പതിനേഴാമദ്ധ്യായം
നൂറ്റാണ്ടുകളുടെ ഹൃദയദാഹം സ്പഷ്ടമാക്കുന്നൊരു പ്രാർത്ഥനയുണ്ട് ബ്രഹ്മദാരണ്യകോപനിഷത്തിൽ:
“From non-being lead me to being,
From darkness lead me to light,
From death lead me to immortality”.
ലോകത്തിലൊരേ ഒരു വ്യക്തിക്കുമാത്രമാണ് ഈ ആത്മ ദാഹത്തിന് ഉപശമനം അരുളാൻ കഴിഞ്ഞിട്ടുള്ളത്. ഒരേ ഒരു വ്യക്തിമാത്രമേ ഈ പ്രാർത്ഥനയ്ക്കു മറുപടി പറഞ്ഞിട്ടുള്ളൂ. ആരെന്നോ? ക്രിസ്തു! വ്യക്തമായ ഭാഷയിൽ, സരളമായ ശൈലിയിൽ അവിടുന്നു പ്രഖ്യാപിക്കുന്നതു ശ്രവിക്കൂ: ‘ഞാൻ വഴിയും സത്യവും ജീവനുമാണ്’ (യോഹ 14:6). ‘ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല’ (യോഹ. 8:12).
ഒരുവൻ ഈശ്വരനോട് അധികമധികം അടുക്കുന്തോറും, തന്റെ അയോഗ്യതയെപ്പറ്റി കൂടുതൽ കൂടുതൽ ബോധവാനാകുന്നു. മെഴുകുതിരിയുടെ പ്രകാശത്തിൽ ഒരു ഛായാപടം കാണുമ്പോൾ സൂര്യപ്രകാശത്തു കാണുന്നിടത്തോളം അതു സ്പഷ്ടമാകുന്നില്ല. അതുപോലെ അഖിലേശനിൽനിന്ന് ബഹുദൂരം അകന്നിരിക്കുന്നവർക്കു തോന്നിയേക്കാം ആദ്ധ്യാത്മികമായി തങ്ങൾ ഭദ്രമാണെന്ന്. എന്നാൽ അവിടുന്നുമായി ഐക്യപ്പെട്ടു ജീവിക്കുന്നവർക്കു തങ്ങളുടെ അയോഗ്യതയെപ്പറ്റി ശരിയായ അവബോധം ഉണ്ടായിരിക്കും. ലോകത്തിന്റെ വശ്യതകളെയൊക്കെ അതിജീവിച്ചു ജഗദീശനുമായി ദീർഘകാലം തികഞ്ഞ സ്നേഹബന്ധത്തിലായിരുന്ന വിശുദ്ധരെല്ലാം പാപസ്വാധീനതയിലാണു തങ്ങളെന്നു തീർത്തും സമ്മതിച്ചു. സർവജനങ്ങൾക്കും മാതൃകയായിരുന്ന സെന്റ് പോൾ പാപികളുടെ തലവൻ എന്നാണു സ്വയം സംബോധന ചെയ്യുക.
