ഒന്നാമദ്ധ്യായം
സംശയം ചോദ്യത്തിലേയ്ക്കും ചോദ്യം അന്വേഷണത്തിലേയ്ക്കും അന്വേഷണം സത്യത്തിലേയ്ക്കും നമ്മെ നയിക്കുമെന്നും പറഞ്ഞാൽ വളരെ ശരിയാണ്. ചിന്താശീലനായ മനുഷ്യൻ ഈ പ്രപഞ്ചത്തെ വാഖ്യാനിക്കാൻ എക്കാലവും ശ്രമിച്ചിട്ടുണ്ടെന്നതിനു മതിയായ തെളിവു നല്കുന്ന ചില ഈരടികളാണു ചുവടെ കുറിക്കുന്നത്.
“Pity our eagerness to know
Whence we have come and whither we go,
How came into the world and why,
Sin and her daughter misery”.
തികച്ചും പ്രാചീനമായ ഒരു ഗ്രീക്കു ചൊല്ലാണിത്. എക്കാലത്തുംതന്നെ ചിന്തകന്മാർ സ്വഗീയമായ വിധത്തിൽ പ്രസ്തുത ഈരടികൾ ഏറ്റു പാടിയിട്ടുമുണ്ട്. ശ്രീ കുഞ്ഞിരാമൻ നായരുടെ ശൈലിയിൽ പറഞ്ഞാൽ;
‘എന്തിനു വന്നു ഞാൻ? എതു
വഴിയീനാട്ടിലെത്തി ഞാൻ?
തിരിച്ചു ചെല്ലുമെമ്മട്ടു
കളികാണാതുറങ്ങിയോൻ’
ഈ അന്വേഷണോദ്യമത്തിന്റെ ചരിത്രം പരിശോധിച്ചാൽ രസാവഹങ്ങളായ പലതും അതിൽ കാണാൻ കഴിയും. മതം, തത്ത്വജ്ഞാനം, ശാസ്ത്രം എന്നിങ്ങനെ ഇന്നു കാണുന്നവിധം വേർതിരിക്കാൻ വയ്യാതെ എല്ലാം വ്യാമിശ്രമായൊരു വിചാരലോകത്തിലായിരിക്കണം അന്നു മനുഷ്യൻ സഞ്ചരിച്ചിരുന്നത്.
പ്രകൃതി ശക്തികളുടെ പ്രവർത്തനത്തിൽ അമ്പരന്നുപോയ മനുഷ്യൻ ആദ്യം അത്ഭുതജനകങ്ങളായ കല്പിതകഥകളെ (Mythology) ക്കൊണ്ട് അവയെ വ്യാഖ്യാനിക്കാൻ ശ്രമിച്ചു. ക്രമേണ അവന്റെ ചിന്ത കഥാമാർഗ്ഗത്തിൽ നിന്നു സങ്കീർണ്ണവും സർവ്വവ്യാപകവുമായൊരു പദ്ധതിയിലേയ്ക്കു കടന്നു. അപ്പോഴാണ് തത്ത്വജ്ഞാനവിചാരം (Philosophy) ഉദയം ചെയ്തത്. പാശ്ചാത്യരും പൗരസ്ത്യരുമായ അനേകം ദാർശനികർ ഈ ഘട്ടത്തിൽ പല സിദ്ധാന്തങ്ങളും അവതരിപ്പിച്ചു.
