ഒരിക്കൽ യേശുവിന്റെ ശിഷ്യന്മാരുടെ ഇടയിൽ ഒരു തർക്കം ഉണ്ടായി.
” തങ്ങളിൽ ആരാണ് വലിയവൻ”? ഇതുമായി ബന്ധപ്പെട്ട് ഈശോ നൽകുന്ന ഉപദേശം മാർക്കോസും ലൂക്കായും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സന്ദേശം തന്റെ സമൂഹത്തിന് (യഹൂദ ക്രൈസ്തവർ )അനുയോജ്യമായ വിധം രൂപാന്തരപ്പെടുത്തി”. ” തങ്ങളിൽ വലിയവൻ ആര് “? എന്നത് മത്തായി “സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആര് “? എന്നാക്കി.
ശിഷ്യന്മാര് യേശുവിനെ സമീപിച്ചുചോദിച്ചു: സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്?
യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിര്‍ത്തിക്കൊണ്ട് അരുളിച്ചെയ്തു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.
ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍.
ഇതുപോലുള്ള ഒരു ശിശുവിനെഎന്റെ നാമത്തില്‍ സ്വീകരിക്കുന്നവന് എന്നെ സ്വീകരിക്കുന്നു.
മത്തായി 18 : 1-5
ഇവിടെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നത് “ശിശു”എന്ന പദമാണ്. ഉദ്ധരിച്ചിരിക്കുന്ന അഞ്ചു വാക്യങ്ങൾ ശിശു എന്ന പദം നാല് പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. ഒരേസമയം ചെറിയവനും വലിയവനും ആണ് ശിശു. അത് സമൂഹത്തിൽ ചെറുതാണ്. സ്വർഗ്ഗത്തിലോ അത് വലുതാണ്. ശിശുക്കളുടെ ശാരീരിക ചെറുപ്പമല്ല ഇവിടെ വിവക്ഷ, പിന്നെയോ, അവരുടെ നിഷ്കളങ്കത, ആശ്രയ ബോധം, ലാളിത്യം, വിനയം, സത്യസന്ധത, അവക്രത തുടങ്ങിയവയാണ്. ഇവയ്ക്ക് എതിരാണ് ഔദ്ധത്യം,ഗർവ്വ്,അഹങ്കാരം, ഉത്കർഷതബോധം തുടങ്ങിയവ. നന്മകളുടെ ഉടമയായ ശിശുവും തിന്മകളുടെ ഉടമയായ മനുഷ്യനും തമ്മിലാണ് താരതമ്യം. അഹങ്കാരി തന്നെത്തന്നെ താഴ്ത്തി ശിശുവിനു സ്വന്തമായ നന്മകളിലേക്ക് ഉയരുമ്പോഴാണ് അയാൾ സ്വർഗ്ഗത്തിൽ വലിയവനാവുക.
മത്തായിയുടെ അജപാലനരംഗമായ സമൂഹത്തിൽ വലിയവരെന്നു ഭാവിച്ചു ബലഹീനരെ, നിസ്സാരരെന്ന് കരുതിയിരുന്നവരെ അവഗണിക്കുന്നവരുണ്ടായിരുന്നു. വേദനാജനകമായ ഈ തരംതിരിവ് വാസ്തവത്തിൽ അടിസ്ഥാന രഹിതമായിരുന്നു. ഈ നിലപാടിനെ ഈശോ തകിടം മറിച്ചു. സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആരെന്ന് ശിഷ്യന്മാരെ ചോദ്യത്തിന് ഈശോ നൽകിയ മറുപടി ഏറ്റം തനിമയാർന്നതാണ്. ഒരു ശിശുവിനെ സസ്നേഹം തന്നോട് ചേർത്ത് പിടിച്ചുകൊണ്ട് പ്രവാചക ശബ്ദത്തിൽ അവിടുന്ന് പ്രഖ്യാപിച്ചു:” നിങ്ങൾ മാനസാന്തരപ്പെട്ട ശിശുക്കളെ പോലെ ആകുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിലെ പ്രവേശിക്കുകയില്ല മത്തായി 18: 8 ). സ്വയം ശൂന്യനായി, ദാസ വേഷം ധരിച്ചു,മരണത്തോളം അതേ, കുരിശു മരണത്തോളം സ്വയം താഴ്ത്തിയവനാണ് ഈശോ.
തന്റെ ശിഷ്യന്മാരും തന്നെപ്പോലെ ആയിരിക്കണം. ” എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ”(ലൂക്ക. 9:23). മാനസാന്തരപ്പെടുക, ശിശുക്കളെ പോലെയാവുക, ഇവ സ്വർഗ്ഗരാജ്യത്തിൽ വലിയവനാവാൻ അനിവാര്യമാണ്. ഇതിന് ഔദ്ധത്യം വെടിഞ്ഞ് കൊച്ചു കുട്ടിയുടെ വിധേയത്വത്തിലേക്ക് വരണം.
സങ്കീ.131:1,2 വാക്യങ്ങൾ ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്.
കര്‍ത്താവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല;എന്റെ നയനങ്ങളില്‍ നിഗളമില്ല;എന്റെ കഴിവില്‍ക്കവിഞ്ഞവന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലുംഞാന് വ്യാപൃതനാകുന്നില്ല.
മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെഞാന് എന്നെത്തന്നെ ശാന്തനാക്കി;ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്.
സങ്കീര്‍ത്തനങ്ങള്‍ 131 : 1-2