പുഴയോരത്തു അധികം ആഴമില്ലാത്തിടത്തായിരുന്നു അമ്മമീനും കുഞ്ഞുങ്ങളും കഴിഞ്ഞിരുന്നത്. എന്നാൽ വെള്ളം കൂടുതൽ ഉള്ളിടത്തിറങ്ങി തത്തിക്കളിക്കാൻ കുഞ്ഞുമത്സ്യങ്ങൾക്കു വല്ലാത്ത രസം. ഒരു ദിവസം അമ്മമത്സ്യം പറഞ്ഞു:
‘ഇവിടെ നിന്ന് ആഴമുള്ളിടത്തേക്കിറങ്ങി നീന്തികളിക്കരുതെ. മറ്റു മീനുകളോ നീർകോലിയോ കണ്ടാൽ അവർ നിങ്ങളെ പിടിച്ചു തിനും. സൂക്ഷിക്കണം.’
എന്നാൽ വികൃതികളായ ചില കുഞ്ഞുമീനുകൾ അമ്മയുടെ വാക്കുകൾ ഗൗനിച്ചില്ല. നീന്തിയും തുള്ളികളിച്ചും അവർ പുഴയിലൂടെ കളിച്ചുനടന്നു. പുഴവക്കിലെ പാറകൾക്കിടയിൽ ഒളിച്ചു പാർത്തിരുന്ന നീർക്കോലി അവയെ കാണേണ്ട താമസം, തുള്ളികളിച്ചു അടുത്തെത്തുന്ന മീനുകളെ അവൻ പിടിച്ചുതിന്നു. അമ്മയെ അനുസരിക്കാതിരുന്ന കുഞ്ഞുമത്സ്യങ്ങൾക്കു പറ്റിയ അപകടം വലുതായിരുന്നു.
പ്രിയ കുഞ്ഞുങ്ങളെ, നമുക്കും അതിരുകളുണ്ട്. സംരക്ഷണത്തിന്റെ സീമകളുണ്ട്. അവയ്ക്കു വെളിയിൽ നീർക്കോലിയെ പോലെ സാത്താൻ കെണികളൊരുക്കി കാത്തിരിപ്പുണ്ട്. കുഞ്ഞുമത്സ്യങ്ങളെപോലെ അറിവില്ലാതെ പല കുട്ടികളും അവന്റെ കെണിയിൽ പെടാറുണ്ട്. അതുകൊണ്ടാണ് സ്നേഹപിതാവായ ദൈവം നമ്മെ ദൈവകല്പനകളുടെ പരിധികൾക്കുളിൽ കാത്തുസംരക്ഷിക്കാൻ ആഗ്രഹിക്കുന്നത്. മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയുക എന്നത് ദൈവകല്പനയാണ്. എന്നാൽ വഞ്ചകനായ സാത്താൻ നമ്മോടു പറയും, അതൊന്നും കാര്യമാക്കരുതെ, ഇങ്ങനെയൊക്കെ തുളിച്ചാടി ഓടിനടന്നാൽ മതി.
അനുസരണത്തിനു ജീവനേക്കാൾ വിലയുണ്ടെന്ന് മറക്കരുതെ. നമ്മൾ അനുസരിക്കാതെ സാത്താന്റെ കെണിയിൽപെട്ടതുകൊണ്ടാണല്ലോ ഈശോയ്ക്കു തന്നെത്തന്നെ നമുക്കായി ബലിയർപ്പിക്കേണ്ടിവന്നത്. കാൽവരിയിലെ തിരുകുരിശിൽ അതിദയനീയമായി പിടഞ്ഞു മരിക്കേണ്ടിവന്നത്. അനുസരണം ബലിയെക്കാൾ ശ്രേഷ്ട്ടമാണെന്നു (1 സാമു 15:22) സാമുവേൽ പ്രവാചകനിലൂടെ ദൈവം നമ്മോടു പറഞ്ഞിട്ടില്ലേ?
കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു നോബിൾ. ഒരു അവധി ദിവസം കൂട്ടുകാരുടെകൂടെ അവൻ കടൽത്തീരത്തേയ്ക്കു പോയി. നീന്തലറിയാത്ത അവൻ കൂട്ടുകാരെല്ലാം തിരമകാളകൾക്കിടയിലൂടെ ഓടിക്കളിക്കുന്ന കണ്ടു തീർത്തിരുന്നു. അതുകണ്ടു കൂട്ടുകാരിൽ ചില്ലറ അവനെ കളിയാക്കി.
‘എടാ, പേടിച്ചിരിക്കാതെ കടലിൽ ഇറങ്ങി കുളിക്കാൻ നോക്ക്.’
അവൻ അവരുടെ നിർബന്ധത്തിനു വഴങ്ങി. കുളിക്കാനായി വസ്ത്രം മാറുമ്പോൾ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോബിൾ പപ്പയെ വിളിച്ചു സന്തോഷത്തോടെ പറഞ്ഞു.
‘പപ്പാ, ഞാനിവിടെ കൂട്ടുകാരോടൊപ്പം കടൽത്തീരത്താണിപ്പോൾ’. ഏതോ അപകടം മുന്നിൽ കണ്ടിട്ടെന്നപോലെ പപ്പാ അവനോടു പറഞ്ഞു ‘മോനെ നീ കടലിൽ ഇറങ്ങരുതെ, നിനക്ക് നീന്തലറിയില്ല.’
എന്നാൽ അതിനു മറുപടിപോലും പറയാതെ അവൻ ഫോൺ ഓഫാക്കി കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി. നീന്തലറിയുന്ന കൂട്ടുകാരെപോലെ തിരമാലകൾക്കിടയിൽ അവനു പിടിച്ചു നിൽക്കാനായില്ല. കാലുതെറ്റി തിരമാലകൾക്കൊപ്പം അവൻ ഒഴുകിപോയി. കൂട്ടുകാർക്കൊന്നും അവനെ രക്ഷപെടുത്താനായില്ല.
പിറ്റേ ദിവസം വീട്ടിൽ കൊണ്ടുവന്ന അവന്റെ ജീവനറ്റ ശരീരത്തിൽ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് അവന്റെ പപ്പാ വിലപിച്ചു.
‘പൊന്നു മോനെ, നിന്നോട് കടലിൽ ഇറങ്ങരുതെന്നു ഞാൻ പറഞ്ഞതല്ലെ. എന്തുകൊണ്ട് നീയെന്നെ അനുസരിച്ചില്ല….?’
ചുറ്റുംനിന്ന അവന്റെ കൂട്ടുകാർ അതുകേട്ടു വിതുമ്പി കരഞ്ഞു.
പ്രിയ കുഞ്ഞുങ്ങളെ, യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണ് അനുസരണമെന്നു നിങ്ങൾ ഓർത്തിരിക്കണം. അതുകൊണ്ടാണ് ഈശോ നമ്മോടു ഇപ്രകാരം അരുളിച്ചെയ്തതു:
‘നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കൽപ്പന പാലിക്കും.’ (യോഹ. 14:15)