മാതാപിതാക്കളെ വൈദികരെ, സന്യസ്തരേ, ഇതര സഭാ ശുശ്രൂഷകരെ, സാമൂഹ്യ പരിഷ്കർത്താക്കളെ, നമ്മുടെ കുഞ്ഞുങ്ങളും യുവജനങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളും കുറച്ചൊന്നുമല്ല. നമ്മുടെ വിശ്വാസവും വിശ്വാസ സത്യങ്ങളും വെല്ലുവിളിക്കപ്പെടുന്നു. എല്ലാറ്റിനെയും ചോദ്യം ചെയ്യുന്ന സംസ്കാരത്തിലേക്ക് നമ്മുടെ മക്കൾ വലിച്ചിഴയ്ക്കപ്പെടുന്നു. ഈ നികൃഷ്ട പ്രക്രിയ മുന്നിട്ട് നിൽക്കുന്ന നിരവധി മാധ്യമങ്ങൾ, ഇന്റർനെറ്റ്,ഫേസ്ബുക്ക്, ടെലഗ്രാം, ഇൻസ്റ്റഗ്രാം,വാട്സ്ആപ്പ് വെബ്സൈറ്റ്,യൂട്യൂബ്, ഇവയൊക്കെ നന്മയ്ക്കായി ഉപയോഗിക്കാവുന്നവയാണ്. പക്ഷേ സാത്താൻ ഇവയെ തിന്മയ്ക്കായി അവന്റെ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി തലങ്ങും വിലങ്ങും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളും യുവജനങ്ങളും 90% ഇവയൊക്കെ തിന്മയ്ക്കാണ് ഉപയോഗിക്കുന്നത്.
സഭയെ തകർക്കാൻ ശ്രമിക്കുന്ന നിരവധി ഏജൻസികൾ തന്നെയുണ്ട്.അതിൽ ചില വർഗീയ ഗ്രൂപ്പുകളും തീവ്രവാദ സ്വഭാവമുള്ള മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒക്കെ ഉൾപ്പെടും.തല്പരകക്ഷിയുടെയും, പ്രസ്ഥാനങ്ങളുടെയും, ഐടി ലോകത്തിന്റെയും,സിനിമകളുടെയും, നാടകങ്ങളുടെയും,കരാളഹസ്തങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങൾ കുരുങ്ങി പോകാതിരിക്കാൻ പ്രാർത്ഥന, ഉപവാസം, പ്രായശ്ചിത്തം, പ്രബോധനം, ഇവയ്ക്ക് പുറമേ നിതാന്ത ജാഗ്രതയും പുലർത്തണം.ബന്ധപ്പെട്ടവരെല്ലാം നിദ്രവിട്ടുണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഓരോ മാതാവും പിതാവും ഗുരുഭൂതനും വൈദികനും സന്യാസിയും സന്യാസിനിയും സഭാ പിതാവും കണ്ണിൽ എണ്ണയൊഴിച്ച് ഉറക്കമിളച്ചിരുന്ന് നിതാന്ത ജാഗ്രത പുലർത്തണം. ആവുന്നിടത്തോളം മറ്റെല്ലാവരും നമ്മുടെ യുവതി യുവാക്കളെയും ബാലികാബാലന്മാരെയും സസ്നേഹം ചേർത്തുപിടിക്കണം. അവരെ ക്ഷമപൂർവ്വം സമചിത്തതയോടെ കേൾക്കുകയും അവരോട് സംവദിക്കുകയും വേണം. ഇവർ ഇരുളിൽ ആയാൽ കുടുംബങ്ങളും സ്ഥാപനങ്ങളും സഭയും തന്നെ ഇരുളിലാകും.
സത്യത്തിൽ ഈശോ ഒരു മതവും സ്ഥാപിച്ചിട്ടില്ല. അവിടുന്ന് സ്ഥാപിച്ചത് സ്നേഹ സമൂഹങ്ങളാണ്.കുടുംബവും, സ്ഥാപനവും,ഇടവകയും, രൂപതയും, എല്ലാം സ്നേഹസമൂഹങ്ങൾ ആവണം.
ഒരു യുവ വൈദികൻ തന്റെ ഒരു പ്രസംഗത്തിൽ പറഞ്ഞു : പിതാവിന് മൂന്ന് സിഡി ക്യാമറകൾ ഉണ്ടായിരുന്നു എന്ന്.അദ്ദേഹം ആലങ്കാരികമായി പറഞ്ഞത് പിതാവിന്റെ മൂന്ന് നല്ല സുഹൃത്തുക്കളെ കുറിച്ചാണ്.അദ്ദേഹം എന്തെങ്കിലും അരുതാത്തത് ചെയ്താൽ അവർ അദ്ദേഹത്തെ തിരുത്തുമായിരുന്നു എന്ന് മാത്രമല്ല സ്നേഹബുദ്ധ്യാ തന്റെ പിതാവിനെ അറിയിക്കുകയും ചെയ്യുമായിരുന്നത്രേ.
കഴിഞ്ഞകാലങ്ങളിൽ മുതിർന്നവർ സ്നേഹബുദ്ധ്യാ തെറ്റ് ചെയ്യുന്നവരെ തിരുത്തുമായിരുന്നു.അവർക്ക് മുഖംനോട്ടം ഇല്ലായിരുന്നു.ഇന്ന് അധികമാരും ഇങ്ങനെയുള്ള ‘മണ്ടത്തര’ത്തിനൊന്നും മിനക്കെടാറില്ലല്ലോ!
നമ്മുടെ കുടുംബങ്ങൾ, ഇടവകൾ, രൂപതകൾ എല്ലാം ‘ആൾക്കൂട്ടം’ എന്ന അവസ്ഥയിൽ നിന്ന് സ്നേഹ സമൂഹങ്ങൾ,പരസ്പരം സഹായിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, അംഗീകരിക്കുന്ന, സമൂഹങ്ങളായി കൂട്ടായ്മകൾ (koinonia )ആയി മാറണം.