നാം പരിചിന്തിച്ചതു പുറപ്പാട് 15:26ന്റെ പശ്ചാത്തലത്തിലായിരുന്നു. ആ വചനം അവസാനിക്കുന്നത് “നിന്നെ സുഖപ്പെടുത്തുന്ന കർത്താവ് ഞാനാണ് ” എന്ന അവസ്മരണീയമായ പ്രസ്താവനയോടെയാണ്. അതിന്റെ ആദ്യഭാഗം നമുക്ക് വ്യക്തമാക്കി തരുന്ന വ്യവസ്ഥകൾ ആരും തന്നെ പലപ്പോഴും ശ്രദ്ധിക്കാറില്ല.
1) നീ,നിന്റെ ദൈവമായ കർത്താവിന്റെ സ്വരം ശ്രദ്ധാപൂർവ്വം ശ്രവിക്കുക.
2) അവിടുത്തെ ദൃഷ്ടിയിൽ ശരിയായത് പ്രവർത്തിക്കുക.
3) അവിടുത്തെ കൽപ്പനകൾ അനുസരിക്കുക.
4) അവിടുത്തെ ചട്ടങ്ങൾ പാലിക്കുക.
യഥാർത്ഥത്തിൽ 15 :26 നൽകുന്ന വിശദീകരണം, നിയമാവർത്തനം അ.28ലെ അനുഗ്രഹങ്ങളും ശാപങ്ങളും, പുറ.15:26ലെ ആശയം കൂടുതൽ വിശദമാക്കുന്നവയാണ്. കൈപ്പുള്ള മരത്തിനും രോഗിയായ മനുഷ്യനും സൗഖ്യം നൽകുന്നവൻ കർത്താവാണ്. തന്റെ സൃഷ്ടികളുടെയെല്ലാം സുസ്ഥിതി, സൗഖ്യം, നന്മ മാത്രം ആഗ്രഹിക്കുന്നവനാണ് ദൈവം.
മാറായിലെ ജലത്തിന്റെ കൈപ്പ് മാറ്റാൻ കർത്താവ് കാണിച്ചുകൊടുത്ത തടിക്കഷണം മനുഷ്യവർഗ്ഗത്തിന്റെ പാപം പരിഹരിച്ച് ദൈവിക ജീവൻ ലഭ്യമാക്കിയ കാൽവരി കുരിശിന്റെ പ്രതീകമായി സഭാ പിതാക്കൾ വ്യാഖ്യാനിച്ചിട്ടുണ്ട്. കയ്ക്കുന്ന വെള്ളം മധുരിച്ചതും മാറായ്ക്കുശേഷം ശുദ്ധജലം സമൃദ്ധമായ ഏലിമിൽ ഇസ്രായേൽ ജനം പാളയമടിച്ചതും ജീവിതത്തിൽ ഉണ്ടാകുന്ന വറുതിയും പട്ടിണിയും പലവിധ ക്ലേശങ്ങളും സമൃദ്ധിക്കും സന്തോഷത്തിനും വഴിമാറും എന്ന് പ്രബോധിപ്പിക്കുന്നു.
അനുസരിച്ചാൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ നിയ 28:1-14 വ്യക്തമാക്കുന്നു.
1) ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാൾ ഇസ്രായേൽ ഉന്നതനാകും.
2) നഗരത്തിലും വഴിയിലും അനുഗ്രഹീതനാകും.
3) സന്തതികളും വിളവുകളും കന്നുകാലികളും ആട്ടിൻപറ്റും അനുഗ്രഹിക്കപ്പെടും.
4) അപ്പക്കുട്ടയും മാവു കുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും.
5) സകല പ്രവർത്തികളും നീ അനുഗ്രഹീതനായിരിക്കും.
6) ശത്രുക്കളെ തോൽപ്പിക്കും ; ഒരു വഴിയിലൂടെ വരുന്ന ശത്രുക്കൾ ഏഴ് വഴികളിലൂടെ പലായനം ചെയ്യും.