ഈശോയുടെ വംശാവലിയിൽ ഇടം ലഭിച്ച ഒരു വിജാതീയ സ്ത്രീയാണ് ജോഷ്വാ 2 ൽ നാം കാണുന്ന റഹാബ്. അവൾ നല്ലവളായിരുന്നു. കനാൻ ദേശം രഹസ്യ നിരീക്ഷണം നടത്താൻ ജോഷ്വാ അയച്ച രണ്ടുപേരെ ജെറിക്കോ രാജാവിന് വിട്ടുകൊടുക്കാതെ തന്റെ ഭവനത്തിൽ ഒളിപ്പിച്ചു രക്ഷിച്ചത് ഇവളാണ്. ഈ സംഭവത്തെക്കുറിച്ചു തിരുവചനം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്.
ജോഷ്വാ 2:1-17
നിങ്ങള്‍ പോയി നാടു നിരീക്ഷിക്കുവിന്‍, പ്രത്യേകിച്ച് ജറീക്കോ. അവര്‍ പട്ടണത്തിലെത്തി. വേശ്യയായ റാഹാബിന്റെ വീട്ടില്‍ രാത്രി കഴിച്ചു.
നാട് ഒറ്റുനോക്കാന്‍ ഏതാനും ഇസ്രായേല്‍ക്കാര്‍ രാത്രിയില്‍ അവിടെ എത്തിയിട്ടുണ്ടെന്ന് ജറീക്കോ രാജാവിന് അറിവുകിട്ടി.
അവന് ആളയച്ചു റാഹാബിനെ അറിയിച്ചു: നിന്റെയടുക്കല്‍ വന്നിട്ടുള്ളവരെ വിട്ടുതരുക. അവര്‍ ദേശം ഒറ്റു നോക്കാന്‍ വന്നവരാണ്.
ഇരുവരെയും ഒളിപ്പിച്ചിട്ട് അവള് പറഞ്ഞു: ഏതാനും പേര് ഇവിടെ വന്നു എന്നതു വാസ്തവം തന്നെ. എന്നാല്‍, അവര്‍ എവിടത്തുകാരാണെന്ന് എനിക്കറിഞ്ഞുകൂടാ.
രാത്രിയില്‍ പട്ടണവാതില്‍ അടയ്ക്കുന്നതിനു മുമ്പേ അവര്‍ പുറത്തുപോയി. അവര്‍ എങ്ങോട്ടാണു പോയതെന്നും എനിക്കറിഞ്ഞുകൂടാ.
വേഗം ചെന്നാല്‍ നിങ്ങള്‍ക്ക് അവരെ പിടികൂടാം. അവളാകട്ടെ അവരെ പുരമുകളില്‍ അടുക്കിവച്ചിരുന്ന ചണത്തുണ്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്നു.
അന്വേഷിച്ചു വന്നവര്‍ ജോര്‍ദാനിലേക്കുള്ള വഴിയില്‍ കടവുവരെ അവരെ തിരഞ്ഞു. അന്വേഷകര്‍ പുറത്തു കടന്നയുടനെ പട്ടണവാതില്‍ അടയ്ക്കുകയും ചെയ്തു.
കിടക്കാന്‍ പോകുന്നതിനു മുമ്പ് റാഹാബ് അവരുടെ അടുക്കല്‍ ചെന്നു പറഞ്ഞു:
കര്‍ത്താവ് ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. നിങ്ങള്‍ ഞങ്ങളെ ഭയചകിതരാക്കുന്നു; നാടു മുഴുവന്‍ നിങ്ങളെക്കുറിച്ചുള്ള ഭീതി നിറഞ്ഞിരിക്കുന്നു.
നിങ്ങള്‍ ഈജിപ്തില്‍നിന്നു പോന്നപ്പോള്‍ കര്‍ത്താവ് നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും, ജോര്‍ദാനക്കരെ സീഹോന്, ഓഗ് എന്ന രണ്ട് അമോര്യ രാജാക്കന്മാരെ നിങ്ങള്‍ നിര്‍മൂലമാക്കിയതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
ഇതു കേട്ടപ്പോള്‍ ഞങ്ങളുടെ മനസ്സു തകര്‍ന്നു. നിങ്ങള്‍ നിമിത്തം എല്ലാവരും നഷ്ടധൈര്യരായിത്തീര്‍ന്നു; മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ ദൈവമായ കര്‍ത്താവു തന്നെയാണു ദൈവം.
