മാതാപിതാക്കളെ,തൽസ്ഥാനിയരെ, ദൈവത്തെയും ധാർമികതയും നമ്മുടെ ബാലികന്മാരിൽ നിന്നും യുവജനങ്ങൾ നിന്നും പറിച്ച് മാറ്റി സാത്താനെയും അവന്റെ ഉപജാപങ്ങളെയും അവരിൽ ഉറപ്പിക്കാൻ കിണഞ്ഞു പരിശ്രമം നടക്കുന്ന ഒരു കാലത്താണ് നമ്മുടെ മക്കൾ ജീവിക്കുന്നത്.
സത്യസഭയും സഭാതനയരും ദൈവത്തിന്റെ ആലയങ്ങളാണ്. സഭയിൽ പൊതുവായും സഭാതനയരിൽ വൈയക്തികമായും ദൈവാത്മാവ് വസിക്കുന്നുണ്ട്. ഈ രണ്ട് ആലയങ്ങളെയും നശിപ്പിക്കാനാണ് സാത്താനും അവന്റെ പിണിയാളികളും ആശ്രാന്തം പരിശ്രമിക്കുന്നത്. മക്കളെ റാഞ്ചി കൊണ്ട് പോകാതിരിക്കാൻ ദൈവിക സത്യങ്ങളെ അവർക്ക് ബോധ്യപ്പെടുത്താനും അവയിൽ നിന്ന് അണുപോലും, തരിപോലും, വ്യതിചലി ക്കാതിരിക്കാനും,അവരുടെ സമർപ്പണം പൂർണമാക്കാൻ ബന്ധപ്പെട്ടവരെല്ലാം രാപകൽ കഠിനാധ്വാനം ചെയ്യണം..
ദൈവപിതാവിലാണ് എല്ലാവരും എത്തിച്ചേരേണ്ടത്. പിതാവിലേയ്ക്കുള്ള വഴി ഈശോയാണ്. അവിടുന്ന് വഴി മാത്രമല്ല; സത്യവും ജീവനുമാണ്. ഈശോ സ്പഷ്ടമായി പറയുന്നു :
” വഴിയും സത്യം ജീവനും ഞാനാണ്. എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കൽ വരുന്നില്ല (യോഹ.14:6) ഈശോ പിതാവിലേക്കുള്ള വഴിയായിരിക്കുന്നത് അവിടുന്ന് ‘സത്യവും’, ‘ജീവനു’മായതുകൊണ്ടാണ്.
‘ സത്യം’ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലാണ്. പിതാവിനെയും പരിശുദ്ധാത്മാവിനെയും തന്നെയും അവ്വിധത്തിൽ അവിടുന്ന് വെളിപ്പെടുത്തുന്നു. (യോഹ.18:37). ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത പിതാവിനെ ലോകത്തിന് വെളിപ്പെടുത്തിയത് ഈശോയാണ്( യോഹ 1: 18 )
ജീവൻ ‘ദൈവത്തിന്റെ ജീവനാണ്. പൂർണ്ണ പിതൃ പുത്രബന്ധത്തിൽ, ദൈവത്തിന്റെ ജീവനിൽ പങ്കുചേരുന്ന, ആ ജീവൻ വിശ്വാസിക്ക് പകർന്നു കൊടുക്കുന്ന ഏക വ്യക്തിയാണ് ഈശോമിശിഹാ.യോഹന്നാൻ വ്യക്തമാക്കുന്നു.” അവനിൽ (ഈശോയിൽ )ജീവൻ ഉണ്ടായിരുന്നു
(ദൈവത്തിന്റെ ജീവൻ). ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു യോഹന്നാൻ 1: 4 -5 ).
പിതാവിനും പരിശുദ്ധാത്മാവിനും ഇല്ലാത്ത സവിശേഷത പുത്രന് (ഈശോയ്ക്ക്) ഉണ്ട്. അവിടുന്ന് ഒരേ സമയം ദൈവവും മനുഷ്യനും ആണ്. ഇവ രണ്ടും അതിന്റെ പൂർണ്ണതയിലാണ് ഈശോയിലുള്ളത്. കാൽവരിയിൽ മരിച്ചത് പുൽക്കൂട്ടിൽ പിറന്ന പൂർണ മനുഷ്യനായ ഈശോയാണ്. ദൈവം ഒരിക്കലും മരിക്കുകയില്ല. ഇത്തരം നിത്യ സത്യങ്ങളെക്കുറിച്ച് നമ്മുടെ മക്കൾക്ക് വേണ്ടത്ര ജ്ഞാനം സിദ്ധിക്കുന്നില്ല. ഇങ്ങനെയുള്ളവരെ വഴിതെറ്റിക്കാൻ താല്പരകക്ഷികൾക്ക് വളരെ എളുപ്പമാണ്.
ഒരിക്കൽ ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ട തീവ്രവാദ ചിന്താഗതിയുള്ള ഒരു യുവാവ് നമ്മുടെ ഒരു യുവാവിനോട് സംശയം തീർക്കാൻ എന്ന ഭാവന ചോദിച്ചു:
” യേശു ദൈവമാണോ? “
” തീർച്ചയായും” ക്രൈസ്തവ യുവാവിന്റെ മറുപടി.
” ദൈവം മരിക്കുമോ”?
” ഒരിക്കലുമില്ല ” എന്നു മറുപടി.
” യേശു കുരിശിൽ യഥാർത്ഥത്തിൽ മരിച്ചുവോ “?.
” ഉവ്വ് “ക്രൈസ്തവ യുവാവും സമ്മതിച്ചു.
ചോദ്യകർത്താവ് തുടർന്നു.
” അങ്ങനെയെങ്കിൽ യേശു ദൈവമല്ല”.
നമ്മുടെ യുവാവിനു ഈശോയുടെ രണ്ട് സ്വഭാവങ്ങളെ കുറിച്ച് അറിയാമായിരുന്നതുകൊണ്ട് റാഞ്ചാൻ വന്നവൻ പരാജയപ്പെട്ടു. നമ്മുടെ മക്കൾ ഇടറിവീഴുന്നതും കെണിയിൽ പെടുന്നതുമാണ് പലപ്പോഴും സംഭവിക്കുന്നത്.