സോക്രട്ടീസിനുമുമ്പുള്ള യവനദാർശനികരിൽ അഗ്രഗണ്യനായ തെയിൽസ് ഈ വിശ്വാസത്തിന്റെ ഉത്ഭവം ജലത്തിൽ നിന്നാണെന്നും അതു ജലത്തിലേക്കുതന്നെ തിരിച്ചുപോവുമെന്നുള്ള നിഗമനത്തിലെത്തി. തെയിൽസിനേക്കാൾ പ്രസിദ്ധനും പ്രമുഖനുമാണ് പിത്തഗോറസ് ഗണിതജ്ഞനായ അദ്ദേഹം ഗണിതശാസ്ത്രത്തിലൂടെ പ്രപഞ്ചരഹസ്യം വെളിപ്പെടുത്താമെന്നു വ്യാമോഹിച്ചു. എല്ലാം സാംഖ്യാമായ ഒരു ബന്ധ(Numerical relation)ത്തിൽ സ്ഥിതിചെയ്യുന്നു, അദ്ദേഹത്തിന്റെ വീക്ഷണത്തിൽ. ഹെരാക്ലീറ്റസിന്റെ മതം സൃഷ്ടി സംഹാരത്തിനും സംഹാരം സൃഷ്ടിക്കും മാർഗ്ഗം തുറക്കുന്നുവെന്നാണ്. ഭാവപ്രതിഭാസങ്ങളുടെ അഥവാ, വിരുദ്ധ ധർമ്മങ്ങളുടെ സമ്മേളനവും സംഘട്ടനവും ഏകത്ര കാണാം. പ്രപഞ്ചത്തെ ഭരിക്കുന്നതു മത്സരശക്തി(srife)യാണ്. സകലത്തിന്റേയും ജീവൻ അതുതന്നെ. പ്രസ്തുതാശയത്തിനൊരു മൂർത്തരൂപം നൽകാൻ അഗ്നിയെ അദ്ദേഹം ഉപകരണമാക്കി. ലോകത്തിൽ ആദ്യമായി അണുസിദ്ധാന്തം അവതരിപ്പിച്ചു, ഡെമോക്രീറ്റസ്.
വേദാന്തചിന്തകൊണ്ടു വിശ്വവിഖ്യാതി നേടിയ രാജ്യമാണല്ലോ ഭാരതം. ആധുനിക പരിഷ്കാര പ്രഭവങ്ങളെന്നു പ്രസിദ്ധിനേടിയിട്ടുള്ള പശ്ചിമഭൂഭാഗങ്ങൾ ‘നിഷാദമാത്രനിഷേവിത’ങ്ങളായിരുന്ന കാലത്തുപോലും ഭാരതീയർ വിശിഷ്ടജ്ഞാനികളായി പ്രശോഭിച്ചിരുന്നു- ഈശ്വരൻ, ആത്മാവ്, ജഗത്ത് ഇവ മൂന്നും അവരുടെ പ്രധാന ചിന്താവിഷയങ്ങളാണ്. ജ്ഞേയങ്ങളായിട്ടുള്ള സകല വിഷയങ്ങളുടെയും യഥാർത്ഥജ്ഞാനം ഈ മൂന്നിലുമാണു പര്യവസാനിക്കുന്നത് എന്നത്രേ അവരുടെ അഭിമതം. ഇവയുടെ സൂക്ഷ്മസ്വഭാവം അറിയുന്നതിനുള്ള സുഗമമായ മാർഗ്ഗം ഈ മൂന്നിനും മൂലതത്വമായി പൊതുവെ എന്തുള്ളു എന്നന്വേഷിച്ചറിയുകയാണെന്ന് അവർ വിശ്വസിക്കുന്നു.
‘യഥാ ഏകേന ജ്ഞാതേന ഉൽപിണ്ഡേന
സർവ്വം വിജഞാനം ഭവതീ’
എന്ന ന്യായമനുസരിച്ച് ഏതൊന്നറിഞ്ഞാൽ അതിൽനിന്നു മറ്റു സകലതും അറിയാൻ കഴിയുമോ അതു കണ്ടു പിടിക്കാനാണ് അന്നത്തെ ചിന്തകന്മാർ യത്നിച്ചത്. ഈ പ്രയത്നത്തിന്റെ പരിപൂർണ്ണമായ പര്യവസാനം കാണുക അദ്വൈതസിദ്ധാന്തത്തിലാണ്. പാരമാർത്ഥികദശയിൽ ഈശ്വരനു മാത്രമേ സത്തയുള്ളുവെന്നും ബാക്കിയുള്ളവയെല്ലാം മനുഷ്യന്റെ പ്രബുദ്ധാവസ്ഥയിൽ സ്വപ്നം ജാഗ്രത്തിലെന്നപോലെ നശിച്ചുപോകുമെന്നും മറ്റുമാണ് അദ്വൈതം സിദ്ധാന്തിക്കുന്നത്. ഹൈന്ദവ ദർശനത്തിൽത്തന്നെ ദ്വൈതം, വിശിഷ്ടാദ്വൈതം, പരിണാമവാദം, സാംഖ്യം തുടങ്ങിയ മതാന്തരങ്ങൾ ഉണ്ട്. ജഗത്തു മിഥ്യയല്ലെന്ന് ഇവയൊക്കെ സമ്മതിക്കുന്നുണ്ട്, വാദിക്കുന്നുണ്ട്.