അതുകൊണ്ട് ഞാന്‍ നിങ്ങളോട് കാരുണ്യത്തോടെ വര്‍ത്തിക്കുന്നതു പോലെ നിങ്ങള്‍ എന്റെ പിതൃഭവനത്തോടും കാരുണ്യപൂര്‍വം വര്‍ത്തിക്കുമെന്ന് കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു ശപഥം ചെയ്യുവിന്‍.
എന്റെ മാതാപിതാക്കളുടെയും സഹോദരീ സഹോദരന്മാരുടെയും മറ്റു ബന്ധുക്കളുടെയും ജീവന് രക്ഷിക്കുമെന്നതിന് ഉറപ്പുള്ള അടയാളവും എനിക്കു തരണം.
അവര്‍ പറഞ്ഞു: നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവന് കൊടുക്കും. ഇക്കാര്യം നീ ആരോടും പറയാതിരുന്നാല്‍ കര്‍ത്താവ് ഈ ദേശം ഞങ്ങള്‍ക്ക് ഏല്പിച്ചു തരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്തതയോടും കൂടെ ഞങ്ങള്‍ വര്‍ത്തിക്കും.
മതിലിനോടു ചേര്‍ത്തു പണിതതായിരുന്നു അവളുടെ വീട്. ജനലില്‍ക്കൂടി കയറുവഴി അവള് അവരെ താഴേക്കിറക്കിവിട്ടു.
അവള് അവരോടു പറഞ്ഞു: തേടിപ്പോയവര്‍ നിങ്ങളെ കണ്ടുമുട്ടാതിരിക്കാന്‍, നിങ്ങള്‍ മലമുകളിലേക്കു പോയി, അവര്‍ തിരിച്ചു വരുവോളം, മൂന്നു ദിവസം അവിടെ ഒളിച്ചിരിക്കുവിന്‍. അതിനു ശേഷം നിങ്ങളുടെ വഴിക്കുപോകാം.
അവര്‍ പറഞ്ഞു: ഞങ്ങളെക്കൊണ്ടു ശപഥം ചെയ്യിച്ച വാഗ്ദാനം ഞങ്ങള്‍ പാലിക്കും.
ദൈവത്തിന്റെ മക്കൾ തങ്ങളുടെ വാക്ക് കൃത്യമായി പാലിച്ചു.
ജോഷ്വാ 6:22-25
ദേശ നിരീക്ഷണത്തിനു പോയ ഇരുവരോടും ജോഷ്വ പറഞ്ഞു: നിങ്ങള്‍ ആ വേശ്യയുടെ വീട്ടില്‍ ചെന്ന് അവളോടു സത്യം ചെയ്തിരുന്നതുപോലെ അവളെയും കുടുംബാംഗങ്ങളെയും പുറത്തു കൊണ്ടുവരുവിന്‍.
ആ യുവാക്കള്‍ അവിടെച്ചെന്ന് റാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുജനങ്ങളെയും കൊണ്ടുവന്ന് ഇസ്രായേല്‍ പാളയത്തിനു പുറത്തു താമസിപ്പിച്ചു.
പിന്നീട് അവര്‍ ആ പട്ടണവും അതിലുള്ള സമസ്തവും അഗ്നിക്കിരയാക്കി. പിച്ചളയും ഇരുമ്പും കൊണ്ടുണ്ടാക്കിയ പാത്രങ്ങളും സ്വര്‍ണവും വെള്ളിയും അവര്‍ കര്‍ത്താവിന്റെ ഭണ്ഡാഗാരത്തില് നിക്ഷേപിച്ചു.
