കൽക്കട്ടാ പട്ടണത്തിന്റെ തെരുവുകളിലും ചേരികളിലും ആരും യാത്രക്കാരനില്ലാതെ, ആരോടും യാത്ര ചെല്ലാനാകാതെ ഈലോകജീവിതത്തിന്റെ തിക്താനുഭവങ്ങളുമായി മഹേശ്വരന്റെ മടിത്തട്ടിലേയ്ക്കു പോകുന്ന ധാരാളം ദൈവമക്കളുണ്ടായിരുന്നു. ഒരിറ്റു കാരുണ്യത്തിന്റെ സ്നേഹസ്പർശം പോലും അനുഭവിക്കാൻ സാധിക്കാതെ പാതവക്കിലും ചേരികളും പിടഞ്ഞു വീണു മരിക്കുന്ന ആയിരമായിരം മനുഷ്യക്കോലങ്ങൾ. ഈ ദൃശ്യം കനിവിന്റെ അമ്മയെ പിടിച്ചുകുലുക്കി, ഒരിക്കൽ മൈക്കിൾ ഗോമസും അമ്മയും മോത്തീജിലെ ചേരിയിലേക്കു പോവുകയായിരുന്നു. വഴിമദ്ധ്യേ ഒരു മനുഷ്യൻ മരണാസന്നനായി കിടക്കുന്നതു കണ്ടു. അവർ ആ രോഗിയെ ആശുപത്രിയിലെത്തിച്ചു. ജീവിക്കുമെന്ന് അല്പമെങ്കിലും പ്രതീക്ഷയുള്ള രോഗികൾക്കു മാത്രമേ ചികിത്സ ലഭിക്കൂ എന്ന ഒറ്റ കാരണത്താൽ അയാൾക്കു പ്രവേശനം നിഷേധിക്കപ്പെട്ടു. അവർ വേഗം മരുന്നു കടയിലേയ്ക്ക് ഓടി. പക്ഷേ മടങ്ങിവരുമ്പോഴേയ്ക്കും ആ പാവം മരിച്ചിരുന്നു.
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷടിക്കപ്പെട്ട മനുഷ്യൻ ഈ വിധം മരിക്കുന്നത് ദീനാനുകമ്പയായ ആ അമ്മയ്ക്കു സഹിക്കാനായില്ല. ആ മാതൃഹൃദയം തേങ്ങി. അമ്മ ഇങ്ങനെ ഓർത്തു പോയി. ദൈവമേ, പാവപ്പെട്ട മനുഷ്യർക്ക്, തീരാരോഗികളായി മരണാസന്നരായ മനുഷ്യർക്കു ലോകം യാതൊരു വിലയും കൊടുക്കുന്നില്ലല്ലോ. ശോചനീയമായ ഈ അവസ്ഥയെക്കുറിച്ച് അമ്മ പോലീസ് കമ്മീഷണർക്കു പരാതി നൽകി. കാളീഘട്ടിലെ പഴ സത്രം പാവപ്പെട്ട മരണാസന്നർക്കു പരാതി നൽകി. കാളീഘട്ടിലെ പഴയ സത്രം പാവപ്പെട്ട മരണാസന്നർക്കു വിട്ടുകിട്ടുവാനുണ്ടായ സാഹചര്യം അതായിരുന്നു. അമ്മയുടെ ധാർമ്മിക രോഷത്തെ അഖിലേശൻ മനുഷ്യത്വത്തിന്റെ വിവിധ മേഖലകളിലേയ്ക്കു തിരിച്ചു വിടുകയായിരുന്നു.