ചിന്താസരണിയിലൊരു തീർത്ഥയാത്രതന്നെ നടത്തി നാം. മനനശീലനായ മനുഷ്യനെ മഥിച്ചിരുന്ന ചില കീറാമുട്ടികൾക്കു പാശ്ചാത്യപൗരസ്ത്യ ലോകങ്ങൾ നല്കിയ ഉപശാന്തികളിൽ പലതും നാം കണ്ടു. ഇവ തൃപ്തികരമോ? വേണ്ടാ, ഇവയിലേതെങ്കിലും തൃപിതികരമോ? യവന ചിന്തകരുടെ പരിഹാരങ്ങൾ അപര്യാപ്തങ്ങളാണ്. ജലം, വായു, അഗ്നി, അണുകം ഇവയുടെയൊക്കെ ഉത്ഭവം എവിടെ എന്ന ചോദ്യം അവശേഷിക്കുന്നു. അദ്വൈതം ഒരു ദൈവത്തെ അംഗീകരിക്കുന്നു; എന്നാൽ ഇക്കാണുന്ന ജഗത്തു മിഥ്യയാണെന്നു വാദിക്കുന്നു. ഇവിടെ മിഥ്യാശബ്ദത്തിന് അനിർവചനീയ ഭാവം എന്നാണത്രേ അർത്ഥം കല്പിച്ചിരിക്കുന്നത്. ‘മിഥ്യാശബ്ദോനിർവ്വചനീയതാവചനഃ’ ദ്വൈതാദിവിഭാവങ്ങൾ ജഗദ്യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ഈശ്വരനും ജഗത്തുമായുള്ള ബന്ധത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതിൽ വിജയിച്ചിട്ടില്ല.
ഈശ്വരനും ലോകവുമായുള്ള ബന്ധത്തെ സംബന്ധിച്ച പരാമർശങ്ങളിലാണ് ഹിന്ദുമതത്തിൽ ആവിഷ്കാരാഭാവം ഏറ്റമധികം സ്പഷ്ടമാകുക, സത്തയായ ദൈവത്തിന്റെ അനുപ്രകാരത്തിലുള്ള ഒരു പ്രതിമാനമാകുന്നു ഈ പ്രപഞ്ചം. രജ്ജൂവിൽ പന്നഗബുദ്ധിയുണ്ടാകുന്നതുപോലെ സത്തായ ബ്രഹ്മത്തിൽ മിഥ്യയായ ജഗത്ത് ആരോപിതമായിരിക്കുന്നു. ഈ ലോകവും അതിലെ സകല വസ്തുക്കളും ദൈവത്തെ ആശ്രയിച്ചുനില്ക്കുന്നു. ദൈവവും ഈ ലോകത്തെ ആശ്രയിച്ചു നില്ക്കുന്നു. ഈശ്വരനിൽനിന്നു തികച്ചും വ്യതിരിക്തമായൊരു ലോകത്തെക്കാണാൻ ഹൈന്ദവഋഷികൾക്കു കഴിഞ്ഞില്ല. അതുകൊണ്ടാണ് ‘അഹം ബ്രബ്മാസ്തി’, ‘തത്വമസി’ തുടങ്ങിയ നിഗമനങ്ങളിലേയ്ക്കവർ നീങ്ങിയത്. തന്റെ ആത്മനിർവൃതിക്ക് ഈ ലോകത്തെ ആശ്രയിച്ചുനില്ക്കുന്ന ഈശ്വരൻ ഈശ്വരനേയല്ല, തത്വശാസ്ത്ര ദൃഷ്ടിയിൽ. ദർശനത്തിന്റെ ചുവടുപിടിച്ചുള്ള ഈ വിമർശനം ആരുടേയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയില്ലെന്നു വിചാരിക്കുന്നു.
