സുഹൃത്തുക്കളേ, നമ്മുടെ “കഥാകൃത്തച്ചന്റെ” ഇന്നത്തെ സന്ദേശവും അങ്ങേയറ്റം ഹൃദയസ്പർശിയാണ്. വിശദീകരത്തിനെടുത്ത വചനഭാഗം യോഹ.6 :1 -15 .
വലിയ ജനക്കൂട്ടമാണ് ഈശോയെ അനുഗമിച്ചത്. അവർ പട്ടിണിയായിരുന്നു. അഞ്ചു ബാർലിയപ്പവും രണ്ടു മീനും കൊടുക്കാൻ സന്മനസ്സു കാണിക്കുന്ന കുട്ടിയുടെ കഥയല്ലേ ഇത്? കൊടുക്കുകയാണ്, സ്നേഹം, സന്തോഷം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, കാരുണ്യം, ആത്മസംയമനം ഇവയൊക്കെ കൊടുക്കുമ്പോഴാണ് കുടുംബം, ഇടവക, രൂപത, വിവിധസ്ഥാപനങ്ങളൊക്കെ സ്വർഗ്ഗമാകുക. കൊടുക്കുക, പങ്കുവയ്ക്കുക-ഇതാണ് സ്വർഗ്ഗത്തിലേക്കുള്ള രാജപാത.
ഇന്ന് നമ്മുടെ അച്ചൻ ആദ്യം പറഞ്ഞത് ഒരു ബാങ്കുദ്യോഗസ്ഥന്റെ കാര്യമാണ്. ബാങ്കിൽ നിന്നിറങ്ങിയാൽ അവിടം മുതൽ കുടിച്ചു കൂത്താടി വീട്ടിൽ ചെന്ന് സ്നേഹമയിയായ ഭാര്യയെയും ഏകകുഞ്ഞിനെയും തല്ലിച്ചതയ്ക്കും . അവർക്കു ഒരിക്കലും സമാധാനമോ സ്വസ്ഥതയോ കൊടുത്തിരുന്നില്ല.
ഏക ഓമനയുടെ ആറാമത്തെ ജന്മദിനം! ഭാര്യ ഭർത്താവിനെ അന്ന് രാവിലെ ഒരുക്കി. ഇരുവരും കൂടി മുറ്റത്തേക്കിറങ്ങിയപ്പോൾ അവർ സ്നേഹാദരവോടെ ചോദിച്ചു. ചേട്ടൻ ഇന്ന് അല്പം നേരത്തെ വരുമോ? എന്താ കാര്യം ? അയാൾ ഗൗരവത്തിലാണ്. ചേട്ടൻ ഓർക്കുന്നില്ലേ? ഇന്ന് നമ്മുടെ ഓമനയുടെ ജന്മദിനമല്ലേ? അവൾക്കു കേക്കുമുറിക്കാനും കൂട്ടുകാർക്കു സമ്മാനം നൽകാനും വലിയ കൊതിയാണ്. ഓർമ്മവച്ചകാലം മുതൽ അവൾ നമ്മോടു പറയാറുണ്ടല്ലോ. ഇന്നുവരെ അവൾക്കു ആ ഭാഗ്യം കിട്ടിയിട്ടില്ല. ഇന്നെങ്കിലും സമ്മാനം വാങ്ങി നേരത്തെ വരില്ലേ ചേട്ടാ? ആ നോക്കാം. ചേട്ടൻ തീർച്ചയായും വരണം നേരത്തെ, മോളു കാത്തിരിക്കും. നോക്കാമെന്നു പറഞ്ഞില്ലേയെന്നു ചോദിച്ചു അയാൾ ഗൗരവത്തിൽ പോയി.
