നിങ്ങളുടെ മാതാവും പിതാവും ഗുരുവും നിങ്ങൾക്ക് ദൈവമായിരിക്കട്ടെ .ഭാരതീയ ദർശനത്തിന്റെ പരമപ്രധാനമായ ഒരു വശമാണിത്. ഈ സന്ദേശം ഉൾക്കൊണ്ടു ജീവിക്കുന്നവരായിരുന്നു ഭാരതീയ ജനത. ഇപ്പോൾ കാലകോലങ്ങൾ പാടെ മാറിയിരിക്കുന്നുന്നുവെന്നു തന്നെ പറയാം. ഇതിനു കാരണങ്ങൾ നിരവധിയാണ്. ഇവിടെ തടിയുടെ വളവും ആശാരിയുടെ കുറ്റവും ഉണ്ടെന്നു സമ്മതിക്കേണ്ടി വരും. ഒരു കാലത്ത് ബാലികാബാലകന്മാർക്കുള്ള പ്രസംഗവിഷയങ്ങൾ തന്നെ മാതൃഭക്തി, പിതൃഭക്തി, ഗുരുഭക്തി ആദിയായവ ആയിരുന്നു. ഇന്നത്തെ ബാലിക ബാലന്മാർക്കു ഇവയൊക്കെ ബാലികേറാമലയായിരിക്കുന്നു എന്നതാണ് വസ്തുത. പലരും അവരുടെ മാതാപിതാക്കളെ വിനയപൂർവം അനുസരിക്കുന്നതിനു പകരം, അവരുടെ നിർദ്ദേശങ്ങളിൽ ദൈവഹിതവും ഒപ്പം തങ്ങളുടെ നന്മയുംഉണ്ട് എന്ന് വിശ്വസിക്കുന്നതിനു പകരം. പലരും പുരോഗമനത്തിന്റെ പേര് പറഞ്ഞു അവരുടെ അപക്വവും അപകടമാവാൻ ഏറെ സാധ്യതകളുള്ളതുമായ തന്നിഷ്ട്ടത്തിനു (തന്നിഷ്ടം,പൊന്നിഷ്ടം, ആരാനിഷ്ടം വിമ്മിഷ്ടം ) മാതാപിതാക്കളെ നിർബന്ധിച്ചു സമ്മതിപ്പിച്ചു പാട്ടിലാക്കുകയാണ്. ദൂരവ്യാപകങ്ങളായിരിക്കും ഇവയുടെയൊക്കെ പ്രത്യാഘാതങ്ങൾ .
പുറപ്പാട് പുസ്തകത്തിൽ മോശ എഴുതുന്നു: “നിന്റെ ദൈവമായ കർത്താവു തരുന്ന രാജ്യത്തു ദീർഘകാലം നീ ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക ” (20 :12 ). “നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ എന്തെന്നാൽ നിങ്ങളുടെ കർത്താവു ദൈവവുമായ ഞാൻ പരിശുദ്ധനാണ്. മാതാവിനെയും പിതാവിനെയും ബഹുമാനിക്കുകയും എന്റെ സാബത്ത് ആചരിക്കുകയും വേണം. കാരണം, ഞാനാണ് നിങ്ങളുടെ ദൈവം” (ലേവ്യ 19 :2 ,3 ). പ്രകൃതത്തിന്റെ പ്രാധാന്യം മൂലം മോശ നിയ 5 :16 ൽ പ്രഖ്യാപിക്കുന്നു: “നീ ദീർഘനാൾ ജീവിച്ചിരിക്കുന്നതിനും നിന്റെ ദൈവമായ കർത്താവ് തരുന്ന നാട്ടിൽ നിനക്ക് നന്മയുണ്ടാകാനുംവേണ്ടി , അവിടുന്ന് കല്പിച്ചിരിക്കുന്നതുപോലെ, നിന്റെ പിതാവിനെയും മാതാവിനെയും (ദൈവതുല്യം) സ്നേഹിക്കുക, ബഹുമാനിക്കുക.”
പ്രഭാഷകൻ ഈ കാര്യത്തിൽ ഏറെ പഠിപ്പിക്കാനുണ്ട് . “മക്കൾ പിതാവിനെ ആദരിക്കണമെന്നു കർത്താവു (അത്യധികം) ആഗ്രഹിക്കുന്നുണ്ട്.
പിതാവിനെ ബഹുമാനിക്കുന്നവൻ തന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുന്നു.
അമ്മയെ മഹത്ത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടിവെയ്ക്കുന്നു
പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കൾ സന്തോഷിപ്പിക്കും.
അവന്റെ പ്രാർത്ഥന കർത്താവു കേൾക്കും
പിതാവിനെ ബഹുമാനിക്കുന്നവൻ ദീർഘകാലം ജീവിക്കും.
കർത്താവിനെ അനുസരിക്കുന്നവൻ–
തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു ദാസൻ എന്നപോലെ അവൻ
മാതാപിതാക്കന്മാരെ സേവിക്കും.
പിതാവിനെ വാക്കിലും പ്രവൃത്തിയിലും ബഹുമാനിച്ചു അവന്റെ അനുഗ്രഹത്തിന് പാത്രമാവുക.
പിതാവിന്റെ (മാതാവിന്റെയും) അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും. .
മഹത്ത്വം കാംഷിച്ചു പിതാവിനെ അവമാനികരുതു. പിതാവിന്റെ അവമാനം ആർക്കും ബഹുമതിയല്ല. പിതാവിനെ ബഹുമാനിക്കുന്നവൻ മഹത്ത്വം ആർജ്ജിക്കുന്നു . അമ്മയെ അനാദരിക്കുന്നവൻ (അനുസരിക്കാതെ വേദനിപ്പിക്കുന്നവൻ) അപകീർത്തിക്കിരയാകും.
മക്കളെ മരിക്കുന്നതുവരെ മാതാപിതാക്കൾക്ക് ദുഃഖമുണ്ടാക്കരുത് .
“പിതാവിനെ (മാതാവിനെ) പരിത്യജിക്കുന്നതു ദൈവദൂഷണത്തിനു തുല്യമാണ്. മാതാവിനെ പ്രകോപിക്കുന്നവൻ കർത്താവിന്റെ ശാപമേൽക്കും”.
മാതാപിതാക്കളോടുകരുണ കാണിക്കുന്നവർക്ക് സൂര്യപ്രകാശത്തിൽ മൂടൽ മഞ്ഞുപോലെ അവരുടെ പാപങ്ങൾ മാഞ്ഞുപോകും (പ്രഭാ 3 : 2 -15 )