നിന്റെ സഹോദരന് തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക.
അവന് നിന്റെ വാക്കു കേള്ക്കുന്നെങ്കില് നീ നിന്റെ സഹോദരനെ നേടി. അവന് നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തുകൊണ്ടുപോവുക.
അവന് അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന് നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും.
എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.
മത്തായി 18 : 15-20
തെറ്റ് ചെയ്ത സഹോദരനെ തിരുത്തുകയും അവൻ അനുതപിച്ചാൽ അവനോട് ക്ഷമിക്കണം എന്ന് ലൂക്ക 17: 3 അനുശ്വസിക്കുന്നു.തെറ്റ് (പാപം) ചെയ്ത സഹോദരനെ തിരുത്തുവാൻ ഉപയോഗിക്കേണ്ട രീതികളെ കുറിച്ചാണ് മത്താ 18:15-29ൽ നിർദേശിക്കുക. നിന്റെ സഹോദരൻ തെറ്റ് ചെയ്താൽ എന്നതിലെ ‘നീ’ ഓരോ ക്രൈസ്തവനും ആണ്. അതുകൊണ്ട് തെറ്റ് ചെയ്യുന്ന സഹോദരനെ സ്നേഹബുദ്ധിയാ തിരുത്താൻ ഓരോ ക്രൈസ്തവനും കടമയുണ്ട്. ഈ കടമ വിവേകപൂർവ്വം നിർവഹിക്കേണ്ടത് എങ്ങനെയെന്ന് വിശദമായ വിവരണമാണ് തുടർന്ന് വരുന്നത്.
തെറ്റ് ചെയ്യുന്നവന് അതിൽ നിന്നും പിന്മാറാനുള്ള വിമുഖതയുടെ സ്വഭാവം അനുസരിച്ച് മൂന്ന് വ്യത്യസ്തമായ പരിശ്രമങ്ങൾ നടത്താനാണ് ഈശോ പ്രബോധിപ്പിക്കുക.1. തെറ്റ് ചെയ്ത സഹോദരനെ നേരിട്ട് വ്യക്തിപരമായി തിരുത്തി തിരുസഭയുടെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുക. 2.ഏറെ കരുതലോടെ ആവണം ഈ തിരുത്തൽ നടത്തുക. 3.ആവുന്നിടത്തോളം മറ്റാരും അറിയാതെയും രഹസ്യമായും വേണം തിരുത്തൽ നൽകാൻ. ലേവ്യ 19: 17 ഇവിടെ വളരെ പ്രസക്തമാണ്.
സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്. അയല്‍ക്കാരനെ ശാസിക്കണം. അല്ലെങ്കില്‍ അവന് മൂലം നീ തെറ്റുകാരനാകും.
ലേവ്യര്‍ 19 : 17.
തെറ്റ് ചെയ്യുന്നവനെ ശാസിക്കണം. ഇല്ലെങ്കിൽ അവൻ മൂലം നാം തെറ്റുകാരാവാം. ദിവസത്തിലുള്ള തിരുത്തൽ ഫലം കാണുന്നില്ലെങ്കിൽ “രണ്ടോ, മൂന്നോ, സാക്ഷികൾ, ഓരോ വാക്കും സ്ഥിരീകരിക്കുന്നതിന് വേണ്ടി നിന്നോടൊത്ത് കൊണ്ടുപോവുക” (18:16) അവൻ അവരെയും അനുസരിക്കുന്നില്ലെങ്കിൽ സഭയോട് പറയുക. സഭയെ പോലും അവൻ അനുസരിക്കുന്നില്ലെങ്കിൽ അവൻ നിനക്ക് വിജാതീയനെപ്പോലെയും ചുങ്കക്കാരനെ പോലെയും ആയിരിക്കട്ടെ. യഹൂദ ക്രൈസ്തവ സമൂഹം വിജാതീയരിൽ നിന്നും അകലം കാത്തു പോകുന്നു എന്നതിനുള്ള തെളിവ് ഇവിടെയുണ്ട്. പ്രാദേശിക സഭാ സമൂഹങ്ങൾക്ക് മതിയായ കാരണം ഉണ്ടെങ്കിൽ ഒരു വ്യക്തിയെ സഭയിൽ നിന്ന് ബഹിഷ്കരിക്കാനും തിരിച്ചെടുക്കാനും അധികാരം നൽകപ്പെട്ടിരുന്നു എന്നതിനും ഇത് ഉദാഹരണമാണ്.പത്രോസിന് ഈശോ നൽകി അധികാരത്തിലുള്ള പങ്കുചേരൽ ആണിത്(മത്താ.18:18). സഭയിൽ നിലവിലിരുന്ന ശിക്ഷണ നടപടിയുടെ ഭാഗമാണിത്.
സഭയുടെ യഥാർത്ഥ ശക്തി ഒരുമിച്ചുള്ള പ്രാർത്ഥനയിലാണ് എന്ന് 18: 19-20 വ്യക്തമാക്കുന്നു. ഈശോയുടെ സാന്നിധ്യമാണ് പ്രാർത്ഥന ഫലപ്രദവും കാര്യക്ഷമവും ആക്കുന്നത് മത്തായി 7:7- 11 ). നമ്മുടെ പ്രാർത്ഥന എല്ലാം അവിടുത്തെ നാമത്തിൽ ആയിരിക്കണം. അവിടുത്തെ തിരുനാമത്തിൽ പ്രാർത്ഥിക്കുന്നവരോടൊപ്പം അവിടുന്ന് സന്നിഹിതനായിരിക്കും.എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.
മത്തായി 18 : 20