അമ്മേ, അമ്മ ദേവിയാണ്
മറ്റൊരു ദിവസം മഴപെയ്തു തോർന്ന സമയം അതേ തെരുവിലൂടെ അമ്മ നടന്നു നീങ്ങുകയായിരുന്നു. പാതവക്കിൽ ഒരു തുണിക്കെട്ട് അനങ്ങുന്നതുപോലെ അമ്മയ്ക്കു തോന്നി. അമ്മ അങ്ങോട്ടോടിചെന്നു. മദ്ധ്യവയസ്കയായ ഒരു സ്ത്രീ ആയിരുന്നു അത്. അവർ ഞരങ്ങുകയാണ്. കൈവിരലുകളിൽ എലി കടിച്ച പാടുകൾ. അമ്മ അവരെ വാരിയെടുത്തു. പിന്നെ ആശുപത്രിയിലേയ്ക്ക് ഒരു ഓട്ടമായിരുന്നു. പേ, ആശുപത്രിക്കാർ ആരും ആദ്യമൊന്നും ആ സ്ത്രീയെ ശ്രദ്ധിച്ചില്ല. അവസാനം അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അധികാരികൾ ശുശ്രൂഷിക്കാൻ തയ്യാറായി. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ മരിക്കുമെന്നു മദറിനു ബോധ്യമായി. അമ്മ അവരെ കൈകളിലെടുത്തു മടിയിൽ കിടത്തി. വിശറികൊണ്ടു പതുക്കെ വീശിക്കൊടുത്തു. ഒരു കൈകൊണ്ടു സ്നേഹപൂർവ്വം അവരെ തലോടി. ആ സ്ത്രീ ആത്മാർത്ഥമായി പുഞ്ചിരിച്ചു അവസാനമായി കണ്ണുകൾ അടയ്ക്കുന്നതിനു മുമ്പ് ഗദ്ഗദത്തോടെ അവർ പറഞ്ഞു. ”അമ്മേ, അമ്മ ദേവിയാണ്”. ശാന്തമായി അമ്മയുടെ മടിയിൽ കിടന്ന് അവർ മരിച്ചു. സ്നേഹം ലഭിക്കാതെ എത്രയോ പേർ മരിച്ചിരിക്കുന്നു എന്ന ചിന്ത കൂടുതൽ പ്രവൃതുന്മുഖയാകാൻ അമ്മയെ നിർബന്ധിച്ചു.
പലരും വഴിവക്കിൽ കിടന്നു നരകിക്കുന്നത്, പുഴുക്കളരിക്കുന്നത്, മരിക്കുന്നത് ഒക്കെ അമ്മ കണ്ടു. തളർന്നിരിക്കാതെ അമ്മ വീണ്ടും പോലീസ് കമ്മീഷണറെ കണ്ടു. പാവങ്ങൾക്കായി ഒരു കൊച്ചു വീടെങ്കിലും അനുവദിച്ചു കരുണ കാണിക്കണമെന്ന് അദ്ദേഹത്തോടു കേണപേക്ഷിച്ചു. കൽക്കട്ട കോർപ്പറേഷൻ ഹെൽത്ത് ഓഫീസറായിരുന്ന ഡോ. അഹമ്മദിന്റെ മുമ്പിലും അമ്മ എത്തി പരാതി നൽകി. ഒടുവിൽ ഇരുവരും മദറിനെ സഹായിക്കാൻ മുമ്പോട്ടു വന്നു.
നിർമ്മൽ ഹൃദയ്
കൽക്കട്ടയിലെ കാളിഘട്ട് ക്ഷേത്രപരിസരത്ത് പഴയ ഒരു വലിയ സത്രമുണ്ടായിരുന്നു. അതു കാണിച്ചു ഡോ. അഹമ്മദ് അമ്മയോടു ചോദിച്ചു: ”ഇതു മതിയാകുമോ?” അതിരില്ലാതെ സന്തോഷത്തോടെ അമ്മ പറഞ്ഞു: ”ധാരാളം”. തന്റെ പാവങ്ങൾക്കു മരിക്കാൻ ഒരു സത്രമുണ്ടല്ലോ എന്നോർത്ത് അമ്മ ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും നന്ദി പറഞ്ഞു. ആ സത്രത്തെ അമ്മ പരി. അമ്മയുടെ നിർമ്മല ഹൃദയത്തിനു സമർപ്പിച്ചുകൊണ്ട് അതിനു ”നിർമ്മൽ ഹൃദയ്” എന്ന പേരും നൽകി.
