കതകു തുറന്നിടുക

Fr Joseph Vattakalam
2 Min Read

ക്രൈസ്തവന്റെ ഒരു പ്രധാനപ്പെട്ട കടമ കതകു തുറക്കുക എന്നതാണ്. ക്രിസ്മസിനോട് അനുബന്ധമായ ചിന്തയാണോ ഇതെന്നു പോലും അനുവാചകർക്ക് സംശയം തോന്നാം. പക്ഷെ, അതെ. ഉണീശോയ്ക്കു പിറക്കാൻ ഒരു ഇടം തേടി മാതാവും ഔസേപ്പിതാവും എത്രയോ ഭവനങ്ങളുടെ കതകുകളിൽ മുട്ടി. സത്രങ്ങളുടെ കതകുകളിലും മുട്ടി. സൃഷ്ട്ടി, രക്ഷ, പരിപാലനകളുടെ കർത്താവിനു, തന്റെ രക്ഷണീയ ദൗത്യം നിർവഹിക്കുന്നതിന് പിറക്കാൻ ഒരിടത്തും ഇടം കിട്ടിയില്ലയെന്നത് വിചിത്രമായ വിരോധാഭാസം തന്നെ! സംശയിക്കേണ്ട, ദൈവഹിതം തന്നെ. മനുഷ്യൻ തിരസ്ക്കരിച്ചു. “അവിടുന്ന് സ്വജനത്തിന്റെ അടുത്തേയ്ക്കു വന്നു. എന്നാൽ, അവർ അവിടുത്തെ സ്വീകരിച്ചില്ല” “അവർ അവിടുത്തെ അറിഞ്ഞില്ല” എന്ന് തിരുവചനം (യോഹ. 1:11,10).

ഉപഭോഗ സംസ്കാരം കച്ചവട സംസ്കാരത്തിന്റെ ഭാഗമായി കോടിക്കണക്കിനു പുൽക്കൂടുകൾ, നക്ഷത്രങ്ങൾ, വിവിധതരം പൂത്തിരികൾ ഒക്കെ ഇതിനകം സംലഭ്യമായിക്കഴിഞ്ഞിരിക്കുന്നു. എന്റെയും നിങ്ങളുടെയും ഹൃദയങ്ങളിലല്ലേ നമ്മുടെ ദിവ്യരക്ഷകൻ പിറക്കേണ്ടത്. പരമപരിശുദ്ധി തന്നെയായ അവിടുത്തേക്ക് വിശുദ്ധിയുള്ള ഹൃദയങ്ങളിലേ പിറക്കാനാവു. ആയിരമായിരം പുൽകൂടുകളിൽ ഉണ്ണി പിറന്നാലും എന്റെ ഹൃദയത്തിൽ അവൻ പിറക്കുന്നില്ലെങ്കിൽ എനിക്കെന്തു പ്രയോജനം?

യോഹന്നാന്റെ വെളിപാട് 3:20 ഒരു പ്രാവശ്യമെങ്കിലും കേൾക്കാത്ത ഒരു ക്രൈസ്തവനും കാണുകയില്ല. “ഇതാ ഞാൻ വാതിലിൽ (ഹൃദയകവാടത്തിൽ) മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേയ്ക്കു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും.”

ദൈവം നമ്മിൽ വസിക്കുന്നതിനു ആവശ്യം ചെയ്യേണ്ടതെന്താണെന്നു യോഹന്നാൻ ശ്ലീഹ വ്യക്തമാക്കുന്ന കാര്യങ്ങൾ ശ്രദിക്കുക. “അവന്റെ കല്പനകൾ പാലിക്കുന്ന ഏവനും അവനിൽ (ഈശോയിൽ) വസിക്കുന്നു. അവൻ കല്പനകൾ പാലിക്കുന്നവനിലും” (യോഹ. 3:24). ദൈവസ്നേഹത്തിന്റെ അവശ്യ അനുച്ഛേദമല്ലോ സഹോദര സ്നേഹം. അതുകൊണ്ടു ശ്ലീഹ വ്യക്തമാക്കുന്നു: “നാം പരസ്പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും” (4:12).

പ്രകാശമായ ദൈവത്തിൽ നാമും അവിടുന്ന് നമ്മിലും വസിക്കണമെങ്കിൽ നാം നമ്മുടെ പാപങ്ങളെക്കുറിച്ചു അനുതപിച്ചു ഏറ്റുപറയണം (കുമ്പസാരിക്കണം). ഇത് നോമ്പിന്റെ ആരംഭത്തിൽത്തന്നെ ചെയ്താൽ അവിടുന്ന് നമ്മോടു ക്ഷമിച്ചു നമ്മെ വിശുദ്ധീകരിക്കും (cfr. 1 യോഹ. 5-9).

കതകു തുറക്കുക എന്ന് പറയുന്നത് ഇത് തന്നെയല്ലേ? അപ്പോൾ നാം കതകു തുറക്കേണ്ടത് ഒന്നാമതായി ദൈവത്തിന്, പിന്നെ സഹോദരങ്ങൾക്ക് -മാതാപിതാക്കൾ, മക്കൾ, ജീവിതപങ്കാളി, സഹോദരങ്ങൾ, അയൽക്കാർ, രോഗികൾ, പീഡിതർ, ദരിദ്രർ (പലതരം ദാരിദ്ര്യം), പരിത്യക്തർ, മനസികവ്യഥ അനുഭവിക്കുന്നവർ, നിരാശർ, വേദനപ്പിച്ചവർ, വേദനിപ്പിക്കുന്നവർ, ദ്വെഷിക്കുന്നവർ, അപവാദം പറയുന്നവർ, മനഃപൂർവം ദ്രോഹിക്കുന്നവർ, സത്പേരിനു കളങ്കം ചാർത്തുന്നവർ (ക്ഷമിച്ചു സ്നേഹിക്കേണ്ടവർ) …….

Share This Article
error: Content is protected !!