പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരു കഥയാണിത്. ഒരിക്കൽ, നരകത്തിൽ ഒരു ആയുധപ്രദർശനവും വില്പനയും നടന്നു. മനുഷ്യവംശത്തിന്റെ ആരംഭംമുതൽ നാളിതുവരെ, മനുഷ്യനെ ദൈവത്തിൽ നിന്നകറ്റി തന്നിലേക്ക് അടുപ്പിക്കാൻ, അവിടുത്തെ ആജന്മ ശത്രുവായ ലൂസിഫർ നിരന്തരം ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ പ്രദർശനമായിരുന്നു അത്. കാലത്തിനടുത്ത മാറ്റങ്ങൾ തന്റെ ആയുധങ്ങളിലും വരുത്തണമെന്ന ആശയം അവന്റെ മനസ്സിൽ രൂഢമൂലമായി വന്നു. പഴയതും ഉപയോഗശൂന്യവുമായ തന്റെ ആയുധങ്ങൾ വിറ്റഴിക്കുക എന്നതായിരുന്നു പ്രദർശനംകൊണ്ട് സാത്താൻ ലക്ഷ്യമിട്ടത്. ബാക്കി തുക ഉണ്ടാക്കിയാൽ മതിയല്ലോ.
ആയുധങ്ങൾ നേരിട്ടുകണ്ട് മനസ്സിനിണങ്ങുന്നവയുണ്ടെങ്കിൽ സഹായവിലയ്ക്കു കിട്ടുമെങ്കിൽ വാങ്ങിക്കളയാമെന്നു കരുതി, നരകത്തിന്റെ നാലുമൂലയ്ക്കുനിന്നും കുറെ മറ്റു കുട്ടിച്ചെകുത്താന്മാർ പ്രദർശനശാലയിലെത്തി. ഓരോന്നിന്റെയും വില എഴുതി തൊട്ടടുത്തുതന്നെ വച്ചിരുന്നു. ഏറ്റം ഭംഗിയായി അലങ്കരിച്ചിരുന്ന ഒരു ആയുധം, മിന്നിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു ആയുധം (നിരന്തരമുള്ള ഉപയോഗത്താൽ കൈവന്നത്) ഏവർക്കും നയനമനോഹരമായി, കമനീയമായി, ആകർഷകമായി അലങ്കരിച്ചു സൂക്ഷിച്ചിരുന്നു. അതിന്റെ വില എഴുതിവച്ചിരുന്നുമില്ല. അതിന്റെ വില ആഗതരെല്ലാം അന്വേഷിച്ചുകൊണ്ടിരുന്നു. അവർക്കെല്ലാം ലഭിച്ച മറുപടി: ”അതു വില്പനയ്ക്കുള്ളതല്ല, പ്രദർശനത്തിനുവേണ്ടി മാത്രമുള്ളതാണ്” എന്നായിരുന്നു. ലൂസിഫർ ഏറ്റം ഇഷ്ടപ്പെടുന്ന, വിലമതിക്കുന്ന ആയുധമായിരുന്നത്രെ അത്. അയാൾക്ക് ഏറ്റമധികം ആത്മാക്കളെ നേടിക്കൊടുത്തുകൊണ്ടിരുന്നത് അതാണ്. ഏതു കാലത്തും എല്ലാ സംസ്കാരങ്ങളിലും ഒരുപോലെ പ്രയോജനപ്രദമായ ആയുധമാണത്. അതിന് യാതൊരു പരിഷ്കരണവും ആവശ്യമില്ലതന്നെ. അതു വില്ക്കേണ്ടതില്ലെന്നു ദുഷ്ടത തന്നെയായ ലൂസിഫർ തീരുമാനിച്ചെങ്കിൽ അതിലെന്താശ്ചര്യം! പ്രസ്തുത ആയുധത്തിന്റെ പേര് അറിയേണ്ടേ? വെണ്ടയ്ക്കാ അക്ഷരത്തിലാണ് അതിന്റെ പേര് അവൻ എഴുതിവച്ചിരിക്കുന്നത്. അതിന്റെ പേരാണ് ”നിരാശ!!!”.