കാരുണ്യത്തിന്റെ സ്നേഹസ്പർശം അനുഭവിച്ച് ആർദ്രതയുടെ സ്നേഹജലം നുകർന്ന്, നൈമിഷിക ദുഃഖങ്ങൾക്ക് അറുതിവരുത്തി ആയിരങ്ങൾ സ്വസ്ഥതയോടെ നിർമ്മൽ ഹൃദയയിൽ വിശ്രമിച്ച് ഈ ലോകത്തു നിന്നു വിടപറയുന്നു. പിതാവിന്റെ മടിത്തട്ടിലേയ്ക്കു പറന്നുയരുന്നു. ഹൃദയനൈർമ്മല്യത്തോടെ, സഹജാതരുടെ സ്നേഹോഷ്മളമായ പരിലാളനമേറ്റ് പതിനായിരങ്ങൾക്കു സ്വർഗ്ഗം പൂകാൻ പരാപരൻ പടുത്തുയർത്തിയ സ്ഥാപനം എങ്ങനെയൊക്കെ ജീവിച്ചവരാണെങ്കിലും ജീവിതസായാഹ്നത്തിൽ, മനുഷ്യമാലാഖമാരുടെ ഹൃദ്യമായ ശുശ്രൂഷയേറ്റു മനശാന്തിയോടെ മരിക്കാൻ, മണ്ണിനോടു വിടചൊല്ലാൻ മഹേശ്വരൻ ഒരുക്കിയ മഹാമന്ദിരം!
സ്നേഹത്തിന്റെ തൈലാഭിഷേകം
മരണത്തിന്റെ ഭീകരതയൊന്നും ഇവിടെ അനുഭവപ്പെടുന്നില്ല. വിടവാങ്ങലിന്റെ ആർത്തനാദങ്ങളില്ല. സ്വർഗ്ഗത്തിലേയ്ക്കു പോകുന്നവരുടെ സന്തോഷം മാത്രം. ജീവിക്കുന്ന ദൈവത്തെ കാണാൻ നിർമ്മൽ ഹൃദയിൽ പോയാൽ മതി. അവിടെ അവിടുത്തെ സ്പർശിക്കാം. അവിടുത്തെ അഴുകുന്ന ശരീരത്തിൽ സ്നേഹത്തിന്റെ തൈലം പുരട്ടാം. അവിടുത്തെ വൃത്തിഹീനമായ വസ്ത്രങ്ങൾ ശുചിയാക്കാം. വിശക്കുന്ന അവിടുത്തേയ്ക്കു ഭക്ഷണം വാരിക്കൊടുക്കാം. കരയുന്ന അവിടുത്തെ കണ്ണീരൊപ്പാം.
സത്രം ലഭിച്ചതിന്റെ പിറ്റേന്നു രാവിലെ അഗതികളുടെ അമ്മ തെരുവിലേയ്ക്കിറങ്ങി. അതാ, ഒരു ചവറ്റുകുപ്പയിൽ ഒരു സ്ത്രീ തണുത്തുവിറങ്ങലിച്ചു കിടക്കുന്നു. അഴുകി ദ്രവിച്ച വ്രണങ്ങളിൽ തെരുവുനായ്ക്കൾ നക്കുന്നു. നായ്ക്കളെ ഓടിച്ചശേഷം അമ്മ അവരെ തൊട്ടുനോക്കി. മരിച്ചിട്ടില്ല. പക്ഷേ, പൊള്ളുന്ന പനിയുണ്ട്. അവരെ വാരിയെടുത്ത് അതിവേഗം നിർമ്മൽ ഹൃദയിലേക്കു കൊണ്ടുവന്നു. ചെറുചൂടുവെള്ളത്തിൽ ശരീരം തുടച്ചു വൃത്തിയാക്കി ആ ശരീരമാകെ തളർന്നിരുന്നു. അമ്മ അവർക്കു ചൂടുപാൽ കൊടുത്തു. പാൽ കുടിച്ചു കഴിഞ്ഞപ്പോൾ അവർ കരയാൻ തുടങ്ങി. തന്നെ ചവറ്റുകുട്ടയിലേക്കു തള്ളിയിട്ടു തിരിഞ്ഞുനോക്കാതെ കടന്നുപോയ തന്റെ മകനെപ്പറ്റിയുള്ള ചിന്തയായിരുന്നു ആ മാതാവിനെ കദനക്കടലിൽ ആഴ്ത്തിയത്. മരണഭയത്തേക്കാൾ അവരുടെ മനസ്സിനെ മഥിച്ചിരുന്നത് ആശ്രയം നൽകേണ്ട മകന്റെ ക്രൂരമായ പ്രവൃത്തിയാണ്. ഒരു പെറ്റമ്മയ്ക്ക് അതെങ്ങനെ സഹിക്കാനാവും? ആ മകനോട് ക്ഷമിക്കാനാവില്ലെന്ന് ആ സ്ത്രീ തീർത്തു പറഞ്ഞു.
