സഭയിലെ ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്നത് ‘മരുഭൂമിയിലെ പിതാ’ക്കളുടെ സൂക്തങ്ങളിലാണ്. ക്രിസ്തുമതത്തിന്റെ ആദ്യ ശതകങ്ങൾ ദിവ്യകാരുണ്യത്തിൽ യേശുവിന്റെ സാന്നിധ്യമുണ്ടോ എന്ന് ഈജിപ്തിലെ ഒരു സന്യാസിക്ക് സംശയം. അജ്ഞതകൊണ്ട് അദ്ദേഹം പറഞ്ഞു: ‘നാം സ്വീകരിക്കുന്ന അപ്പം യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ശരീരമല്ല, മറിച്ച് ആ ശരീരത്തിന്റെ ഒരു പ്രതീകം മാത്രമാണ്’. ഇത് കൂടെ ഉണ്ടായിരുന്ന രണ്ട് സന്യാസിമാർ കേൾക്കുവാൻ ഇടയായി. ഭക്തനും വിശ്വാസിയുമായ സന്യാസി ഇത് പറഞ്ഞത് ദ്രോഹ ചിന്തകളോട് കൂടിയല്ലെന്നും, മറിച്ച് സന്യാസിയുടെ അനുഭവം ഇല്ലായ്മ കൊണ്ടാണെന്നും മനസ്സിലാക്കിയ അവർ അദ്ദേഹത്തോട് സംസാരിക്കാൻ തീരുമാനിച്ചു. അതിനായി അവർ ഒരു ദിവസം കണ്ടെത്തി. അവർ പറഞ്ഞു: “അങ്ങ് പറഞ്ഞത് നമ്മുടെ വിശ്വാസത്തെ നിഷേധിക്കുന്നതാണ്”. സന്യാസി പറഞ്ഞു: “അങ്ങനെയെങ്കിൽ നിങ്ങൾ അത് എനിക്ക് തെളിയിച്ച കാണിക്കണം”. അവർ പറഞ്ഞു: അങ്ങയുടെസംശയം ഞങ്ങൾ ദൈവത്തോട് പറയാം; അങ്ങേയ്ക്കു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യാം.
ഒരാഴ്ചയ്ക്ക് ശേഷം ഒരു ഞായറാഴ്ച മൂവരും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയാണ്. വൈദികൻ അപ്പവും വീഞ്ഞും വാഴ്ത്തുന്ന സമയത്ത് തിരുവോസ്തിയുടെ സ്ഥാനത്ത് ഒരു ചെറിയ ആട്ടിൻ കുട്ടിയെ കാണപ്പെട്ടു. ഈ സമയം ഒരു മാലാഖ വാളുമായി അവിടെ പ്രത്യക്ഷപ്പെടുകയും ആട്ടിൻ കുട്ടിയുടെ ശരീരത്തിൽ ഒരു വാൾ കുത്തിക്കയറ്റുകയും ചെയ്തു. തുടർന്ന് പുരോഹിതൻ തിരുവോസ്തി വിഭജിക്കുന്ന സമയം രക്തം കാസയിലേക്ക് ഒഴുകി. ദിവ്യകാരുണ്യ സ്വീകരണ സമയമായി; സംശയാലുവായ സന്യാസി ദിവ്യകാരുണ്യ സ്വീകരിക്കാൻ നിൽക്കുമ്പോൾ മാലാഖ തിരുവോസ്തിയിൽ നിന്ന് രക്തമണിഞ്ഞ ഭാഗം എടുത്ത് സന്യാസിക്ക് സ്വീകരിക്കുവാനായി കൊടുത്തു..!
ഈ സമയം സംശയാലുവായ സന്യാസി ഉറക്കെനിലവിളിച്ച് “ദൈവമേ ഈ അപ്പം അങ്ങയുടെ ദിവ്യശരീരമാണെന്നും കാസയിലേത് അവിടുത്തെ രക്തമാണെന്നും ഞാൻ വിശ്വസിക്കുന്നു” എന്ന് മാറത്തടിച്ച് വിളിച്ചു പറഞ്ഞു. തൽക്ഷണം അദ്ദേഹത്തിന്റെ കരങ്ങളിരുന്ന രക്തമണിഞ്ഞ മാംസം തിരുവോസ്തിയായിത്തീരുകയും അദ്ദേഹം ഭക്തിപൂർവ്വം അത് സ്വീകരിക്കുകയും ചെയ്തു.
ഈജിപ്തിലെ ഷെനെ മരുഭൂമിയിൽ മൂന്നും അഞ്ചും നൂറ്റാണ്ടുകൾക്കു ഇടയിലാണ് ഈ അത്ഭുതം നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
വി അഗസ്തിനോസ് തന്റെ മാനസാന്തരം സമയത്തു പറഞ്ഞു: “ഉന്നതത്തിൽനിന്നു ഒരു ശബ്ദം കേട്ടത് പോലെ ആയിരുന്നു അത്. ഞാൻ ശക്തന്മാരുടെ ഭക്ഷണമാണ്. അതുകൊണ്ട് എന്നെ ഭക്ഷിച്ചുകൊണ്ട് വളരുക . എന്നാൽ ശരീരത്തിനുള്ള ഭക്ഷണമെന്നപോലെ നീ എന്നെ നിന്നെയാക്കി രൂപാന്തരപ്പെടുത്തുകയില്ല, പിന്നെയോ നീ എന്നിലേക്ക് രൂപാന്തരപ്പെടും”.
യുവജന മതബോധന ഗ്രന്ഥത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇങ്ങനെ രേഖപ്പെടുത്തി. “പരിശുദ്ധ കുർബാന സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി കത്തോലിക്കനായിരിക്കണം. അയാളുടെ മനഃസാക്ഷിയിൽ ഗൗരവാവഹമായ പാപമുണ്ടെങ്കിൽ ആദ്യം കുമ്പസാരിക്കണം. അൾത്താരയെ സമീപിക്കുന്നതിനുമുമ്പ് അയൽക്കാരുമായി രമ്യതപ്പെടുകയും വേണം”. (യൂകാറ്റ് 22 )