ഏറ്റവുമധികം ജീവിതങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന തിന്മയുടെ ആയുധമാണു നിരാശ. വിശ്വാസവും പ്രത്യാശയും സ്നേഹവും പരിശുദ്ധാത്മാവിന്റെ ഇതരഫലങ്ങളും നഷ്ടപ്പെട്ട അവസ്ഥയാണ് നിരാശ. ഒരുവനും ഒരേസമയം നിരാശനും ദൈവവിശ്വാസിയുമായിരിക്കുക സാധ്യമല്ല. ഇല്ലായ്മയിൽനിന്ന് ഈ വിശ്വത്തെ സൃഷ്ടിച്ച സർവ്വശക്തനായ ദൈവത്തിന് സർവ്വവും പുനഃസൃഷ്ടിക്കാനും കഴിയും. വിശ്വാസത്തിന്റെ സമ്പൂർണ്ണതയിൽ, അനുതാപജന്യമായ ഹൃദയത്തോടെ നാം തന്നെ അവിടുത്തേക്കു സമർപ്പിക്കണമെന്നു മാത്രം. ആത്മീയ-ഭൗതീക ജീവിതങ്ങളിൽ വളരുന്നതിനു നമുക്കു വിശ്വാസവും പ്രത്യാശയും ദൈവത്തിനുള്ള തുറവി അത്യന്താപേക്ഷിതമാണ്. ദൈവത്തിന്റെ ഇടപെടലിന് ദീർഘനാൾ കാത്തിരിക്കേണ്ടിവന്നാലും പ്രത്യാശ കൈവെടിയാതെ കർത്താവിന്റെ സമയത്തിനുവേണ്ടി കാത്തരിക്കുക. സങ്കീർത്തകൻ പറയുന്നു: ”കർത്താവിനെ കാത്തിരിക്കുന്നവരേ, ദുർബലരാകാതെ, ധൈര്യമവലംബിക്കുവിൻ” (31:24). പ്രത്യാശയില്ലാതെ പ്രാർത്ഥനയിൽ മുന്നേറുക അസാധ്യമാണ്. അനീതി നിറഞ്ഞ ന്യായാധിപനെ നിരന്തരം ബുദ്ധിമുട്ടിച്ചു നീതിനേടിയെടുത്ത വിശ്വാസത്തിന്റെ പ്രത്യാശയുടെ ആൾരൂപമായി കരുതപ്പെടാവുന്ന, സുവിശേഷത്തിലെ, വിധവയുടെ മനസ്സെങ്കിലും നമുക്ക് ഉണ്ടാകേണ്ടതല്ലേ? ഏശയ്യാ പ്രവചിച്ചിട്ടില്ലേ, ”കർത്താവിൽ ആശ്രയിക്കുന്നവർ വീണാലും എഴുന്നേല്ക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും” എന്ന്. ദൈവത്തിന് അസാധ്യമായി ഒന്നിമില്ല. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്തു തരാൻ അവിടുത്തേക്കു കഴിയും. ജെറമിയായിലൂടെ ദൈവം അരുളിച്ചെയ്യുന്നു: ”ഞാൻ സകല മർത്യരുടേയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?” (32:27).
ദൈവത്തിനു പരിഹരിച്ചുതരാനാവാത്ത ഒരു പ്രശ്നവുമില്ല. അസാധ്യങ്ങളെല്ലാം സുസാധ്യങ്ങളാക്കുന്നവനാണു ദൈവം. പ്രശ്നങ്ങളും പ്രയാസങ്ങളും ദൈവകരങ്ങളിൽ കൊടുത്ത് അവിടുത്തെ സ്തുതിച്ചു മഹത്ത്വപ്പെടുത്തുക. വിസ്വാസപ്രമാണത്തിനു വലിയ സൗഖ്യശേഷിയുണ്ട്. ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ വിശ്വാസപ്രമാണം ഉറക്കെ, ബോധ്യത്തോടെ ആവർത്തിച്ചു ചൊല്ലുക. ആത്മാർത്ഥതയോടെ അതുചൊല്ലുമ്പോൾ സാത്താൻ നമ്മെ വിട്ടുപോകും. നമ്മുടെ കർത്താവിന്റെ ആഹ്വാനം ഓർക്കുക. ”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെയടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28).