മദർ തെരേസ ആ രോഗിയെ തന്റെ കൈകളിൽ കോരിയെടുത്ത് മടിയിൽ കിടത്തി. അതീവ വാത്സല്യത്തോടെ ആ വേദനിക്കുന്ന സഹോദരിയെ നോക്കി. അവരുടെ കണ്ണുകളിൽ പുത്രസ്നേഹം നിഷേധിക്കപ്പെട്ട ഒരു അമ്മയുടെ ദൈന്യത, ആ ദീനാനുകമ്പ കണ്ടറിഞ്ഞു. മക്കൾ ഉപേക്ഷിച്ചു പോയ മാതാപിതാക്കളുടെ ഒരായിരം ചിത്രങ്ങൾ മദറിന്റെ മനസ്സിൽ തെളിഞ്ഞുവന്നു. മനുഷ്യത്വം വറ്റിവരണ്ട ഈ മനുഷ്യമഹാസമുദ്രത്തിൽ, മനുഷ്യത്വത്തിന്റെ മാലാഖയാകുവാൻ മനസ്സു നിറയെ ആഗ്രഹിച്ചുകൊണ്ട് ആ കവിളുകളിൽ ചുംബിച്ച് ആ സ്ത്രീരത്നത്തോട് മദർ ചോദിച്ചു. ”അമ്മേ, അമ്മയ്ക്ക് ആ മകനോടു ക്ഷമിച്ചുകൂടേ? നമ്മുടെ നിരവധിയായ തെറ്റുകൾ അനുനിമിഷം ദൈവം നമ്മോടു ക്ഷമിക്കുന്നില്ലേ? ആ ദൈവത്തിന്റെ മഹനീയമായ കാരുണ്യമല്ലേ അമ്മയെ ഇവിടെ എത്തിച്ചത്? സ്നേഹിക്കുന്ന ദൈവത്തിന്റെ ഹൃദയത്തുടുപ്പുകൾ ഞാൻ അമ്മയിൽ കാണുന്നു. നമ്മെ വേദനിപ്പിച്ചവന്റെ മുമ്പിൽ ചെറുതാകുമ്പോൾ, ക്ഷമിക്കുമ്പോൾ ദൈവം അനുഗ്രഹമായി മാറുമെന്ന് അമ്മയ്ക്കറിഞ്ഞുകൂടേ?
അമ്മയിതു പറയുമ്പോൾ ആ കണ്ണുകളിൽ നിന്നു കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. അമ്മ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ വയോവൃദ്ധ അമ്മയുടെ കൈകളിൽ പിടിച്ചു. അവരുടെ ശിലാഹൃദയം അലിയാൻ തുടങ്ങിയെന്ന് അമ്മയ്ക്കു മനസ്സിലായി. അവരുടെ കണ്ണുകൾ ഈറൻ അണിയുന്നത് അമ്മ കണ്ടു. അവർ ആ മകനു മാപ്പുകൊടുത്തു. അമ്മയോട് എന്തോ പറയാൻ അവർ വിതുമ്പി. അമ്മയുടെ കൈകളിൽ അവർ തലോടി. ഇതുവരെ ആരും അമ്മയ്ക്കു നൽകാത്ത തരത്തിലുള്ള ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവർ പറഞ്ഞു, ”നിങ്ങൾക്ക് നന്ദി”. ശാന്തമായി അവർ ഈ ലോകത്തോടു വിടപറഞ്ഞു.
ദൈവത്തിന്റെ പുഞ്ചിരി
അമ്മ പറയുന്നു: ”ഞാനാദ്യമായാണ് ദൈവത്തിന്റെ പുഞ്ചിരി കണ്ടത്. ഉള്ളു തുറന്നു ക്ഷമിച്ച ആ അമ്മയുടെ മുഖത്ത്. തന്നെ ക്രൂരമായി വേദനിപ്പിച്ചവരോടു ക്ഷമിക്കുമ്പോൾ ദൈവം പുഞ്ചിരിയായി ചുണ്ടിൽ വിടരുമെന്ന്, സമാധാനമായി ഹൃദയത്തിൽ നിറയുമെന്ന് ദൈവം എന്നെ പഠിപ്പികകുകയായിരുന്നു”.