കുഞ്ഞിന്റെ ജന്മദിനകാര്യം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. കുറച്ചു നേരത്തെ, ബാങ്കിൽനിന്ന് ഇറങ്ങുകയും ചെയ്തു. കൂടെയുള്ളവർ ചുറ്റും കൂടി വിവരം അന്വേഷിച്ചു. അയാൾ വിവരം പറഞ്ഞു. ചെലവ് ചെയ്യണമെന്നായി അവർ “ഇന്ന് പോകട്ടെ, നാളെയാകാം” അയാൾ പറഞ്ഞു നോക്കി. ‘ദുഷ്ടന്മാർ‘ വിട്ടുകൊടുക്കുമോ?. മറ്റുള്ളവരെ തിന്മയിലേക്ക് നയിക്കുന്നവൻ ആരു തന്നെയായാലും അവൻ “മറ്റവന്റെ പിണിയാളാണ്”. നിർബന്ധിച്ചു, നിർബന്ധിച്ചു അയാളെ അവർ ബാറിൽ കയറ്റി. ആയിരക്കണക്കിന് രൂപായ്ക്കു ‘വിഷം‘ എല്ലാ അവനും മോന്തി മോന്തി പൂസ്സായി. നമ്മുടെ കഥാപാത്രവും സാഹചര്യം വന്നപ്പോൾ നിർബന്ധിതനായി, നില വിട്ടു കുടിച്ചു. കോട്ടയത്തുനിന്ന് തൃശൂർക്കു എല്ലാവരും ട്രെയിൻ കയറി. അപ്പോൾ മുതൽ ഈ മനുഷ്യൻ സ്ഥലകാലബോധമില്ലാത്ത കിടന്നുറങ്ങി. കുടിക്കുന്നതിനു മുമ്പുതന്നെ അയാൾ കുഞ്ഞിന് സമ്മാനം വാങ്ങിയിരുന്നു. കൂടെയുണ്ടായിരുന്ന ദുഷ്ടന്മാർ തൃശൂർ ചെന്ന് കഴിഞ്ഞാണ് അയാളെ ഉരുട്ടി ഉണർത്തിയത് “ഇറങ്” എല്ലാവരും കൂടി പറഞ്ഞു. “അയ്യോ, എന്റെ വാച്ച്, പേഴ്സ്, എന്റെ കുഞ്ഞിന്റെ സമ്മാനം”. “ഇപ്പോൾ ഇറങ്ങടോ” അതെല്ലാം ഞങ്ങൾ ശേഖരിച്ചു നാളെതരാം” അവർ അയാളെ എടുത്തെന്നപോലെ പ്ലാറ്റ്ഫോമിലാക്കി.
ട്രെയിൻ വിട്ടുപോയി, കാര്യം കഴിഞ്ഞപ്പോൾ, “ഒഴിവാക്കുക” എന്ന തന്ത്രത്തിലായി ആ ‘കശ്മലന്മാർ‘, എന്തൊരു ലോകം? ആ ബാങ്കുദ്യോഗസ്ഥൻ അടുത്തുകൂടെപ്പോയ പലരോടും തന്റെ നിസ്സഹായത പറഞ്ഞു സഹായം തേടി. എല്ലാവരും “വീണ്ടും കുടിക്കാനാണെ”ന്നു പറഞ്ഞു ഒരു ചില്ലിക്കാശുപോലും കൊടുത്തു സഹായിക്കാതെ പോയി. പരിചയമുള്ള ഒരുപോട്ടറെ അയാൾ കണ്ടു. വിവരമെല്ലാം അയാളോട് പറഞ്ഞു. അയാളുടെയും പ്രതികരണം മറ്റുള്ളവരുടേതുപോലെ തന്നെയായിരുന്നു ആദ്യം. രാത്രി വൈകുന്നു. നിരവധി പ്രാവശ്യം ആ പോട്ടറോട് കക്ഷി സഹായം ചോദിച്ചു കഴിഞ്ഞപ്പോൾ, ഒത്തിരി കുറ്റപ്പെടുത്തിയിട്ട് മനസ്സില്ലാമനസ്സോടെ തുടർന്നുള്ള യാത്ര ചെലവിനുള്ള പണം ആ പോട്ടർ കൊടുത്തു.
മകൾക്കു സമ്മാനം വാങ്ങാനുള്ള പണം കൂടെ കടം കൊടുക്കണമെന്ന് കെഞ്ചി കെഞ്ചിപ്പറഞ്ഞപ്പോൾ, ആ പോട്ടർ പറഞ്ഞു: “എടോ, ഒരു പണവും ആവശ്യമില്ലാത്ത ഒരു സമ്മാനം തനിക്കു തന്റെ മകൾക്കു കൊടുക്കാനുണ്ടടോ . അതായിരിക്കും ആ കുഞ്ഞിന് ഏറ്റം ഇഷ്ടമുള്ള സമ്മാനം.
“എന്ത് സമ്മാനമാണത്?”
“അത് തന്റെ കയ്യിലുണ്ട്”
“അയ്യോ, എന്റെ കയ്യിലൊന്നുമില്ല”
“ഉണ്ടെടോ”
“എന്താണത്? ഒന്ന് പറഞ്ഞുതരൂ.”
“നാളെ ഒട്ടും കുടിക്കാതെ ചെന്നിട്ടു ആ കുഞ്ഞിനെ അടുക്കിപ്പിടിച്ച് അതിനു കുറെ സ്നേഹം കൊടുക്കുക. ഇന്നുവരെ ഈ സമ്മാനം താനാ കുഞ്ഞിന് കൊടുത്തിട്ടില്ലല്ലോ!”
