മത്തായിയും ലൂക്കായും സഗൗരവം അവതരിപ്പിക്കുന്ന ഒരു പ്രതിഭാസമാണ് ‘ഇടുങ്ങിയ വാതിൽ’
(മത്താ.7:13-14;ലൂക്ക.13:24). അന്ത്യോന്മുഖ പശ്ചാത്തലത്തിലാണ് ഇരുവരും ഇത് അവതരിപ്പിക്കുക. രക്ഷപെടാൻ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കണമെന്ന് ലൂക്കാ പറയുമ്പോൾ സ്വർഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനമാണ് വിഷയം എന്ന് വ്യക്തം . രണ്ടു വഴികളെയും രണ്ടു വാതിലുകളെയും കുറിച്ച് മത്തായി പരാമർശിക്കുന്നു. നിർണായകമായ തീരുമാനമെടുക്കാൻ മനുഷ്യരെ ക്ഷണിക്കുകയാണ് സുവിശേഷകൻ. ഇതുപോലെ നിർണായക തീരുമാനമെടുക്കാൻ ക്ഷണിക്കുന്ന സന്ദർഭങ്ങൾ പഴയ നിയമത്തിലുണ്ട്.
ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്പില് ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു.
ഇന്നു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നതനുസരിച്ച്, നിന്റെ ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്താല്‍ നീ ജീവിക്കും; നീ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് നിന്റെ ദൈവമായ കര്‍ത്താവു നിന്നെ അനുഗ്രഹിച്ചു വര്‍ധിപ്പിക്കും.
എന്നാല്‍, ഇവയൊന്നും കേള്‍ക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും അന്യദേവന്മാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനും ആയി വശീകരിക്കപ്പെടുകയും ചെയ്താല്‍ നീ തീര്‍ച്ചയായും നശിക്കുമെന്നും,
ജോര്‍ദാന്‍ കടന്ന് കൈ വശമാക്കാന്‍ പോകുന്ന ദേശത്തു ദീര്‍ഘകാലം ജീവിക്കുകയില്ലെന്നും ഇന്നു ഞാന്‍ ഉറപ്പിച്ചുപറയുന്നു.
ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്പില് വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന് തിരഞ്ഞെടുക്കുക.
നിന്റെ ദൈവമായ കര്‍ത്താവിനെ സ്നേഹിച്ച്, അവിടുത്തെ വാക്കുകേട്ട്, അവിടുത്തോടു ചേര്‍ന്നു നില്ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്സും ലഭിക്കും. നിന്റെ പിതാക്കന്മാരായ അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും നല്കുമെന്നു കര്‍ത്താവു ശപഥം ചെയ്ത ദേശത്തു നീ വസിക്കുകയും ചെയ്യും.
നിയമാവര്‍ത്തനം 30 : 15-20
നിർണായകമായ തീരുമാനമെടുക്കാനുള്ള ഒരു മുഹൂർത്തത്തിലേക്ക് ജനത്തെ എത്തിക്കുകയാണ് മോശ. നിയമാവര്‍ത്തനം 30 : 15-20 നിയമാവർത്തന പുസ്തകം മുഴുവൻ ലക്ഷ്യം വയ്ക്കുന്നത് ഈ മുഹൂർത്തവും ഇവിടെ ലക്ഷ്യം വയ്ക്കുന്ന തീരുമാനവും ആണ്. ബോധപൂർവ്വം സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാക്കുന്നു പ്രവാചകൻ. രണ്ട് സാധ്യതകളെ സാധകന്റെ മുമ്പിലുള്ളൂ. ഒന്നുകിൽ ജീവൻ (ഇടുങ്ങിയ വഴി) അല്ലെങ്കിൽ മരണം (വിശാലമായ വഴി). ഇടുങ്ങിയ വഴിയിലൂടെ പ്രവേശിക്കുന്നവൻ (കർത്താവിന്റെ വഴി തിരഞ്ഞെടുക്കുന്നവൻ) നിശ്ചയമായും ജീവിക്കും. അവിടുത്തെ ധിക്കരിച്ച് വിശാലമായ വഴിയേ (നാശത്തിലേക്കുള്ള വഴിയെ) സഞ്ചരിച്ചാൽ അവൻ നശിക്കും.
ഇടുങ്ങിയ വഴിയെ സഞ്ചരിക്കുന്നവൻ ദൈവത്തിന്റെ സംരക്ഷണത്തിലാണ്. അവൻ സുരക്ഷിതനാണ്. അവൻ ജീവൻ, നിത്യജീവൻ, സ്വർഗം അവകാശമാക്കും. ദൈവത്തിന്റെ സാന്നിധ്യത്തിൽ നിന്നും സംരക്ഷണത്തിൽ നിന്നും വേറിട്ടുള്ള അകന്നുപോകുന്ന, വിശാല വഴിയിലൂടെ സഞ്ചരിക്കുന്ന, ആൾ, ആരുതന്നെയായാലും അയാളുടെ അന്ത്യം നാശമാണ്, മരണമാണ്, നിത്യനരകമാണ്.
ആദിമ മനുഷ്യൻ മുതൽ അവസാന “യാത്രക്കാരൻ” വരെ എല്ലാവർക്കും ഈ സ്വാതന്ത്ര്യവും ഈ തെരഞ്ഞെടുപ്പും നടത്തേണ്ടിയിരിക്കുന്നു.Either Or എന്നല്ലാതെ മറ്റൊന്നില്ല. അതുകൊണ്ടാണ് പ്രഭാഷകൻ കർക്കശമായും കൃത്യമായും പറയുന്നത്. ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം;എന്നാല്‍, നീ പാപംചെയ്യുകയില്ല.
പ്രഭാഷകന്‍ 7 : 36
ഈ ജനത്തോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജീവന്റെയും മരണത്തിന്റെയും മാര്‍ഗങ്ങള്‍ ഇതാ, നിങ്ങളുടെ മുന്പില് ഞാന്‍ വയ്ക്കുന്നു.
ജറെമിയാ 21 : 8
മത്തായിയുടെ സുവിശേഷത്തിൽ കാണുന്ന ജീവനിലേക്ക് നയിക്കുന്ന മാർഗ്ഗം ഈശോ പഠിപ്പിച്ച അതിശ്രേഷ്ഠമായ നീതിയുടെ മാർഗമാണ്( മത്താ.5:20).
നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 5 : 20.
ഇടുങ്ങിയ വാതിലൂടെയുള്ള യാത്ര മനുഷ്യനിൽ നിന്നും നിരവധി ത്യാഗങ്ങൾ ആവശ്യപ്പെടുന്നു.
കുരിശുകൾ, മതപീഡനങ്ങൾ, പ്രലോഭനങ്ങൾ, ഇവയൊക്കെ ഇടുങ്ങിയ പാതയിൽ മനുഷ്യൻ കണ്ടുമുട്ടും.
അതു രക്ഷയിലേക്കുള്ള മാർഗം ആണെന്ന് അങ്ങനെ തിരിച്ചറിയാം. അതിലേ മുന്നോട്ടുപോകുന്നത് ഈശോ വാഗ്ദാനം ചെയ്ത രക്ഷയിലേക്കാണ്.