷ്ടവും ദൃശ്യമായി. മോസസ് ഈശോയ്ക്ക് നവ്യസവിശേഷതകൾ നല്കുന്നു. ക്രിസ്തു നിയമദാതാവായിരിക്കും; മദ്ധ്യസ്ഥനും പ്രവാചകനുമായിരിക്കും. ദാവീദു രാജാവിന്റെ വീണാനാദം നമ്മെ ഉദ്ബോധിപ്പിക്കുന്നു. മിശിഹാ മഹിപതിമാത്രമല്ല പുരോഹിതൻകൂടിയാണെന്ന്. അങ്ങ് പുരോഹിതനും ബലിവസ്തുവും ആയിരിക്കും: എന്റെ ദൈവമായ യാവേ, നീ ചെയ്ത അത്ഭുപ്രവൃത്തികളും ഞങ്ങൾക്കുവേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു. നിന്നോടു സമനായാരുമില്ല….ഹനനയാഗവും ഭോജനയാഗവും നീ കാംക്ഷിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ ഞാൻ വരുന്നു! പുസ്തകചുരുളിൽ എന്നെപ്പരാമർശിച്ചെഴുതിയിരിക്കുന്നു: എന്റെ ദൈവമേ നിന്റെ ഇഷ്ടം ചെയ്യാൻ ഞാനാഗ്രഹിക്കുന്നു. നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിലിരിക്കുന്നു’.
ഇരുപത്തിയൊന്നാം സങ്കീർത്തനം ക്രിസ്തുവിന്റെ പീഢാനുഭവങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനമെന്നതിലേറെ ഒരു ദൃക്സാക്ഷിവിവരണം പോലെയാണനുഭവപ്പെടുക. അതിലെ ആദ്യവാചകം അക്ഷരശഃ കുരിശിൽ കിടന്നുകൊണ്ടു ക്രിസ്തു വിളിച്ചു പറഞ്ഞു (മത്താ27:46; മർക്കോ. 15:34). മഹാപരാധിയായിരുന്ന ബറാബാസിനേക്കാൾ നികൃഷ്ടനായിത്തള്ളപ്പെട്ട്, മുഖമാകെ തുപ്പലിൽ കുതിർന്ന്, മുൾക്കിരീടവും ചൂടി, അവഹേളനയുടെ പര്യായമായി, തസ്കരപ്രമാണികളുടെ മദ്ധ്യേ, അവമാനത്തിന്റെ പ്രതീകമായ കുരിശിൽക്കിടന്നു പുളയുന്ന ക്രിസ്തുവിനേ പറയാൻ കഴിയൂ ‘ഞാൻ പുഴുവാകുന്നു. മനുഷ്യനല്ല. മനുഷ്യരുടെ പരിഹാസവിഷയവും ജനത്തിന്റെ ആക്ഷേപവുമാണ്’ എന്ന്. ചമ്മട്ടികളാൽ കായമാകെ ചതഞ്ഞു കീറി ചെഞ്ചോര മുഴുവൻ ചിന്തിയപ്പോൾ ‘ജലംപോലെ ഞാൻ ചീന്തപ്പെട്ടു. എന്റെ അസ്ഥികളെല്ലാം വേർപെട്ടു’ എന്ന പ്രവചനം പൂർത്തിയായി. എന്റെ കൈകളും കാലുകളും അവർ തുളച്ചു എന്നു ക്രിസ്തുവിനെപ്പോലെ വാസ്തവികമായി മറ്റൊരു പ്രവാചകനും പറയാനാവില്ല. ‘എന്റെ വസ്ത്രങ്ങളവർ ഭാഗിച്ചെടുത്തു. എന്റെ അങ്കി അവർ ചിട്ടിയിട്ടു’ എന്ന വാക്യം എത്ര കണിശമായി ക്രിസ്തുവിൽ നിറവേറിയെന്നു കാണുമ്പോൾ നാം വിസ്മയഭരിതരായിപ്പോവുന്നു.
