എമ്മാവൂസിലേക്കു പോയ ശിഷ്യരോട് ഈശോ വ്യകതമാക്കി: ‘ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ ? മോശ തുടങ്ങി സകല പ്രവാചകന്മാരും വിശുദ്ധ ലിഖിതങ്ങളിൽ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവിടുന്ന് അവർക്കു വ്യാഖ്യാനിച്ചു കൊടുത്തു’ (ലൂക്കാ 24: 26,27).
ഈശോ പറയുന്നത് വളരെ വ്യക്തം . കുരിശിലൂടെയല്ലാതെ കിരീടം കൈവരുകയില്ല. ദുഃഖവെള്ളി അനുഭവത്തിലൂടെ കടന്നുപോകാതെ ഉത്ഥാനാനുഭവം ഉണ്ടാവുകയില്ല. മഹത്വത്തിലേക്കു പ്രവേശിക്കുന്നതിന് കദന യോർദ്ദാൻ തുഴഞ്ഞുകയറണം. ഇതാണ് ‘ക്രൂശിന്റെ ഭോഷത്തം’. പൗലോസ് തികഞ്ഞ ആധികാരികതയോടെയാണ് പറയുക, ‘നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശിന്റെ (സഹനത്തിന്റെ) വചനം (വെറും) ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അത് ദൈവത്തിന്റെ ശക്തിയാണ്’ (1 കൊറീ. 1: 18). വിശ്വസിക്കുന്നവർക്ക് സഹനം ‘ദൈവത്തിന്റെ ശക്തിയാണ്’. ‘ജീവിതത്തിലേക്ക് നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം’ (മത്താ. 7: 14).
സഹനത്തിന്റെ മാമ്മോദീസ മുങ്ങുന്നവർക്കേ സ്വർഗ്ഗസീയോനിലേക്കു പ്രവേശിക്കാനാവൂ . ‘എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു, തന്റെ കുരിശെടുത്ത് എന്റെ പിന്നാലെ വരട്ടെ’ (മത്താ . 16:24). ഈ സമസ്യ (മഥിക്കുന്ന, വിഷമിപ്പിക്കുന്ന പ്രശ്നം ) ഉൾകൊള്ളാൻ ദൈവികജ്ഞാനം അവശ്യം ആവശ്യമാണ്. പരിശുദ്ധാത്മാവിനു മാത്രമേ ഇത് പ്രദാനം ചെയ്യാനാവൂ.അവിടുത്തെ അഭിഷേകത്തിനുവേണ്ടി അവിരാമം നാം പ്രാർത്ഥിക്കണം. ‘ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും, പരിശുദ്ധാത്മാവിനെ ലഭിക്കും’ (cfr) (ലൂക്കാ. 11: 9-13). കുരിശിനോട് മറുതലിക്കുന്നവർക്ക് അതിന്റെ ഭാരം ഇരട്ടിയാവുന്നു.
പന്ത്രണ്ടു വയസുള്ള ഒരു ബാലൻ ക്യാൻസർ ബാധിതനായി ഡിവൈൻധ്യാന കേന്ദ്രത്തിൽ ധ്യാനത്തിനെത്തി. അവൻ രോഗികളുടെ വാർഡിലായിരുന്നു. ബ. പനയ്ക്കലച്ചൻ പ്രാർത്ഥിക്കാൻ അവന്റെ അടുത്തെത്തുന്നു അവന്റെ അമ്മയ്ക്ക് പരാതിയാണ് ‘എന്റെ മകനെ മാത്രം ഈശോ തൊട്ടിലല്ലോ!’ അച്ചൻ ആ ബാലനുവേണ്ടി പ്രാർത്ഥിച്ചു. ഇരുവരുടെയും മുഖം പ്രസന്നമായി. പക്ഷെ, ആ ‘അമ്മ കരഞ്ഞു കൊണ്ടേയിരുന്നു . എന്നാൽ കുട്ടി തന്റെ സഹനം ദൈവകരങ്ങളിൽ നിന്നു സസന്തോഷം സ്വീകരിച്ചു. അവൻ പുഞ്ചിരിയോടെ അച്ചനോട് പറയുകയാണ്: ‘ അച്ചാ, എന്റെ അമ്മ എന്റെ രോഗത്തെ ഓർത്തു കരഞ്ഞു കരഞ്ഞു മരിച്ചു നരകത്തിൽ പോകും. ഞാനോ സന്തോഷത്തോടെ സ്വർഗ്ഗത്തിലേക്ക് പോകും’. ദൈവം അനുവദിച്ച സഹനത്തോട് എത്ര ഉദാത്തമായ അനുമോധനാർഹമായ സമീപനമാണ് ആ കുട്ടി വച്ചുപുലർത്തിയത്?
