ജീവിതത്തിന്റെ കെട്ടുറപ്പ്, സാമ്പത്തികഭദ്രത, സുഖസൗകര്യങ്ങൾ എന്നീ നിശ്ചിത ലക്ഷ്യങ്ങൾക്കായി ഏറെ അധ്വാനിക്കുന്നവരാണ് നാമെല്ലാവരും. തനിക്കും കുടുംബത്തിനും അല്ലലില്ലാതെ നിലവാരമുള്ള ജീവിതം നയിക്കണമെന്ന ആഗ്രഹം തെറ്റാണെന്നും പറയാനാകില്ല.
എന്നാൽ നമ്മുടെ ഇടയിലുള്ള ചില മനുഷ്യരുണ്ട് തങ്ങളുടെ സുഖസൗകര്യങ്ങൾക്കുപരിയായി കർത്താവിന്റെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നവർ. ഇത്തരക്കാരുടെ ചില പ്രവൃത്തികൾ ഉദാഹരണമായി പരിശോധിക്കാം. ബാങ്കിൽ ജോലിയുള്ള തൃശൂർ സ്വദേശിയായ അബി എന്ന വ്യക്തി, സ്ഥലംമാറ്റത്തിനായി അപേക്ഷിക്കേണ്ട സമയത്ത് ആരും പോകാനിഷ്ടപ്പെടാത്ത ഒരു നാട്ടിലേക്ക് സ്ഥലമാറ്റത്തിന് അപേക്ഷിച്ചു. അതും തന്റെ നാട്ടിലേയ്ക്ക് സ്ഥലം മാറ്റം ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന സമയത്ത്. കാരണമായി അദ്ദേഹം പറഞ്ഞത് സുവിശേഷം ഇനിയും വേണ്ടത്ര കടന്നു ചെല്ലാത്ത അന്നാട്ടിൽ യേശുവിനെ പകർന്നു നൽകാനായി പോകണമെന്ന നിശ്ചിതലക്ഷ്യത്തോടെയാണ് താൻ ഈ സ്ഥലമാറ്റത്തിന് അപേക്ഷിച്ചത് എന്നാണ്.
ചെന്നൈയിൽ ശാസ്ത്രമേഖലയിൽ ഉയർന്ന വരുമാനമുള്ള ജോലി ചെയ്തിരുന്ന ജോയി എന്ന വ്യക്തി പെട്ടെന്ന് ഒരു ദിവസം വളണ്ടറി റിട്ടയർമെന്റ് എടുത്തു എന്നറിഞ്ഞു. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു ഇനിയുള്ള ജീവിതകാലം മുഴുവൻ കർത്താവിന്റെ സുവിശേഷവേലയ്ക്കായി മാറ്റിവെയ്ക്കണമെന്ന നിശ്ചിതലക്ഷ്യത്തോടെയാണ് അദ്ദേഹം റിട്ടയർ ചെയ്തത്.
സൗത്ത് ഇൻഡ്യൻ ബാങ്ക് കോയമ്പത്തൂർ ബ്രാഞ്ചിൽ മാനേജരായിരുന്ന ബീനാ ജോസഫ് എന്ന സഹോദരിയും ഇപ്രകാരം തന്റെ ഇനിയുള്ള ജീവിതം ക്രിസ്തുവിനുവേണ്ടി മാത്രമായിരിക്കണമെന്ന നിശ്ചിത ലക്ഷ്യത്തോടെ വളണ്ടറി റിട്ടയർമെന്റ് എടുത്ത് ഇപ്പോൾ ഫിയാത്ത് മിഷനോടൊപ്പം സുവിശേഷപ്രവർത്തനങ്ങളിൽ വ്യാപൃതയായിരിക്കുകയാണ്. എറണാകുളത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന ഷാജുവാണ് ഇപ്പോൾ ഫിയാത്തിന്റെ ഒറീസ്സാ മിഷന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്.
സുവിശേഷവേല തന്റെ ജീവതദൗത്യമായി ചെറുപ്പം മുതലേ സ്വപ്നം കണ്ടിരുന്ന വ്യക്തിയാണ് ബ്രദർ സീറ്റ്ലി. അദ്ദേഹം പ്രീഡിഗ്രി പഠനത്തിനായി കോളേജുകൾ തെരഞ്ഞെടുക്കുന്ന വേളയിൽ പ്രയർ ഗ്രൂപ്പുകൾ ഇല്ലാത്ത കോളേജുകളിൽ നിന്നുമാത്രമാണ് ആപ്ലിക്കേഷൻ ഫോം വാങ്ങിയത്. താൻ ചെന്നു ചേരുന്ന കോളേജിൽ പുതിയ പ്രാർത്ഥനാഗ്രൂപ്പു തുടങ്ങണമെന്ന നിശ്ചിതലക്ഷ്യവുമായാണത്രെ അദ്ദേഹം ഇപ്രാകാരം ചെയ്തത്.
ബാഹ്യമായി ദർശിക്കാവുന്ന സുഖസൗകര്യങ്ങൾ തൃണവൽഗണിച്ച് ഇതുപോലെ ക്രിസ്തുവിനായി ജോലി ഉപേക്ഷിക്കുന്നവരേയും, സ്ഥലം മാറി പോകുന്നവരെയും, സഹനങ്ങളേറ്റെടുക്കുന്നവരേയും, വിരളമാണെങ്കിലും നമ്മുടെ ചുറ്റിനും കാണാനാകും. ഭോഷത്തമാണെന്ന് സാമാന്യജനം പരിഹസിക്കുമെങ്കിലും ദൈവാത്മാവിന്റെ പ്രചോദനമനുസരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നതാണ് സത്യം.
സ്വന്തം താത്പര്യങ്ങൾക്ക് ഉപരിയായി യേശുക്രിസ്തുവിനെ പ്രതിഷ്ഠിക്കുമ്പോഴാണ് ഇപ്രകാരം ഒഴുക്കിനെതിരെ നീന്താൻ പരിശുദ്ധാത്മാവ് പ്രേരണ നൽകുക. അപ്പോൾ മാത്രമാണ് ക്രിസ്തുവിനായി കൂടുതൽ ആത്മാക്കളെ നേടാൻ നമുക്കാവുക!
‘അതിനാൽ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങൾ ആകുലരാകേണ്ടാ. വിജാതീയരാണ് ഇപ്രകാരം ചെയ്യുന്നത്. ഇവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗീയപിതാവു അറിയുന്നു. നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും. അതിനാൽ, നാളയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി'(മത്താ.6:31-34)