പലകാരണങ്ങൾക്കയാണെങ്കിലും ഇക്കാലത്ത് അപകീർത്തിക്ക് ഇരയാവുന്നവർ വളരെയധികമാണ്. പല രംഗങ്ങളിലുമെന്നതുപോലെ ഇവിടെയും മലയാളികൾ തന്നെ മുന്നിൽ. പണവും ചങ്കുറ്റവുമുണ്ടെങ്കിൽ ആർക്കും ആരെക്കുറിച്ചും എന്തും പറയാം. ഇവയൊക്കെ ഭീമമായ തുക കൈപ്പറ്റിക്കൊണ്ട് കൊട്ടിഘോഷിച്ചു കുട പിടിക്കാൻ യാതൊരു ഉളിപ്പുമില്ലാത്ത കുറെ മാധ്യമക്കാരും.
ഏതോ ഒരു രാജ്യത്ത് യാതൊരു മുന്നറിയിപ്പോ, പരസ്യമോ, ഇല്ലാതെ ഒരു കൂട്ടയോട്ടം നടന്നു. കൂടെ ചേർന്ന് ചേർന്ന് ഓടുന്ന ആർക്കും തന്നെ കാരണമോ ലക്ഷ്യമോ പിടിയുമില്ല. കാണുന്നവർ കാണുന്നവർ കൂടെക്കൂടുന്നു, അതുമാത്രം വ്യക്തം. ഒരു യുവാവിന് ഒരാശയമുദിച്ചു. ഈ ‘സാഹസിക’ കൂട്ടയോട്ടത്തിൻറെ കാരണം കണ്ടു പിടിക്കുക. അയാൾ തന്റെ ബൈക്കെടുത്ത്, ജാഥയുടെ വഴിയിൽ ഒഴിവുണ്ടായിരുന്ന ഇടത്തുകൂടെ ഓടിച്ച് കുറേപ്പേരെ മുന്നിട്ടു കഴിഞ്ഞപ്പോൾ ഒരാളോട് ചോദിച്ചു: “നിങ്ങൾ എന്തിനാണ് ഓടുന്നത്?” അയാൾ സത്യസബന്ധമായ മറുപടി നൽകി. “അറിഞ്ഞുകൂടാ കുറേപ്പേർ ഓടുന്നത് കണ്ടു ഞാനും ഓടുന്നു അത്രമാത്രം”. നമ്മുടെ യുവാവ് വീണ്ടും ബൈക്കോടിച്ച് കുറെയധികം പേരെ മുന്നിട്ട് ഒരാളോട് തിരക്കി, “നിങ്ങൾ എന്തിനാണ് ഇങ്ങനെ ഓടുക?” അയാൾക്ക് മറുപടി കിട്ടി. “എനിക്ക് അറിഞ്ഞു കൂടാ കുറേപ്പേർ ഓടുന്നത് കണ്ട് ഞാനും അങ്ങ് ചേർന്ന്. അയാൾ വീണ്ടും ബൈക്കോടിച്ച് ആദ്യം ഓടുന്ന ആളെ സമീപിച്ചു. അതൊരു സ്ത്രീയായിരുന്നു. ആദരവോടെ അയാൾ അവരോടു വിവരം ചോദിച്ചു. അവർ മാത്രം കാരണം അറിഞ്ഞിരുന്നു. അവർ അണച്ചും കിതച്ചും പറഞ്ഞു: “അതിവേഗത്തിൽ ഓടുന്ന ആ പശുവിനെ നോക്ക്. അതെന്റെ പശുവാണ്. അതിനെ പിടിച്ചു തിരിച്ചുകൊണ്ടു വരുക ഒരു ഭഗീരഥപ്രയത്നമാണ്. “കറുത്തത് ഛർദിച്ചു ” എന്ന് ഒരാൾ പറഞ്ഞത്, കൈമാറി കൈമാറി “മൂന്നുകാക്കയെ ഛർദിച്ചു” എന്ന അവസ്ഥയിലെത്തിക്കുന്നതും മലയാളികളായ നമ്മുടെ മുഖമുദ്രയല്ലേ?