കള്ളൊക്കെ ഇറങ്ങി. അയാൾക്ക് സുബോധമുണ്ടായി- ലാസ്റ് ബസ്സു കയറി അയാൾ വീട്ടിലെത്തി. രാത്രി ഒരുമണി കഴിഞ്ഞു. അപ്പോൾവരെ തിരികത്തിച്ചുവച്ചു കണ്ണീരോടെ പ്രാർത്ഥിച്ചിരുന്ന അയാളുടെ ഭാര്യയും കുഞ്ഞുമകളും തിടുക്കത്തിൽ മുറ്റത്തിറങ്ങി അയാളെ സ്വീകരിച്ചു! അയാളുടെ അവസ്ഥ കണ്ടു കരളലിഞ്ഞ ഭാര്യ സ്നേഹപൂർവ്വം അയാളുടെ കരം ഗ്രസിച്ചു. മകൾ മറ്റേക്കയ്യിൽ പിടിച്ചുകൊണ്ടു സമ്മാനം ചോദിക്കുകയായി. പിറ്റേദിവസം കൂട്ടുകാരെയെല്ലാം സമ്മാനം കാണിക്കാമെന്നു അവൾ ഏറ്റിരിക്കുകയായിരുന്നു. ആ മനുഷ്യൻ സംഭവിച്ചതെല്ലാം വിവരിച്ചു പറയാൻ തുടങ്ങി.ആ ഉത്തമ ഭാര്യപോയി, ഭർത്താവിന് കുളിക്കാനുള്ള വെള്ളത്തിന് ചൂടുണ്ടോ എന്ന് നോക്കി, ആവശ്യത്തിനുണ്ടെന്നു ഉറപ്പാക്കി. തോർത്തുകളും സോപ്പും തയ്യാറാക്കി വച്ചിട്ട് മടങ്ങിവന്നു ഭർത്താവിനെ ഒത്തിരി സ്നേഹത്തോടെ വിളിച്ചുകൊണ്ടു പോയി കുളിമുറിയിൽ കയറ്റി.അനന്തരം ഭക്ഷണം ഡൈനിംഗ് ടേബിളിൽ സജ്ജീകരിച്ചു. ഇതിനിടെ കരഞ്ഞുകൊണ്ടിരുന്ന മകളെ ആശ്വസിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം അപ്പൻ സമ്മാനം കൊണ്ടുവരുമെന്ന് ഉറപ്പു പറയുകയും ചെയ്തുകൊണ്ടിരുന്നു . കുഞ്ഞു സമാധാനിച്ചു. മൂവരുംകൂടി സ്നേഹപൂർവ്വം ഭക്ഷണം കഴിക്കുമ്പോൾ, അപ്പൻ മകളോട് പറഞ്ഞു: “പൊന്നുവിന് ഇപ്പോൾത്തന്നെ ഒരു സമ്മാനം തരാം. ഇത് അമ്മയ്ക്കും വളരെ ഇഷ്ടപ്പെടും. കുഞ്ഞിന്റെ മുഖം തെളിഞ്ഞു. എന്താണപ്പാ സമ്മാനം- അവൾ തിരക്കി. ഭാര്യയും ആകാംഷാഭരിതയായി. അയാൾ പറഞ്ഞു “അപ്പന്റെ സമ്മാനം ഒരു ‘തീരുമാനമാണ്‘ ഉറച്ച, ഒരിക്കലും മാറ്റം വരുത്തുകയില്ലാത്ത ഒരു തീരുമാനം”.
ഇതിനിടെ അവർ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. ആ മകൻ കണ്ണീരോടെ മകളെ മാറോടു ചേർത്ത്, ആ പൂങ്കവിളിലും നെറ്റിത്തടത്തിലും തെരുതെരെ നിരവധി ചുംബനങ്ങൾ നൽകി. അയാളുടെ കണ്ണുനീരുകൊണ്ടു ആ കുഞ്ഞിന്റെ കവിൾത്തടങ്ങളും നെറ്റിത്തടവും നന്നേ നനഞ്ഞു. ഇടറിയ സ്വരത്തിൽ അയാൾ പറഞ്ഞു: “പൊന്നൂ, ബെറ്റ്സി , അപ്പൻ ഇനി ഒരു നാളും കുടിക്കുകയില്ല. നേരത്തെ വീട്ടിൽ വരും. ഓ!.. നെടുവീർപ്പുകൾ കണ്ണീർമുത്തുകൾ. ആ സുമോഹന നിമിഷം! മൂവരും കെട്ടിപിടിച്ചു ദീർഘനേരം കരഞ്ഞു. ആ നിമിഷം മുതൽ ആ കൊച്ചുകുടുംബം തിരുകുടുംബമായി, സ്വർഗ്ഗമായി.
സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, സമാധാനത്തിന്റെ, ക്ഷമയുടെ, കാരുണ്യത്തിന്റെ ഒക്കെ ദാരിദ്ര്യം പരിഹരിക്കുന്നതാണ് കുടുംബാംഗങ്ങൾക്ക് വേദനിക്കുന്നവർക്ക്, അവശർക്കു, ആർത്തർക്ക്, ആലംബഹീനർക്കു നൽകാവുന്ന ഏറ്റം വലിയ സമ്മാനം!