മിശിഹോന്മുഖ പ്രവചനങ്ങളെല്ലാംതന്നെ മഹത്വത്തെ സൂചിപ്പിക്കുന്നവയാണ്. ആ സ്ഥിതിക്കു മേൽപ്രസ്താവിച്ച പ്രവചനം രക്ഷകനെപ്പറ്റിയാണെന്നു ചിന്തിക്കുകപോലും സാദ്ധ്യമായിരുന്നില്ല യഹൂദർക്ക്. സർവമഹിമപ്രതാപങ്ങളോടെ എഴുന്നള്ളുന്ന സാർവഭൗമനായ മിശിഹായെയാണു സഹസ്രാബ്ദങ്ങളിലൂടെ അവർ പാർത്തിരുന്നത്. വേദനയുടെ തീച്ചൂളയിൽ വെന്തു പൊരിയുന്ന ഒരു രക്ഷകൻ അചിന്ത്യനാണവർക്ക്.
യഹൂദർക്കു സദൃശ്യരായവർ ഈ ഇരുപതാം നൂറ്റാണ്ടിലുമുണ്ട്. കുരിശു കുഴിച്ചുമൂടുന്ന ക്രിസ്തുവിനെയാണ് അവർക്കുവേണ്ടത്. കുരിശുവഹിക്കാത്ത രക്ഷകനെ അനുധാവനം ചെയ്യാനാണ് അവർ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ലജ്ജാവഹമായ ഒളിച്ചോട്ടം! ലോകം ഇന്നാദ്യമായിട്ടാണ് ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നോടി മറയാൻ വെമ്പൽകൊള്ളുന്ന ഇത്രയധികം ജനവിഭാഗങ്ങളെ ഒരുമിച്ചു കാണുക. മദ്യപാനംവഴി മനസാക്ഷിയിൽ നിന്നോടിമറയുന്നു ചിലർ. മറ്റു ചിലർ മതനിഷ്പക്ഷയുടെ മറപിടിച്ചു ധാർമ്മികമൂല്യങ്ങൾ കളഞ്ഞുകുളിക്കുന്നു. ഇനിയുമൊരുകൂട്ടർ ഉത്തരവാദിത്വങ്ങളെ അവഗണിച്ച് അവയിൽനിന്നു മുക്തിനേടാൻ പരിശ്രമിക്കുന്നു. നിരാശയുടെ നിദർശനങ്ങളാണിവയെല്ലാം. അവരൊക്കെ വരുത്തിവയ്ക്കുന്നതോ മാനസികവും വികാരപരവും ധാർമ്മികവുമായ അധഃപതനം.
ഇവയ്ക്കൊക്കെ പ്രതിവിധി വിശ്വം ദർശിച്ചിട്ടുള്ളതിലേറെ തമോമയമായ ആ ദിനത്തിലേയ്ക്ക്-കാൽവരിയിൽ മനുഷ്യൻ പ്രവർത്തിച്ച അധർമ്മത്തിന്റെമേൽ തന്റെ പ്രകാശക്കതിരുകൾ പരത്താൻ സൂര്യൻപോലും ലജ്ജിതനായ ആ ദിവസത്തിലേയ്ക്ക്- തിരിഞ്ഞുപോകുകയാണ്. ലോകം മുഴുവൻ കടുത്ത അന്ധകാരത്തിലമർന്നപ്പോൾ കറുത്ത ചക്രവാളത്തിനെതിരെ മൂന്നു കുരിശുകൾ ഉയർന്നുനിന്നില്ലേ? അവയിൽ മദ്ധ്യത്തിലെ കുരിശ് അധഃപതിച്ച മാനവതയുടെ മുക്തിയാണ്.
ഇനി ആരും നിരാശതയുടെ നീരാഴത്തിൽകിടന്നു പിടയേണ്ടതില്ല. അന്ധകാരാവൃതമായ ആ നട്ടുച്ച സമയത്ത് കാൽവരിയുടെ ഉച്ചിയിൽ വേദനയുടെ നടുവിൽക്കിടന്നു പിടഞ്ഞ ക്രിസ്തുവിനെപ്പോലെയും, സഹനത്തിന്റെ താഴ്വരയിലൂടെ സൗഭാഗ്യസോപാനത്തെ ഉന്നിയ മറിയത്തെപ്പോലെയും നമ്മുടെ ജീവിതത്തോപ്പിൽ നിരാശതകൾ നാമ്പെടുക്കുമ്പോൾ നാം ഈശ്വരനിലും അവിടുത്തെ അനന്തകാരുണ്യത്തിലും അതിന്റെ വിജയത്തിലും വിശ്വസിക്കണം. ‘അദ്ധ്വാനിച്ചും ഭാരം വഹിച്ചും വലയുന്നവരേ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം’ (മത്താ.11:28) എന്ന ആ ദിവ്യസ്നേഹിതന്റെ ആഹ്വാനം അന്തരീക്ഷത്തിൽ സദാ മുഴുങ്ങുന്നുണ്ട്. ബന്ധിക്കപ്പെട്ട സ്നേഹമാകുന്ന റേഡിയോ ഉണ്ടെങ്കിൽ ഈശ്വരന്റെ ശബ്ദതരംഗങ്ങൾ പിടിച്ചെടുക്കാൻ കഴിയും നിങ്ങൾക്ക്.
