കൈവെടിയാതെ

Fr Joseph Vattakalam
2 Min Read

അവിഹിതമായ രീതിയിൽ അധികാരം നിലനിർത്തുകയും അങ്ങനെ പണം ഉണ്ടാക്കുകയും ചെയ്ത ഒരു പ്രധാന പുരോഹിതനായിരുന്നു അന്നാസ്. മേലധികാരികളെ സ്വാധീനിച്ചു തന്റെ നാല് മക്കളെയും ഒരു മരുമകനെയും പ്രധാന പുരോഹിത പദത്തിൽ അയാൾ പ്രതിഷ്ഠിച്ചു. ദൈവാലയത്തെ അയാൾ കവർച്ചക്കാരുടെ ഗുഹയാക്കി മാറ്റി. ഇതിനെ ചോദ്യം ചെയ്യുകയും ദൈവാലയം ശുദ്ധീകരിക്കുകയും ചെയ്ത ഈശോയോടുള്ള ശത്രുത ആയിരിക്കണം തന്റെ മുമ്പിൽ ഈശോയെ വിചാരണ ചെയ്യാൻ അയാളെ പ്രേരിപ്പിച്ചത്.

നീതി വിരുദ്ധമായ സാഹചര്യങ്ങൾ നിലപാടുകളും ഉണ്ടാവുമ്പോൾ അവക്കെതിരെ ശബ്ദമുയർത്താൻ ഓരോ വിശ്വാസിയ്ക്കും കടമയുണ്ട്. ഇപ്രകാരമുള്ള സാഹചര്യങ്ങളിൽ നിശബ്ദതയോ നിസംഗതയോ പാലിക്കുന്നത് ക്രൈസ്തവ ധാർമികതയ്ക്ക് ചേർന്നതല്ല. അങ്ങനെ അനീതിക്കെതിരായി ശബ്ദമുയർത്തുമ്പോൾ പീഡനങ്ങളും സഹനങ്ങളും ഉണ്ടാകും.

ഒരു കാര്യം ഓർക്കണം. ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് മനുജ കുലത്തെ രക്ഷിക്കാൻ മനുഷ്യനായി അവതരിച്ച ദൈവപുത്രൻ എല്ലാ സാഹചര്യങ്ങളിലും സ്നേഹം കൈവടിയാതെയുള്ള നിലപാടാണ് സ്വീകരിച്ചത്. സഹനങ്ങളുടെ നടു മധ്യത്തിലും അവിടുന്ന് ആ നിലപാടിൽ മാറ്റം വരുത്തിയില്ല. അവിടുന്നാണ്, അവിടുന്നായിരിക്കണം നമ്മുടെ മാതൃക.

പത്രോസ്,പ്രധാനാചാര്യന്റെ കൊട്ടാര മുറ്റത്ത് വെച്ച് മൂന്ന് പ്രാവശ്യം തന്റെ ദിവ്യ ഗുരുവിനെ നിഷേധിച്ചു പറഞ്ഞു. അവിടുത്തെ ഏറ്റു പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ ഭയന്നാണ് പത്രോസ് അവിടുത്തെ തള്ളി പറഞ്ഞത്. പലപ്പോഴും സാഹചര്യങ്ങളാണ് പാപം ചെയ്യാൻ നമുക്ക് കളമൊരുക്കുന്നത്. ഈ സത്യം ഗ്രഹിച്ച് ഈ അവബോധത്തോടെ ജീവിക്കാൻ എല്ലാവർക്കും കഴിയണം. പ്രലോഭനങ്ങൾ ഉളവാക്കാൻ ഇടയാകുന്ന അവസരങ്ങൾ ബോധപൂർവ്വം ഒഴിവാക്കണം.

