സമൂല പരിവർത്തനം വരുത്തുന്ന വചനം

Fr Joseph Vattakalam
4 Min Read

വ്യക്തിജീവിതങ്ങളെ രൂപാന്തരപ്പെടുത്തി, ഹൃദയങ്ങളിൽ സമൂലപരിവർത്തനം വരുത്തി , നിത്യരക്ഷയിലേക്കു നയിക്കാനുള്ള അതിമാനുഷിക, ദൈവികശക്തി കയ്യാളുന്ന അത്ഭുതപ്രതിഭാസമാണു ദൈവത്തിന്റെ വചനം. അതു ജീവനേകുന്നതാണ്, ശക്തി പകരുന്നതാണ്, വിശുദ്ധീകരിക്കുന്നതാണ്, സുഖപ്പെടുത്തുന്നതാണ്, പ്രത്യാശ പ്രധാനം ചെയ്യുന്നതാണ്, സമാധാനം സമ്മാനിക്കുന്നതാണ്, സഹനശീലവും ക്ഷമാശീലവും വളർത്തുന്നതാണ്, സുഖദുഃഖങ്ങളിൽ സമചിത്തത വെടിയാതെ  സന്തോഷിക്കാൻ സഹായിക്കുന്നതാണ്, സമൂലപരിവർത്തനം വരുത്തുന്നതാണ്. ഇവയിൽ അവസാനം പറഞ്ഞിരിക്കുന്ന സത്യത്തെക്കുറിച്ച്  തിരുവചനത്തിന്റെ വെളിച്ചത്തിൽത്തന്നെ പരിചിന്തിക്കാം. വിസ്തരഭയത്താൽ തിരുവചനത്തിൽ നിന്നും ചരിത്രത്തിൽ നിന്നുമായി ഏതാനും വ്യക്തികളുടെ അനുഭവം  രേഖപ്പെടുത്തി സമാപിപ്പിക്കാം  .

ദൈവവചനത്തിനു പൂർണമായി വിധേയനായ പ്രഥമ മനുഷ്യനാണ് അബ്രാഹം. കർത്താവ് അബ്രാമിനോട് അരുളിച്ചെയ്തു. നിന്റെ ദേശത്തെയും ബന്ധുക്കളെയും  പിതൃഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിന്റെ പേര് ഞാൻ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമാകും.കർത്താവ് കല്പിച്ചതനുസരിച്ചു അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെകൂടെ തിരിച്ചു. ഹാരാൻ ദേശത്തോടു വിടപറഞ്ഞപ്പോൾ അബ്രാമിന് എഴുപത്തഞ്ചു വയസ്സ് പ്രായമായിരുന്നു (ഉല്പ 12 :1 -4 ). അത് പരിപൂർത്തിയിലെത്തുന്നത് അബ്രാഹത്തിന്റെ ബലിയിലാണ് (cfr 22 :1 -19 ).ദൈവത്തിന്റെ വചനം അബ്രാമിനെ അബ്രാഹമാക്കി രൂപാന്തരപ്പെടുത്തി നവസൃഷ്ട്ടിയാക്കി പേരുപോലെ, അദ്ദേഹം ജനതകളുടെ പിതാവായി. അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം കാണുന്ന വലിയ ഒരു മനസാന്തരമാണ് ക്രിസ്ത്യാനികളെ ഉന്മൂല നാശം വരുത്താൻ അക്ഷീണം പരിശ്രമിച്ച സാവൂൾ പൗലോസ് ആയത്.

