ഒമ്പതാമദ്ധ്യായം
രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളെപ്പറ്റിയാണല്ലോ നാം പരാമർശിച്ചത്. ഇനി ക്രിസ്തുവിനപ്പുറത്തെ ചരിത്രത്തിൽ കടന്ന് ഒരായിരംവർഷം അപ്പുറമുള്ള ചില വസ്തുതകൾ നമുക്കൊന്നു പരിശോധിക്കാം. യവനർ, പൗരസ്ത്യർ അതീതകാലത്തെ മഹത്തായ ജനപദങ്ങൾ ഇവരിലൊക്കെ ഒരു ഹൃദയദാഹം നാം കാണുന്നു. അവർക്കുണ്ടായിരുന്നു ചില അതിനിവേശങ്ങളും പ്രതീക്ഷകളുമൊക്കെ.
ക്രൈസ്തവ യുഗപിറവിക്കു സുമാർ സുമാർ അഞ്ഞൂറുവർഷം മുമ്പാണ് എസ്‌ക്കിലസ് ജീവിച്ചിരുന്നത്. ‘ബന്ധിതനായ പ്രൊമത്തേവൂസ്’ എന്ന ഗ്രന്ഥത്തിലൂടെ അയാളൊരു ചിരം ജ്യോതിസ്സായിട്ടുണ്ട്. ആകാശത്തുനിന്ന് അഗ്നി അപഹരിച്ച പ്രൊമത്തേവൂസ് ഒരു പാറയോടു ചേർത്തു ബന്ധിതനായിരിക്കയാണ്. ഒരു കഴുകൻ നിർഭയം അയാളുടെ കുടലുകൾവെട്ടി വിഴുങ്ങുന്നു. വേദനയുടെ എരിത്തീയിൽ കിടന്നുപൊരിയുന്ന ആ മനുഷ്യന് ഫെർമസ്സ് നല്കുന്ന സമാധാനത്തിൽ അക്കാലത്തെ ജനതയുടെ ഹൃദയാഭിലാഷം നിഴലിക്കുന്നുണ്ട്. ‘ഒരു ദൈവം വന്നു തന്റെ ശിരസ്സിൽ നിന്റെ പാപങ്ങളെ നിനക്കു പകരം ചുമക്കുന്നതുവരെ നിന്റെ ഈ അഭിശാപത്തിനു മോചനം പ്രതീക്ഷിക്കാവതല്ല’.
പ്രൊമത്തേവൂസിന്റെ പരിതസ്ഥിതിയിലുള്ള പല ആധുനികന്മാരുമുണ്ട്. അവരുടെ കുടലല്ല, ഹൃദയങ്ങളാണു കൊത്തി വിഴുങ്ങുന്നപ്പെടുന്നതെന്നുമാത്രം. ഉൽകണ്ഠ, വിഷാദം, സംശയം, ഭയാശങ്കകൾ, നിരാശത തുടങ്ങിയ കഴുകന്മാർ അവരെ അനുനിമിഷം കൊത്തി അലട്ടികൊണ്ടിരിക്കുകയാണ്. ഹെർമസ്സിനെ അനുകരിച്ച് അവർക്കൊരു സാന്ത്വനം പറഞ്ഞാൽ: ഒരു ദൈവം വന്നു തന്റെ ശിരസ്സിലേയ്ക്കു നിങ്ങളുടെ പാപങ്ങൾ താങ്ങിക്കയറ്റാൻ തയ്യാറായി നില്പുണ്ട്. നിങ്ങളുടെ അഭിശാപത്തിനു മോചനം പ്രാപിക്കാം. പക്ഷേ, ഒന്നു ചെയ്യണം. നിങ്ങളുടെ ഹൃദയം അവിടുത്തേയ്ക്കായി തുറക്കണം. നിങ്ങളെ സമീപിക്കാതെ നിങ്ങളുടെ പാപം പേറാനാവില്ലല്ലോ അവിടുത്തേയ്ക്ക്.
അൽസിബിയാദെസിന്റെ ദ്വിതീയ സംഭാഷണത്തിൽ ഒരു രംഗമുണ്ട്. അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു പ്രാർത്ഥിക്കാനൊരുങ്ങിയപ്പോൾ വിശ്വവിജഞാനിയായ സോക്രട്ടീസിനോടു ചോദിക്കുന്നു, ദേവന്മാരോടു താനെന്താണു പ്രാർത്ഥിക്കേണ്ടതെന്ന്. സോക്രട്ടീസ് എടുത്തവായിൽ കൊടുക്കുന്ന മറുപടി: ‘നില്ക്കുക, ക്ഷമിക്കുക, പാർത്ഥിരിക്കുക. വിജ്ഞനായ ഒരു മഹാ ഗുരു ആവീർഭവിക്കും. എങ്ങനെയാണ് ഈശ്വരസന്നിധാനത്തിലും മനുഷ്യരുടെ മുമ്പിലും പെരുമാറേണ്ടതെന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കും’. ‘അദ്ദേഹം ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ ഞാനൊരുക്കമാണ്’, അൽസിബിയാദെസ്സു പറഞ്ഞു. തുടർന്ന് ആകാംക്ഷ നിറഞ്ഞൊരു ചോദ്യവും. ‘അദ്ദേഹം എപ്പോൾ വരും?’, ‘എപ്പോഴെന്നറിഞ്ഞുകൂടാ’. സോക്രട്ടീസു പറഞ്ഞു. ‘എങ്കിലും ഒന്നുണ്ട്’, ‘അദ്ദേഹം തുടർന്നു: അദ്ദേഹം നിന്റെ നന്മയെ അഭിലഷിക്കുന്നുവെന്നെനിക്കറിയാം’.