യവനദാർശനികരിൽ അഗ്രഗണ്യനായ അരിസ്റ്റോട്ടിൽ വിശ്വോൽപത്തിയെപ്പറ്റി സ്വീകാര്യമായ ചില ദർശനങ്ങൾ നല്കുന്നുണ്ട്. സത്തയുടേയും ജീവന്റേയും ഉറവിടം ഈശ്വരനാണ്. അവിടുന്ന് സത്തയും ജീവനുമാണ്, ഒപ്പം അരൂപിയും. വ്യതിയാനത്തിനതീതനുമാണദ്ദേഹം. സമയത്തിനു മുൻപു സ്ഥിതിചെയ്യുന്നു. ഈ ഈശ്വരസത്തയാണ് എല്ലാത്തിന്റേയും നിമിത്തകാരണം(എശിമഹ രമൗലെ). എല്ലാ രൂപങ്ങളുടേയും രൂപവും അവിടുന്നുതന്നെ.
മനുഷ്യ ബുദ്ധിയാകുന്ന ഖനിയിൽ വിളഞ്ഞ പവിഴമുത്തുകളിൽ ചിലതാണു മേൽപ്രസ്താവിച്ച ആശയങ്ങൾ. മാനുഷ്യകത്തിന്റെ, മാനുഷിക ജ്ഞാനത്തിന്റെ മണിമകുടം. എന്നിരുന്നാലും പുരുഷാത്മകനായ ഈശ്വരനെ അരിസ്റ്റോട്ടിൽ കാണിച്ചുതന്നുവെന്നു തീർത്തുപറയുക വയ്യ. പക്ഷേ, പുരുഷാത്മകതയുടെ എല്ലാ ലക്ഷണങ്ങളും ആവശ്യംഭവത, വ്യതിരിക്തത തുടങ്ങിയവ അദ്ദേഹത്തിന്റ ഈശ്വരനിലുണ്ട്. എന്നാൽത്തന്നെ വിശ്വംമുഴുവനും അവശ്യം ആശ്രയിച്ചുനില്കുന്ന, ആരാധനാർച്ചനകൾ അർപ്പിക്കേണ്ട ഒരാളായി ദൈവത്തെ അരിസ്റ്റോട്ടിലും വിഭാവനം ചെയ്തിട്ടില്ല.
ലോകവിജ്ഞാന മേഖലയിലെ ചിരം ജ്യോതിസ്സുകളായിത്തീർന്ന യഹൂദമഹാന്മാരാണു വിശ്വോൽപത്തിയെ സംബന്ധിച്ച ഉദാത്തസുന്ദരമായ വിശദീകരണങ്ങൾ നല്കിയിട്ടുള്ളത്. അവരുടെ ചരിത്രത്തിൽ ഈശ്വരൻ പ്രത്യേകമായി ഇടപെടുകയും അരുളപ്പാടുകൾ നല്കുകയും ചെയ്തുവെന്നതാണ് ഇതിനുകാരണം. സമസ്തവസ്തുക്കളും സച്ചിതാനന്ദന്റെ കരവേലകളാണെന്നവർ മനസ്സിലാക്കി. അവർ ആ സത്യം കഥാരൂപേണ സാമാന്യജനത്തിനുവേണ്ടിയെഴുതി. അതാണു വേദപുസ്തകത്തിലെ സൃഷ്ടിയുടെ കഥ. മെസപ്പെട്ടോമ്യായിലും മറ്റും പ്രാബല്യത്തിലിരുന്ന കെട്ടുകഥകളും ബൈബിളിലെ സൃഷ്ടിയുടെ കഥയും തമ്മിൽ ചില സാദൃശ്യങ്ങൾ കാണാം.