“സാവൂൾ അപ്പോഴും കർത്താവിന്റെ  ശിഷ്യരുടെ നേരെ വധഭീഷണി ഉയർത്തികൊണ്ടിരുന്നു. അവൻ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാർഗ്ഗം സ്വീകരിച്ച സ്ത്രീപുരുഷന്മാരിൽ ആരെ കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജെറുസലേമിലേക്കു കൊണ്ടുവരാൻ ദമാസ്‌ക്കസിലെ  സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങൾ ആവശ്യപ്പെട്ടു , അവൻ യാത്രചെയ്തു ദമാസ്‌ക്കസിനെ സമീപിച്ചപ്പോൾ പെട്ടന്ന് ആകാശത്തിൽ നിന്ന് ഒരു മിന്നലൊളി അവന്റെമേൽ പതിച്ചു . അവൻ നിലംപതിച്ചു. ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതും കേട്ടു. സാവൂൾ,സാവൂൾ, നീ എന്തിനു എന്നെ പീഡിപ്പിക്കുന്നു? അവൻ ചോദിച്ചു. കർത്താവേ, അങ്ങ് ആരാണ്? അപ്പോൾ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ. എഴുന്നേറ്റു നഗരത്തിലേക്ക് പോവുക . നീ എന്താണ് ചെയേണ്ടതെന്നു അവിടെവച്ച് നിന്നെ  അറിയിക്കും. അവനോടൊപ്പം യാത്രചെയ്തിരുന്നവർ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാൽ സ്തബ്ധരായി  നിന്നുപോയി.സാവൂൾ നിലത്ത് നിന്ന് എഴുന്നേറ്റു; കണ്ണുകൾ തുറന്നിരുന്നിട്ടും  ഒന്നും കാണാൻ അവനു കഴിഞ്ഞില്ല. തന്മൂലം, അവർ അവനെ കൈക്കുപിടിച്ചു ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി . മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവൻ ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല”(അപ്പ. 9 :1 -9 ).ഈ മകനാണ് എനിക്ക് ജീവിക്കുക ക്രിസ്തുവാകുന്നു; മരിക്കുക ലാഭവുമാകുന്നു എന്നും മറ്റനേകം കാര്യങ്ങളും എഴുതുകയും പഠിപ്പിക്കുകയും അവസാനം രക്തസാക്ഷിത്വമകുടം  ചൂടുകയും ചെയ്തത്.ദൈവത്തിന്റെ വചനം അത്ഭുതാവഹമായ രൂപാന്തരീകരണമല്ലേ ഇവിടെ സാധിച്ചിരിക്കുന്നത് ?

ഈ മാനസാന്തരം  മറ്റൊരുവലിയ മനസാന്തരത്തിന്, സമ്പൂർണ, സമൂല പരിവർത്തനത്തിനു  വഴി തെളിച്ചു. എല്ലാ വിധത്തിലും ദുർമാർഗ്ഗിയായിരുന്നു അഗസ്റ്റിൻ . ‘അമ്മ മോണിക്കപുണ്യവതിയുടെ, മുപ്പത്തിമൂന്നുവർഷം നീണ്ടു നിന്ന തപസ്സു, പ്രായശ്ചിത്തം, ഉപവാസം, അതികഠിനമായ പരിഹാരപ്രവർത്തികൾ ഇവയിൽ സംപ്രീതനായ സർവ്വശകതനായ ദൈവം അഗസ്റ്റിനെ തന്റെ ജീവിതത്തിലെക്കൊന്നു തിരിഞ്ഞു നോക്കാൻ  അതിശക്തമായി  പ്രേരിപ്പിക്കുന്നു. ചിന്താമഗ്നനായി തന്റെ ഒരു സുഹൃത്തിന്റെ ഭവനത്തിനു സമീപമുണ്ടായിരുന്ന  ഗ്രൗണ്ടിൽ , മനസ്സിന്റെ നിതാന്ത നിശബ്ദതയിൽ , ധ്യാനനിരതനായി ഉലാത്തുമ്പോൾ അദ്ദേഹം ഒരു അശ്ശരീരി  സ്വരം കേൾക്കുന്നു: “Tolle , lege ” [എടുക്കുക, വായിക്കുക]. വേഗം അദ്ദേഹം സുഹൃത്തിനെ സമീപിക്കുന്നു. അയാളുടെ  മേശപ്പുറത്തു അപ്പോൾ ഉണ്ടായിരുന്നത് വി.ഗ്രന്ധത്തിലെ പുതിയനിയമാണ് . തുറന്നു കിട്ടിയതോ റോമാ 13 : 11 -14  “ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ടു  ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാൽ ഇപ്പോൾ രക്ഷ നമ്മൾ ആരും പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ അടുത്തെത്തിയിരിക്കുന്നു. രാത്രി കഴിയാറായി; പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, നമ്മുക്ക് അന്ധകാരത്തിന്റെ പ്രവർത്തികൾ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം. പകലിനു  യോജിച്ചവിധം   നമ്മുക്ക് പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കർത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിൻ. ദുർമോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിൻ (പ്രകാശത്തിന്റെ ആയുധങ്ങൾ).

