തന്റെ ചുറ്റും പുരുഷാരം കൂടുന്നതു കണ്ടപ്പോള്‍ മറുകരയ്ക്കു പോകാന്‍ യേശു കല്പിച്ചു.
ഒരു നിയമജ്ഞന് അവനെ സമീപിച്ചു പറഞ്ഞു: ഗുരോ, നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കും.
യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; എന്നാല്‍, മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല.
ശിഷ്യന്മാരില് മറ്റൊരുവന് അവനോടു പറഞ്ഞു: കര്‍ത്താവേ, പോയി എന്റെ പിതാവിനെ സംസ്കരിച്ചിട്ടുവരാന്‍ എന്നെ അനുവദിക്കണമേ.
യേശു പറഞ്ഞു: നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ.
മത്തായി 8 : 18-22
ശിഷ്യത്വവുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങൾ ഈ വചന ഭാഗത്തു അവതരിപ്പിക്കുന്നു. (1)ഈശോയുടെ ശിഷ്യൻ ആകാൻ ആഗ്രഹിക്കുന്ന ഒരു നിയമജ്ഞന്റേത് (2) ശിഷ്യനായ ഒരുവന് ഈശോ നൽകുന്ന ഉപദേശം. രണ്ടും ശിഷ്യത്വത്തിന്റെ ഗൗരവം വ്യക്തമാക്കുന്നവയാണ്. ഈശോയുടെ ആധികാരിക പ്രബോധനങ്ങളും അവിടുന്ന് പ്രവർത്തിച്ച അത്ഭുതങ്ങളും കണ്ടിട്ടുള്ളവനും കേട്ടിട്ടുള്ളവനുമായ നിയമജ്ഞൻ. ഒന്നുകൂടി ആലോചിച്ചിട്ട് തന്നെ പിന്തുടർന്നാൽ മതിയെന്നാണ് ഈശോയുടെ നിലപാട്. കാരണമുണ്ട് ഭൂമിയിൽ തലചായ്ക്കാൻ ഇടമില്ലാത്ത മനുഷ്യ പുത്രനെയാണ് അയാൾ പിഞ്ചല്ലേണ്ടത്. ഏറെ പീഡകൾ സഹിക്കേണ്ടിവരുന്ന തന്നെ തന്നെയാണ് യഥാർത്ഥത്തിൽ ഈശോ ഉദ്ദേശിക്കുക. അപകടങ്ങളും സാഹസികതകളും കുറച്ചൊന്നുമല്ലല്ലോ ഈശോയ്ക്ക് സഹിക്കേണ്ടി വന്നത്.
തീർച്ചയായും മഹത്വവും ആധിപത്യവും രാജ്യത്വവും ദൈവത്വവുമെല്ലാം ഈശോയ്ക്ക് മാത്രം സ്വന്തമാണ്. എങ്കിലും രക്ഷാകര പദ്ധതി പ്രകാരം അവിടുന്ന് പാടുപീഡകൾ സഹിച്ചു കുരിശിൽ മരിച്ച് ഉയർത്തെഴുന്നേൽക്കേണ്ടിയിരിക്കുന്നു.
യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന് തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.
സ്വന്തം ജീവന് രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന് അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന് അതു കണ്ടെത്തും.
ഒരുവന് ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന് സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?
മത്തായി 16 : 24-26.
ഈ സത്യങ്ങൾ എല്ലാം ശിഷ്യന്മാരെ ഈശോ മുൻകൂട്ടി അറിയിച്ചിരുന്നു ( ചില കാര്യങ്ങൾ മൂന്ന് പ്രാവശ്യം വരെ ) ആവർത്തിച്ചു പറഞ്ഞിരുന്നു. ദിവ്യ ഗുരുവിനെ അനുഗമിക്കാൻ തയ്യാറായ നിയമജ്ഞൻ നിശ്ചയമായും ഇത് അറിഞ്ഞിരിക്കണം. അവന് ആത്മശോധന ചെയ്തു നോക്കാനും അതിനുള്ള അവസരം നൽകാനുമാണ് തിടുക്കം കൂട്ടാതിരിക്കാൻ നിയമജ്ഞനോട് അവിടുന്ന് നിർദ്ദേശിച്ചത്. മഹത്വപൂർണ്ണനായി, വിജയശ്രീലാളിതനായി ആത്മ രക്ഷകനായി, ലോകരക്ഷകനായി, പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് മാനവ രക്ഷയ്ക്കായി ഈശോ ‘സഹന ദാസൻ’ ആകേണ്ടിയിരിക്കുന്നു. അതായത് അവൻ പീഡകൾ സഹിച്ചു മരിക്കേണ്ടിയിരിക്കുന്നു.8:17ൽ ഈശോയിൽ,സഹന ദാസനെ കുറിച്ചുള്ള പ്രവചനം പൂർത്തിയാക്കുന്നതായി(ഏശ.58)സുവിശേഷകൻ എടുത്ത് പറയുന്നുണ്ട്.
അവന് നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയുംചെയ്തു എന്ന് ഏശയ്യാ പ്രവചിച്ചത് അങ്ങനെ നിറവേറി.
മത്തായി 8 : 17
അവന് നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്യഥാര്ഥത്തില് അവന് വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന് ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി.
നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന് മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെ മേല്‍ ചുമത്തി.
അവന് മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന് ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്പില് നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന് മൗനം പാലിച്ചു.
ഏശയ്യാ 53 : 4-7
മറ്റുള്ളവരുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്യാനാണ് ഈശോ വന്നത്. ഭൂമിയിൽ അവിടത്തേക്ക് തലചായ്ക്കാൻ ഇടമില്ല താനും. ഈ ഗുരുവിന്റെ ശിഷ്യൻ ആവുന്നത് നല്ലതുപോലെ ആലോചന നടത്തി ഉറച്ച തീരുമാനം എടുത്തതിനുശേഷം ആവണം.
ദൈവരാജ്യ പ്രഘോഷണത്തിന് ഉപരിയായി ക്രിസ്തു ശിഷ്യന് മറ്റൊരു കടമയുമില്ല. മാതാപിതാക്കളോടുള്ള കടപ്പാട് (സുപ്രധാനം തന്നെ) പോലും ക്രിസ്തു ശിഷ്യൻ തന്റെ പരമപ്രധാന ദൗത്യത്തിനുള്ള (ദൈവരാജ്യ പ്രഘോഷണത്തിന്) തടസ്സമാവരുത്.