നമ്മുടെ ജീവിതത്തെ ഭരിക്കാൻ രണ്ടു തത്ത്വശാസ്ത്രങ്ങൾ മാത്രമാണു ലോകത്തിലുള്ളത്. ഒന്നു കുരിശിന്റെ തത്വശാസ്ത്രം. അതിന്റെ പ്രഭവം ഉപവാസത്തിലും അന്ത്യം ആനന്ദ നിർവൃതിയിലും. സാത്താൻ സിദ്ധാന്തമാണ് മറ്റേത്. സന്തോഷത്തിലാരംഭിച്ചു തലവേദനയിലവസാനിക്കുമത്. കുരിശിന്റെ അഭാവത്തിൽ ഒഴിഞ്ഞ ശവക്കല്ലറ ഉണ്ടാകുമായിരുന്നില്ല. അന്ധകാരത്തിന്റെ യാഥാർത്ഥ്യം അറിയാത്തവനു പ്രകാശത്തിന്റെ പ്രശാന്തത മനസ്സിലാവുകയില്ല. ദുഃഖവെള്ളിയാഴ്ചയില്ലെങ്കിൽ ഉയിർപ്പു ഞായറാഴ്ചയുമില്ല.
ഈ ശാഖാചംക്രമണം ഇവിടെ അവസാനിക്കട്ടെ ഇനി പ്രവചനങ്ങളുമായിത്തുടരാം. പ്രവചനത്തിന്റെ പ്രഭാതം കടന്നുപോയി. മദ്ധ്യാഹ്ന കിരണങ്ങൾ പ്രോജ്വലിച്ചു തുടങ്ങി. രക്ഷകന്റെ ജീവിതാനുഭവങ്ങളിലേയ്ക്കു പ്രഗത്ഭമായ പ്രഭാപ്രസരം പ്രവേശിക്കുന്നു. സന്തോഷത്തിന്റെയും സംതൃപ്തിയുടേയും സമയം സമാഗതമാവുന്നു. ഈശ്വരാവതാരത്തിന് ഇനി കേവലം ഒൻപതു നൂറ്റാണ്ടുകൾമാത്രം. മെസയായെക്കുറിച്ചു പ്രവചിച്ചവരിൽ പ്രവീണൻ രംഗപ്രവേശം ചെയ്യുന്നു. അവിടുത്തെ ജനനസ്ഥലം, സമയം ചുറ്റുപാടുകൾ എല്ലാം രേഖപ്പെടുത്തപ്പെടുന്നു.
ബേത്ലഹം ആണ് രക്ഷകന്റെ അവതാരത്താൽ അനുഗ്രഹീതമാവാൻ പോവുന്നത്. അതിനെ സംബന്ധിച്ച് ഏശായുടെ സമകാലികനായ മിഖയാസ് പ്രഘോഷിക്കുന്നു! ‘യൂദയായുടെ രാജ്യമായ ബേത്ലഹമേ, നീയും യഹൂദപ്രഭുക്കന്മാരിൽ അത്ര ചെറുതല്ല. കാരണം, നിന്നിൽ നിന്നൊരു നേതാവു ജനിക്കും: അദ്ദേഹം എന്റെ ഇസ്രായേലിനെ ഭരിക്കും'(5:2).