പിൽക്കാലത്തു നടന്ന ഒരു മനസാന്തരകഥകൂടി രേഖപ്പെടുത്താം. ഈ സംഭവത്തിലെ കഥാപാത്രങ്ങൾ വിഖ്യാതനായ രണ്ടു വിശുദ്ധരാണ്-വി ഇഗ്‌നേഷ്യസ് ലയോളാ, വി ഫ്രാൻസിസ് സേവ്യർ . ഏവർക്കും അറിയാവുന്നതുപോലെ ലയോളാ  വിശ്വവിഖ്യാതമായ ഈശോ സഭയുടെ സ്ഥാപകനാണ്; ഫ്രാൻസിസ് ഭുവനപ്രസിദ്ധമായ സർവകലാശാലയുടെ പ്രൊഫസ്സറും. ഇവർ പരസ്പരം അറിഞ്ഞിരുന്നു; ഉറ്റബന്ധത്തിലായിരുന്നില്ല . ഫ്രാൻസിസിൽ അന്തർലീനമായിരുന്ന ദൈവവിളി വി. ലയോള മനസ്സിലാക്കി. സായനസവാരിയിലായിരുന്ന അദ്ദേഹം ഫ്രാൻസിസ് തനിക്കെതിരെ വരുന്നത് കണ്ടു  അദ്ദേഹത്തോടു ചോദിച്ചു: “ഫ്രാൻസിസ്, ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ എന്ത് ഫലം? ആത്മാവിനു പകരമായി നീ എന്ത് കൊടുക്കും?”  . പ്രത്യക്ഷമായ പ്രതികരണമൊന്നും അന്ന് ഫ്രാന്സിസിൽ നിന്ന് ഉണ്ടായില്ല.ഇരുവരും കടന്നുപോയി . മറ്റൊരു ദിവസവും അവർ തമ്മിൽ കണ്ടുമുട്ടുന്നു. വീണ്ടും ലയോളാ  ചോദ്യം ആവർത്തിക്കുന്നു. തീർച്ചയായും അദ്ദേഹം ഫ്രാന്സിസിനുവേണ്ടി തീക്ഷണമായ പ്രാർത്ഥിച്ചിരുന്നിരിക്കണം. ഏതാനും ദിവസങ്ങൾ കഴിഞ്ഞ്, ഒരു സായം കാലത്ത്, ലയോളയുടെ ആശ്രമത്തിലെ സന്ദർശകർക്കുള്ള മണിമുഴങ്ങി. സ്വീകരിക്കാൻ എത്തിയ സഹോദരൻ, വലിയ വ്യക്തിത്വത്തിന്റെ ഉടമയെന്നു തോന്നുന്ന,  ഒരു യുവാവിനെയാണു  കണ്ടത്. ‘ലയോളഅച്ചനെ കാണണം ‘ എന്ന് യുവാവ് ആവശ്യപ്പെടുന്നു. പിന്നീട്  ഭാരതത്തിന്റെ രണ്ടാം  അപ്പസ്തോലൻ  എന്നറിയപ്പെടുന്ന വി. ഫ്രാൻസിസ് സേവ്യറായിരുന്നു ആ സന്ദർശകൻ! ഇവിടെ രൂപാന്തരപ്പെടുത്തിയ  തിരുവചനം സുവ്യക്തം:” ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ എന്ത് ഫലം ” ?

Share This Article
error: Content is protected !!