അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞ നമ്മുടെ ജീവിതത്തോട് എന്നേക്കുമായി വിടപറഞ്ഞു സത്യധർമാദികളും ഇതര നന്മകളും നിറഞ്ഞ ഒരു ജീവിതം സ്വന്തമാക്കാനുള്ള അവസരമാണ് ഈ ദിനങ്ങൾ. ഈ ഭൂമിയിൽ പ്രവാസികളാണ് നമ്മൾ. നമ്മുടെ നിത്യ ഭവനത്തിലേക്കുള്ള യാത്രയുടെ ഏതെങ്കിലുമൊരു ഘട്ടത്തിലാണ് എല്ലാവരും. പ്രഭാഷകൻ വ്യക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്: “ഓരോ പ്രവർത്തിയും ചെയ്യുമ്പോൾ, ജീവിതാന്തത്തെ പറ്റി ഓർക്കണം. എങ്കിൽ, നീ പാപം ചെയ്യുകയില്ല” (7:36).
അസൂയ, കൊലപാതകം (തേജോവധം, ഹൃദയ വേദന, മനോവേദന ഉളവാക്കൽ) ഏഷണി, കലഹം, വഞ്ചന, പരദ്രോഹം തുടങ്ങിയവയിൽ നിന്നെല്ലാം ഓടിയകലനം. പരദൂഷണം, ദൈവനിന്ദ, ധിക്കാരം, ഗർവ്,പൊങ്ങച്ചം, തിന്മകൾ ആസൂത്രണം ചെയുക, മാതാപിതാക്കളെ ധിക്കരിക്കുക, ഗുരുനിന്ദ, അവിശ്വസ്തത, ഹൃദയശൂന്യത, കൊടും ക്രൂരത എല്ലാം നിത്യസംഭവങ്ങളായിക്കൊണ്ടിരിക്കുമ്പോൾ ദൈവമക്കൾ നന്മ ചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു സാക്ഷികളാകണം. ക്രൈസ്തവ ജീവിതം സാക്ഷ്യജീവിതമാണ് (cfr. റോമാ, 1:29-32) തിന്മകളെ വർജിക്കുക, നന്മകളെ ആഞ്ഞു പുൽകുക.
നമ്മെ അനുതാപത്തിലേക്കും മനസാന്തരത്തിലേക്കും ജീവിതനവീകരണത്തിലേക്കും നയിക്കുകയാണ് ദൈവത്തിന്റെ കരുണയുടെ ലക്ഷ്യം. പക്ഷെ, നാം അന്ത്യശ്വാസം വലിക്കുന്ന അതെ നിമിഷം തന്നെ (തനതു വിധിയുടെ നിമിഷം) ദൈവത്തിന്റെ നീതിയുക്തമായ വിധിയും വെളിപ്പെടും. മാറ്റമില്ലാത്ത നിത്യസത്യമാണത്. കഠിനവും അനുതാപരഹിതവുമായ ഹൃദയത്തിലേക്ക് ദൈവത്തിന്റെ ക്രോധം നിപതിക്കും. ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവർത്തിക്കനുസൃതമുള്ള പ്രതിഫലമാണ് പ്രപഞ്ചനാഥൻ നൽകുക (cfr. റോമാ. 2:4-6). ഇതാണ് സ്വീകാര്യമായ സമയം. ഇതാണ് രക്ഷയുടെ ദിവസം.