നിർദ്ദയനായ ഭൃത്യന്റെ ഉപമയിലൂടെ ഉദാത്തമായ ക്ഷമയെ കുറിച്ചാണ് ഈശോ പഠിപ്പിക്കുക. ഇതിനു 3 ഭാഗങ്ങളുണ്ട്.
1)രാജാവിന്റെ വലിയ കാരുണ്യം (മത്തായി 18 :22 -27).
2)കാരുണ്യം കിട്ടിയവന്റെ കഠിന ഹൃദയം (18: 28- 30 ).
3) നിർദ്ദയനായവന്റെ മേലുള്ള ന്യായവിധി ( 18: 31- 35).
നീതിക്കപ്പുറം സഹോദരനോട് കരുണ കാണിക്കേണ്ടതിന്റെ ആവശ്യകതയാണ് ഉപമയിലെ ഏറ്റവും പ്രധാനമായ പ്രമേയം. ഉപമയിലെ രാജാവ് ദൈവമാണ്. സേവകനോട് അവന്റെ കാര്യസ്ഥതയുടെ കണക്ക് തീർക്കാൻ ആവശ്യപ്പെടുമ്പോഴാണ് വലിയ സാമ്പത്തിക ക്രമക്കേടുകൾ കണ്ടുപിടിച്ചത്. എങ്കിലും ആ സേവകനോട് രാജാവ് വലിയ കരുണ കാണിച്ചു. കടം മുഴുവൻ (പതിനായിരം താലന്ത് )അവനു ഇളച്ചുകൊടുത്തു. ഒരു മഹാകാരുണ്യത്തിന്റെ കഥയാണ് ഇവിടെ ചുരുളഴിയുക (മത്തായി 18 :27 ). പക്ഷേ, ആ സേവകൻ,പുറത്തിറങ്ങിയ തനിക്ക് ചെറിയൊരു തുക കടപ്പെട്ടിരുന്ന അവന്റെ ഒരു സഹസേവകനോട് അതിക്രൂരമായി പെരുമാറി (18: 28- 30). രാജാവിന്റെ മഹാകരുണയ്ക്ക് അർഹനായവൻ തന്റെ സേവകനെ വളരെ ചെറിയൊരു തുകയ്ക്കുവേണ്ടി (നൂറു ദനറാ) “അവന്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട്,എനിക്ക് തരാനുള്ളത് തന്ന് തീർക്കുക ” (18:27)എന്ന് കൽപ്പിച്ചു. ഏറ്റവും എളിമയോടു കൂടിയ ക്ഷമാ ർത്ഥനയ്ക്ക് സേവകൻ (രാജസേവകൻ) യാതൊരു വിലയും കൽപ്പിച്ചില്ല. അവനെ കാരാഗൃഹത്തിൽ അടച്ചു.
സംഭവിച്ചതെല്ലാം അറിഞ്ഞ രാജാവ് കുടിലനായ സേവകനെ തിരികെ വിളിച്ചു. അവന് താൻ കൊടുത്ത ആനുകൂല്യങ്ങൾ എല്ലാം തിരിച്ചെടുക്കുന്നു. ഇപ്രകാരം ചെയ്യുന്നതിന്റെ നീതീകരണവും അവന് വ്യക്തമാക്കി കൊടുക്കുന്നു.സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
മത്തായി 18 : 18. അവനോട് കരുണ കാണിക്കേണ്ടിയിരുന്നു. ദാനം സ്വീകരിച്ചവൻ ദാനം ചെയ്യാൻ കടപ്പെട്ടവനാകുന്നു. അതുകൊണ്ടാണ് ഈശോ വ്യക്തമായ വാക്കുകൾ നിർദ്ദേശിക്കുന്നത് മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്‌തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും.
മത്തായി 7 : 12.
കടം ഇളവ് ചെയ്യുന്ന ആൾ ദൈവമാണ്. ഈശോ താൻ പഠിപ്പിച്ച പ്രാർത്ഥന എങ്ങനെയാണ് പ്രായോഗികമാക്കേണ്ടതെന്നു ശിഷ്യന്മാരെ പഠിപ്പിക്കുകയാണ് ഇവിടെ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്‌ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്‌ഷമിക്കണമേ.
മത്തായി 6 : 12.
” ബലിയല്ല,കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് ” എന്ന് ഈശോ പറയുമ്പോഴും നിയമത്തിന്റെ ആചരണം കൊണ്ട് ക്രിസ്തു ശിഷ്യന്മാർ സംതൃപ്തരാകാൻ പാടില്ല, കാരുണ്യത്തിന്റെ മേഖലയിൽ വർത്തിക്കുന്നരാവണം എന്നാണ് ഈശോ ഇവിടെ വ്യക്തമായി പഠിപ്പിക്കുന്നത്.
ദൈവത്തിൽ നിന്ന് തുടർച്ചയായി കാരുണ്യം ( പാപമോചനം ) അനുഭവിക്കുന്ന നമ്മൾ നമ്മോടു തെറ്റ് ചെയ്യുന്നവരോടു ക്ഷമിക്കാൻ കടപ്പെട്ടിരിക്കുന്നു.നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്‌ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.
മത്തായി 18 : 35.
പിതാവിന്റെ കാരുണ്യത്തിന്റെ സമയം പ്രഖ്യാപിക്കാനും മനുഷ്യൻ അതിനോട് ഉത്തരവാദിത്വപൂർവ്വം പ്രതികരിക്കണമെന്നു ഓർമ്മിപ്പിക്കാനും ആണ് ഈശോ വന്നത്. അവിടുന്നു തന്നെ പിതാവിന് മനുഷ്യനോടുള്ള കാരുണ്യത്തിന്റെ ദാനമാണ്.