‘എനുമാ എലിഷ്'(Enuma Elish) ലോകസൃഷ്ടിയെക്കുറിച്ചു പല കെട്ടുകഥകളും അവതരിപ്പിക്കുന്നുണ്ട്. ദേവന്മാർതമ്മിൽ യുദ്ധമുണ്ടാകുന്നു. ഒരു ദേവൻ മറ്റൊരു ദേവനെ കൊന്നിട്ട് ആ രക്തത്തിൽനിന്നു വിശ്വത്തിനു ജന്മം കൊടുക്കുന്നു എന്നു തുടങ്ങിയ കഥകൾ എത്രയെങ്കിലുമുണ്ട്. ബൈബിളിലെ വിവരണം തികച്ചും വ്യത്യസ്തമാണ്. സർവ്വശക്തനും സർവാതീശായിയും ഏശനുമായ ഈശ്വരൻ തന്റെ ‘വചനം’കൊണ്ടു വിശ്വകടാഹത്തെ കടഞ്ഞെടുക്കുന്നതാണ് ബൈബിളിലെ സൃഷ്ടിയുടെ കഥയിൽ ആദ്യന്തം നാം കാണുക. ‘ഉണ്ടാകട്ടെ’ എന്ന കല്പനയനുസരിച്ച് അതുവരെ ഇല്ലാതിരുന്ന പ്രപഞ്ചം അസ്തിത്വത്തിലേയ്ക്ക് ഊർന്നു വീഴുന്നു.
‘അന്തിച്ചുവപ്പുമലയാഴിയുമങ്ങിരുട്ടി
ലുന്തിസ് ഫുരിക്കുമുഡുരാശിയുമിന്ദുതാനും
പന്തിക്കു തീർത്ത പൊരുളിന്റെ മനോവിലാസം
ചിന്തിച്ചെനിക്കകമലിഞ്ഞുടൽ ചീർത്തിടുന്നു’.
വിശ്വത്തെ അസ്തിത്വത്തിലേക്കു വിളിച്ചുവരുത്തുന്നതിനു സ്നേഹസ്വരൂപനായ ഈശ്വരനെ പ്രേരിപ്പിച്ചതു സ്നേഹമാണ്, സ്നേഹം മാത്രം. വെറും ശൂന്യതയിൽനിന്ന് സകലത്തിനും അവിടുന്നു ഭാവരൂപങ്ങൾ നല്കി. ഒരു വസ്തുത വ്യക്തമാക്കേണ്ടതുണ്ടിവിടെ. ഈശ്വരപക്ഷത്തുനിന്നു വീക്ഷിക്കുമ്പോൾ തികച്ചും സ്വതന്ത്രമായൊരു പ്രവൃത്തിയാണു സൃഷ്ടികർമ്മം. സർവശക്തനും സർവവ്യാപിയും സർവജ്ഞനും സർവാതിശായീയും സ്വതന്ത്രനുമായ അവിടുന്നു സർവതന്ത്രസ്വതന്ത്രമായെടുത്ത ഒരു തീരുമാനത്തിന്റെ ഫലമാണത്. ലോകം സമ്പൂർണ്ണമായും ദൈവത്തെ ആശ്രയിച്ചാണു നില്ക്കുന്നതെങ്കിലും അവിടുത്തേയ്ക്കു ലോകത്തോടു സാന്നിദ്ധ്യബന്ധം മാത്രമേ ഉള്ളു.