മെസയായുടെ അവതാരനിമിഷം കൃത്യമായി അറിയിക്കുന്നുണ്ട് ദാനിയേൽ പ്രവാചകൻ (ദാനി 9:24). രക്ഷകന്റെ അവതാരം, വിജയങ്ങൾ, ദുഃഖങ്ങൾ ഇവയൊക്കെ സുഷമാവിശേഷതയോടെ ഏശായാ കുറിച്ചുവച്ചിരിക്കുന്നു. ‘കണ്ടാലും ഒരു കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൾ ആ ശിശുവിനെ ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള അമ്മനുഎൽ എന്നഭിധാനം ചെയ്യും'(7:14). രക്ഷകന്റെ വ്യക്തിവിശേഷങ്ങളെ അദ്ദേഹം വ്യക്തമാക്കുന്നതിപ്രകാരമാണ്: ‘നമുക്കൊരു കുഞ്ഞു ജനിച്ചിരിക്കുന്നു. ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു. അവൻ ഭരിക്കും. വിസ്മയാഃ വഹനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, വരാനിരിക്കുന്ന ലോകത്തിന്റെ വിധാതാവ്, സമാധാന രാജൻ എന്നൊക്കെ വിളിക്കപ്പെടും. അനന്തമാണവിടുത്തെ ആധിപത്യവും സമാധാനവും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നേയ്ക്കും അവൻ നീതിന്യായങ്ങളോടെ ആധിപത്യം സ്ഥാപിച്ചു നിലനിർത്തും. സൈന്യങ്ങളുടെ കർത്താവായ ദൈവത്തിന്റെ തീക്ഷ്ണതയാണിതു നിവർത്തിക്കുക'(6.6,7).
ജനതകളുടെയെല്ലാം മുക്തിയുടെ അച്ചാരമാണവിടുന്ന്. അന്ധകാരത്തിൽ ആവസിക്കുന്നവർ കണ്ട പ്രകാശവും മൃത്യുവിന്റെ നിഴലിലായിരുന്നവർക്കുദിച്ച ദീപവും അവിടുന്നുതന്നെ (9:2). പ്രവാചകന്റെ ഉൾക്കളം തിങ്ങിത്തുളുമ്പുന്ന ആനന്ദത്തികവിന്റെ ആർത്തുവിളികളാണിവയൊക്കെ.
ദിവ്യരക്ഷകനെക്കുറിച്ചുള്ള ദീർഘദർശനങ്ങളെ വിശദീകരിച്ചെഴുതിയ ബൃഹത്തായ ഗ്രന്ഥങ്ങൾ തന്നെ ഏറെയുണ്ട്. പ്രവചനങ്ങൾമാത്രമെടുത്താലും നാം ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങൾ വളരെ പരിമിതങ്ങളാണ്. ഇവയ്ക്കു പുറമേ എത്രയെത്ര പ്രവചനങ്ങളുണ്ട് ബൈബിളിൽ. വിസ്താരഭയത്താൽ അവയൊക്കെ വിട്ടുകളയുന്നു.
വിശ്വചരിത്രത്തിലെ ഒരത്ഭുത പ്രതിഭാസമാണത്. രക്ഷകനെക്കുറിച്ചു കാലേക്കൂട്ടി പറഞ്ഞിട്ടുള്ളതുപോലെ മനുഷ്യവർഗ്ഗത്തിൽ ഇത്ര കൃത്യമായും വ്യക്തമായും യാതൊരു സംഭവത്തെക്കുറിച്ചും പ്രവചിച്ചിട്ടില്ലതന്നെ. മിശിഹോന്മുഖ പ്രവചനങ്ങൾ! ആ ചരിത്ര സത്യത്തിലേയ്ക്കൊന്നു ചുഴിഞ്ഞിറങ്ങൂ. ഒരു സമുദായം സമൂലം വർഷങ്ങളായി ഒരു വ്യക്തിയെ ഉറ്റുനോക്കികൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ പ്രകീർത്തിക്കുന്നു. ആ ജീവിതത്തിന്റെ ഓരോവശവും വിശദീകരിക്കപ്പെടുന്നു. അവിടുത്തെ വാക്കുകൾകൂടി ഉദ്ധരിക്കപ്പെടുന്നു! ഒരു മഹദ്വ്യക്തിയുടെ സന്തതസഹചാരികൾ ഒരുമിച്ചുകൂടിയിരുന്നാലോചിച്ചെഴുതിയാലെന്നപോലെ അത്ര കൃത്യമായിത്തന്നെ മിശിഹാ പിറക്കുന്നതിനു പരസഹസ്രം വർഷങ്ങൾക്കു മുമ്പ്, വിവിധ കാലങ്ങളിലും സാഹചര്യങ്ങളിലും ജീവിച്ചിരുന്ന ദീർഘദർശികൾ രക്ഷകന്റെ ജീവചരിത്രം രചിച്ചുവച്ചിരിക്കുന്നു. ഇതിലെന്തോ അതിസ്വാഭാവികതയുണ്ട്. ദൈവികപ്രമാണി പ്രതിഭാസം.