വാക്കിനാൽ ഉളവാകുന്ന മുറിവു കരിയുകയില്ല

Fr Joseph Vattakalam
3 Min Read

ഞാൻ സെന്റ് ബർക്കുമാൻസ് കോളജിൽ പഠിപ്പിക്കുന്ന കാലം. ഒരു സാധ്യായദിവസം ക്ലാസിലേക്കുപോകാൻ മുറിയിൽ നിന്നിറങ്ങുകയാണ്. പെട്ടെന്ന്, ഒരു യുവാവ് എന്റെ മുമ്പിൽ പ്രത്യക്ഷനായി. മുഖപരിചയം നന്നായി ഉണ്ടെങ്കിലും ആരെന്നു കൃത്യമായി ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അച്ചന് എന്നെ മനസ്സിലായോ? യുവാവ് ചോദിച്ചു. നല്ല പരിചയമുണ്ട്. എങ്കിലും കൃത്യമായി പറയാൻ കഴിയുന്നില്ലല്ലോ. ഞാൻ പ്രതികരിച്ചു. അച്ചാ ഞാൻ ജോസാണ്. അച്ചന്റെ വളരെ ജൂണിയറാണെങ്കിലും നമ്മൾ നന്നായി അറിയുമായിരുന്നു. യുവാവ് മറുപടി പറഞ്ഞു.

ഓ, ജോസേ ക്ഷമിക്കണം. ഇപ്പോൾ എല്ലാക്കാര്യങ്ങളും ഞാൻ ഓർക്കുന്നു. ഞാൻ വിശദീകരിച്ചു. എന്താ ജോസേ പതിവില്ലാതെ ഞാൻ തെരക്കി. അച്ചാ എന്റെ കൂടെ ഉടനെതന്നെ ഇന്ന ആശുപത്രിവരെ വരണം. ജോസ് ആഗമനോദ്ദേശം വ്യക്തമാക്കി.

ജോസേ എനിക്കു ആദ്യമണിക്കൂറിലും ക്ലാസുണ്ട്. എന്റെ ബുദ്ധിമുട്ട് ഞാൻ ജോസിനെ അറിയിച്ചു. അച്ചാ എനിക്കുവേണ്ടി അച്ചൻ ഉച്ചവരെ ലീവ് എടുക്കണം. സംഗതി വളരെ ഗൗരവമുള്ളതാ. വളരെ വിഷമത്തോടെയാണ് അദ്ദേഹം ഇതു പറഞ്ഞത്. എന്താണ് ഇത്ര ഗൗരവമായ കാര്യം? ഞാൻ അന്വേഷിച്ചു. അച്ചാ ഗർഭിണിയായ എന്റെ ഭാര്യ ആത്മഹത്യ ചെയ്യാൻ ഇന്നലെ ശ്രമിച്ചു. വളരെ പണിപ്പെട്ടാണ് ഞാൻ അവളെ ആ സഹചര്യത്തിൽനിന്നു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരിക്കുന്നത്. മൂന്നു ദിവസമായി അവൾ എന്തെങ്കിലും കഴിച്ചിട്ട്. മനോഭാവത്തിൽ യാതൊരു മാറ്റവുമില്ല. എന്റെ അമ്മയും മറ്റു പലരും മുറിയിൽ കാവലിരിക്കുകയാണ്. അച്ചൻ എന്റെ കൂടെവന്ന് അവളെ ഉപദേശിച്ച് അവൾക്കുവേണ്ടി പ്രാർത്ഥിച്ച്, ഞങ്ങളുടെ കുടുംബാംഗങ്ങളെയെല്ലാം ഈ വലിയ പ്രതിസന്ധിയിൽനിന്നു രക്ഷിക്കണം.

ഞാൻ ലീവെടുക്കാം ജോസേ. ഞാൻ സമ്മതിച്ചു. എന്റെ വാക്കുകൾ ജോസിന് എന്തോ ഒരു ആശ്വാസം പകർന്നതുപോലെ.

ഡിപ്പാർട്ടുമെന്റ് തൊട്ടടുത്തായിരുന്നതുകൊണ്ട് ജോസിനെയും വിളിച്ച് ഡിപ്പാർട്ടുമെന്റിന്റെ സൈഡിൽചെന്ന് ആദ്യം കണ്ട അധ്യാപകനോട് എനിക്ക് അത്യാവശ്യമായി ഒരു രോഗിയെ ആശുപത്രിയിൽ സന്ദർശിക്കണം. ഞാൻ പോകുകയാണ്. ഫസ്റ്റ് അവർ ഉണ്ട്. വകുപ്പധ്യക്ഷനോട് ദയവായി ഒന്നു പറഞ്ഞേക്കണം. ഇത്രയും പറഞ്ഞിട്ട് ഞാനും ജോസും ആശുപത്രിയിലേക്ക് അതിവേഗം പുറപ്പെട്ടു.

