വാർസോയിലെത്തിയ ഞാൻ ഒരു മഠത്തിനു വേണ്ടി അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാൽ ഏതെല്ലാം സന്ന്യാസഭവനങ്ങളെ ഞാൻ സമീപിച്ചുവോ അവയെല്ലാംതന്നെ എന്നെ തിരസ്ക്കരിച്ചു. ദുഃഖം എന്റെ ഹൃദയത്തെ ഗ്രസിച്ചു. ഞാൻ എന്റെ ഈശോ നാഥനോട് പറഞ്ഞു: “എന്നെ സഹായിക്കു; എന്നെ തനിയെ വിടരുതേ!” അവസാനം, നമ്മുടെ വാതിലിൽ (ഫൗസ്റ്റീനയ്ക്കു പ്രേവേശനം നൽകിയ മഠത്തിന്റെ) ഞാൻ മുട്ടി.
മദർ സുപ്പീരിയർ (ഡയറി എഴുതുമ്പോൾ മദർ ജനറൽ) എന്നെ വന്നു കണ്ടു. കുറച്ചുനേരത്തെ സംഭാഷണത്തിന് ശേഷം ഈ ഭവനത്തിന്റെ നാഥന്റെ അടുത്തുചെന്നു, അവിടുന്ന് എന്നെ സ്വീകരിക്കുമോ എന്ന് ആരായാൻ ‘അമ്മ എന്നോട് ആവശ്യപ്പെട്ടു. ഈശോനാഥനോടാണ് ഞാൻ ചോദിക്കേണ്ടതെന്ന് എനിക്കുടനെ മനസിലായി. വളരെ സന്തോഷത്തോടെ ഞാൻ ചാപ്പലിൽച്ചെന്നു ഈശോയോടു ചോദിച്ചു: “ഈ ഭവനത്തിന്റെ നാഥാ, അങ്ങ് എന്നെ സ്വീകരിക്കുമോ? ഇപ്രകാരം അങ്ങയോടു ചോദിക്കാനാണ് ഇവിടുത്തെ ഒരു സിസ്റ്റർ എന്നോട് ആവശ്യപ്പെട്ടത്.”
ഉടനെത്തന്നെ ഈ ശബ്ദം ഞാൻ കേട്ട് “ഞാൻ നിന്നെ സ്വീകരിക്കുന്നു. നീ എന്റെ ഹൃദയത്തിലുണ്ട്.” ഞാൻ ചാപ്പലിൽനിന്നു മടങ്ങിച്ചെന്നപ്പോൾ മദർ സുപ്പീരിയർ സസന്തോഷം എന്നോട് ചോദിച്ചു “നാഥൻ നിന്നെ സ്വീകരിച്ചോ?” ഞാൻ മറുപടി നൽകി “ഉവ്വ്” അവർ പറഞ്ഞു “നാഥൻ നിന്നെ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഞാനും നിന്നെ സ്വീകരിക്കുന്നു.”
ഇപ്രകാരമായിരുന്നു എന്റെ സഭാപ്രവേശം. എങ്കിലും ഒരു വർഷത്തിലധികം ആ ഭക്തസ്ത്രീയുടെ (ആദ്യമായി വാർസോയിൽ എത്തിയ അവസരത്തിൽ അഭയം നൽകിയ ആൽഡോണാ ലിഷ്ട്സ് കോവ എന്ന സ്ത്രീ) കൂടെ താമസിക്കേണ്ടി വന്നു. എന്നാൽ ഞാൻ സ്വന്തം വീട്ടിലേക്കു മടങ്ങിപോയില്ല.
ദൈവം ഏറ്റം വിലമതിക്കുന്ന സന്ന്യാസത്തിലേക്കുള്ള ഒരു വിശിഷ്ടവിളിയുടെ ചുരുൾ അഴിഞ്ഞുകൊണ്ടിരിക്കുന്നു! ദൈവം സവിശേഷമാംവിധം സമ്മാനിക്കുന്നതാണ് സന്ന്യാസത്തിലേക്കുള്ള വിളി.