പെസഹാ തിരുനാളിന്റെ പശ്ചാത്തലത്തിലാണ് യോഹന്നാൻ ഈശോയുടെ അന്ത്യത്താഴം അവതരിപ്പിച്ചിരിക്കുന്നത്. (13:1,2). ഈശോയാണ് പെസഹാ കുഞ്ഞാട് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പിറ്റേദിവസം ഈശോ കുരിശിലേറ്റപ്പെടുന്നു. ഈശോ പെസഹ കുഞ്ഞാട് ആണെന്ന് കാണിക്കാൻ മറ്റു രണ്ടു സൂചനകൾ കൂടി പീഡാനുഭവ വിവരണത്തിൽ പ്രേഷ്ഠശിഷ്യൻ ഉൾപ്പെടുത്തിയിരിക്കുന്നു. ഈശോയുടെ പാർശ്വം പിളർക്കപ്പെടുന്ന സംഭവം പുറ. 12: 46 ൽ പെസഹാകുഞ്ഞാടിനെപ്പറ്റി പറയുന്ന വാക്കുകളുടെ പൂർത്തീകരണമായി അവതരിപ്പിക്കുന്നു.
പാകം ചെയ്ത വീട്ടില്‍ വച്ചുതന്നെ പെസ ഹാ ഭക്ഷിക്കണം. മാംസത്തില്‍ നിന്ന് അല്പം പോലും പുറത്തുകൊണ്ടുപോകരുത്. ആടിന്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്.
പുറപ്പാട് 12 : 46.
അവന്റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്നതിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതു സംഭവിച്ചത്.
യോഹന്നാന് 19 : 36
പെസഹാ കുഞ്ഞാടിനെ കുറിച്ച് പുറപ്പാട് പുസ്തകത്തിൽ പറയുന്നിടത്ത് ആടിന്റെ അസ്ഥികൾ ഓടിക്കരുത് എന്നു 12:46ൽ നിർദ്ദേശിച്ചിരിക്കുന്നു. കുരിശിൽ നിന്ന് ഇറക്കുന്നതിന് മുമ്പ് അവിടത്തെ കാലുകൾ തകർത്തില്ല എന്ന് യോഹന്നാൻ എടുത്തുപറയുന്നുണ്ട്.
” അവിടുത്തെ അസ്ഥികളിൽ ഒന്നുപോലും തകർക്കപ്പെടുകയില്ല” എന്ന തിരുവെഴുത്ത് പൂർത്തിയാകാൻ വേണ്ടിയാണ് ഇത് സംഭവിച്ചത്(യോഹ.19:36).
ആദ്യ അധ്യായത്തിൽ ഈശോയെ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി ശ്ലീഹാ അവതരിപ്പിച്ചിരിക്കുന്നത് അനുസ്മരിപ്പിക്കാം. പുതിയ പെസഹാ കുഞ്ഞാടായ ഈശോയുടെ രക്തത്തിലൂടെയാണ് പുതിയ ദൈവജനം പാപത്തിൽ നിന്നും മോചിതരായി രക്ഷ അവകാശപ്പെടുത്തുക. പരസ്യ ജീവിതത്തിലേക്ക് കടന്നുവന്ന ഈശോയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്നാപകൻ പറഞ്ഞത്:” ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് “. ഈ പ്രഖ്യാപനത്തിന്റെ അവതരണത്തിലൂടെ യോഹന്നാൻ ശ്ലീഹാ ഈ സത്യം സ്ഥാപിക്കുന്നു.
സമാന്തര സുവിശേഷങ്ങൾ അന്ത്യത്താഴത്തിനും പരിശുദ്ധ കുർബാന സ്ഥാപനത്തിനുമാണ് ഊന്നൽ നൽകുന്നത്. എന്നാൽ യോഹന്നാൻ ബലിയർപ്പകനും ബലിവസ്തുവുമായ ഈശോയെ, ജനങ്ങളുടെ പാപങ്ങൾ സ്വയം ഏറ്റെടുത്ത് ജീവൻ വെടിഞ്ഞ പെസഹാ കുഞ്ഞാടായാണ് അവതരിപ്പിക്കുന്നത്. പെസഹാ കുഞ്ഞാടിന്റെ രക്തത്തിലൂടെയാണ് പഴയ നിയമ ജനത രക്ഷിക്കപ്പെട്ടത് എന്ന് നാം കണ്ടു. അതെ, പഴയ നിയമ ജനതയെ സംബന്ധിച്ചിടത്തോളം പെസഹാ രക്ഷയുടെ അനുഭവത്തിലേക്കുള്ള കടന്നു പോകലാണ്. എന്നാൽ ഈശോ മാനവരാശിയെ മുഴുവൻ തന്റെ കുരിശു മരണത്തിലൂടെ പാപത്തിൽ നിന്ന് മോചിപ്പിച്ചു ദൈവമക്കളും സ്വർഗ്ഗത്തിന് അവകാശികളുമാക്കി. ഇതാണ് നാലാമത്തെ സുവിശേഷം വ്യക്തമാക്കുന്നത്.