പൗരസ്ത്യജനപദങ്ങളും ആന്തരികമായ അസ്വസ്ഥതയിൽ നിന്നു മോചനം പ്രാപിക്കാൻ ശ്രമിക്കുന്ന ചിത്രങ്ങളുണ്ട്. പരിത്രാതാവ് എപ്പോൾ ആഗതനാവും? ഉദ്ധാരകൻ എപ്പോൾ ആവീർഭവിക്കും? എന്നിങ്ങനെ മന്ത്രം മാതിരി ഉച്ചരിച്ചുകൊണ്ടു പൗരാണികർ ഏഖ്യേ(ഋസശമാ) മിനൊരു കുഞ്ഞാടിനെ ബലിസമർപ്പിച്ചിരുന്നുവത്രെ. ഹൈന്ദവാവതാരങ്ങൾ മനുഷ്യമണ്ഡലങ്ങളിലേയ്ക്കുള്ള ദേവന്മാരുടെ ആഗമനത്തിലുള്ള വിശ്വാസമല്ലേ സൂചിപ്പിക്കുക?
ചൈനീസ് യതിവർയ്യനായ കൺഫ്യൂഷസും ഒരു രക്ഷകനെപ്പറ്റി കുറിച്ചുവച്ചിട്ടുണ്ട്, തന്റെ ‘ധാർമ്മികസംഹിത'(ങീൃമഹ)െയിൽ. ‘സർവവുമറിയുന്നവനും സ്വർഗ്ഗത്തിന്റേയും ഭൂമിയുടേയുംമേൽ സർവാധികാരവുമുള്ളവനുമായ ആ പരിശുദ്ധൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവരണം’.
ബുദ്ധൻ തന്റെ സമാധിയിൽ പറഞ്ഞിരുന്നത്രേ, ‘ലോകത്തേയ്ക്കു വന്ന ആദ്യത്തെ ബുദ്ധൻ ഞാനല്ല. അവസാനത്തെ ബുദ്ധനും ഞാനല്ല. ഞാൻ സമാധിയടയും. എന്നാൽ, ബുദ്ധൻ ഇനിയും ജീവിക്കും. എന്തെന്നാൽ യഥാർത്ഥ ബുദ്ധൻ ‘സത്യ’മാകുന്നു. അഞ്ഞൂറു സംവത്സരത്തേയ്ക്കു സത്യത്തിന്റെ സാമ്രാജ്യം വികസ്വരമാവും. നിശ്ചിതസമയത്തു മറ്റൊരു ബുദ്ധൻ ഉദയംകൊള്ളും. അദ്ദേഹം ഞാൻ പഠിപ്പിച്ച അതേ സനാതന സത്യം നിങ്ങൾക്കു വെളിപ്പെടുത്തും’. ‘ഞങ്ങൾ അദ്ദേഹത്തെ എങ്ങനെ തിരിച്ചറിയും?’ എന്ന ആനന്ദന്റെ ചോദ്യത്തിന് ബുദ്ധൻ നല്കിയ മറുപടി ‘എനിക്കു പിറകെ വരുന്ന ബുദ്ധൻ എന്റെ നാമം സ്‌നേഹം എന്നർത്ഥമുള്ള മൈത്രേയൻ എന്നറിയപ്പെടും’ എന്നാണ്. ‘ഞാൻ വഴിയും സത്യവും ജീവനുമാകുന്നു’ എന്നു ക്രിസ്തു ഭഗവാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈശ്വരൻ സ്‌നേഹസ്വരൂപനാണെന്ന് സെന്റ് ജോണും സ്ഥാപിക്കുന്നു. ബുദ്ധൻ ക്രിസ്തുവിനെ ചൂണ്ടിക്കാട്ടിയോ ആവോ?
