നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ
ദൈവമേ എന്റെ ഹൃദയം അങ്ങയെ തേടുന്നു.
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.
ജീവിക്കുന്ന ദൈവത്തിനായി വേണ്ടിത്തന്നെ.
ദൈവത്തിനു വേണ്ടിയുള്ള ദാഹം മനുഷ്യ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന സത്യമാണ് സങ്കി. 42 വ്യക്തമാക്കുക. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ട്ടിച്ചു” (ഉല്പ. 1:1). അതെ, ദൈവത്താൽ, ദൈവത്തിനു വേണ്ടി സൃഷ്ട്ടിക്കപെട്ടവനാണ് മനുഷ്യൻ. തന്നിലേക്ക് മനുഷ്യനെ ആകർഷിക്കുന്നതിൽ നിന്ന് ദൈവം ഒരിക്കലും വിരമിക്കുന്നില്ല. മനുഷ്യനോ, നിരന്തരം സത്യവും സൗഭാഗ്യവും അന്വേഷിക്കുന്നു. ദൈവത്തിൽ മാത്രമേ അവൻ ഇവ കണ്ടെത്തുകയുള്ളുവെന്നു ബൗദ്ധിക ലോകം തറപ്പിച്ചു പറയുന്നു. സെൻറ് അഗസ്റ്റിന്റെ വാക്കുകൾ സുവിദിതമാണല്ലോ. ദൈവമേ, നീ എന്നെ നിനക്കായി സൃഷ്ട്ടിച്ചു. നിന്നിൽ മാത്രം ഞാൻ സംതൃപ്തി കണ്ടെത്തും. ദൈവത്തിൽ മാത്രമേ മനുഷ്യന് ശാശ്വത ശാന്തിയും ആനന്ദവും കണ്ടെത്താനാവു.
ഈ മഹാ സത്യമാണ് മനുഷ്യന്റെ മഹത്വത്തിന് ഏറ്റം അടിസ്ഥാനമായി നിലകൊള്ളുന്നത്. മനുഷ്യനെ ഇല്ലായ്മയിൽ നിന്ന് സൃഷ്ട്ടിക്കാനും മഹോന്നതനെ പ്രേരിപ്പിച്ചത് സ്നേഹമാണ്.
സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം
സ്നേഹത്തിൽ വൃദ്ധി തേടുന്നു.
സ്നേഹം താൻ ശക്തി ജഗത്തിൽ
സ്വയം സ്നേഹം ആനന്ദമാർക്കും.
അഖിലേശൻ അനവരതം മനുഷ്യനെ സ്നേഹത്തിൽ പരിപാലിക്കുന്നത് കൊണ്ടാണ് മനുഷ്യൻ അസ്തിത്വത്തിൽ നിലനിൽക്കുന്നത്. തന്റെ സൃഷ്ട്ടാവും പരിപാലകനുമായ സർവേശ്വരന് അവൻ സ്വയം സമർപ്പിക്കുകയും അവിടുത്തെ സ്തുതിച്ചു, മഹത്വപ്പെടുത്തി, അവിടുത്തേക്ക് എപ്പോഴും നന്ദി പറയുകയും വേണം.
ദൈവമേ നന്ദി.