“ദൈവമേ അവിടുത്തെ തിരുവിഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു” (ഹെബ്രാ. 10 :7 ) സുഖ, ദുഃഖ, സന്തോഷ, സന്താപ, സമ്പത്, ദാരിദ്ര്യങ്ങളിലെല്ലാം നമ്മുടെ മനസ്സിൽ ഓടിവരേണ്ടതും , അനുനിമിഷം ഏറ്റുപറഞ്ഞു നമുക്കും മറ്റുള്ളവർക്കും എപ്പോഴും ദൈവഹിതം നിറവേറ്റാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം
നമ്മുടെ ശ്വാസം നിൽക്കുന്നതുവരെ നമ്മുക്കുണ്ടായിരിക്കേണ്ട മനോഭാവം സങ്കീർത്തകൻ കിറുകൃത്യം രേഖപ്പെടുത്തുന്നു,
അങ്ങാണ് എന്റെ രക്ഷാകേന്ദ്രം;
ശത്രുക്കൾക്കെതിരെയുള്ള സുശക്തമായ ഗോപുരം.
ഞാൻ അങ്ങയുടെ കൂടാരത്തിൽ എന്നേക്കും വസിക്കട്ടെ
അങ്ങയുടെ ചിറകിൻകീഴിൽ ഞാൻ സുരക്ഷിതനായിരിക്കട്ടെ (സങ്കീ.61:3)
ഏതു സാഹചര്യത്തിലും സർവ്വശക്തൻ നമ്മുടെ സുശക്തഗോപുരമാണെന്നത് വിശ്വാസിക്ക് ഉറപ്പാണ്, ഉറപ്പായിരിക്കണം.
പരാജയങ്ങളിൽപ്പോലും ദൈവത്തിന്റെ മുഖം തേടി വന്നവനാണല്ലോ മോശ . അവൻ കർത്താവിനോടു പറയുന്നു: ” ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോട് പറയുന്നു. എന്നാൽ, ആരെയായാണ് എന്റെ കൂടെ അയയ്കുക എന്ന് അറിയിച്ചിട്ടില്ല.. അങ്ങ് എന്നിൽ സംപ്രീതനെങ്കിൽ അങ്ങയുടെ വഴികൾ എനിക്ക് കാണിച്ചുതരുക… കർത്താവ് അവനു നൽകുന്ന മറുപടി ശ്രദ്ധിക്കൂ. “ഞാൻ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നൽകുകയും ചെയ്യും”. ഈ വാഗ്ദാനത്തോട് ചേർത്ത് വച്ചു വായിക്കാവുന്ന ഹൃദയസ്പർശിയും അവിസ്മരണീയവുമായ തിരുവചനമാണ് ഏശ. 49 :16 . “ഇതാ, നിന്നെ ഞാൻ എന്റെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു”.
ഒരിക്കലും, വിശിഷ്യാ സഹനത്തിൽ, കർത്താവിന്റെ മുഖത്ത് നിന്ന് കണ്ണ് പറിക്കാതിരിക്കുക. ഈശോ നമ്മുടെ ജീവിതത്തിലേക്ക് തക്കസമയത്തു കടന്നു വരും. എപ്പോഴും ഈശോയോടൊപ്പം ജീവിക്കുക. അതാണ് ക്രൈസ്തവ ജീവിതം. അവിടുന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ടല്ലോ “ഞാൻ മുന്തിരി ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്കു ഒന്നും (ഒരു നന്മയും) ചെയ്യാൻ കഴിയുകയില്ല” (യോഹ. 15 :5 ). എപ്പോഴും പരിശുദ്ധ ത്രിത്വത്തിൽ വസിക്കുക എന്നാണ് ഈശോ ഇവിടെ അർത്ഥമാക്കുക. കാരണം, ഈശോയോടൊപ്പം പിതാവും പരിശുദ്ധാത്മാവുമുണ്ട്. ഈ ‘അണുകുടുംബത്തിൽ’ വസിക്കുന്നവൻ എന്നും സുരക്ഷിതമായിരിക്കും. “എവിടെയൊളിക്കും കർത്താവേ നിൻ സന്നിധി വിട്ടെങ്ങോടും ഞങ്ങൾ”
ഓരോ സഹനവും ഈശോയുടെ മുത്തമാണ്. അവിടുത്തോടൊപ്പമിരുന്നു അവിടുത്തോടു ദുഃഖങ്ങൾ പങ്കുവച്ചാൽ, ഉറപ്പായും അവിടുന്ന് നമ്മെ ആശ്വസിപ്പിക്കും അനുഗ്രഹിക്കും. “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതും ഭാരം ലഘുവുമാണ് (മത്താ.11: 28-30)