പോകുംവഴി ഞാൻ ചോദിച്ചു, ജോസേ പ്രകോപന കാരണം എന്താണ്? ഇങ്ങനെയായിരുന്നു ജോസിന്റെ മറുപടി. അച്ചാ ഞാനും ഡെയ്‌സിയും കൂടി റബറിന്റെ പാലെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ തമാശിന് ഇങ്ങനെ ഒന്നുപറഞ്ഞു. നിന്റെ ഉദരത്തിലുള്ള ശിശു എന്റേതാണെന്നതിന് എനിക്ക് എന്താ ഉറപ്പ്? മറുപടി കേട്ടപ്പോൾ എനിക്ക് ഏറെ വിഷമമവും കോപവും ഒപ്പം സഹതാപവും തോന്നി. അല്പം സ്വരമുയർത്തി, ഇതാണോ തമാശ? എന്നു മാത്രം ചോദിച്ചു നിർത്തി. ഞങ്ങൾ ആശുപത്രിയിൽ എത്തിക്കഴിഞ്ഞു. ആത്മഹത്യയ്ക്ക് ഒരുങ്ങിയിരിക്കുന്ന ആളെ താമസിപ്പിച്ചിരുന്ന മുറിയിലേക്ക് ജോസ് എന്നെ നയിച്ചു. ആ മുറിയിലുണ്ടായിരുന്ന വലിയ കട്ടിൽ 6.5 അടി നീളവും അതിനനുസരിച്ച് വീതിയും ഉള്ളതായിരുന്നു. അതിന്റെ നടുഭാഗത്ത് ഒരു ‘യക്ഷി’ സദൃശ്യം (അങ്ങനെയൊന്നില്ല അവസ്ഥ മനസ്സിലാക്കാൻ ആ സംജ്ഞ സഹായിക്കുമെന്നു കരുതി അങ്ങനെ എഴുതിയെന്നേയുള്ളൂ. കാൽ മുട്ടുകളും തലയും യോജിപ്പിച്ച് പാദങ്ങൾ കട്ടിലിന്മേൽ ബലമായി അമർത്തിയാണ് ഡെയ്‌സി ഇരിക്കുക. പലരുടെയും കാൽപെരുമാറ്റം കേട്ടപ്പോൾ തലയുയർത്തി ഒന്നു നോക്കി. ഒരു വൈദികൻ എത്തിയിരിക്കുന്നു എന്ന രീതിയിൽ യാതൊരു പ്രതികരണവും കാണിച്ചില്ല.
അല്പസമയം കാത്തുനിന്നിട്ട് സ്വരമുയർത്തി ഒരു കല്പനയെന്ന രീതിയിൽ ഞാൻ പറഞ്ഞു: ഡെയ്‌സീ കട്ടിലിന്റെ സൈഡിലേക്കു മാറി, കാലുകൾ രണ്ടും താഴോട്ട് ഇട്ട് ഇരിക്കുക. അനുസരിച്ചു. ദൈവമേ നന്ദി. തുടർന്ന് ഏതാനും ചോദ്യങ്ങൾ ചോദിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലല്ലോ. ഞാൻ ജോസിനോടു നിർദ്ദേശിച്ചു. ജോസ് ഡെയ്‌സിയുടെ അടുത്ത് ഇരിക്കുക. ജോസ് ഇരുന്നുകഴിഞ്ഞപ്പോൾ ഇരുവരുടെയും ശിരസ്സിൽ ഓരോ കരംവച്ച് ഏതാണ്ട് 20 മിനിട്ട് ഞാൻ പ്രാർത്ഥിച്ചുക്കാണും.

അപ്പോൾ ഡെയ്‌സി കരയാൻ തുടങ്ങി. തമ്പുരാൻ മകളെ സ്പർശിച്ചു, ക്ഷമിക്കാനുള്ള വരം നല്കുകയാണെന്ന് എനിക്കു മനസ്സിലായി. നാലഞ്ചു മിനിറ്റുകൂടി പ്രാർത്ഥിച്ചു. അതിനുശേഷം ജോസിനോട് എത്രയുംവേഗം ഒരു ചായ വാങ്ങിക്കൊണ്ടുവരാൻ നിർദ്ദേശിച്ചു. മകൻ ചായ വേഗം വാങ്ങിക്കൊണ്ടു വന്നു. കുടിക്കാൻ സൗകര്യത്തിനു പിടിച്ചുകൊടുക്കാൻ ജോസിനോടു തന്നെ പറഞ്ഞു. അതു മകൾ കുടിച്ചു. അനന്തരം ഡെയ്‌സി എന്നോടു പറഞ്ഞു. നാലു ദിവസമായിട്ടും എന്തെങ്കിലും ഒന്നു കഴിക്കാൻ ജോസ് എന്നോട് പറഞ്ഞില്ലച്ചാ. മകളെ ഞാൻ ആശ്വസിപ്പിച്ചു. തുടർന്ന് എന്റെ നിർദ്ദേശപ്രകാരം വളരെ ആത്മാർത്ഥമായി ജോസ് തന്റെ ജീവിത പങ്കാളിയോട് മാപ്പു ചോദിച്ചു. ഇരുവരും കണ്ണീരൊഴുക്കിക്കൊണ്ട് പരസ്പരം ആശ്ലേഷിച്ചു.
ആംഗ്ലേയകവി ലേംഗ് ഫെലോ ആണെന്നു തോന്നുന്നു, എഴുതിയിട്ടുണ്ട്. തോക്കുകൊണ്ടു മരിച്ചവരേക്കാൾ വളരെ കൂടുതൽ ആളുകൾ വാക്കുകൊണ്ടു മരിച്ചിട്ടുണ്ട് എന്ന് നമ്മുടെ ഓരോ വാക്കും നീതിയിലും സത്യത്തിലും സഹാനുഭൂതിയിലും കരുണയിലും കരുതലിലും അധിഷ്ഠതമായിരിക്കണം. തിരുവള്ളുവരുടെ വാക്കുകളും ഓർമ്മയിൽ സൂക്ഷിക്കാം.
വാളിനാലുളവാകുന്ന മുറിവു വേഗം കരിയും വാക്കിനാലുളവാകുന്ന മുറിവ് ഒരുനാളും പൂർണ്ണമായി കരിയുകയില്ല.

Share This Article
error: Content is protected !!