അപകീർത്തിയിൽപ്പെട്ടു നിസ്സഹായതയിൽ കഴിയുന്നവരെക്കുറിച്ചു പറഞ്ഞു തുടങ്ങിയതാണ്. മറ്റാരെയുംകാൾ അധികം അപകീർത്തിക്കിരയായായതു കറയും കളങ്കവുമില്ലാത്ത ദൈവകുഞ്ഞാടായ മിശിഹാ തമ്പുരാൻ തന്നെയാണ്. ഭോജനപ്രിയൻ മദ്യപൻ, നിയമനിഷേധി, പാരമ്പര്യത്തെ കാറ്റിൽ പറത്തുന്നവൻ ചുങ്കക്കാരോടും വേശ്യകളോടും സഹകരിക്കുന്നവൻ, അധികാരികളെ അധിക്ഷേപിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവൻ, കുടുംബത്തിന് അപമാനം വരുത്തുന്നവൻ, ദൈവമാണെന്ന് അവകാശപ്പെടുന്ന മാനസിക രോഗി, മഹാപാപം ചെയ്യുന്നവൻ , ദൈവാലയധ്വംസനം മോശയുടെ നിയമം കട്ടിൽ പറത്തുന്നവൻ, കടുത്ത വിപ്ലവകാരി, കാര്യസാധ്യത്തിനു സാത്താനെ കൂട്ടുപിടിക്കുന്നവൻ, സ്വയം രാജാവാകുന്നവൻ , അബ്രാഹത്തെക്കാൾ വലിയവൻ എന്നു സ്വയം വിലയിരുത്തുന്നവൻ, ജനങ്ങളെ ഒന്നടങ്കം വഴിതെറ്റിക്കാൻ ശ്രമിക്കുന്നവൻ. അങ്ങനെ പോകുന്നു “അപകീർത്തന”ങ്ങളുടെ ‘അഖണ്ഡ ജപമാല’.
അന്നും ഇന്നും തമ്മിൽ അജഗജാന്തരമല്ലേ? അന്നൊക്കെ പുലമ്പിയിരുന്ന അപവാദങ്ങൾ അടുത്ത് നിന്നവർക്കുമാത്രമേ കേൾക്കാനാവുമായിരുന്നുള്ളു. ഇന്ന് ആരും ആരെക്കുറിച്ചും എന്തും എപ്പോഴും എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കുന്നു. നിമിഷങ്ങൾക്കകം അവ അണ്ഡകടാഹത്തിന്റെ മുക്കിലും മൂലയിലും പോലും എത്തുന്നു. കണ്ണടച്ചിരുന്നാൽ ആകാത്ത കാഴ്ചകൾ കാണാതെയിരിക്കാം. ചെവി കൊട്ടിയടച്ചിരുന്നാൽ കേൾക്കാൻ പോലും കൊള്ളുകില്ലാത്തതൊക്കെ കേൾക്കാതിരിക്കാം. ആരും ആരെയും ഏതടവും ഉപയോഗിച്ചും ബലിയാടാക്കും. വളരെ ഗ്രാമ്യമാണെങ്കിലും വായിൽ വരുന്നത് കോതയ്ക്ക് പാട്ടു. സ്വാർത്ഥതാത്പര്യങ്ങൾക്കും സ്ഥാപിത താത്പര്യങ്ങൾക്കും സ്ഥാനമാണങ്ങൾക്കും വേണ്ടി ഏതു മൂല്യവു ബലികഴിക്കും.
ഇവർ ഉന്നം വയ്ക്കുന്ന ബലിയാടുകളെ സംബന്ധിച്ചിടത്തോളം , വീണ്ടും ഒരു റസ്റ്റിക് ചൊല്ല്: “എലിയുടെ കണ്ണുകളിലൂടെ ചോര ചിന്തയാലും പൂച്ച കടിവിടുകയില്ല”.
സഹനത്തിന്റെ സകല മാനങ്ങളും മട്ടുവരെ കുടിച്ച സത്യദൈവവവും സത്യമനുഷ്യനുമായ ക്രിസ്തുവിന്റെ സമാശ്വാസം ബലിയാടുകൾക്ക് അവിടുന്ന് ഉറപ്പായി നൽകും. വാഗ്ദാനങ്ങളിൽ നിത്യവിശ്വസ്തനായ കർത്താവ് അരുളിച്ചെയ്യുന്നു.
“ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമി അവകാശമാക്കും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു സംതൃപ്തി ലഭിക്കും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡനം നിൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ളാദിക്കുവിൻ ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കുമുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്”(മത്താ. 5 -12 )