വിശ്വാസിയുടെ പരിശുദ്ധമാതാവാണ് സഭ. ഈ മാതാവ് വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും സൃഷ്ടപ്രപഞ്ചത്തിന്റെ ആദികാരണവും പരമാന്ത്യവും ദൈവമാണെന്നാണ്. ആദിയിൽ സർവശക്തനായ ദൈവം ആകാശവും ഭൂമിയും ( സർവവും ) സൃഷ്ട്ടിച്ചു. (ഉല്പ . 1 :1 ) എന്ന ആമുഖ വാക്യം ഈ വിശ്വസസത്യത്തിനു മതിയായ തെളിവാണ്. തന്റെ സ്വാഭാവികബുദ്ധിയുടെ പ്രകാശത്തിൽ ഈ ദൈവത്തെ മനുഷ്യന് നിസംശയം അറിയാം. സൃഷ്ടിക്ക് ഒരു സൃഷ്ടാവ് വേണം . ഒരു കാര്യത്തിന് ഒരു കാരണം വേണം. സൃഷ്ടവസ്തുക്കളെ കുറിച്ചുള്ള പരിചിന്തനത്തിലൂടെയാണ് ഇത് അനായാസം സാധ്യമാവുക. ഈ കഴിവുമൂലമാണ് ദൈവിക വെളിപാട് സ്വീകരിക്കാൻ മനുഷ്യന് കഴിയുക. ദൈവത്തിന്റെ ഛായയിൽ, സാദൃശ്യത്തിൽ സൃഷ്ഠിക്കപ്പെട്ടവനായതുകൊണ്ടാണ് ( cfr ഉല്പ. 1 :27 ) അവന് ഈ കഴിവ് ലഭിച്ചത്.
സൃഷ്ഠികർമം ദൈവത്തിന്റെ മഹാപരിപാലനയുടെ ഭാഗമാണ്. പ്രപഞ്ചത്തെ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയുന്നത് അവിടുന്നാണ്. വ്യക്ത്വിത്തോടുകൂടിയ ത്രിത്വിക ദൈവമാണ് അവിടുന്ന്. ദൈവത്തെ പറ്റി യഥാർത്ഥവും സംശയരഹിതവുമായ അറിവ് സമ്പാദിക്കുന്നതിനു മനുഷ്യന് കഴിയും . തന്റെ സ്വാഭാവിക സിദ്ധികളും ബുദ്ധിപ്രകാശവും ഈ കണ്ടെത്തലിനു കഴിവുള്ളതാണ്. മനുഷ്യഹൃദയങ്ങളിൽ സൃഷ്ട്ടാവ് ആലേഖനം ചെയ്‌തിരിക്കുന്ന പ്രകൃതി നിയമം അറിയുന്നതിനും അവന്റെ സ്വാഭാവിക ബുദ്ധിപ്രകാശം പ്രാപ്തമാണ്.
എങ്കിലും മനുഷ്യയുക്തിയിലൂടെ സ്വാഭാവിക കഴിവുകളെ സമർത്ഥമായും ഫലപ്രദമായും വിനിയോഗിക്കുന്നതിന് മനുഷ്യൻ തരണം ചെയ്യണ്ട പ്രതിബന്ധങ്ങൾ നിരവധിയാണ്. കാരണം ദൈവമനുഷ്യബന്ധങ്ങളെ സംബന്ധിക്കുന്ന സത്യങ്ങൾ ഇന്ദ്രിയമണ്ഡലത്തിനു അതീതമാണ്. ഇവിടെ ആത്മസമർപ്പണവും സ്വയം പരിത്യാഗവും അത്യന്താപേക്ഷിതമാണ്. ഇന്ദ്രിയങ്ങളുടെയും ഭാവനയുടെയും അതിസ്വാധീനം, ഉത്ഭവപാപത്തിന്റെ ക്രമരഹിതമായ മോഹങ്ങൾ ഇവ, ഹ്രസ്തുത സത്യങ്ങൾ ഗ്രഹിക്കുന്നതിൽ നിന്നു ഒരുവനെ തടസ്സപ്പെടുത്തുന്നു. ഇത്തരം സന്ദർഭങ്ങളിൽ, സത്യമെന്നു സമ്മതിക്കാൻ സാധാരണ മനുഷ്യർ ഇഷ്ടപെടുന്ന കാര്യങ്ങൾ അബദ്ധമെന്നോ, അഥവാ സന്ദേഹപൂർണമെന്നോ കരുതാൻ ആണ് മനുഷ്യർ പൊതുവെ ഇഷ്ടപ്പെടുക.
ഇക്കാരണത്താൽ, അതിസ്വാഭാവിക സത്യങ്ങൾ ദൈവാവിഷ്കരണത്താൽ, ദൈവികവെളിപാടിനാൽ, പ്രകാശിതമാവുക അനിവാര്യമാണ്. മനുഷ്യബുദ്ധിക്ക് അതീതമായ കാര്യങ്ങൾ മാത്രമല്ല, മതപരവും ധാർമികവുമായ സത്യങ്ങളും വെളിപ്പെടുത്തപ്പെടേണ്ടതുണ്ട്. കാരണം, സകലരും, അനായാസം, ദൃഢതയോടെ, അബദ്ധത്തിന്റെ കലർപ്പില്ലാതെ ഈ സത്യങ്ങൾ ഗൃഹിക്കണമെന്നതുതന്നെ . വിശദാംശങ്ങൾ തുടർന്ന് പഠിക്കാം.