എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന് പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.
മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല് ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്ഥാപിതമായിരുന്നു.
എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും.
മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല് ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു.
യേശു ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവന് പഠിപ്പിച്ചത്.
മത്തായി 7 : 24-28
പാറമേൽ പണിത വീടിന്റെയും പൂഴിയിൽ പണിത വീടിന്റെയും ഉപമ വഴി മത്തായി സമൂഹത്തിലെ ഓരോ വ്യക്തിയുടെയും മുമ്പിൽ വിവേകമതിയുടെയും വിവേകശൂന്യന്റെയും മാതൃക അവതരിപ്പിക്കുകയാണ്. സ്വന്തം ജീവിതത്തെ വിലയിരുത്താനും വചനം ശ്രവിക്കുന്നവർ എന്ന നിലയിൽ നിന്ന് വചനം ജീവിക്കുന്നവർ എന്ന അവസ്ഥയിലേക്ക് വരാൻ തീരുമാനമെടുക്കാൻ ഇരു കൂട്ടരെയും പ്രോത്സാഹിപ്പിക്കുകയാണ് സുവിശേഷകന്റെ ലക്ഷ്യം. ഇതാണ് ക്രൈസ്തവൻ നേരിടുന്ന വെല്ലുവിളിയും. സത്യത്തിന് സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെടുന്ന നിമിഷങ്ങളിൽ നേരിടുന്ന പ്രലോഭനങ്ങളെയാണ് മഴയും കാറ്റും സൂചിപ്പിക്കുക. മലയിലെ പ്രസംഗത്തിൽ ഈശോയും ശിഷ്യരിൽ നിന്ന് ആവശ്യപ്പെടുന്ന നീതി നമ്മുടെ ജീവിതത്തിൽ അഭ്യസിക്കാൻ സാധിക്കാതെ പോയാൽ, നിത്യമായ നാശമായിരിക്കും നമ്മുടെ അന്ത്യം. അതാണ് ഏറ്റം വലിയ വീഴ്ച. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല് ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു.
മത്തായി 7 : 27.
ഈശോയുടെ പ്രബോധനത്തെക്കുറിച്ച് ജനത്തിന്റെ പ്രതികരണം സുവിശേഷകൻ നിരീക്ഷിക്കുന്നു. ഇവിടെ പ്രസംഗത്തിന്റെ ഉള്ളടക്കത്തേക്കാൾ ഈശോയുടെ പ്രബോധനത്തിന്റെ ആധികാരികതയെ കുറിച്ചാണ് ജനം ആശ്ചര്യപ്പെടുന്നത്. യഹൂദ റബ്ബിമാർ തങ്ങളുടെ പൂർവികരുടെ പ്രബോധനങ്ങളിൽ ആശ്രയിക്കുന്നു. ഈശോയാകട്ടെ, സ്വന്തം നാമത്തിലാണ് പഠിപ്പിക്കുക. പൂർവികരോട് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. “എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു” എന്ന് അവിടുന്ന് ആവർത്തിച്ചു പറയുമ്പോൾ, അവിടുന്ന് സ്വന്തം നാമത്തിൽ പഠിപ്പിക്കുകയായിരുന്നു. യഹൂദർക്ക് യഹൂദ റബ്ബിമാർക്ക് ഇത് തീർത്തും അപരിചിതവും അസാധ്യവുമായിരുന്നു. കാരണം സുവ്യക്തം. അവർ നിസ്സാരരായ മനുഷ്യരാണ്. ഈശോയയോ സത്യദൈവവും സത്യ മനുഷ്യനും. അവിടുത്തേക്ക് അസാധ്യമായി ഒന്നുമില്ല. അതുകൊണ്ടാണ് അവിടുത്തേക്ക് ദൈവരാജ്യത്തിന്റെ രഹസ്യങ്ങളും അതിന്റെ നീതിയും കൃത്യമായും സുസ്പഷ്ടമായും അസന്നിഗ്ദാമായും വെളിപ്പെടുത്താനായത്. അവിടുത്തെ ഓരോ പ്രബോധനവും തികഞ്ഞ ആധികാരികതയോടെ ഉള്ളതായിരുന്നു.
സ്വന്തം നാമത്തിൽ പഴയനിയമത്തിനു പുതിയ വാഖ്യാനം നൽകി യഥാർത്ഥ ദൈവഹിതം വെളിപ്പെടുത്തിയപ്പോൾ, അവിടുന്ന് യഹൂദ റബികളിൽ നിന്നും യഹൂദരെ നിന്നും വേറിട്ടു നിന്നു
അവിടുന്ന് വാക്കിലും പ്രവർത്തിയിലും ശക്തനാണെന്ന് തന്റെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അവിടുന്ന് സ്ഥാപിക്കുന്നു. ലൂക്ക 24:19