എന്നാൽ സകലേശനുമായി ഐക്യം അവകാശപ്പെട്ട ക്രിസ്തു ഒരിക്കൽപോലും പാപമോ അപൂർണ്ണതയോ ഏറ്റു പറഞ്ഞിട്ടില്ല. വലിയ വലിയ ജനക്കൂട്ടങ്ങളുടെ മുമ്പിൽ നിവർന്നു നിന്നു സധൈര്യം ചോദിക്കാൻ അവിടുത്തേക്ക് മാത്രമേ കഴിഞ്ഞുള്ളൂ. ‘ആർക്ക് എന്നിൽ പാപം ആരോപിക്കാൻ കഴിയും?’ (യോഹ 8:46) എന്ന്. പാപികളോടൊപ്പം ജീവിക്കുകയും അവരുമായി സഹകരിക്കുകയും ചെയ്തെങ്കിലും അവിടുത്തെ പരിശുദ്ധിയെ ചോദ്യം ചെയ്യാൻ ആർക്കും സാദ്ധ്യമായിരുന്നില്ല. ‘ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമെ’ എന്നു പ്രാർത്ഥിക്കാൻ ക്രിസ്തു തന്റെ ശിഷ്യന്മാരെ ഉപദേശിച്ചു. എന്നാൽ തന്റെ ക്ലേശപാരമ്യത്തിൽപ്പോലും സ്വയം ആ പ്രാർത്ഥന ചൊല്ലിയിട്ടില്ല. മാത്രമല്ല, അവിടുന്നു മറ്റുള്ളവരുടെ പാപങ്ങൾ പൊറുക്കുകയും ചെയ്തു. പാപരഹിതനായിരുന്നതുകൊണ്ടാണ് മറ്റാരും ഒരിക്കലും പുറപ്പെടുവിക്കാത്ത അവകാശവാദങ്ങൾ ഉന്നയിക്കാൻ ക്രിസ്തുവിനു കഴിഞ്ഞത്. ഇരുട്ടിൽ തപ്പിത്തടയുന്ന ലോകത്തിന്റെ പ്രകാശം എന്നു യേശു തന്നെത്തന്നെ വിശേഷിപ്പിച്ചു.
ഇവിടെ ഒരു കാര്യം നാം വ്യക്തമായി മനസ്സിലാക്കണം. ക്രിസ്തുവിന്റെ പ്രബോധനങ്ങളല്ല ലോകത്തിന്റെ പ്രകാശം. പ്രത്യുത, അവിടുത്തെ വ്യക്തിത്വം. ലോകത്തെ ഭൗതികമായി പ്രകാശിപ്പിക്കാൻ ഒരു സൂര്യൻ മാത്രം ഉള്ളതുപോലെ, ആദ്ധ്യാത്മികമായി അതിനെ പ്രകാശിപ്പിക്കുന്നതിനു കഴിവുള്ള ഏക ദീപം താൻതന്നെയാണെന്നാണു ക്രിസ്തു നിർനിവിശങ്കം പ്രസ്താവിക്കുന്നത്. അവിടുത്തെ അസാന്നിദ്ധ്യത്തിൽ ഓരോ മനുഷ്യനും ഇരുട്ടിൽ തപ്പിത്തടയേണ്ടിവരും. ക്രിസ്തുവാകുന്ന വെളിച്ചം തെളിഞ്ഞുകാണുമ്പോൾ മാത്രമാണ് ഓരോ വ്യക്തിയും തന്റെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കുക. ലോകത്തിന്റെ പ്രകാശത്തിനായി ബുദ്ധൻ ഒരു തത്വസംഹിത എഴുതിയുണ്ടാക്കി. പക്ഷെ ലോകത്തിന്റെ പ്രകാശമായി സ്വയം പ്രഖ്യാപിക്കാൻ കഴിഞ്ഞില്ലദ്ദേഹത്തിന്. തന്റെ മരണക്കിടക്കയിൽ വച്ചു നബിയും സമ്മതിച്ചു താൻ ലോകത്തിന്റെ പ്രകാശമല്ലെന്ന്. പാപിയാണ് താനെന്ന വസ്തുതയും അദ്ദേഹം ഏറ്റു പറഞ്ഞു. കൺഫ്യൂഷ്യസും തഥൈവ.
ക്രിസ്തു തന്റെ സന്ദേശമൊന്നും എഴുതിവച്ചില്ല. അവിടുന്നുതന്നെയാണ് അവിടുത്തെ തത്വസംഹിത. അവിടുത്തെ സംബന്ധിച്ചിടത്തോളം ചരിത്രവും ആദർശവും ഒന്നു തന്നെ. മറ്റു ലോക ഗുരുക്കന്മാർ ലോകത്തിനു നല്കിയ പ്രകാശവും പ്രബോധനങ്ങളുമൊന്നും അവരിൽ ആയിരുന്നില്ല. എല്ലാ അവർക്കു പുറമേ ആയിരുന്നു. എന്നാൽ യേശു ദൈവികബുദ്ധിയുമായി തന്നെ താദാത്മ്യപ്പെടുത്തി. ചരിത്രത്തിലെ ഒറ്റപ്പെട്ട സംഭവം.
