ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്‌ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു.
അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്റെയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച് ഓടി.
എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി.
കുനിഞ്ഞു നോക്കിയപ്പോള്‍ ക ച്ചകിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല.
അവന്റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു.
ക ച്ചഅവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്നതൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു.
അപ്പോള്‍ കല്ലറയുടെ സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു.
അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു എന്നതിരുവെഴുത്ത് അവര്‍ അതുവരെ മനസ്‌സിലാക്കിയിരുന്നില്ല.
അനന്തരം ശിഷ്യന്‍മാര്‍ മടങ്ങിപ്പോയി.
യോഹന്നാന്‍ 20 : 1-10
ഈശോയുടെ സ്നേഹം മഗ്ദലന മറിയത്തെ എന്നപോലെ യോഹന്നാൻ ശ്ലീഹായെയും ഏറ്റവും അധികം സ്വാധീനിച്ചു. മഗ്ദലനയിൽ നിന്നു ശൂന്യമായ കല്ലറയെക്കുറിച്ച് ശ്രവിച്ച മാത്രയിൽ യോഹന്നാനും പത്രോസും ഒരുമിച്ച് കല്ലറയിലേക്ക് ഓടി. ഇരുവർക്കും ഈശോയോടുള്ള സ്നേഹമാണ് ഈ ‘ഓട്ടം’ വ്യക്തമാക്കുക എന്നതിന് സംശയമില്ല.. ” ഇരുവരും ഒരുമിച്ചു ഓടി ” എന്നും എന്നാൽ മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ കൂടുതൽ ‘വേഗം ഓടി: എന്നും പറയുന്നത് ഇരുവരുടെയും സ്നേഹത്തിന്റെ, സ്വഭാവത്തിന്റെ, സാന്ദ്രതയിലെ വ്യത്യാസം സൂചിപ്പിക്കുന്നുണ്ട്. ” മറ്റേ ശിഷ്യൻ”, “ഈശോ സ്നേഹിച്ച ശിഷ്യൻ” ഈ സംജ്ഞകൾ യോഹന്നാനെ തന്നെയാണ് അർത്ഥമാക്കുന്നത്. ഈശോയുടെ സ്നേഹം യോഹന്നാനെ സവിശേഷമാം വിധം സ്വാധീനിച്ചിരുന്നു എന്ന സൂചനയുമുണ്ട്.
ഒരാൾ സകലരെയും ഒരുപോലെ സ്നേഹിച്ചാൽ തന്നെയും സ്വീകർത്താക്കൾ ഒരുപോലെ ആയിരിക്കുകയില്ല പ്രതികരിക്കുന്നത്. സ്നേഹം സ്വീകരിക്കുന്നതിലും പ്രതികരിക്കുന്നതിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക സ്വാഭാവികമാണ്. ഈശോയുടെ സ്നേഹം മറ്റാരെക്കാൾ കൂടുതലായി യോഹന്നാനെയും മഗ്ദലന മറിയത്തെയും സ്വാധീനിച്ചു എന്നതാണ് വാസ്തവം. ” ഈശോ സ്നേഹിച്ച ശിഷ്യൻ” എന്നതുകൊണ്ട് യോഹന്നാൻ അർത്ഥം ആക്കുന്നത് ഈ സത്യമാണ്. കല്ലറയിലേക്ക് കൂടുതൽ വേഗത്തിൽ ഓടിയെത്താൻ, ഈശോയോടുള്ള തന്റെ സ്നേഹം അദ്ദേഹത്തെ നിർബന്ധിച്ചു.
യോഹന്നാൻ ആദ്യം ശൂന്യമായ കല്ലറയിൽ ഓടിയെത്തിയെങ്കിലും, പത്രോസ് വന്ന് ആദ്യം കയറാൻ വേണ്ടി സ്നേഹശിഷ്യൻ കാത്തു നിന്നു എന്നത് ദൈവശാസ്ത്രപരമായി ഏറെ പ്രാധാന്യം അർഹിക്കുന്നുമുണ്ട്. പത്രോസ് ആദ്യം കയറി കച്ചയും തൂവാലയും കണ്ടെങ്കിലും അദ്ദേഹം ഈശോയുടെ ഉയർപ്പിൽ ഉടൻ വിശ്വസിച്ചതായി സുവിശേഷം രേഖപ്പെടുത്തുന്നില്ല. അതേസമയം “മറ്റേ ശിഷ്യനും അകത്തുകടന്നു കണ്ടു വിശ്വസിച്ചു” എന്ന രേഖപ്പെടുത്തിയിട്ടുമുണ്ട് (യോഹന്നാൻ 20 18 ). സ്നേഹം വിശ്വാസത്തെ ത്വരിതപ്പെടുത്തുന്നു, എളുപ്പമാക്കുന്നു, എന്ന സൂചനയാണ് നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം.
ഗലീലി കടൽക്കരയിൽ ഈശോ ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവിടുത്തെ ആദ്യം തിരിച്ചറിഞ്ഞത് വീണ്ടും, ഈശോ സ്നേഹിച്ച ശിഷ്യനാണ്. ഈശോ സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പത്രോസിനോട് പറഞ്ഞു:” അതു കർത്താവാണ് “(യോഹ.21:7) ഈശോയുമായുള്ള യോഹന്നാൻ ശ്ലീഹയുടെ സ്നേഹബന്ധം ആണ് അവിടുത്തെ വേഗം തിരിച്ചറിയാൻ പ്രിയ ശിഷ്യനെ സഹായിച്ചത്. ഈശോയെ പൂർണ്ണ ആത്മാവോടും പൂർണമനസ്സോടും പൂർണ ഹൃദയത്തോടും സർവ്വശക്തിയോടും കൂടെ സ്നേഹിക്കുന്നതായിരിക്കട്ടെ നമ്മുടെ ക്രൈസ്തവ ജീവിതം.