പ്രഥമ രക്തസാക്ഷിയായ സ്റ്റീഫൻ കൊടും സഹനസമയത്ത്
എറിയുന്നവരിലേക്കോ എറിയപ്പെട്ട കല്ലുകളിലേക്കോ അല്ല നോക്കിയത്, മറിച്ചു സ്വർഗ്ഗത്തിലേക്കു , ദൈവത്തിലേക്ക് നോക്കികൊണ്ട്, പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. സ്വർഗ്ഗം തുറക്കപ്പെട്ടു. അവന്റെ മുഖം പ്രകാശിതമാകുന്നു (cfr സങ്കീ . 34: 5). നാം കുരിശിനെ ഒരിക്കലും മറുതലിക്കരുത്. ഈശോ ബന്ധിക്കപ്പെടുന്ന സമയത്തു, പത്രോസ് പ്രധാനപുരോഹിതന്റെ ഭൃത്യന്റെ ചെവി ഛേദിച്ചപ്പോൾ ഈശോ പറഞ്ഞ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്. ‘വാൾ ഉറയിലിടുക. പിതാവ് എനിക്ക് നൽകിയ പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലെയോ?’ (യോഹ.18:11). താൻ വന്നതു ലോകത്തെ പിശാചിന്റെ അടിമത്തത്തിൽനിന്നു രക്ഷിക്കാനാണെന്നും അതിനു കുരിശുമരണം ഏറ്റെടുത്തേ മതിയാവൂ എന്നുമാണ് ഈശോ ഇവിടെ വ്യക്തമാക്കുക.
ആരെയും പഴിക്കാതെ, പരാതി പറയാതെ സഹനത്തിന്റെ കാസ മട്ടുവരെ ഈശോ കുടിച്ചു തീർത്തു. സഹിക്കുന്നവർക്കു പൗലോസ് നൽകുന്ന ഉപദേശം ഇതാണ്. ‘ഒന്നിനെക്കുറിച്ചും ആകുലരാകരുത്. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ സമർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഖിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും ചിന്തകളേയും ഈശോമിശിഹായിൽ കാത്തുകൊള്ളും (ഫിലി. 4: 6,7). റോമാ 8:30 പ്രത്യേകം പ്രസ്താവ്യമാണ്. ‘താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു. വിളിച്ചവരെ നീതികരിച്ചു, നീതികരിച്ചവരെ മഹത്വപ്പെടുത്തി’ സഹനത്തിലൂടെ മാത്രമേ മഹത്വത്തിലേക്കു പ്രവേശിക്കാനാവൂ. യോഹന്നാൻ ‘മഹത്വപ്പെടുക’ എന്ന പ്രയോഗത്തിനു’സഹിക്കുക’ എന്ന അർത്ഥമാണ് നൽകുക.
ഈശോ പറഞ്ഞു: ‘മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഗോതമ്പുമണി നിലത്തുവീണു അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ, അത് വളരെ ഫലം പുറപ്പെടുവിക്കും’ (യോഹ. 12:23,24). പൗലോസ് തിമോത്തിക്കെഴുതിയ ലേഖനത്തിൽ സ്പഷട്മായി പറയുന്നു: ‘ഈശോമിശിഹായോടു ഐക്യപ്പെട്ടു വിശുദ്ധജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും’ (2തിമോ. 3:12). കഷ്ടതയുടെ ചൂളയിൽ നിന്നെ ഞാൻ ശോധന ചെയ്തു. എനിക്കുവേണ്ടി, അതെ, എനിക്കുവേണ്ടി മാത്രമാണ് ഞാൻ ഇത് ചെയ്യുന്നത്’ (ഏശ. 48: 10). ഈശോ നടന്ന വഴിയിലൂടെ, കുരിശിന്റെ വഴിയിലൂടെ, നടന്നാലേ സ്വർഗ്ഗത്തിലെത്തുകയുള്ളൂ. ദൈവം അനുവദിക്കുന്ന കുരിശാണ് നമ്മുടെ കിരീടമായി ഭവിക്കുക.