നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന് വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, അവന് വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ?
കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാള്‍ അവന് സന്തോഷിക്കുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന് പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.
മത്തായി 18 : 12-14
ലൂക്കായുടെ സുവിശേഷത്തിലും ഈ ഉപമ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മറ്റൊരു പശ്ചാത്തലത്തിലാണ് ഇത് അവതരിപ്പിക്കുന്നത്. ഈശോ പാപികളുടെയും ചുങ്കക്കാരുടെയും കൂടെ ഭക്ഷിക്കുകയും അവരുമായി സമ്പർക്കം പുലർത്തുകയും ചെയ്തത് ഫാരിസേയർ നിശിതമായി വിമർശിച്ചതിനെ തുടർന്ന് വരുന്ന ഉപമയാണിത്. ഈശോ തന്റെ രക്ഷാപ്രവർത്തനത്തിന് ശൈലി നീതികരിക്കുന്നു. വിനയാന്വിതനായി അനുതപിക്കുന്ന ഒരു പാപിയെ കുറിച്ച് സ്വർഗ്ഗത്തിൽ ഉണ്ടാകുന്ന വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുമാണ് ഈശോ തന്റെ പ്രവർത്തിയെ നീതിയിരിക്കുക.(ലൂക്ക
13:1-7)
ഈശോ ശിഷ്യന്മാർക്ക് നൽകുന്ന ഒരു ഉപദേശമായാണ് മത്തായി ഈ ഉപമ അവതരിപ്പിക്കുന്നത്. ശിഷ്യരുടെ ഗണത്തിലുള്ള ചെറിയവരും ബലഹീനരുമായ ഓരോ വ്യക്തിയുടെയും കാര്യത്തിൽ പിതാവായ ദൈവത്തിനുള്ള ഉൽക്കണ്ഠയും, കരുതലും മനസ്സിലാക്കി, അവർക്ക് ദുഷ്പ്രേരണ നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞതിന്റെ തുടർച്ചയായാണ് ഈ പ്രബോധനം അവതരിപ്പിക്കുന്നത്.
ക്രിസ്തു ശിഷ്യർ ദുഷ്പ്രേരണ നൽകാതിരുന്നാൽ മാത്രം പോരാ, നേർവഴിയിൽ നിന്ന് വഴുതി പോയവരെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരികയും വേണം. ഈ ജാഗ്രതയുടെ അടിസ്ഥാനം “ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചു പോകാൻ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല” എന്നതാണ്(മത്താ.18.14)
ക്രൈസ്തവ സമൂഹത്തിൽനിന്ന് വഴിതെറ്റിപ്പോയ അംഗങ്ങൾ നിത്യമായി നശിച്ചു പോകാതിരിക്കാൻ, അവരെ തിരികെ കൊണ്ടുവരുന്നതിന് എല്ലാ ക്രൈസ്തവർക്കും കടമ ഉണ്ടെന്നാണ് ഈശോ ഈ സുവിശേഷ ഭാഗത്ത് വ്യക്തമാക്കുന്നത്.
ഈശോമിശിഹായിൽ പ്രത്യക്ഷമായ ദൈവത്തിന്റെ വലിയ കൃപ ഏതു പാപിയെയും ആശ്ലേഷിക്കണമെന്നാണ് സഭാ മക്കൾ ആഗ്രഹിക്കുന്നതും, പ്രാർത്ഥിക്കുന്നതും. അവരെ സ്നേഹപൂർവ്വം സമാശ്ലേഷിക്കുക, അവരെ രക്ഷയുടെ മാർഗത്തിലേക്ക് നയിക്കുക, എന്നത് വിലപ്പെട്ട ഒരു അജപാലന നിയമമായി നിലകൊള്ളുന്നു.