ലോകത്തോടു യാതൊരു ബന്ധവും പുലർത്താതെ ഒരു നിർഗുണസത്തയാണ് ഈശ്വരനെന്ന് ഈ പറഞ്ഞതിൽ നിന്ന് അനുമാനിക്കരുത്. ലോകത്തോടു വ്യക്തിപരമായ ബന്ധം പുലർത്തി അതിനെ സദാ പരിപാലിക്കുന്ന സ്നേഹമയിയായ ഒരു ദൈവത്തിന്റെ കഥയാണു ബൈബിൾ പറയുന്നത്. അടുത്ത അദ്ധ്യായം ഈ വഴിക്കു കൂടുതൽ വെളിച്ചം വീശും. ദൈവത്തിനു താൻപോരിമ പോരാഞ്ഞിട്ടല്ല തന്റെ ‘സച്ചിദാനന്ദത്വ’വും സ്നേഹവും പങ്കുവയ്ക്കാനാണ് അവിടുന്ന് പ്രപഞ്ചം പണിചെയ്തത്.
എത്ര സാരസ്യത്തോടെയാണു കുമാരനാശാൻ ഈ സത്യം സ്പഷ്ടമാക്കുന്നതെന്നു നോക്കൂ:
‘സ്നേഹത്തിൽനിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധിതേടുന്നു,
സ്നേഹം താൻ ശക്തിജഗത്തിൽ-സ്വയം
സ്നേഹം താനാനന്ദമാർക്കും’.
ഈ പ്രപഞ്ചത്തിന്റെ പൂർണ്ണിമ, സൃഷ്ടിസാകല്യത്തിന്റെ താഴികക്കുടം മനുഷ്യനാണ്. അവനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും ദൈവം മെനഞ്ഞെടുത്തു. മാത്രമല്ല വിശ്വാസത്തിന്റെ അധീശത്വം അവനിൽ അവരോധിക്കുകയും ചെയ്തു (ഉല്പ.1:26; വിജ്ഞാ. 21:28) സകലവും അവനുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുക. ഈശ്വരസാരൂപ്യത്തിൽ ഉരുവാക്കപ്പെട്ട അവൻ ആ ഈശ്വരനുമായി അഭേദ്യമായ ആഭിമുഖ്യത്തിലായിരുന്നു. ബൈബിളിന്റെ മുഴുവൻ പശ്ചാത്തലത്തിൽ സമീക്ഷിക്കുമ്പോൾ മനുഷ്യൻ സൃഷ്ടി സമ്പൂർണ്ണതയുടെ താഴികക്കുടവും പ്രപഞ്ചത്തിന്റെ പുരോഹിതനും രാജാവുമാണെന്നു സ്പഷ്ടമാവുന്നു.
ഈശ്വരന്റെ അനന്തസ്നേഹമാണ് വിശ്വാസ്തിത്വത്തിനാധാരം. സൃഷ്ടിമുഴുവൻ ഈ സ്നേഹത്തിനു പ്രത്യുത്തരം നല്കണം. ഈശ്വര സാദൃശ്യത്തിൽ സംസൃഷ്ടമായ മനുഷ്യൻ പ്രത്യേകിച്ചും സ്നേഹത്തിലൂടെ ദൈവവുമായി അഭേദ്യമായ ബന്ധം പുലർത്തണം. സ്നേഹപ്രചോദിതമായ സേവനത്തിലൂടെ ലോകത്തിലെ ഈശ്വരസാരൂപ്യമാണു താനെന്ന സത്യം അവൻ വ്യക്തമാക്കണം. സർവേശ്വരന്റെ അനന്തസ്നേഹത്തിനു മനുഷ്യൻ അഭിമുഖ്യമായി ഭവിക്കേണ്ടത് അനുദിനജീവിതത്തിൽ ദൈവികസാദൃശ്യം നിഴലിപ്പിച്ചുകൊണ്ടാണ്. ഈശ്വരന്റെ സാക്ഷാത്തായ സാന്നിദ്ധ്യം ഉള്ളിൽത്തട്ടിയവരുടെ പരിവർത്തീതമായ വൃത്തിയിലും സ്വഭാവത്തിലും അതു സ്പഷ്ടമാക്കപ്പെടും.
‘വമ്പിച്ച നിൻ മഹിമയും കൃപയും നിനച്ചു
കുമ്പിട്ടിടാത്ത തലയും ശീലയും സമംതാൻ’.