സോദോമിലെയും ഗൊമോറയിലെയും ചില രാജാക്കന്മാർ അബ്രാമിന്റെ സോദരസുതനായ ലോത്തിനെ അവന്റെ സ്വത്തുക്കളോടൊപ്പം ബന്ധിതനാക്കി കൊണ്ടുപോയി. രക്ഷപെട്ട ഒരുവൻ ചെന്ന് അബ്രാമിനെ വിവരമറിയിച്ചു. സഹോദരൻ തടവിലാക്കപ്പെട്ടു എന്ന് കേട്ടപ്പോൾ അബ്രാം വളരെ വിശ്വസ്തരായ 318 പേരോടൊപ്പം ദാൻ വരെ അവരെ പിന്തുടർന്ന്. രാത്രി അവൻ തന്റെ ആളുകളെ പല ഗണങ്ങളായി തിരിച്ചു ശത്രുക്കളെ നിഷ്പ്രയാസം ആക്രമിച്ചു തോൽപ്പിച്ചു ദമസ്ക്കസിനു വടക്കുള്ള ഹോബാ വരെ ഓടിച്ചു. ലോത്തിന്റെ സമ്പത്തൊക്കെയും അവൻ വീണ്ടെടുത്ത്. ലോത്തിനെയും കുടുംബത്തെയും അവൻ തിരികെ കൊണ്ടുവന്നു.
യഥാർത്ഥ സഹോദര സ്നേഹത്തിന്റെ പ്രഥമ കഥയാണിത്. നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസോടും സർവ ശക്തിയോടും സ്നേഹിക്കണമെന്നും സഹോദരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കണമെന്നും പഴയ നിയമം അനുശാസിക്കുന്നു (cfr നിയ. 6:4,5, ലേവ്യ 19:18). ദൈവസ്നേഹത്തെകുറിച്ചു പഴയനിയമം പറഞ്ഞതിനോട് ഈശോ അണുപോലും മാറ്റം വരുത്തുന്നില്ല. എന്നാൽ സഹോദരസ്നേഹത്തെകുറിച്ചു പറഞ്ഞിരിക്കുന്നത് ഈശോയ്ക്കു ഒട്ടും ഉൾക്കൊള്ളാനായില്ല. അവിടുന്ന് അതിനു സമൂല മാറ്റം വരുത്തി ലോകത്തോട് പറയുന്നു:യോഹ. 13:34,35ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു.നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.
സഹോദരസ്നേഹം സർവോൽകൃഷ്ടം എന്ന് പൗലോസ് ശ്ലീഹ ഊന്നിപ്പറയുന്നു:(1 കോറി. 13:1-8)ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്.എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍തക്കവിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.ഞാന്‍ എന്റെ സര്‍വസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല.സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.സ്നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്ളാദം കൊള്ളുന്നു.സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല.
വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നു. എന്നാൽ സ്നേഹമാണ് സർവോൽകൃഷ്ടം. (1 കോറി. 13)