പാപത്തിനും പാപ സാഹചര്യത്തിലും പെടാതിരിക്കാൻ കൂട്ടം പിരിഞ്ഞു നടന്നവരാണ് ഈശോയുടെ കുരിശിന്റെ ഭാരം കണ്ടിട്ട്,വഴിനീളെയുള്ള അവിടുത്തെ വീഴ്ചകൾ കണ്ട്, അവിടുത്തോട് ആത്മാർത്ഥമായി സഹകരിക്കുകയും കണ്ണീർ വാർക്കയും ചെയ്തത്. കർത്താവിന്റെ പീഡാനുഭവത്തിൽ വലിയൊരു പങ്കുവഹിക്കുന്നവരാണവർ.അവരിലേക്ക് ഈശോയുടെ അലിവ് അണപൊട്ടി ഒഴുകുകയായിരുന്നു.ജറുസലേം പുത്രിമാരുടെ സ്നേഹത്തിൽ നിന്നും, സഹതാപത്തിൽ നിന്നും, സഹാനുഭൂതിയിൽ നിന്നും വാർന്നൊഴുകിയ കണ്ണീരാണ് അവരുടേത്. അവർ അവിടത്തോട് ആത്മാർത്ഥമായി സഹതപിക്കുന്നു. അവിടുത്തേക്ക് ആശ്വാസം പകരുക എന്നതാണ് അവരുടെ ഹൃദയപൂർവ്വമായ പ്രാർത്ഥന. ഈശോയ്ക്ക് അവരുടെ ഹൃദയഭാവം നന്നായി മനസ്സിലായി. അതുകൊണ്ടാണ് അവരോട് കരയാതിരിക്കാൻ അവിടുന്ന് പറയുന്നത്. എങ്കിലും അവിടുന്ന് കൂട്ടിച്ചേർത്തു “നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്ത് കരയുവിൻ” എന്ന്.

പശ്ചാത്തപിക്കാത്ത പാപത്തിന് ശിക്ഷയുണ്ട്. ജറുസലേം കല്ലിന്മേൽ കല്ല് ശേഷിക്കാതെ തർക്കപ്പെടും. അവർ നിരപരാധികൾ ആണെങ്കിലും പൊറുക്കാനാവാത്ത പാപത്തിന്റെ ശിക്ഷയുടെ ആഘാതം അവരും ഏൽക്കേണ്ടിവരും.ഈശോയുടെ പ്രവചനം അക്ഷരാർത്ഥത്തിൽ നിറവേറി എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ആരെയും വേദനിപ്പിക്കാതെ, സാധിക്കുന്ന നന്മ എല്ലാവർക്കും ചെയ്ത് വിനയപൂർവ്വം ജീവിച്ചു,സ്വർഗ്ഗം പ്രാപിച്ചു, തിരുമുഖ ദർശനത്തിൽ ജീവിക്കാൻ പാകത്തിനു നമ്മുടെ ഇഹലോക ജീവിതം ക്രമീകരിച്ചെടുക്കുകയാണ് നമ്മുടെ പരമ പ്രധാന കടമ. സഭയെ ക്രിസ്തുവിന്റെ വധുവായി പൗലോസ് ശ്ലീഹായും ചിത്രീകരിക്കുന്നുണ്ട്.(2കൊറീ.11:2;

എഫേ 5:22-27). വെളിപാടിന്റെ പുസ്തകം സഭയെ കുഞ്ഞാടിന്റെ മണവാട്ടിയെ അവതരിപ്പിക്കുന്നു. (വെളി.19:7;21:9). ഇതിൽനിന്ന വ്യക്തമാകുന്ന ഇവിടെ ചിത്രീകരിക്കപ്പെടുന്ന സ്ത്രീ വിശ്വസ്തമായ ദൈവജനത്തെ സൂചിപ്പിക്കുന്നു എന്നാണ്;പരിശുദ്ധ അമ്മ സ്വർഗ്ഗത്തിന്റെ സൈനാധിപയാണ്.അമ്മയുടെ വിമല ഹൃദയത്തിലേക്ക് നമ്മെ പൂർണമായും പ്രതിഷ്ഠിച്ചാൽ,പ്രതിസന്ധികളെ തരണം ചെയ്ത് അമ്മ നമ്മെ സ്വർഗത്തിൽ എത്തിക്കും.

Share This Article
error: Content is protected !!