റോമാക്കാരുടെ രാജാവാകാനുള്ള ഒരു പ്രജയെ പ്രസവിക്കാൻ പ്രകൃതി പ്രസവവേദന അനുഭവിച്ചിരുന്നെന്ന് അഗസ്റ്റസിന്റെ ജീവിതകഥയിൽ സ്വോട്ടോണിയസ്സ് പറയുന്നു. സെനറ്റു ഭയന്നു വിറച്ചു, സർവഭൗമികമായ ഈ പ്രതീക്ഷയുടെ മുമ്പിൽ. റോമാസാമ്രാജ്യത്തിൽ അക്കൊല്ലം ജനിക്കുന്ന യാതൊരാൺകുഞ്ഞിനേയും ജീവിക്കാനനുവദിക്കരുതെന്ന നിയമവും പാസ്സായി. രാജചെങ്കോലും വടിയും അമൂല്യമായ മനുഷ്യരക്തത്തേക്കാൾ വിലയേറിയതായിപ്പരിഗണിച്ചിരുന്ന പരിഷകളെത്രയെങ്കിലും ചരിത്രത്തിലുണ്ടായിട്ടുണ്ട്. രാജാധിരാജന്റെ വരവിനെപ്പേടിച്ച ആ ‘കുറുക്കൻ’ എത്രയെത്ര നിഷ്‌കളങ്കരായ ശിശുക്കളുടെ ചുടുചോരയാണു റോമൻ തെരുവീഥികളിലൂടെ ഒഴുക്കിയത്? ഭൗമികശക്തിതന്നുന്മാദത്തുള്ളലേ, പാഴുറ്റ നിൻ തല താഴില്ലെന്നോ! അതു താഴ്‌ന്നേ ഒക്കൂ. നിയമം നിലവിൽ വന്നില്ല. കാരണം സെനറ്റംഗങ്ങളുടെ സഹധർമ്മിണിമാരിൽ ഭൂരിഭാഗവും അപ്പോൾ ഗർഭവതികളായിരുന്നു. സാർവഭൗമനായൊരു രാജാവിനെ എത്ര ആകാംക്ഷയോടെ ഒരു ജനത കാത്തിരുന്നെന്നാണു സ്വോട്ടാണിയസ് സ്പഷ്ടമാക്കുക!.
‘ചരിത്രം’ എന്ന തന്റെ പ്രശസ്ത ഗ്രന്ഥത്തിൽ ടാസിറ്റസ് മേല്പറഞ്ഞ വസ്തുതയെ സ്ഥിരീകരിക്കുന്നുണ്ട്. ‘പൗരസ്ത്യപൗരാണികപ്രവചനങ്ങൾ നിലനില്ക്കുമെന്നും, അതിവേഗം അഖിലലോകത്തേയും അടക്കിഭരിക്കുന്ന ഒരു രാജാവിനെ യൂദയാ പ്രസവിക്കുമെന്നും മനുഷ്യവർഗ്ഗം സാകല്യേന വിശ്വസിച്ചുപോന്നു. യാഥാർത്ഥ്യത്തിന്റെ നിർഭാഗ്യകരമായ ഭീകരതയിൽ നിന്നോടിയകന്ന് വിദൂരപാശ്ചാത്യസാഗരങ്ങയളിലുള്ള ‘സുവർണ്ണലോക’ത്ത് അഭയം തേടാൻ ഹോറെസ് വായനക്കാരോടാവശ്യപ്പെടുന്നു. ബി.സി. 31ൽ അഗസ്റ്റസിന്റെ ബഹുമാനാർത്ഥം വിർജിൽ തന്റെ ‘നാലാംകാണ്ഡം’ പൂർത്തിയാക്കി. നൂറ്റാണ്ടുകളായി ഈ ഗീതം ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനമായി പരിഗണിക്കപ്പെട്ടുപോരുന്നു. ഓക്‌സ്‌ഫോർഡിലെ ആധുനികപഠനങ്ങൾ ഈ നിഗമനത്തെ അനുകൂലിക്കുകയും ചെയ്യുന്നു. ‘അത്യുന്നത സ്വർഗ്ഗത്തിൽ നിന്നിതാ ഒരു പുതിയ തലമുറ അയയ്ക്കപ്പെട്ടിരിക്കുന്നു’.
സ്ത്രീയുടെ കുലീനതയ്ക്കു വില കല്പിക്കാത്തൊരു ലോകത്തിലാണു വിർജിൽ വസിച്ചിരുന്നത്. എന്നിട്ടും ഉടനെ ജനിക്കാതിരുന്ന ജോവ് ദേവനെക്കുറിച്ചു വർണ്ണിച്ചതിനു ശേഷം ആ ശിശു ജനിക്കുംമുമ്പുതന്നെ അതു ജനിച്ചു കഴിഞ്ഞാലെന്നവണ്ണം അവസാനത്തെ വരികളിൽ അതിനോടു പറയുകയാണ്: ‘കുഞ്ഞേ, നിന്റെ മാതാവിനെ പുഞ്ചിരികൊണ്ടു തിരിച്ചറിയാൻ തുടങ്ങുക’.
എസ്‌കിലസ്സിന്റെയും കൺഫ്യൂഷ്യസിന്റെയും ബുദ്ധന്റെയും സോക്രട്ടീസിന്റെയും വിർജിലിന്റെയും ഹൃദയാഭിലാഷങ്ങളെല്ലാം പൂവണിയാൻ പോവുന്നു! നിത്യത ഇതാ സമയത്തിലേയ്ക്കിറങ്ങുന്നു. വചനം മാംസമാവുന്നു. സർവശക്തൻ ബന്ധനസ്ഥനാവുന്നു! ദൈവം മനുഷ്യനാവുന്നു! അവിടുന്നു തന്റെ മാതാവിനെ പുഞ്ചിരികൊണ്ടു തിരിച്ചറിയും.