അനുസരണം എന്ന പുണ്യത്തോടുള്ള വിശ്വസ്തത ദൈവത്തെ പ്രസാദിപ്പിക്കുന്നു. നമ്മുടെ ശക്തിക്കതീതമായി ദൈവം നമ്മെ പരീക്ഷിക്കുകയില്ല. പരീക്ഷണഘട്ടങ്ങളിൽ ദൈവത്തോടുള്ള വിശ്വസ്തതയിൽ നിലനിന്നാൽ മതി. ദൈവം സ്നേഹം തന്നെ ആയതിനാലും ഈ അനന്തമായ സ്നേഹത്താൽ ആത്മാവിനെ അസ്തിത്വത്തിലേക്ക് വിളിച്ചതിനാലും അവിടുന്ന് അതിന് യാതൊരു ഉപദ്രവം ചെയ്യുകയില്ല. ഉപദ്രവം ചെയ്യുക എന്നത് നന്മ തന്നെയായ അവിടുത്തെ സ്വഭാവത്തിന് കടകവിരുദ്ധമാണ്.
ഓ എന്റെ ദൈവമേ ഞാൻ ഈ ലോകത്തിന്റെതല്ലെന്നു ഞാൻ അറിയുന്നു.
എന്റെ ദൈവമേ എപ്പോഴും ഭൂമിയേക്കാൾ സ്വർഗ്ഗവുമായി സംസർഗ്ഗത്തിൽ ആയിരിക്കാൻ എന്നെ സഹായിക്കണമേ!എന്റെ കർത്താവേ ഇവിടെ എന്നെ വിജയിപ്പിക്കാൻ അങ്ങേയ്ക്ക് മാത്രമേ കഴിയൂ.
സഹിക്കുന്ന ആത്മാവിന് ദൈവസാമീപ്യം കൂടുതലാണ്. സഹനങ്ങൾക്ക് ശേഷം ആത്മാവ് കൂടുതൽ ആത്മവിശുദ്ധിയിലും ദൈവ സാമീപ്യത്തിലും ആകുന്നു.
ഓ ദിവ്യ ഗുരുനാഥാ, എന്റെ ആത്മാവിൽ സംഭവിക്കുന്നതെല്ലാം അങ്ങയുടെ പ്രവർത്തനങ്ങളാണ്. ഇത് മറക്കാതിരിക്കാൻ എന്നെ അനുഗ്രഹിക്കണമേ!