മേല്പറഞ്ഞ വസ്തുത കൂടുതൽ വ്യക്തവും സ്പഷ്ടവും വിപുലവുമാക്കുകയാണ് ക്രിസ്തു: എന്നിൽകൂടിയല്ലാതെ ആരും പിതാവിങ്കലേയ്ക്കു പോകുന്നില്ല. നിങ്ങൾ എന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനേയും തിരിച്ചറിയുമായിരുന്നു . വഴിലൂടെയല്ലാതെ യാത്ര ചെയ്യാൻ ആവില്ല. സത്യോന്മുഖമായി മാത്രമേ അറിവു സമ്പാദിക്കാൻ സാധിക്കൂ. ജീവനിലേ ജീവിക്കാൻ ഒക്കൂ. ഇവയൊക്കെയാണ് മേല്പ്പറഞ്ഞ വാക്കുകളുടെ വ്യംഗ്യം. ഒരേ വ്യക്തിതന്നെ മാർഗ്ഗവും മാർഗ്ഗദർശിയും ആകുമ്പോൾ ആ പഥം സ്നേഹയോഗ്യമാകുന്നു. പ്ലേറ്റോ ഒരിക്കൽ പറഞ്ഞു: ലോകത്തിന്റെ പിതാവിനെ കണ്ടുപിടിക്കുക വിഷമകരമാണ്.
കണ്ടുപിടിച്ചാൽത്തന്നെ മറ്റുള്ളവർക്കു കൈമാറാൻ ആവില്ല. തന്റെ പുത്രന്റെ വ്യക്തിത്വത്തിലൂടെ വെളിപ്പെടുത്തപ്പെട്ടാലല്ലാതെ പിതാവിനെ കണ്ടെത്തുക വളരെ വിഷമംതന്നെയെന്നായിരുന്നേനെ പ്ലേറ്റോയ്ക്കു ക്രിസ്തു കൊടുക്കുന്ന മറുപടി.
പിതാവായ പരംപൊരുൾ പാപപങ്കിലമായ ലോകത്തോടു സംസാരിക്കുന്ന വചനമാണ് ക്രിസ്തു. ‘എല്ലാം എന്റെ പിതാവ് എനിക്കു നല്കിയിരിക്കുന്നു. പിതാവല്ലാതെ ഒരുവനും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തുവാൻ ഇച്ഛിക്കുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനേയും അറിയുന്നില്ല’ (മത്താ 11.27). നമ്മെ പിതാവിങ്കലേയ്ക്കു നയിക്കുന്ന വഴിയാണു ക്രിസ്തു. പിതാവിനെ ലോകത്തിനു വെളിപ്പെടുത്തുന്നതും അവിടുന്നുതന്നെ. കാരണം, ഒരു മനുഷ്യനും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല. തന്റെ പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ ദൈവമാണ് അവിടുത്തെ വെളിപ്പെടുത്തുന്നത് (യോഹ. 1:18). ക്രിസ്തു ജീവനുമാണ്. പിതാവ് സ്വജീവൻ അങ്ങിലേയ്ക്കു പകർന്നിരിക്കുന്നു. നിത്യമായി പകരുകയും ചെയ്യുന്നു. ‘എനിക്കു മുമ്പേ വന്നവർ ആടുകളുടെ സ്വരം കേട്ടില്ല, ഞാൻ വാതിൽ ആകുന്നു. എന്നിൽക്കൂടെ ആരെങ്കിലും പ്രവേശിക്കുന്നെങ്കിൽ അവൻ ജീവിക്കും. അകത്തു പ്രവേശിക്കുകയും പുറത്തു പോവുകയും തീറ്റി കണ്ടെത്തുകയും ചെയ്യും അവൻ'(10:710) . സ്വന്തം വ്യക്തിത്വം നിത്യജീവനും സമാധാനവും പ്രാപിക്കുന്നതിനുള്ള വ്യവസ്ഥയായി ഇന്നേവരേ ആരും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ക്രിസ്തു തന്റെ വ്യക്തിത്വത്തെ വാതിലുമായി സാമ്യപ്പെടുത്തിയിരിക്കുന്നു.