വേശ്യയായ റാഹാബിനെയും അവളുടെ പിതൃഭവനത്തെയും വസ്തുവകകളെയും ജോഷ്വ സംരക്ഷിച്ചു. എന്തെന്നാല്‍, ജറീക്കോ നിരീക്ഷിക്കുന്നതിനു ജോഷ്വ അയച്ച ദൂതന്മാരെ അവള് ഒളിപ്പിച്ചു. അവളുടെ കുടുംബം ഇസ്രായേലില്‍ ഇന്നുമുണ്ട്.
റഹാബിന്റെ നന്മയാണ് നമ്മുടെ കർത്താവിന്റെ വംശാവലിയിൽ അവൾക്കു ഇടം നേടികൊടുക്കുന്നത്
മത്താ. 1:5-16
സല്മോന് റാഹാബില്‍ നിന്നു ജനിച്ച ബോവാസിന്റെയും
ബോവാസ് റൂത്തില്‍നിന്നു ജനിച്ച ഓബദിന്റെയും ഓബദ് ജസ്സെയുടെയും ജസ്സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു. ദാവീദ് ഊറിയായുടെ ഭാര്യയില്‍നിന്നു ജനിച്ച സോളമന്റെ പിതാവായിരുന്നു.
സോളമന് റഹോബോവാമിന്റെയും റഹോബോവാം അബിയായുടെയും അബിയാ ആസായുടെയും പിതാവായിരുന്നു.
ആസാ യോസഫാത്തിന്റെയും യോസഫാത്ത് യോറാമിന്റെയും യോറാം ഓസിയായുടെയും
ഓസിയാ യോഥാമിന്റെയും യോഥാം ആഹാസിന്റെയും ആഹാസ് ഹെസെക്കിയായുടെയും ഹെസെക്കിയാ മനാസ്സെയുടെയും
മനാസ്സെ ആമോസിന്റെയും ആമോസ് ജോസിയായുടെയും പിതാവായിരുന്നു.
ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ച യാക്കോണിയായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു ജോസിയാ.
യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും സലാത്തിയേല്‍ സൊറൊബാബേലിന്റെയും പിതാവായിരുന്നു.
സൊറൊബാബേല്‍ അബിയൂദിന്റെയും അബിയൂദ് എലിയാക്കിമിന്റെയും
എലിയാക്കിം ആസോറിന്റെയും ആസോര്‍ സാദോക്കിന്റെയും സാദോക്ക് അക്കീമിന്റെയും
അക്കീം എലിയൂദിന്റെയും എലിയൂദ് എലെയാസറിന്റെയും എലെയാസര്‍ മഥാന്റെയും മഥാന്‍ യാക്കോബിന്റെയും പിതാവായിരുന്നു.
യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
നന്മ ചെയ്യുന്നവൻ നല്ല ദൈവത്തിനു സമീപസ്ഥനാണ്. അവിടുന്ന് അവരെ നയിക്കുകയും ഉയർത്തുകയും ഉള്ളംകൈയിൽ കാത്തുസൂക്ഷിക്കുകയും ചെയ്യും. ഒരു വിജാതീയ സ്ത്രീയെ, അതും വേശ്യയെ, ഈശോയുടെ മുതുമുത്തശ്ശിയാക്കിയ സ്നേഹത്തിന്റെയും കരുണയുടെയും കരുതലിന്റെയും കഥയാണ് റഹാബ് പറയാതെ പറയുക!
ആരെയും മാറ്റിനിർത്താതെ, എല്ലാവരെയും -പാപിയെയും പുണ്യവാനെയും പണ്ഡിതനെയും പാമരനേയും ഉൾക്കൊള്ളുന്നതാണ് ദൈവത്തിന്റെ സ്നേഹം. പെറ്റതള്ളയെക്കാൾ ഉറ്റു സ്നേഹിക്കുന്ന സ്നേഹം, സ്വന്തം മാംസരക്തങ്ങൾ ഭക്ഷണപാനീയങ്ങളായി നൽകുന്ന സ്നേഹം. സ്നേഹം പ്രതിസ്നേഹത്താലേ കടം വീടു. പൂർണ്ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണഹൃദയത്തോടും സർവ്വശക്തിയോടും ദൈവത്തെ സ്നേഹിക്കണമെന്നത് പ്രഥമവും പ്രധാനവുമായ കല്പനയുമാണല്ലോ.